കർഷകസമരം – ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിജയം! അതിന്റെ പാഠങ്ങളും!

നീതിക്ക് വേണ്ടിയുള്ള അതിജീവനത്തിന്റെ പോരാട്ടമാണ് തങ്ങൾ നടത്തുന്നത് എന്ന ധാർമ്മികതയാണ് കർഷകരുടെ വിജയത്തിന്റെയും ആ സമരം ആർജ്ജിച്ച പിന്തുണയുടെ വ്യാപ്തിയുടെയും ആധാരം.


എംഎൻ രാവുണ്ണി -ചെയർപേഴ്സൺ,പോരാട്ടം (പാലക്കാട് കർഷക സമര കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം)

കഴിഞ്ഞ ഒരു വർഷക്കാലമായി ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരവും അത് രാജ്യവ്യാപകമായി ആർജ്ജിച്ച സമര ഐക്യവും അതിന്റെ പ്രാഥമിക വിജയം നേടിയിരിക്കുന്നു.”മുന്ന് കർഷക ബില്ലും പാസാക്കി എടുത്തത് രാജ്യതാല്പര്യത്തെയും കർഷകരുടെ നന്മയെയും കണക്കിലെടുത്തതാണെന്നും അതിൽ ഒരു വിധ വിട്ടുവീഴ്‍ചയ്ക്കോ ഒത്തുതീർപ്പിനോ തയ്യാറല്ല” എന്ന ധിക്കാരപരവും, വിവേകശൂന്യവുമായ നിലപാടാണ് കേന്ദ്രസർക്കാരും ആർഎസ്എസ്-ബിജെപി നേതൃത്വങ്ങളും ഇതുവരെ സ്വീകരിച്ചുവന്നത്. കർഷകസമര നേതൃത്വവുമായി പ്രധാനമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്ന് രാജ്യത്തിന്റെ ജനാധിപത്യ മനസുകൾ,ലോകത്തിന്റെ തന്നെ നീതിബോധം ഒറ്റക്കെട്ടായി പലതവണ ആവശ്യപ്പെട്ടിട്ടും അതിനെതിരെ ദുശ്ശാഢ്യത്തോടെ മുഖം തിരിച്ച കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ആർഎസ്എസ്-ബിജെപി സംഘപരിവാരങ്ങളും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിരുകയാണ്. കർഷകസമരം അതിന്റെ ഒന്നാം വർഷത്തിന്റെ പുറം വാതിൽക്കൽ നിൽക്കുന്ന അവസരത്തിൽ “മൂന്ന് കർഷകനിയമങ്ങളും പിൻവലിക്കാമെന്നും കർഷകർ, സമരത്തിൽ നിന്ന് പിന്തിരിയണ”മെന്നും പത്രസമ്മേളനത്തിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം സമരത്തിന് മുമ്പിൽ മുട്ടു മടക്കിയതിന്റെ സൂചനയാണ്.മാത്രമല്ല ”കർഷകരോടും രാജ്യത്തോടും ക്ഷമപറയുന്നു”എന്നും പ്രധാനമന്ത്രി തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് തന്നെ കർഷക സമരത്തിന്റെ ഒരു വിജയപ്രഖ്യാപനമാണെന്നതിൽ സംശയമില്ല.മാപ്പ് പറയുന്നതെങ്കിൽ അത്രയും നല്ലത്.

നിശ്ചയദാർഢ്യത്തിലധിഷ്‌ഠിതമായ നീണ്ടു നിന്ന കർഷക ഐക്യത്തിന്റെയും സമരത്തിന്റെയും അവരോട് തോളോട് തോൾ ചേർന്നു നിന്ന് പൊരുതിയ മുഴുവൻ ജനശക്തികളുടെയും വിജയമാണിതെന്നതിന് തർക്കമില്ല,എന്നാൽ വെറും കള്ളകഥകളേയും നിറം പിടിപ്പിച്ച നുണകളെയും,സാമ്രാജ്യത്വ കോർപ്പറേറ്റ് സവർണ്ണ ജന്മിനാടുവാഴിത്ത സേവയേയും എന്നും മുഖമുദ്രയായി സ്വീകരിച്ചു പോന്നിട്ടുള്ള ഈ സംഘപരിവാര ശക്തികളുടെ വാഗ്ദാനങ്ങളേയും ഉറപ്പുകളേയും കേവലം പ്രസ്താവനകളെയും മുഖവിലക്കെടുക്കാൻ കഴിയുമോ?പ്രധാനമന്ത്രിക്കോ ബിജെപി-ആർഎസ്എസ് രാഷ്ട്രീയ നേതൃത്വത്തിനോ ഒരു പ്രസ്താവനകൊണ്ട്, പാർലമെന്റിൽ ഭൂരിപക്ഷത്തോടെ പാസാക്കിയതും പ്രസിഡണ്ടിന്റെ അംഗീകാരത്തോടെ നിയമമായതുമായ മുന്ന് കർഷകനിയമങ്ങളെ പിൻവലിക്കാനാകില്ല. പാർലമെന്റിന്റെ ഭൂരിപക്ഷത്തിന്റെയോ,ഏകകണ്ഠമായതോ ആയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റദ്ദുചെയ്യപ്പെടുമ്പോൾ മാത്രമാണ് ഇന്നത്തെ കർഷകരുടെ പ്രാഥമിക വിജയം പൂർണ്ണമാവുകയുള്ളു എന്നതാണ് യാഥാർത്ഥ്യം.

കർഷകരുമായി,കർഷക നിയമത്തിന്റെ കാര്യത്തിൽ “ഒരു വിട്ടു വീഴ്ച്ചയ്ക്കൊ,ഒത്തുതീർപ്പിനോ തയ്യാറല്ല “എന്ന് ദുർവാശിയോടെ ഉറച്ചു നിന്ന സർക്കാർ ഈ നിയമങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിന് ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.രാജ്യത്ത് സുമാർ 184 ഓളം എഫ്‌പിഒ കൾ(ഭക്ഷ്യ ഉൽപ്പന്ന സംഘടനകൾ)ഇതിനകം തുറന്നു കഴിഞ്ഞു.അതിൽ 10,000 കർഷകരെ വീതം അംഗങ്ങളായി ചേർക്കാനായിരുന്നു പദ്ധതി. കുറെ പേരെ ചേർത്തിട്ടുമുണ്ട്.ഓരോ എഫ്‌പിഒ യുടെയും നടത്തിപ്പു ചുമതല ഫണ്ട്‌സ് ഏജൻ്റുമാർ നിയമിക്കുന്ന വ്യക്തികൾക്കോ അല്ലെങ്കിൽ റിലയൻസ്,അംബാനി- അദാനി കമ്പനികൾ നിശ്ചയിക്കുന്ന വ്യക്തികൾക്കോ ആയിരിക്കും എന്നുമാണ് സമീപകാലത്ത് പുറത്ത് വന്ന വിശ്വാസയോഗ്യമായ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.എന്തിനാണീ തിടുക്കനടപടികൾ? ഇതിന്റെ പുറകിൽ നീണ്ടകാലത്തെ സാമ്രജ്യത്വ ഗൂഢാലോചനകൾ തന്നെയുണ്ടെന്നും പഠനം അടിവരയിട്ട് പറയുന്നു.’ട്രോപ്പിക്കൽ കൺട്രീസ്’എന്നു കണക്കാക്കപ്പെട്ടിട്ടുള്ള ഭൂമധ്യ രേഖക്ക് വടക്കുള്ള യൂറോപ്യൻ ശൈത്യമേഖല നാടുകൾ പ്രധാനമായി ഡയറി ഉൽപ്പന്നങ്ങളിൽ(ക്ഷീര ഉൽപ്പന്നങ്ങളിൽ) മാത്രം കേന്ദ്രീകരിക്കുന്നവയാണെന്നും, ഭക്ഷ്യധാന്യത്തിന് വേണ്ടി ഇന്ത്യയെപ്പോലുള്ള കാർഷിക പ്രധാനമായുള്ള നാടുകളിൽ അവർ നോട്ടമിടാൻ തുടങ്ങിയിട്ട് ഏറെ കാലമായെന്നും പഠനം വിലയിരുത്തുമ്പോൾ “ഈ അത്യാവശ്യമായ ആവശ്യം ഇന്ത്യയെപ്പോലുള്ള നാടുകളിലെ വിശാല കാർഷിക നിലത്തിന്മേലുള്ള ആധിപത്യത്തിന്റെയും അധികാര സാക്ഷാൽക്കാരത്തിന്റെയും സമൂർത്തമാകൽ മൂന്ന് കാർഷിക നിയമങ്ങളിലൂടെയാണെന്നും”പഠനം വ്യക്തമാക്കുന്നു.അത് കൊണ്ട് തന്നെ ഈ നിയമങ്ങളിലുള്ള സാമ്രജ്യത്വ താല്പര്യവും ഗൂഢാലോചനയും വ്യക്തമാണ്. “ഇന്ത്യയുടെ ഭാവിയുമായി ബന്ധപ്പെട്ടതാണ്” ഈ നിയമങ്ങളുടെ വിജയവും പരാജയവും എന്നതുകൊണ്ട് തന്നെ “കർഷക സമരത്തിന്റെ പ്രസക്തി ഇവിടെ മാറ്റുരക്കപ്പെടു”കയാണെന്നും പഠനം പറയുന്നു.

ഈ കാരണം കൊണ്ട് തന്നെയാണ്,ഈ വർഗ്ഗ താൽപര്യങ്ങളിൽ നിന്നും അത്ര വേഗം തോറ്റ് പിന്മാറാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ? എന്ന ചോദ്യം പ്രസക്തമാകുന്നത്.പിന്മാറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആർഎസ്എസ്-ബിജെപി നേതൃത്വം ഇതിന്റെ പുറകിൽ വലിയ വല്ല ചതിയും കരുതിവച്ചിട്ടുണ്ടാകുമോ? എന്ന് ആരെങ്കിലും സംശയിച്ചാലും അത് അസ്താനത്താകുന്നതല്ല.വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ സംഭവിക്കാവുന്ന പരാജയ ഭീതിയാണ് ഇപ്പൊ കളിക്കുന്ന തുറുപ്പിന്റെ പുറകിലെന്ന വാദവും ഇന്ന് പ്രബലമാണ്.

എന്തൊക്കെ ആയാലും വലിയൊരു പാഠമാണ് ഈ രാജ്യദ്രോഹ നിയമങ്ങളും,അതിനെതിരെ ഉയർന്നു വന്ന നീണ്ടു നിന്ന രാജ്യവ്യാപകമായ ചെറുത്ത് നിൽപ്പും അവയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയും നമുക്കുതരുന്നത്.ത്യാഗോജ്ജലമായ നീണ്ട ഒരു വർഷക്കാലമായി തുടർന്നുയരുന്ന കർഷകസമരത്തിന്റെ രണാങ്കണത്തിൽ സുമാർ 700 ഓളം കർഷക ജീവനുകൾ ബലിയർപ്പിക്കേണ്ടിവന്നിട്ടുണ്ട്.എത്രവെടിവെയ്പ്പുകൾ,അടിച്ചമർത്തലുകൾ,കള്ളക്കേസുകൾ,ലാത്തിചാർജുകൾ,അവസാനമായി വാഹനം ഓടിച്ചുകയറ്റി 6 പേരെ കൊലപ്പെടുത്തിയ നിന്ദ്യവും സംസ്ക്കാര ശൂന്യവുമായ നടപടികൾക്ക് വരെ ഈ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.എല്ലാ വിഷമതകളേയും പ്രതികൂല സാഹചര്യങ്ങളെയും ഇത്തരം മുൾപടർപ്പുകളെയും വകഞ്ഞു മാറ്റിയാണ് കർഷകർ ഈ കാലയളവിൽ മുന്നേറിയതും അവരുടെ പോരാട്ട നില ഉറപ്പിച്ചെടുത്തിട്ടുള്ളതും, വിജയം കരസ്തമാക്കിയിട്ടുള്ളതും. ഈ വിജയത്തിന് മുമ്പിൽ ക്ഷമാപണം പറഞ്ഞ് കോമാളി വേഷം കെട്ടി പററിക്കാനും നല്ല പിള്ള ചമയാനുമാണ് ശ്രമമെങ്കിൽ അത്‌ അസ്താനത്തിയിരിക്കും. വിഡ്ഢികൾ വിദൂഷകവേഷം കെട്ടുമ്പോൾ വിനോദത്തിന് പോലും വകയുണ്ടായിരിക്കല്ല എന്നതാണ് സത്യം.

പാർലമെന്റിലെ മുക്രയിടലുകളൊ പരിദേവനങ്ങളോ,വിസർജ്ജനങ്ങളോ അല്ല കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്,തീരുമാനിക്കപ്പെട്ടിട്ടുള്ളതും അങ്ങനെയല്ല.പാർലമെന്ററി വിനോദത്തിൽ മുഴുകി ഹണി മൂണുകൾ നടത്തിയവർക്ക് പോലും കർഷകരുടെയും അവരോട് മെയ്യോട് മെയ്‌ച്ചേർന്ന് നിന്നവരുടെയും ദൃഢനിശ്ചയത്തിനു പിന്നാലെ അണിനിരക്കേണ്ടി വന്ന ആശാവഹകമായ ചിത്രമാണ് നമ്മുടെ മുമ്പിലുള്ളത്.അതെ അന്തിമ വിശകലനത്തിൽ വർഗ്ഗ സമരം ഒന്നുകൊണ്ട് മാത്രമെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളു എന്നതാണ് ചരിത്ര സത്യം.

നീതിക്ക് വേണ്ടിയുള്ള അതിജീവനത്തിന്റെ പോരാട്ടമാണ് തങ്ങൾ നടത്തുന്നത് എന്ന ധാർമ്മികതയാണ് കർഷകരുടെ വിജയത്തിന്റെയും ആ സമരം ആർജ്ജിച്ച പിന്തുണയുടെ വ്യാപ്തിയുടെയും ആധാരം. വിശാല ബഹുജനങ്ങൾ,അതെ അവർ മാത്രമാണ് ഏതൊരു സമരത്തിന്റെയും അജയ്യവും അക്ഷീണവുമായി ആശ്രയിക്കേണ്ട ഏക കോട്ട.ഈ പാഠ മൂല്യം വർഗ്ഗ സമര ശക്തികൾ എക്കാലത്തും മുറുകെ പിടിച്ചെ മതിയാകു.ഒരു കാലത്തും ഇത് മറന്നു കൂടതന്നെ.

“വർഗ്ഗ സമരമല്ല വേണ്ടത് ഇനി വികസന സമരമാണ് വേണ്ടത്” എന്ന തിരുത്തൽ വാദ ആശയം ഈ നാട്ടിലെ കർഷകരെയും തൊഴിലാളി വർഗ്ഗത്തേയും പരോക്ഷമായും പ്രത്യക്ഷമായും ഭരണവർഗ്ഗ അജണ്ടകൾക്ക് മുന്നിൽ മെരുങ്ങിയ ഉപകാരണങ്ങളാക്കാൻ ശ്രമിച്ചപ്പോൾ, ശ്രമിച്ചുക്കൊണ്ടിരിക്കുമ്പോൾ,അതിനെതിരായ ഒരു അശനിപാതമായാണ് ഈ കർഷക സമരം ആഞ്ഞടിച്ചിട്ടുള്ളത് എന്നും കൂടി നാം ഓർക്കേണ്ടതുണ്ട്.

നക്സൽബാരി സമരം തൊട്ട് വർത്തമാന കാല കർഷക സമരം വരെയുള്ള അനുഭവങ്ങൾ,കർഷക ശക്തിയെ കുറിച്ചുള്ള തെറ്റായ തിരുത്തൽവാദ കണക്കുട്ടലുകളെ അടിമുടി തകിടം മറിക്കുന്നത് കൂടിയാണ്.കർഷ സമരം ഇന് കർഷകരുടെ അന്തസ്സിനേയും മൂല്യത്തേയും വീണ്ടെടുത്തിരിക്കുകയാണ്. കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന കർഷക കടുംമ്പത്തിൽ നിന്നുമുള്ള മക്കൾക്ക് അപകർഷതയോടെ കഴിയേണ്ടിവന്നിരുന്ന, മറ്റുള്ളവർ പുച്ഛത്തോടെ മാത്രം കണ്ടിരുന്ന സ്ഥാനത്ത് ഇന്നവർ വീരനായകരുടെ സന്താനങ്ങളാണ്. “കർഷകസമരത്തോട് ഐക്യപ്പെടുന്നു” എന്ന ബഡ്ജ് അണിഞ്ഞ് അവരെ സ്വീകരിക്കുകയും അവരെ ബാഡ്ജ് അണിയിക്കകയും’ ചെയ്യുന്ന ആവേശകരമായ അന്തരീക്ഷം അവിടങ്ങളിൽ സംജാതമായിരിക്കുന്നു.

എന്നാൽ,പിന്തിരിപ്പൻ ശക്തികൾ തങ്ങളുടെ പരാജയം ഉൾക്കൊണ്ടുകൊണ്ട് തങ്ങളുടെ ചരിത്ര ദൗത്യത്തിൽ നിന്നും സ്വയം പിന്മാറിയ ചരിത്രമില്ല.അവർ അവരുടെ അന്തിമ നാശം വരെ ജനങ്ങൾക്കെതിരെ ശല്യങ്ങൾ ഓരോന്നായി കുത്തിപ്പൊക്കിക്കൊണ്ടേയിരിക്കും. അതാണവരുടെ വിധി.ഇന്ത്യയെ/ കേരളത്തെ സംബന്ധിച്ചിടത്തോളം,ഈ സവർണ്ണ വർഗ്ഗീയ പിന്തിരിപ്പൻ -തിരുത്തൽവാദ ശക്തികൾനമ്മുടെ തിരുമുറ്റത്ത് ഉയർന്നു വന്നിട്ടുള്ള അറപ്പുണ്ടാക്കുന്ന “കുരിക്കൻ പൊറ്റ”കളും കളകളുമാണ് ഇവയെ അടിച്ചുവാരാന്നും വേരോടെ പിഴുതെറിയാനും,അങ്ങിനെ നമ്മുടെ തിരുമുറ്റം വൃത്തിയുള്ളതും മനോഹരമാക്കാനുള്ള ആ യഥാർത്ഥ ശ്രമങ്ങളും അണിചേരലുകളും ഇനിയും ശക്തമായി തുടരേണ്ടതുണ്ട്.

കർഷകരെ സംബന്ധിച്ചിടത്തോളം കർഷക നിയമങ്ങൾ റദ്ദു ചെയ്യപ്പെടുന്നത്, വലിയ വിജയമാണെന്നിരിക്കെ തന്നെ,അവരുന്നയിച്ചിട്ടുള്ള മിനിമം താങ്ങുവിലയുടെയും,അവർക്കെതിരായ കള്ളക്കേസുകളുടെയും, വൈദ്യുതി അമൻമെൻറ് ബില്ലും പിൻവലിക്കേണ്ട പ്രശ്നങ്ങൾ കൂടി അപ്പോഴും അവശേഷിക്കുന്നുണ്ട്.ഇവയിലും കൂടി ആശാവഹമായ തീരുമാനങ്ങൾ ഉണ്ടാകും വരെ സമരം നീട്ടികൊണ്ടു പോകാനുള്ള കർഷക സമര സംയുക്ത സമിതിയുടെ തീരുമാനം ഏറെ പ്രത്യാശ നൽകുന്നുണ്ട്.സമര പിന്തുണയും ഇതോടൊപ്പമുണ്ടാകേണ്ടതുണ്ട്.

The battle is won : but not the war

ഏതൊരു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പ് ഭക്ഷണമാണ്‌.അതുകൊണ്ട് തന്നെ അതിന്റെ അടിത്തറയും കർഷക സമ്പദ്ഘടനയായിരിക്കേണ്ടതുണ്ട്.വ്യവസായത്തിന് സമൂഹത്തിന്റെ നേതൃത്വഘടകമാകനെ കഴിയു എന്ന മാവോ സേ തൂങിന്റെ ഉത്‌ബോധനം നമുക്ക് മറക്കാതിരിക്കാം.

വിനാശകരമായ വികസനത്തെ ചെറുത്ത് തോൽപ്പിക്കാം.

കർഷക-തൊഴിലാളി-വിദ്യാർത്ഥി സമര ഐക്യം ഊട്ടിഉറപ്പിക്കാം.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal