“സിദ്ദിഖ് കാപ്പന് വേണ്ടി പിണറായി വിജയൻ എന്തുകൊണ്ട് ശബ്ദിക്കുന്നില്ല”

ഒരു മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കൊടുക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ എന്ന് ഇപ്പോഴും എന്റെ മനസ്സിൽ ചോദ്യമായിട്ടുണ്ട്. അദ്ദേഹത്തെ ജയിലിൽ കൊറോണ വന്ന സമയത്ത് മാത്രമാണ് ചികിത്സയ്ക്കുവേണ്ടി മുഖ്യമന്ത്രി, യുപി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അത് മാത്രമാണ് മുഖ്യമന്ത്രി ചെയ്ത കാര്യം.

റൈഹാന സിദ്ദിഖ്

2020 ഒക്ടോബർ 5 ന് ആണ് സിദ്ധിക്കയെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 4 ന് രാത്രി എന്നോട് സംസാരിച്ചു വെച്ച ശേഷം അദ്ദേഹത്തിന്റെ ഫോൺ കോൾ എനിക്ക് വന്നില്ല. 5 ന് പകൽ വിളിക്കാതിരുന്നപ്പോൾ ഞാൻ കരുതിയത് ഇന്റർവ്യൂ ചെയ്യാൻ പുറത്ത് പോയതായിരിക്കും എന്നാണ്. പക്ഷെ രാത്രി ആയിട്ടും വിളിക്കാതിരുന്നപ്പോൾ എനിക്ക് ഭയം തുടങ്ങി. പല തരത്തിലും അദ്ദേഹത്തെ കിട്ടാൻ വേണ്ടി ശ്രമിച്ചു.അദ്ദേഹം ഷുഗർ രോഗി ആയത് കൊണ്ട് എന്തെങ്കിലും അസുഖം വന്നു എന്ന ഭയമാണ് എനിക്കുണ്ടായിരുന്നത്.

6 ന് രാവിലെ ഇക്കയുടെ ബന്ധു എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അദ്ദേഹം യുപിയിൽ അറസ്റ്റിലാണ് എന്നറിഞ്ഞത്. ബന്ധുക്കൾ അറിഞ്ഞത് ഏഷ്യാനെറ്റ്‌ ചാനലിൽ നിന്നുമാണ്.അത് കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി പ്പോയി. കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് കേൾക്കുന്നത്. എന്ത്, എങ്ങിനെ, എവിടേ വെച്ച് അതൊന്നുമറിയില്ല.പിന്നേ ഡൽഹിയിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ ഓരോരുത്തരായി വിളിക്കാൻ തുടങ്ങി. ഒരു കുഴപ്പവുമില്ല ഇപ്പൊ മോചിതനാവും എന്ന് പറഞ്ഞു. ശരിക്കും ഒരു മരവിപ്പ്. ഒപ്പം എന്റെ ഇക്കാക്ക് അസുഖങ്ങളൊന്നും ഇല്ലാ എന്ന ആശ്വാസവും.
പക്ഷെ അദ്ദേഹത്തിന്റെ മോചനം കാത്തിരുന്ന ഞങ്ങൾ, യൂണിയൻ സുഹൃത്തുക്കൾ അദ്ദേഹത്തെ കൊണ്ട് വരാൻ വേണ്ടി യുപി പോലീസ് സ്റ്റേഷനിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് യുഎപിഎ ചാർത്തി എന്ന വാർത്ത ഇടി തീയായി അറിഞ്ഞത്.

എനിക്കും അഡ്വക്കേറ്റ്സ്നും അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞത് അറസ്റ്റ് ചെയ്തു ഒന്നര മാസത്തിനു ശേഷമാണ്.അതും സുപ്രീം കോടതിയുടെ നോട്ടീസ് യുപി ജയിലിൽ എത്തിയ ശേഷം മാത്രം.

ഒരു സ്കൂൾ കെട്ടിടത്തിൽ ആയിരുന്നു അദ്ദേഹത്തെ അതുവരെ താമസിപ്പിച്ചിരുന്നത്. അത് അടച്ചിട്ട നിലയിലായിരുന്നു. വക്കീലിന് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ് അവിടെ നേരിട്ടിരുന്നത്. അതെല്ലാം അറിഞ്ഞത് 45 ദിവസത്തിനു ശേഷം അദ്ദേഹം വിളിച്ചപ്പോഴാണ്.

അതുവരെ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നും അദ്ദേഹം ജീവനോടെ ഉണ്ടോ എന്നും ഒന്നും ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു.അദ്ദേഹത്തെ കാണാതായ ശേഷം കെയുഡബ്ല്യുജെ യൂണിയൻ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു, സുപ്രീം കോടതി ജഡ്ജിയുടെ നിർദ്ദേശപ്രകാരം താഴെ കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്യാൻ, വക്കീൽ അദ്ദേഹത്തെ കാണാൻ വേണ്ടി മഥുര ജയിലിൽ പോയി. പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ജയിലിൽ ആയിരുന്നില്ല അദ്ദേഹം.

അപ്പോഴാണ് അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് മനസിലായത്. മഥുരയിൽ എത്തുന്നതിനു മുന്നേ ടോൾ പ്ലാസയിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നും, ബീഫ് കഴിക്കാറുണ്ടോ, നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത് സിപിഎം എംപി അല്ലേ എന്നും അവരുടെ പേര് പറഞ്ഞാൽ വിടാമെന്നും, സാക്കിർ നയിക്കുമായി നിങ്ങൾ എത്ര വട്ടം കണ്ടുവെന്നും, ദളിത് ആയവരോട് എന്താണ് മുസ്ലിങ്ങൾക്ക്, കേരളത്തിലുള്ളവർക്ക് ഇത്ര അനുകമ്പ എന്നൊക്കെ ചോദിച്ചു പൊലീസ് കസ്റ്റഡിയിൽ ഒരുപാട് ഉപദ്രവിച്ചു. വിലങ്ങു വെച്ച് രാത്രി കിടത്തി ഉറങ്ങാൻ സമ്മതിച്ചില്ല.

അറസ്റ്റ് ചെയ്ത് 2 ദിവസത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞ ഡൽഹി യൂണിയൻ ഭാരവാഹികൾ ഡൽഹിയിൽ നിന്നും മഥുരയിലേക്ക് പുറപ്പെട്ട സമയത്താണ് അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി എന്ന വാർത്ത കേട്ടത്. മുകളിൽ നിന്നുള്ള സമ്മർദ്ദത്തിലായിരുന്നു അത്. അതു കേട്ടപ്പോൾ ഞാൻ ഒരു ഷോക്കിലായിരുന്നു. കാരണം സിദ്ധിക്ക ഒരു മാധ്യമ പ്രവർത്തകൻ ആയത് കൊണ്ട് യുഎപിഎ കേസുകൾ ശ്രദ്ധിക്കാറും പഠിക്കാറുമുണ്ടായിരുന്നു. ഞാനൊരു സാധാരണ വീട്ടമ്മ ആണെങ്കിലും അതിന്റെ ഭവിഷത്ത് എത്രത്തോളമാണെന്ന് എനിക്ക് മനസ്സിലാവും.

എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു ഷോക്കിൽ ആയിരുന്നു ഞാൻ. പിന്നെ കരഞ്ഞിരുന്നിട്ട് കാര്യമില്ല. യൂണിയനുമായി ചേർന്ന് കേസുമായി മുന്നോട്ട് പോവുന്ന തിരക്കിൽ ആയിരുന്നു. ഒരിക്കലും എന്റെ ഇക്ക ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല. ഒരു തെളിവ് പോലും അദ്ദേഹത്തിനെതിരെ ഇല്ല. അവർ പറയുന്ന പോലെ ഒരു ലഘുലേഖയും കൈവശം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് പ്രസ് കാർഡ്, ഐഡി കാർഡ്, ആധാർ കാർഡ്, എ ടി എം കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയായിരുന്നു.

ലാപ്ടോപ് അദ്ദേഹം വർക്ക് ചെയ്തിരുന്ന ‘അഴിമുഖ’ത്തിന്റെ ആയിരുന്നു.പൊലീസ് പറയുന്ന ഒന്നും, ഒരു രഹസ്യവും അതിലില്ല എന്നുള്ളത് വ്യക്തമാണ്. ഒന്നെനിക്കു മനസ്സിലായത് ഇന്ത്യയിലെ ഏത് സാധാരണക്കാരനും ഏത് മനുഷ്യനും എപ്പോഴാണ്‌ രാജ്യദ്രോഹിയും യുഎപിഎ യും ഒക്കെ വരുന്നത് എന്ന് പറയാൻ സാധിക്കില്ല എന്നതാണ്.ആർക്കും എപ്പോഴും വരാം. ഭരണകൂടത്തിന്റെ, അല്ലെങ്കിൽ പോലീസിന്റെ കള്ളത്തെളിവ് അല്ലെങ്കിൽ അവർ പറയുന്ന കള്ളത്തരങ്ങൾ എല്ലാം സത്യമാണെന്നു വാദിക്കാനും, എത്ര കാലം വേണമെങ്കിലും ജയിലിൽ തളക്കാനുമുള്ള ലൈസൻസ് അവർക്കുണ്ട്.

ഇക്കയെ അറസ്റ്റ് ചെയ്ത അന്ന് മുതൽ ഞാൻ അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്.കാരണം എനിക്ക് അദ്ദേഹത്തെ നന്നായിട്ട് അറിയാം. ഒരു രാജ്യദ്രോഹം പോയിട്ട് ഒരു ചെറിയ പെറ്റി കേസ് പോലും അദ്ദേഹത്തിനെതിരെ ഇതുവരെ ഇല്ല, പെട്ടെന്നൊരു സുപ്രഭാതത്തിൽ അദ്ദേഹം രാജ്യദ്രോഹം ചെയ്തു എന്ന് പറയുമ്പോൾ അത് വിശ്വസിച്ച് ഇരിക്കാൻ എനിക്കാവില്ല. എനിക്കറിയാം ഇക്ക നിരപരാധിയാണെന്നും ആരുടെയൊക്കെയോ നിർദ്ദേശങ്ങൾക്കനുസരിച്ച് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയതാണെന്നും.
അവർക്കാർക്കും അതുകൊണ്ട് വേദന ഇല്ലെങ്കിലും ഞാനൊരു ഭാര്യയാണ്, ഞങ്ങൾക്ക് മൂന്നു മക്കളുണ്ട്, അദ്ദേഹത്തെ കാണാതെ നീറി പിടഞ്ഞുമരിച്ച ഒരു ഉമ്മ ഉണ്ടായിരുന്നു. ഇതുവരെ പുറത്തിറങ്ങാത്ത ഞാൻ അദ്ദേഹത്തിനുവേണ്ടി സമരമുഖത്താണ്. സത്യവും നീതിയും ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇന്നത്തെ ഇന്ത്യയിൽ അത് എത്രത്തോളം സാധ്യമാവുമെന്ന് കണ്ടറിയണം.

അദ്ദേഹത്തിന്റെ അറസ്റ്റോടെ കൂടി തന്നെ കേരളത്തിലെ മാധ്യമ പ്രവർത്തകരും, സമൂഹത്തിലെ നാനാ തുറകളിലുള്ളവരും ചേർന്ന് ഒരു ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. അതിൽ നിന്നുകൊണ്ടാണ് കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന് വേണ്ടി ഓരോ സമരവും നടത്തിയത്. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരള സർക്കാർ പ്രത്യേകിച്ച് അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്തിരുന്നില്ല. കേരള മുഖ്യമന്ത്രിയോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് കേരളത്തിനു പുറത്തുള്ള സംസ്ഥാനം ആയതുകൊണ്ട് ഇടപെടാൻ പരിമിതികൾ ഉണ്ട് എന്നാണ്. പക്ഷേ എനിക്കത് മനസ്സിലാവുന്നില്ല. ഒരു മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കൊടുക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ എന്ന് ഇപ്പോഴും എന്റെ മനസ്സിൽ ചോദ്യമായിട്ടുണ്ട്. അദ്ദേഹത്തെ ജയിലിൽ കൊറോണ വന്ന സമയത്ത് മാത്രമാണ് ചികിത്സയ്ക്കുവേണ്ടി മുഖ്യമന്ത്രി, യുപി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അത് മാത്രമാണ് മുഖ്യമന്ത്രി ചെയ്ത കാര്യം.

കെയുഡബ്ല്യുജെ യൂണിയൻ ഭാരവാഹികളും, കുറച്ച് നന്മയുള്ള മനുഷ്യരും മാത്രമാണ് എന്റെ കൂടെ നിന്നത്. കോൺഗ്രസിലെയും ലീഗിലെയും സിപിഎമ്മിലെയും എംപിമാർ അദ്ദേഹത്തിനുവേണ്ടി സംസാരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പക്ഷേ ഒന്നും എവിടെയും എത്തിയിട്ടില്ല.

2020 ഒക്ടോബർ അഞ്ചിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത അന്നുമുതൽ കേസുമായി മുന്നോട്ടാണ്. കെയുഡബ്ല്യുജെ യൂണിയൻ നിർത്തിയിരിക്കുന്ന സുപ്രീം കോടതി സീനിയർ വക്കീൽ വിൽസ് മാത്യുസ്, അതുപോലെതന്നെ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ എന്നിവരാണ് കേസ് നടത്തുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരു അറിവും തന്നെ ഇല്ലാത്തതുകൊണ്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഫയൽ ചെയ്തിരുന്നത്. ആറു മാസത്തിനിടയ്ക്ക് ചാർജ് ഷീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ജാമ്യം കൊടുക്കണമായിരുന്നു. പക്ഷേ സുപ്രീംകോടതി ലിസ്റ്റ് നീട്ടിവെച്ചു. യുപി പോലീസ് ആറുമാസത്തിനു രണ്ടു ദിവസം ബാക്കി നിൽക്കേ ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്തു. അതിനിടക്ക് നാലുമാസത്തോളം സുപ്രീംകോടതി നമ്മുടെ കേസെടുത്തില്ല. ഒരു സാധാരണ മാധ്യമപ്രവർത്തകന് ഒരു നീതിയും ലഭിക്കില്ല എന്ന തിരിച്ചറിവായിരുന്നു അത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം മഥുര കീഴ്കോടതിയിൽ ജാമ്യത്തിന് കൊടുത്തു. ഒരു കാരണവുമില്ലാതെ അത് അവിടെ നിന്നും തള്ളി, ഹൈക്കോടതിയിൽ പോവാൻ ഇതുവരെ നമുക്ക് ചാർജ് ഷീറ്റ് അവർ തന്നിട്ടില്ല, ചാർജ് ഷീറ്റ് തന്നാൽ മാത്രമേ അതിലെന്താണുള്ളതെന്നറിയാനും അതിനനുസരിച്ച് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ കൊടുക്കാനും സാധിക്കുകയുള്ളൂ. മഥുരയിൽ വീണ്ടും ചാർജ് ഷീറ്റ് കിട്ടണമെന്നും അദ്ദേഹത്തിന്റെ അസുഖത്തിന് എയിംസിലേക്ക് മാറ്റണമെന്നും, ഭാര്യയായ എനിക്ക് അദ്ദേഹത്തെ കാണണമെന്നും പറഞ്ഞ് മഥുര കോടതിയിൽ അപേക്ഷ പിന്നെയും ഫയൽ ചെയ്തു. പക്ഷേ ഇതുവരെ ആ കേസ് ലിസ്റ്റ് ഇട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് നമ്മൾ കേസുമായി മുന്നോട്ടു പോവുക. കോടതികൾ വളരെയധികം കേസുകൾ വൈകിപ്പിക്കുന്നു. ഈ കള്ളത്തരങ്ങളുടെ ഇടയിൽ നമ്മുടെ പ്രതീക്ഷ മുഴുവൻ കോടതികളാണ്.

ഇതിനിടയിലാണ് അദ്ദേഹത്തിന് കൊറോണ വരുന്നത്. എത്ര ദിവസങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. എന്നോട് ഫോൺ ചെയ്യുമ്പോൾ ഒക്കെ സംസാരിക്കാൻ പറ്റാത്ത അത്രയും അദ്ദേഹം ക്ഷീണിതനാണ്. അവിടെ ജയിലിൽ മതിയായ ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. അദ്ദേഹം ക്ഷീണിതനായി ബാത്റൂമിന് പുറത്ത് വീണു. അപ്പോഴാണ് പോലീസ് അദ്ദേഹത്തെ ടെസ്റ്റ് ചെയ്തതും കൊറോണ പോസിറ്റീവ് ആണെന്നും അറിഞ്ഞത്. വീഴ്ചയിൽ മുറിവുകൾ ഉള്ളതുകൊണ്ടും സീരിയസാണ് എന്നറിഞ്ഞത് കൊണ്ടും മഥുരയിലെ കെ.എം മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. അവിടെ നിന്നും നമുക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. വക്കീലും മാധ്യമ സുഹൃത്തുക്കളും ഹോസ്പിറ്റലിൽ അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നറിയാൻ ഒരുപാട് ശ്രമിച്ചു. ഞാൻ എനിക്ക് കഴിയുന്ന പോലെ ജനപ്രതിനിധികളായ എംപിമാർക്ക് എല്ലാവർക്കും വിളിച്ചു. ഹോസ്പിറ്റലിൽ അഡ്മിറ്റായ മൂന്നാം ദിവസം അദ്ദേഹം ആരുടെയോ ഫോണിൽ നിന്നും എന്നോട് സംസാരിച്ചു. വളരെ ക്ഷീണിതനായി ഇടറിയ വാക്കുകളിൽ അദ്ദേഹം, കീഴ്ത്താടി പൊട്ടിയിട്ടുണ്ട് എന്നും ഭക്ഷണമോ വെള്ളമോ ഇറക്കാൻ പറ്റുന്നില്ല എന്നും അവർ ഇവിടെ ബെഡ്റൂമിൽ കെട്ടിയിട്ടിരിക്കുകയാണ് എന്നും, മൂന്നുദിവസമായി ബാത്ത്റൂമിൽ പോയിട്ടില്ല എന്നും മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണ് എന്നും പറഞ്ഞു. തീരെ വയ്യ എന്നും വക്കീലിനെ വിളിച്ച് എത്രയും വേഗം ജയിലിലേക്ക് തന്നെ മാറ്റണമെന്ന് പറയാൻ പറഞ്ഞു. കാരണം ഹോസ്പിറ്റലിനേക്കാളും ഭേദം ജയിലാണ്. ഒന്നുമില്ലെങ്കിലും ബാത്റൂമിലെങ്കിലും പോവാം അല്ലോ.

ഇത് കേട്ടിരിക്കുന്ന ഒരു ഭാര്യയുടെ മനസ്സ് നിങ്ങൾക്ക് കാണാൻ കഴിയുമോ, തളർന്നിരിക്കാൻ എനിക്ക് ആവില്ലായിരുന്നു. എനിക്ക് കഴിയാവുന്ന തരത്തിൽ ഞാനത് എല്ലാവരോടും പറഞ്ഞു. അദ്ദേഹത്തെ രക്ഷിക്കണമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യ അത് ഏറ്റെടുത്തു. അങ്ങനെ എന്റെ ലെറ്റർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഞാൻ അയച്ചു. അത് പരിഗണിച്ചുകൊണ്ട് കേസെടുക്കുകയും യുപി പോലീസിന്റെ ക്രൂരതകൾ, അദ്ദേഹം ഹോസ്പിറ്റലിൽ അനുഭവിച്ച പീഡനങ്ങൾ കോടതിക്ക് മനസ്സിലാവുകയും എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റാൻ പറയുകയും ചെയ്തു. അദ്ദേഹത്തിന് കൊറോണ ഇല്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് കോടതിയിൽ പോലീസ് സമർപ്പിച്ചത്. പക്ഷേ പല രോഗങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ അവസ്ഥ സീരിയസ് ആണ് എന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു.

കോടതിയുടെ നിർദ്ദേശം എന്തെന്നാൽ, ഇക്കയുടെ അസുഖങ്ങളെല്ലാം മാറിയശേഷം, റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ എയിംസിൽ നിന്നും ജയിലിലേക്ക് മാറ്റാവൂ എന്നും, അതിനുശേഷം എത്രയും വേഗം ജാമ്യം കൊടുക്കണമെന്നും ആയിരുന്നു. ഭാര്യയ്ക്കും കുട്ടികൾക്കും അദ്ദേഹത്തെ ഹോസ്പിറ്റലിൽ പോയി കാണാമെന്നും ശുശ്രൂഷിക്കാനും വാക്കാൽ കോടതി പറഞ്ഞിരുന്നു. ആ ഒരു വാക്കിന് മുകളിൽ ഞാനും എന്റെ മൂത്ത മകനും ഡൽഹിയിലേക്ക് ഫ്ലൈറ്റ് കയറി.

കേരളത്തിലെ എംപി വഹാബ് സാറിന്റെ സംരക്ഷണയിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. അങ്ങിനെ അവിടെ നിന്നും ഞാൻ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ കാണാൻ വേണ്ടി പോയി.രണ്ടരമണിക്കൂർ അദ്ദേഹത്തെ കാണാൻ വേണ്ടി ഞാൻ അപേക്ഷിച്ചെങ്കിലും പോലീസെന്നെ കാണാൻ സമ്മതിച്ചില്ല.

ഇടി മുഹമ്മദ് ബഷീർ എംപി അടക്കം എയിംസ് മേധാവിയുമായി എനിക്ക് കൂടിക്കാഴ്ച ഒരുക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ ഒരു കണക്കിനും പോലീസ് എന്നെ കാണാൻ സമ്മതിച്ചില്ല. അദ്ദേഹത്തെ ആദ്യം സാധാരണ ഐസിയുവിൽ ആയിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്, കാരണം പോലീസ് കോടതിയിൽ പറഞ്ഞത് അദ്ദേഹത്തിന് കൊറോണ ഇല്ല എന്നാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പോലീസ് ഹോസ്പിറ്റലിൽ സമ്മർദ്ദം തുടങ്ങി, ഡിസ്ചാർജ് ചെയ്യാൻ വേണ്ടി. അദ്ദേഹത്തിന് വീഴ്ചയിൽ സാരമായ പരിക്ക് പറ്റിയിരുന്നു. പല്ല് ഉള്ളിലേക്ക് കയറിയ അവസ്ഥയിലായിരുന്നു. പക്ഷേ അവർ സമ്മതിച്ചില്ല. അങ്ങിനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ഡിസ്ചാർജ് സമയത്ത്, ഹോസ്പിറ്റൽ കൊറോണ ടെസ്റ്റ് നടത്തി. അപ്പോഴാണ് അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആണ് എന്നുള്ള കാര്യം അറിയുന്നത്. അങ്ങനെ പെട്ടെന്ന് ഡിസ്ചാർജ് ആക്കാതെ കൊറോണ വാർഡിലേക്ക് മാറ്റി. അദ്ദേഹത്തിന് ശ്വാസം ശരിക്കും കിട്ടിയത് അപ്പോഴാണ് എന്ന് പറയാം. കാരണം വാർഡിലായിരുന്ന സമയത്ത് ബെഡിനു ചുറ്റും 5 പോലീസുകാർ തോക്കുമായി നിൽക്കുകയായിരുന്നു, മൂത്രമൊഴിക്കാൻ പോകുമ്പോഴും തുറന്നിട്ട തോക്കിൻമുനയിൽ നിന്നുകൊണ്ട് വേണം മൂത്രമൊഴിക്കാൻ. ടെൻഷനും സമ്മർദ്ദവും കൊണ്ട് അദ്ദേഹത്തിന്റെ ഷുഗർനില 500 നു മുകളിൽ ആയിരുന്നു. കൊറോണ വാർഡിലെ ചികിത്സ അദ്ദേഹത്തിന് സംതൃപ്തി ഉണ്ടാക്കിയിരുന്നു. പക്ഷേ രണ്ട് ദിവസം മാത്രമേ കൊറോണ വാർഡിൽ അദ്ദേഹത്തെ താമസിപ്പിച്ചുള്ളൂ. അതിനുശേഷം ഹോസ്പിറ്റലിൽ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ച് ആരുമറിയാതെ അവർ ജയിലിലേക്ക് തന്നെ കടത്തി കൊണ്ടുപോയി. പോലീസ് പറഞ്ഞല്ല ഞങ്ങൾ ഇതൊന്നും അറിഞ്ഞത്. ഹോസ്പിറ്റലിൽ നിന്നും കിട്ടിയ വിവരം ആണ്. അദ്ദേഹത്തെ കാണാതെ ആറാം ദിവസം ഞാനും മകനും ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് തന്നെ തിരിച്ചു. അറസ്റ്റ് ചെയ്ത അന്നുമുതൽ ഒരുപാട് യാതനകളും മനുഷ്യാവകാശലംഘനങ്ങളും മാത്രമാണ് ഞങ്ങളും ഇക്കയും അനുഭവിക്കുന്നത്.

അദ്ദേഹത്തിന്റെ ഉമ്മക്ക് 90 വയസ്സായിരുന്നു. അദ്ദേഹത്തെ കാണാതായ ശേഷം ഉമ്മ രോഗിയായി മാറി. വളരെ സീരിയസ് ആയ സമയത്ത് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അഞ്ചു ദിവസം അദ്ദേഹത്തിന് ഉമ്മയെ കാണാൻ അനുമതി കിട്ടി. അതും പോലീസിന്റെ പിഴവ് കൊണ്ട് മൂന്ന് ദിവസമാണ് അദ്ദേഹത്തിന് ഞങ്ങളുടെ കൂടെ നിൽക്കാൻ സാധിച്ചത്. മകനെ കാണാത്ത വേദനയിൽ ഉമ്മ കൂടുതൽ അസുഖങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. മരണവും സംഭവിച്ചു.

ഉമ്മ മരിച്ച മൂന്നാമത്തെ ദിവസമാണ് മഥുരയിലെ അദ്ദേഹത്തിന്റെ ജാമ്യപേക്ഷ ലിസ്റ്റ് ഇട്ടിരുന്നത്. അതുകൊണ്ടുതന്നെ ജാമ്യം കിട്ടും എന്ന ഉറച്ച വിശ്വാസത്തിൽ ഞങ്ങൾ അതിനു മുന്നേ അദ്ദേഹം വന്നാൽ ജാമ്യം നിഷേധിക്കപ്പെടും എന്ന ഭയത്താൽ മൂന്ന് ദിവസം ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. കാരണം ഒരു ഞായറാഴ്ച ആയിരുന്നതിനാൽ ഒരിക്കലും അദ്ദേഹത്തിന് അന്ന് ജാമ്യം കിട്ടില്ലായിരുന്നു. ഉമ്മയെ കാണാനും സാധിക്കുമായിരുന്നില്ല. പക്ഷേ ആ ജാമ്യം അന്ന് സ്വീകരിക്കപ്പെട്ടില്ല.ജന്മം നൽകിയ ഉമ്മയുടെ വിയോഗവും കാണാൻ സാധിക്കാത്തതും അദ്ദേഹത്തെ മാനസികമായി തകർത്തുകളഞ്ഞു. പേടിപ്പെടുത്തുന്ന ഡിപ്രഷനിലേക്ക് അദ്ദേഹം കടന്നു പോയി. എന്തുചെയ്യണമെന്നറിയാതെ ഞാൻ ഇവിടെയും. ഉമ്മ മരിച്ചു എന്ന മാനുഷിക പരിഗണന പോലും കോടതി സ്വീകരിച്ചില്ല. ഇപ്പോഴും അദ്ദേഹം അതിൽ നിന്നും മുക്തനല്ല, അദ്ദേഹം തീർത്തും അസുഖബാധിതനാണ്, ആരോഗ്യം വളരെ മോശമായ അവസ്ഥയിലാണ്, കണ്ണ് കാണുന്നില്ല. കൊറോണ ഉണ്ടായ സമയത്തുള്ള വീഴ്ചയിൽ പല്ലിനു പറ്റിയ പരിക്ക് ഇപ്പോൾ ഗുരുതര മായിരിക്കുന്നു. ഇതുവരെ അതിന് ചികിത്സ ലഭിച്ചിട്ടില്ല. മരുന്നുകൾ കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ കണ്ണട മാറ്റാൻ ഉള്ളതാണ്. പക്ഷേ മാനുഷികമായ ഒരു പരിഗണനയും അവിടെ ലഭിക്കുന്നില്ല. ഒരു വർഷമായി ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ മക്കൾ അവരുടെ ഉപ്പയെ കാണാൻ ഏറെ ആഗ്രഹിക്കുന്നു. അതും കോടതി അനുവദിക്കുന്നില്ല. അദ്ദേഹം തെറ്റുകാരൻ ആയല്ല ജയിലിൽ താമസിക്കുന്നത്. വിചാരണത്തടവുകാരനായിട്ടാണ്. ഒരിക്കലും ഇങ്ങനെയല്ല ചെയ്യേണ്ടത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഇങ്ങനെ പോവുകയാണെങ്കിൽ വേറൊരു സ്റ്റാൻ സ്വാമി കൂടി ഉണ്ടാവും.

കോടതികൾ മാത്രമാണ് എന്റെ പ്രതീക്ഷ..സത്യത്തിൻ്റെയും നീതിയുടെയും കൂടെ കോടതി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേസ് മഥുര കോടതിയിലാണ്. ഞങ്ങൾക്ക് ഇതുവരെ പോലീസ് ചാർജ് ഷീറ്റ് തന്നിട്ടില്ല. ചാർജ്ഷീറ്റ് കിട്ടിയാൽ മാത്രമേ ഹൈക്കോടതിയിൽ അതിനനുസരിച്ച് ജാമ്യപേക്ഷ കൊടുക്കാൻ സാധിക്കുകയുള്ളൂ. പത്രങ്ങളിൽ കുറ്റപത്രം കിട്ടി എന്ന് കേൾക്കുന്നു. പക്ഷേ എനിക്കോ എന്റെ വക്കീലിനോ ചാർജ് ഷീറ്റ് കിട്ടിയിട്ടില്ല. അവർ ഓരോ സംശയങ്ങളും ചാർജ് ചെയ്ത് പലതും പുതുക്കി ഇടുന്ന പോലെ തോന്നുന്നു. കാരണം ഇപ്പോൾ പത്രങ്ങളിൽ നിന്നും കേൾക്കുന്ന വാർത്ത അദ്ദേഹത്തെ ടോൾപ്ലാസയിൽ നിന്നല്ല അറസ്റ്റ് ചെയ്തതെന്നും അതിനു മുന്നോട്ടു അദ്ദേഹം പോയിട്ടുണ്ട് എന്നും, അവിടെ പ്രസംഗിച്ചിട്ടുണ്ട് എന്നും, അവിടെയുള്ള ആളുകൾക്ക് കാശ് വിതരണം ചെയ്തിട്ടുണ്ട് എന്നും രണ്ട് ദൃക്സാക്ഷികൾ ഉണ്ടെന്നും പറയുന്നു. പച്ച നുണകൾ ഒരു തെളിവും ഇല്ലാതെ പോലീസിന് എന്തും എഴുതി ചേർക്കാം എന്ന നിലയിലാണ് കാര്യങ്ങൾ നടക്കുന്നത്.

അദ്ദേഹം മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആളാണെന്നും, മുസ്ലീങ്ങളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള എഴുത്താണ് അദ്ദേഹത്തിൻ്റേതെന്നും പറയപ്പെടുന്നു.ഡൽഹിയിലുള്ള രണ്ട് പ്രൊഫസർമാരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് അറിഞ്ഞ അവരുടെ ഭാര്യമാരുമായി അദ്ദേഹം ഇന്റർവ്യൂ നടത്തിയിരുന്നു. അത് കാരണം ഭീമാ കൊറേഗാവ് കേസുമായി അദ്ദേഹത്തെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഭാര്യയുമായി ഫോണിലൂടെ അദ്ദേഹം ഇന്റർവ്യൂ നടത്തിയിരുന്നു. ഇത്രയൊക്കെ മതി അഞ്ചുവർഷം പുറംലോകം കാണിക്കാതിരിക്കാൻ എന്നും നിയമ പോരാട്ടവുമായി ഓടി നടക്കേണ്ടി വരുമെന്നും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഭീക്ഷണിപ്പെടുത്തുനതായി അറിയുന്നു. അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ വിവരാവകാശ നിയമപ്രകാരം കിട്ടിയ യുഎപിഎ കേസുകളുടെ ഫയൽ ഉണ്ടായിരുന്നു. പിന്നെ കുറച്ച് സിനിമകളും, പുസ്തകങ്ങളുടെ പിഡിഎഫും, ‘അഴിമുഖ’ത്തിൽ അദ്ദേഹം കൊടുത്ത വാർത്തകളും ആണ് ആ ലാപ്ടോപ്പിൽ ഉണ്ടായിരുന്നത്. ആ വാർത്തകളൊക്കെ തന്നെയും പ്രസിദ്ധീകരിച്ചതാണ്. അതിലൊന്നും തന്നെ മറച്ചുവെക്കാന്നൊന്നുമില്ല. ഒരു മാധ്യമ പ്രവർത്തകൻ സ്വതന്ത്രമായി എഴുതാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഇല്ലേ. അദ്ദേഹം ഒരു മതത്തിന് വേണ്ടി മാത്രം വാർത്ത എഴുതുന്ന ആളല്ല. പാവങ്ങളുടെ കൂടെ ചേർന്നു നിൽക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു, കരുണ ഉണ്ടായിരുന്നു. അത് ഇന്ത്യയിൽ തീവ്രവാദത്തിനുള്ള തെളിവാണെന്നും രാജ്യദ്രോഹം ആണെന്നും അറിഞ്ഞില്ല. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നാനാ തുറകളിൽ പെട്ട ആളുകളും ആയും നല്ല ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. അത് ഒരു നല്ല മാധ്യമപ്രവർത്തകന് അത്യാവശ്യമാണ്. ജേണലിസം രാജ്യദ്രോഹക്കുറ്റം അല്ല.

അദ്ദേഹത്തിൻ്റെ കൂടെ പോയ ആളുകൾ ക്യാമ്പസ് ഫ്രണ്ടിൻ്റെയും, പോപ്പുലർ ഫ്രണ്ടിൻ്റെയും ആളുകളാണ് എന്നതാണ് യുപി പോലീസ് കണ്ടുപിടിച്ച ഏറ്റവും വലിയ തെറ്റ്.അവർ എന്തെങ്കിലും ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം.പി എഫ് ഐ എന്നത് ഇന്ത്യയിൽ നിരോധിച്ച സംഘടനയല്ല. ഹഥ്റാസ് കേസിലെ പെൺകുട്ടി ഭരണകൂടത്തെയും പോലീസിന്റെയും കടുത്ത ക്രൂരതകൾക്ക് ഇരയായി ചുട്ടു കൊല്ലപ്പെട്ടപ്പോൾ, അത് ലോക ശ്രദ്ധ പിടിച്ചു പറ്റിയ സമയത്ത്, അതിന്റെ യാഥാർത്ഥ്യം അറിയാൻ വേണ്ടി അവരുടെ കുടുംബങ്ങളെ കാണാൻ വേണ്ടി മാത്രമാണ് അദ്ദേഹം പോയത്. അത് കാളവണ്ടിയിൽ ആയാലും ഒരു പത്രപ്രവർത്തകൻ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ്, ശരിയായ വാർത്ത കൊടുക്കുക എന്നതാണ് പ്രധാനം. ഒരുപാട് ആളുകളും ആയിട്ട് അദ്ദേഹം സംസാരിച്ചിരുന്നു. ആരെങ്കിലും പോവുകയാണെങ്കിൽ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കാരണം അദ്ദേഹം ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിൽ സ്വന്തമായി വാഹനമില്ല. തുച്ഛമായ ശമ്പളം ആയിരുന്നതുകൊണ്ട് തനിച്ച് ഒരു വാഹനം ബുക്ക് ചെയ്തു പോകാനുള്ള സാമ്പത്തികശേഷി കുറവായിരുന്നു. അത് മാത്രമല്ല പത്താം ക്ലാസിൽ നിന്നും ഹിന്ദി പഠിച്ച ശേഷം ഡൽഹിയിൽ വന്ന ശേഷമുള്ള ഹിന്ദി മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. മഥുര എന്ന സ്ഥലത്തെ ഹഥ്റാസ് എന്ന ഗ്രാമത്തെ കുറിച്ച് അപ്പോൾ മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. അവിടുത്തെ ഭാഷയോ സംസ്കാരമോ അദ്ദേഹത്തിനറിയില്ല. കൂടെയുള്ള ആളുകൾ ഉത്തർപ്രദേശുകാരാണ്. ഡൽഹിയിൽ നിന്നും പരിചയപ്പെട്ടവരാണ് അവരെ. അവർ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവരുടെ കൂടെ പോയി. ഇന്ത്യയിൽ ഏതൊരു പൗരനും ആരുടെ കൂടെയും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലേ. ഡൽഹിയിൽ നിന്നും ഓല ബുക്ക് ചെയ്തിട്ടാണ് അവർ പോയത്. ഡ്രൈവർക്കടക്കം യുഎപിഎ ചാർത്തി. ആ ഡ്രൈവർ എന്ത് അപരാധമാണ് ചെയ്തത്? എന്നെപ്പോലെ നാട്ടിൽ ഉരുകി ജീവിക്കുന്ന ഒരു കുടുംബം അവർക്കുമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ശിക്ഷിക്കപ്പെടേണ്ടതുള്ളൂ. സാധാരണ ജനങ്ങളെ ശിക്ഷിക്കാൻ ഉള്ളതല്ല ഇന്ത്യയിലെ ജയിലുകൾ. ഒരു വർഷം ആവുന്നു ഒരു തെറ്റും ചെയ്യാതെ കുറച്ചു പേർ ജയിൽ പീഡനത്തിനിരയാകാൻ തുടങ്ങിയിട്ട്.

പുറത്ത് അവരുടെ കുടുംബങ്ങൾ ഉണ്ട്. എനിക്ക് ഒരു ജോലിയും ഇല്ല, അദ്ദേഹത്തിന്റെ ജോലി കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്. ഉള്ളതുകൊണ്ട് സന്തോഷം പോലെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തെയാണ് പോലീസ് തകർത്തെറിഞ്ഞത്. അവർക്കിതിൽ നിന്ന് കിട്ടുന്ന സംതൃപ്തി, അല്ലെങ്കിൽ രാഷ്ട്രീയ ലാഭങ്ങൾ എന്തായിരിക്കാം എന്ന് എനിക്ക് അറിയില്ല,ഞാൻ കാണുന്ന, സ്വപ്നം കാണുന്ന ഇന്ത്യ ഇതല്ല.

സിദ്ധിക്ക വളരെ ശാന്തനായ സഹജീവികളോട് വളരെ കരുണയുള്ള മനുഷ്യനാണ്.അതിന് ജാതിയോ മതമോ രാജ്യമോ ഒന്നും തടസ്സമല്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാം, ഒരാളോട് പോലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അവർ കണ്ടിട്ടില്ല.

2011 അദ്ദേഹം മാധ്യമ പ്രവർത്തനം തുടങ്ങുന്നതിനു മുന്നേ, അദ്ദേഹം വിദേശത്തായിരുന്നു കമ്പ്യൂട്ടർ എൻജിനീയർ ആയി വർക്ക് ചെയ്തിരുന്നത്. അദ്ദേഹത്തിന് മാധ്യമ പ്രവർത്തനത്തിനോടുള്ള ഇഷ്ടമാണ് ആ വഴിയിൽ എത്തിച്ചത്. അദ്ദേഹം ഒരു വാർത്ത കൊടുക്കുകയാണെങ്കിൽ എത്ര റിസ്ക് എടുത്തും അതിന്റെ സത്യാവസ്ഥ അറിഞ്ഞു മാത്രമേ റിപ്പോർട്ട് ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെയാണ്, യുപിയിലെ ഹഥ്റാസ് എന്ന സ്ഥലത്തേക്കു അദ്ദേഹത്തെ നയിച്ചതും.

അദ്ദേഹത്തിന് വലിയ വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും, പണി പൂർത്തിയാവാത്ത വീട് പൂർത്തീകരിക്കണം എന്നും, കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ ഉമ്മയുടെ കൂടെയും സമാധാനത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജാതിമതഭേദമന്യേ സമാധാനത്തോടെ ജീവിക്കാനുള്ള ഒരു പൗരൻ്റെ അവകാശം, ഒരു കുടുംബത്തിൻ്റെ ജീവിതം അത് ഇല്ലാതാക്കരുത്..

നല്ല ഒരു നാളെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാൻ ജീവിക്കുന്നത്. വൈകി കിട്ടുന്ന നീതി നീതിയല്ല.. എത്രയും വേഗം നിരപരാധികളായ എല്ലാ മനുഷ്യർക്കും ജയിലിൽ നിന്നും മോചനം ലഭിക്കണം. അതാണ് എന്റെ ആഗ്രഹം. അതാണ് എൻ്റെ പ്രതീക്ഷ..


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal