‘പാതിരിയും പിശാചും’

റഷ്യയിൽ സർ ചക്രവർത്തിമാരുടെ ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിന്, സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ദസ്തയേവ്സ്കി തടവറയിൽ കഴിഞ്ഞിരുന്ന കാലത്ത് ചുമരിൽ കുറിച്ചിട്ടതാണ് ഈ ചെറുകഥ..

വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ്റെ ഇരുന്നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രസിദ്ധീകരിക്കുന്നു..


‘ഹേയ്, പൊണ്ണൻ പാതിരീ!“ പിശാച് പാതിരിയോടു പറഞ്ഞു ”ആ പാവങ്ങളെ നിങ്ങളെന്തിനാണു നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്? ഏതു നരകപീഡകളെക്കുറിച്ചാണു നിങ്ങൾ വർണ്ണിക്കുന്നത്? ഈ ഭൂമിയിലെ ജീവിതത്തിൽത്തന്നെ അവർ നരകപീഡകൾ അനുഭവിക്കുകയാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങളും സർക്കാരധികാരികളും ഭൂമിയിൽ എന്റെ പ്രതിനിധികളാണെന്നു നിങ്ങൾക്കറിയില്ലേ? ഏതു നരകവേദനകൾ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുന്നത്, ആ വേദനകൾ അവരെ അനുഭവിപ്പിക്കുന്നത് നിങ്ങൾ തന്നെയാണ്‌. നിങ്ങൾക്കതറിയില്ലേ? എന്നാൽ ശരി, എന്റെ കൂടെ വരൂ!?

പിശാച് പാതിരിയെ കോളറിനു പിടിച്ചു തൂക്കിയെടുത്ത് ആകാശത്തൂടെ ഒരു ഫാക്ടറിയിലേക്കു കൊണ്ടുപോയി; അത് ഒരു ഉരുക്കുഫാക്ടറിയായിരുന്നു. പണിക്കാർ പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്നതും അങ്ങോട്ടുമിങ്ങോട്ടുമോടുന്നതും അയാൾ കണ്ടു. അല്പനേരം കഴിഞ്ഞപ്പോഴേക്കും ശ്വസം മുട്ടിക്കുന്ന കനത്ത വായുവും ചൂടും പാതിരിക്കു താങ്ങാൻ പറ്റാതായിക്കഴിഞ്ഞു. കണ്ണീരോടെ അയാൾ പിശാചിനോടു യാചിച്ചു: “ഞാൻ പോട്ടെ! ഈ നരകത്തിൽ നിന്നെന്നെ വിട്ടയക്കണേ!”

“നില്ക്കെന്റെ പൊന്നുചങ്ങാതീ, ചില സ്ഥലങ്ങൾ കൂടി നമുക്കു കാണാനുണ്ട്!” പിശാച് അയാളെ പിന്നെയും കഴുത്തിനു പിടിച്ച് ഒരു കൃഷിസ്ഥലത്തേക്കു കൊണ്ടുപോകുന്നു. ജോലിക്കാർ കറ്റ മെതിക്കുന്നത് അയാൾ കാണുന്നു. ചൂടും പൊടിയും സഹിക്കാൻ പറ്റില്ല. ചാട്ടയും കൊണ്ടു കറങ്ങിനടക്കുന്ന ഒരു മേസ്തിരി വിശപ്പോ ആയാസമോ കൊണ്ടു കുഴഞ്ഞുവീഴുന്നവരെ നിർദ്ദയം പ്രഹരിക്കുന്നുണ്ട്. അടുത്തതായി പാതിരിയെ കൊണ്ടുപോകുന്നത് അതേ പണിക്കാർ കുടുംബവുമായി പാർക്കുന്ന കുടിലുകളിലേക്കാണ്‌- അഴുക്കു പിടിച്ച, തണുപ്പു മാറാത്ത, പുക നിറഞ്ഞ, നാറുന്ന മടകൾ. പിശാച് ഇളിച്ചുകാട്ടുന്നു. അവിടെ കുടിയേറിയ ദാരിദ്ര്യവും കഷ്ടപ്പാടും അവൻ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.

“എന്താ, ഇത്രയും പോരേ?” അവൻ ചോദിക്കുന്നു. അവന്‌, പിശാചിനു പോലും, ആ മനുഷ്യരോടു കരുണ തോന്നുന്നുവെന്നു തോന്നിപ്പോകും. ദൈവത്തിന്റെ വിനീതദാസന്‌ അതു താങ്ങാൻ പറ്റുന്നില്ല. കൈകൾ മേലേക്കുയർത്തി അയാൾ യാചിക്കുന്നു: “ഞാനിവിടെ നിന്നു പൊയ്ക്കോട്ടെ! അതെയതെ! ഇത് ഭൂമിയിലെ നരകം തന്നെയാണ്‌!”

“ശരി, അപ്പോൾ നിങ്ങൾക്കു കാര്യം മനസ്സിലാകുന്നുണ്ട്. എന്നിട്ടു പിന്നെയും നിങ്ങൾ അവർക്കു മറ്റൊരു നരകം വാഗ്ദാനം ചെയ്യുകയാണ്‌. മരിച്ചിട്ടില്ലെന്നല്ലാതെ മറ്റൊരു വിധത്തിലും ജീവനില്ലാതായിക്കഴിഞ്ഞ അവരെ നിങ്ങൾ മാനസികമായി പീഡിപ്പിക്കുകയാണ്‌, കൊല്ലുകയാണ്‌. വന്നാട്ടെ! ഒരു നരകം കൂടി ഞാൻ കാണിച്ചുതരാം- ഏറ്റവും നികൃഷ്ടമായ ഒന്നുകൂടി.”

അവൻ പാതിരിയെ ഒരു തടവറയിലേക്കു കൊണ്ടുപോയി ഒരു ഇരുട്ടറ കാണിച്ചുകൊടുത്തു. ദുഷിച്ച വായു കെട്ടിനില്ക്കുന്ന ആ നിലവറയിൽ എല്ലാ ഊർജ്ജവും ആരോഗ്യവും നശിച്ചുപോയ കുറേ മനുഷ്യരൂപങ്ങൾ നിലത്തു കുമിഞ്ഞുകൂടിക്കിടപ്പുണ്ടായിരുന്നു; അവരുടെ നഗ്നമായ, ശോഷിച്ച ശരീരങ്ങളിൽ പേനുകളും കൃമികളും അരിച്ചുനടന്നിരുന്നു.

“നിങ്ങളുടെ പട്ടുവസ്ത്രങ്ങൾ ഊരിക്കളയൂ,” പിശാച് പാതിരിയോടു പറഞ്ഞു, “ഈ പാവപ്പെട്ട നിർഭാഗ്യവാന്മാരുടെ കാലുകളിലുള്ളതരം തുടലുകളെടുത്തു സ്വന്തം കാലിലിടൂ; അഴുക്കു പിടിച്ച തണുത്ത നിലത്തു ചെന്നുകിടക്കൂ- അവരെ പിന്നെയും കാത്തിരിക്കുന്ന ഒരു നരകത്തെക്കുറിച്ച് എന്നിട്ടവരോടു സംസാരിക്കൂ!”

“ഇല്ല, ഇല്ല!” പാതിരി പറഞ്ഞു, “ഇതിലും ഭയാനകമായ ഒന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാൻ പറ്റുന്നില്ല. ഞാൻ യാചിക്കുകയാണ്‌, ഇവിടെ നിന്നു ഞാൻ പൊയ്ക്കോട്ടെ!”

“അതെ, ഇതാണ്‌ നരകം. ഇതിലും നികൃഷ്ടമായ മറ്റൊരു നരകമില്ല. നിങ്ങൾക്കതറിയില്ലായിരുന്നു, അല്ലേ? നിങ്ങൾക്കറിയില്ലായിരുന്നുവല്ലേ, ഒരു പരലോകനരകത്തിന്റെ ചിത്രങ്ങൾ കൊണ്ടു നിങ്ങൾ പേടിപ്പെടുത്തുന്ന ഈ സ്ത്രീകളും പുരുഷന്മാരും- മരിക്കുന്നതിനു മുമ്പ്, ഇവിടെത്തന്നെ നരകത്തിലാണവരെന്ന് നിങ്ങൾക്കറിയില്ലായിരുന്നു, അല്ലേ?”

വിവ: വി രവികുമാർ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal