കനലായ്‌ കാട്ടുകടന്നല്‍

“ലോകത്തെവിടേയും പോരടിക്കുന്ന മനുഷ്യരുടെ തോള്‍സഞ്ചിയില്‍ ഒരു നോവലിന്‌ സ്ഥാനമുണ്ടാകുമെങ്കില്‍ അത്‌ ‘കാട്ടുകടന്നല്‍’ തന്നെയായിരിക്കും”

‘കാട്ടുകടന്നൽ’ എന്ന വ്യഖ്യാത കൃതിയെ കുറിച്ച് പന്തീരങ്കാവ് യുഎപിഎ കേസിൽ വിചാരണ തടവിൽ കഴിയുന്ന വിജിത്ത് വിജയൻ 2015 ൽ ‘പാഠാന്തരം’ വിദ്യാർത്ഥി മാസികയിൽ എഴുതിയ ലേഖനം.


വിജിത്ത്‌ വിജയന്‍

തികഞ്ഞ ഭാതികവാദികള്‍ നിര്‍ഭയരാണ്‌. തിരിച്ചടികളേയും പരിഹാസങ്ങളേയും ഗൗനിക്കാതെ, കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ വിമര്‍ശിക്കുന്നതിലും വേണ്ടപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക്‌ നല്‍കുന്നതിലും വിമുഖത കാട്ടാതെ, ഞങ്ങളുടെ എല്ലാ സഹഭടന്മാരും ധൈര്യസമേതം അവരുടെ ഉത്തരവാദിത്വങ്ങള്‍ സ്വയമേറ്റെടുക്കുമെന്നും എല്ലാ വിഷയങ്ങളേയും അതിജീവിക്കുമെന്നും ഞങ്ങളാഗ്രഹിക്കുന്നു. ആയിരം കഷണങ്ങളാക്കി മുറിക്കപ്പെട്ടു മരണമടയുന്നതില്‍ പോലും ഭയപ്പെടാത്തവന്‍ അശ്വരുഡഃനായ ചക്രവര്‍ത്തിയെ വലിച്ചു താഴെയിറക്കാന്‍ ധൈര്യപ്പെടുക തന്നെ ചെയ്യും. സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാനുള്ള നമ്മുടെ സമരത്തില്‍ ഇത്തരമൊരു അജയ്യമായ ആവേശമാണ്‌
നമുക്കാവശ്യം.”

(മാവോ-സെ-തുങ്‌)

1957-ലെ സിപിസി യുടെ ദേശീയ സമ്മേളനത്തില്‍ സ. മാവോ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ്‌ മുകളിലുള്ളത്‌. ചുവന്ന പുസ്തകത്തിലൂടെ, ആദര്‍ശ വിപ്ലവകാരികളെ സൂചിപ്പിക്കുന്ന ഈ ഉദ്ധരണി ലോകം മുഴുവന്‍ വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതാണ്‌. എന്നാല്‍ പിന്നോട്ട്‌ സഞ്ചരിച്ചാല്‍ വിപ്ലവ സിദ്ധാന്തവും വിപ്ലവ പ്രസ്ഥാനവും ഉണ്ടാകുന്നതിനും മുമ്പേ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇറ്റലിയില്‍ നടന്ന സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെ കഥ പില്‍ക്കാലത്ത്‌ ലെനിനും മാവോയും ഉള്‍പ്പെടെയുള്ള ലോക വിപ്ലവകാരികളെ ആവേശഭരിതരാക്കുകയും പിടിച്ചുലക്കുകയും ചെയ്തിരുന്നു. ‘ദി ഗാഡ് ഫ്ലൈ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഒരു നോവല്‍ ദശലക്ഷകണക്കിന്‌ കോപ്പികള്‍ വിറ്റഴിയുകയും ഒട്ടനവധി ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. കാട്ടുകടന്നല്‍ എന്ന പേരില്‍ മലയാളികളിലും എത്തി. ദേശരാഷ്ട്രങ്ങള്‍ക്കപ്പുറം പുരോഗമനകാരികള്‍ എല്ലാം കാട്ടുകടന്നലിന്റെ വഴിയേ നടന്നപ്പോഴും തന്റെ കൃതിയുടെ സ്വാധീനം എഴുത്തുകാരിയായ എഥ്‌ല്‍ ഇലിയന്‍ വോയ്നിച്ച്‌ അറിയുന്നത്‌ രണ്ട്‌ വിപ്ലവങ്ങള്‍ക്ക്‌ ശേഷം 1955-ല്‍ തന്റെ 91-ാം വയസ്സിലാണ്‌ എന്നത്‌ കൗതുകമുണര്‍ത്തുന്നതും അതേ സമയം തന്നെ ഒരു രാഷ്ട്രീയ പ്രശ്നമായും അവശേഷിക്കുന്നു. ഇംഗ്ലണ്ടിലും പിന്നീട്‌ അമേരിക്കയിലും ജീവിച്ച അവര്‍ക്ക്‌ തന്റെ നോവല്‍ ഈ രാഷ്ട്രങ്ങളില്‍ താരതമ്യേന തമസ്കരിക്കപ്പെട്ടതും, റഷ്യയിലും ചൈനയിലും ലോകമെമ്പാടുമുള്ള വിമോചന പോരാളികള്‍ക്കും ആദര്‍ശ ഗ്രന്ഥമായതുമാണ്‌ ഇതിലെ രാഷ്ട്രീയ പ്രശ്നം. ഒരു പക്ഷേ ‘സാര്‍വത്രിക സമ്മതി’ നേടാന്‍ കഴിയാത്തതു തന്നെയാണ്‌ നോവലിനെ മഹത്തരമാക്കുന്നത്‌.

ഏകദേശം ഒന്നര നൂറ്റാണ്ടിനപ്പുറം ആസ്ട്രിയൻ സാമ്രാജ്യത്വത്തിന്‌ കീഴിലായിരുന്ന ഇറ്റലിയെ മോചിപ്പിക്കാനും ഏകീകരിപ്പിക്കാനും നടന്ന പോരാട്ടങ്ങളാണ്‌ കാട്ടുകടന്നലിന്റെ പശ്ചാത്തലം. ആര്‍തര്‍ ബര്‍ട്ടണ്‍ എന്ന യുവാവിനെ ചുറ്റിപറ്റിയാണ്‌ കഥ മുന്നോട്ടു നീങ്ങുന്നത്‌. മാതാവിന്റെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ആര്‍തര്‍ താന്‍ തിരിച്ചറിയാത്ത തന്റെ പിതാവായ മോണ്ടനെല്ലി എന്ന വൈദികനോടൊപ്പം ജീവിക്കാന്‍ തുടങ്ങുന്നു. ആര്‍തര്‍ തന്റെ മകനാണ്‌ എന്ന സത്യം മറച്ചുവെച്ചാണ്‌ മോണ്ടനെല്ലി ആര്‍തറിനെ സ്നേഹിക്കുന്നത്‌. എന്നാല്‍ ആര്‍തറിന്റെ സ്നേഹം അവന്റെ ദൈവവിശ്വാസം പോലെ കളങ്കരഹിതമായിരുന്നു. ആര്‍തറിലെ വിപ്ലവകാരി രൂപപ്പെടുന്നത്‌ മറ്റാരേക്കാളും മുമ്പ്‌ തന്നെ മോണ്ടനെല്ലി മനസ്സിലാക്കുന്നു എന്നത്‌ അവരുടെ ബന്ധത്തിന്റെ തീവ്രതയാണ്‌ സൂചിപ്പിക്കുന്നത്‌. സ്ഥാനകയറ്റം കിട്ടി മോണ്ടനെല്ലി വത്തിക്കാനിലേക്ക്‌ പോയപ്പോള്‍ പകരം വന്ന വൈദികനായ കാര്‍ദ്ധിയെയും ആര്‍തര്‍ ദൈവത്തിന്റെ പ്രതിപുരുഷനായി കാണുകയും തന്റെ രഹസ്യങ്ങള്‍ കുമ്പസാരത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഭരണകൂടവും മതവും തമ്മിലുള്ള ഊഷ്മള സൗഹൃദത്തെ മനസ്സിലാക്കാന്‍ ആര്‍തര്‍ വൈകിപോയിരുന്നു. പിന്നീട്‌ തടവറയിലായ ആര്‍തര്‍ തന്റെ സഖാവായ ബൊല്ലയെ ഒറ്റു കൊടുത്തതായ നുണ പ്രചരണങ്ങള്‍ ഭരണകൂടം വിപ്ലവകാരികള്‍ക്കിടയില്‍ പരത്തുന്നു. ഇത്‌ വിശ്വസിക്കുന്ന ആര്‍തറിന്റെ സുഹൃത്തും സഖാവും ആയ ഗെമ്മയും ആര്‍തറിനെ തള്ളിപറയുന്നു. ജയില്‍ മോചിതനായ ആര്‍തര്‍ സഹോദരനില്‍ നിന്ന്‌ തന്റെ ജന്മരഹസ്യം അറിഞ്ഞതോടെ നിരാശയുടേയും തിരിച്ചറിവിന്റേയും ഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. തികഞ്ഞ ഭാതികമാറ്റം സ്വീകരിക്കുന്ന ആര്‍തര്‍, ആത്മഹത്യ ചെയ്തു എന്ന പ്രതീതി നിലനിര്‍ത്തി കൊണ്ട്‌ നാടുവിടുന്നതോടെ നോവലിന്റെ ആദ്യഭാഗം അവസാനിക്കുന്നു. സാഹചര്യമാണ്‌ ബോധത്തെ നിര്‍ണ്ണയിക്കുന്നതെന്ന മാര്‍ക്സിയന്‍ ഭാതിക വാദത്തിന്റെ കാതലാണ്‌ യഥാര്‍ത്ഥത്തില്‍ ഇവിടെ രേഖപ്പെടുത്തുന്നത്‌.

നീണ്ട പതിമൂന്ന്‌ വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചതിനു ശേഷമാണ്‌ ആര്‍തര്‍ നോവലില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌. കാട്ടുകടന്നല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫെലിസ്‌ റിവാറസ്‌ എന്നതാണ്‌ തുടര്‍ന്നങ്ങോട്ട്‌ ആര്‍തറിന്റെ വ്യക്തിത്വം. ഏകീകൃതവും ജനകീയ റിപ്പബ്ലിക്ക്‌ ആയതുമായ ഇററലിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ അലയടിക്കുമ്പോള്‍ യുവ ഇറ്റലിക്കുവേണ്ടി ആശയ പ്രചരണം നടത്താനാണ്‌ കാട്ടുകടന്നല്‍ വരുന്നത്‌. മൂര്‍ച്ചയേറിയ പരിഹാസശരങ്ങള്‍ കൊണ്ട്‌ ഇറ്റാലിയന്‍ ജനതയെ ആകെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കാട്ടുകടന്നലിന്‌ കഴിഞ്ഞു. ജെസ്യൂട്ടുകളോട്‌ ആശയ യുദ്ധം നടത്താനാണ്‌ കാട്ടുകടന്നല്‍ നിയോഗിക്കപ്പെട്ടത്‌. എന്നാല്‍ മാര്‍പാപ്പയെ വെറുതെ വിടണം എന്ന ചാഞ്ചാട്ടക്കാരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാതിരുന്ന കാട്ടുകടന്നല്‍ തീക്ഷ്ണമായ ലേഖനങ്ങള്‍ എഴുതി. പുതിയ മെത്രാനായ മോണ്ടനെല്ലിയെ വിമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ലേഖനം വലിയ കോളിളക്കം സൃഷ്ടിച്ചു. അതോടൊപ്പം തന്നെ യുവ ഇറ്റലിയിലെ യഥാര്‍ത്ഥ വിപ്ലവകാരികളെ കണ്ടെത്താനും ബലപ്രയോഗത്തിന്റെ രാഷ്ട്രീയത്തിലേക്ക്‌ അടുപ്പിക്കാനും അയാള്‍ ശ്രമിച്ചു. തുടക്കത്തില്‍ അനുചിതമായ പെരുമാറ്റം കൊണ്ട്‌ എല്ലാവരുടേയും നീരസം പിടിച്ചു വാങ്ങുന്ന കാട്ടുകടന്നല്‍ പിന്നീട്‌ പതിയെ എല്ലാവര്‍ക്കും സ്വീകാര്യനായി മാറിവരുന്നുണ്ട്‌. ഗെമ്മയോടു പോലും തന്റെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവയ്ക്കാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ ഇടയ്ക്കിടെ ആര്‍തര്‍ തന്റെ അംഗവിക്ഷേപങ്ങള്‍ കൊണ്ട്‌ ഗെമ്മയില്‍ സംശയങ്ങള്‍ ജനിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ മഹത്തായ കര്‍ത്തവ്യങ്ങളില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും അയാളുടെ ശ്രദ്ധ. ബ്രസിഗില്ലയില്‍ നടത്തിയ സായുധ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയ കാട്ടുകടന്നല്‍ അസാമാന്യ ധീരതകൊണ്ട്‌ സഖാക്കളെ രക്ഷപ്പെടുത്തുകയും അപ്രതീക്ഷിതമായി മോണ്ടനെല്ലിയെ കാണുന്ന മാത്രയില്‍ ഉണ്ടായ ചാഞ്ചാട്ടത്തില്‍ ആസ്ട്രിയൻ സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുന്നു.

യഥാര്‍ത്ഥ വിപ്ലവകാരികള്‍ തടവറയെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിന്‌ ഉജ്ജ്വലമായ ഉദാഹരണമായി കാട്ടുകടന്നല്‍ ജയിലില്‍ കഴിഞ്ഞു. ഇരുട്ടറയിലെ ഏകാന്തവാസത്തിലും തടവറ ഭേദിക്കുന്നതിനായി പരിശ്രമിക്കുകയും കാവല്‍ക്കാരെ പോലും തന്റെ ആകര്‍ഷണ വലയത്തിലാക്കാനും അദ്ദേഹത്തിന്‌ കഴിയുന്നുണ്ട്‌. ആദ്യവട്ടം ജയിലില്‍ കാണാന്‍ വരുന്ന മോണ്ടനെല്ലിയോട്‌ കാട്ടുകടന്നല്‍ പറയുന്നത്‌ താന്‍ രക്ഷപ്പെട്ടാല്‍ ശത്രുക്കളായ എലികളെ കൊല്ലും എന്നാണ്‌. ജയില്‍ കമ്പികള്‍ അറുക്കുന്നതില്‍ പിടിക്കപ്പെട്ടപ്പോള്‍, അയാളെ ഗവര്‍ണര്‍ ചങ്ങലയില്‍ കെട്ടി അനങ്ങാനാകാതെ ഇരുട്ടറയിലടച്ചപ്പോഴും മനോവീര്യം നഷ്ടപ്പെടുന്നതായി കാണാന്‍ കഴിയുകയില്ല. തടവറയില്‍ പോലും അധികാരികളെ കിടിലം കൊള്ളിക്കാന്‍ കാട്ടുകടന്നലിന്‌ കഴിയുന്നുണ്ട്‌. രക്തസാക്ഷിത്വത്തിന്‌ തൊട്ടുമുമ്പിലത്തെ ദിവസം മോണ്ടനെല്ലി കാട്ടുകടന്നലിനെ വീണ്ടും കാണാന്‍ വരികയും തന്റെ മകനായ ആര്‍തറാണിതെന്ന സത്യം മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ വൈകാരികമായ നിമിഷങ്ങളിലും കാട്ടുകടന്നല്‍ യൂദ്ധത്തെപ്പറ്റിയാണ്‌ സംസാരിക്കുന്നത്‌.

ആശയവാദവും ഭാതികവാദവും തമ്മിലുള്ള യുദ്ധം, ചൂഷിതനും ചൂഷകനും തമ്മിലുള്ള യുദ്ധം, അത്‌ ഒത്തു തീര്‍പ്പുകളില്ലാത്തതാണെന്ന്‌ അയാള്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. പരാജിതനായി തിരിച്ചു മടങ്ങിയ മോണ്ടനെല്ലിക്ക്‌ ചൂഷകന്റെ ധര്‍മ്മം നിറവേറ്റുക എന്നതല്ലാതെ, മറ്റു നിവൃത്തിയില്ലാതെ ആര്‍തറിനെ സൈനിക വിചാരണ ചെയ്യാന്‍ അനുവദിക്കേണ്ടി വരുന്നു. വിചാരണക്കു മുമ്പേ തീരുമാനിക്കപ്പെട്ട വിധിയെ നോക്കി കണ്ണുകെട്ടാതെ തോക്കുകള്‍ക്കു മുമ്പില്‍ പുഞ്ചിരിക്കുന്ന ആര്‍തര്‍ ‘തായ്‌ പർവതത്തെക്കാള്‍ കനപ്പെട്ട മരണം’ വരിക്കുന്നു. മരണത്തെ മുഖാമുഖം കാണുമ്പോഴും യന്ത്രതോക്കുകളോടാണ്‌ തനിക്കു പ്രിയം എന്നാണയാള്‍ പറയുന്നത്‌. ആര്‍തറിന്റെ മരണത്തില്‍ സമനില തെറ്റിയ മോണ്ടനെല്ലി പെസഹ പെരുന്നാളിന്‌ നടത്തിയ പ്രസംഗത്തില്‍ അലറിവിളിക്കുകയും, പാനപാത്രവും അപ്പവും നിലത്തെറിഞ്ഞുടക്കുകയും ചെയ്യുന്നു. കുറച്ചുപേര്‍ ചേര്‍ന്ന്‌ ഭ്രാന്ത്‌ പിടിച്ച പാതിരിയെ പിടികൂടി സദസ്‌ ശുദ്ധീകരിക്കുന്നു. തന്റെ മരണം ഉറപ്പായ ശേഷം മാത്രം ഗെമ്മയ്ക്ക്‌ കൊടുക്കാന്‍ തയ്യാറാക്കിയ കാട്ടുകടന്നലിന്റെ കത്ത്‌ ഗെമ്മ വായിക്കുകയും, കണ്ണീരല്ല ഒടുങ്ങാത്ത പകയാണ്‌ പെണ്ണിന്റെ കരുത്ത്‌ എന്ന്‌ വായനക്കാരോട്‌ പങ്കുവയ്ക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ വലിയ പള്ളിയില്‍ മണികള്‍ മുഴങ്ങുന്നു. മോണ്ടനെല്ലിയുടെ മരണമണിയായിരുന്നു അത്‌.

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമായിരിക്കും ഓരോ സാഹിത്യസൃഷ്ടിയും. വര്‍ഗ്ഗബലാബലത്തില്‍ നിശ്ചയമായും ഇടത്തോ വലത്തോ തന്നെയായിരിക്കും അതിന്റെ സ്ഥാനം. ആ അര്‍ത്ഥത്തില്‍ ‘കാട്ടുകടന്നലി’ന്റെ സ്ഥാനം അചഞ്ചലമായും ഇടത്‌ വശത്ത്‌ തന്നെയാണ്‌. ചരിത്രത്തിലെ ഓരോ സാഹചര്യങ്ങളും ചിലപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടേയ്ക്കാം. കാട്ടുകടന്നല്‍ പങ്കുവയ്ക്കുന്ന ചെറുത്തുനില്‍പ്പുകള്‍ ഒരായിരം തവണ ആവര്‍ത്തിക്കപ്പട്ടിട്ടുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ ഇന്നും കാട്ടുകടന്നല്‍ പ്രസക്തമാകുന്നത്‌. ചൂഷകരെ നിരന്തരം ശല്യപ്പെടുത്തിയ കാട്ടുകടന്നലുകള്‍ നമ്മുടെ ചരിത്രത്തേയും വര്‍ത്തമാനത്തേയും ചുവന്നതാക്കിയിട്ടുണ്ട്‌. ആ ചുവപ്പ്‌ നിശ്ചയമായും രക്തസാക്ഷിത്വങ്ങളുടെ ചുവപ്പാണ്‌. നാളിതുവരെയുള്ള ചരിത്രം വര്‍ഗ്ഗസമരത്തിന്റേതാണെങ്കില്‍ വര്‍ത്തമാനത്തിനും അങ്ങനെയാകാതിരിക്കാന്‍ തരമില്ല. പുത്തന്‍കാല പോരാട്ടങ്ങള്‍ക്ക്‌ കാട്ടുകടന്നല്‍ എന്നും ഊര്‍ജ്ജമാകും. ലോകത്തെവിടേയും പോരടിക്കുന്ന മനുഷ്യരുടെ തോള്‍സഞ്ചിയില്‍ ഒരു നോവലിന്‌ സ്ഥാനമുണ്ടാകുമെങ്കില്‍ അത്‌ ‘കാട്ടുകടന്നല്‍’ തന്നെയായിരിക്കും. കണ്ണ്‌ ചുവക്കാതേയും മുഷ്ടി ചുരുട്ടാതെയും നമുക്കിത്‌ വായിക്കാന്‍ സാധ്യമല്ല എന്നതുതന്നെ കാരണം.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal