വിവാഹപ്രായം 21 ആയാൽ എന്താ?

കളി അറിഞ്ഞ് തുറുപ്പിറക്കുകയാണ് ഇവിടെ ആർഎസ്എസ് – ബിജെപി സർക്കാർ ചെയ്യുന്നത്. അതിലവർ എന്നും മിടുക്ക് കാണിച്ചിട്ടുമുണ്ട്.


എംഎൻ രാവുണ്ണി -ചെയർപേഴ്സൺ,പോരാട്ടം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ആർഎസ്എസ് – ബിജെപി കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഉയർത്തിയിട്ടുള്ള പുകിൽ ഏറെയാണ്.അതിലും ഏറെ, ഉൽക്കണ്ഠയും അത് ഉയർത്താത്തതായില്ല.

എന്താണ് കാരണം?

മുഴുകുടിയൻ പനചുവട്ടിലിരുന്ന് പാലുകുടിച്ചാലും കുടിക്കുന്നത് കള്ള് തന്നെ എന്നെ പറയു.
21 വയസായി വിവാഹപ്രായത്തെ ഉയർത്തുന്ന ബില്ലിനെ ന്യായീകരിച്ച് സർക്കാരും സംഘപരിവാർ ശക്തികളും പ്രധാനമായുംപറയുന്നത് “സ്ത്രീ ശാക്തീകരണ”മാണ്.പിന്നെ ആരോഗ്യം, വിദ്യാഭ്യാസം, തുല്യത അങ്ങിനെ ചിലതും!

നല്ലതല്ലെ?പിന്നെ എന്തിനാണ് എതിർക്കുന്നത്.ഇതിന്ന് പുറകിൽ ‘ഹിഡൻ അജണ്ട’ ഉണ്ടെന്നാണ് എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. സ്വന്തം വിവാഹത്തെപ്പറ്റിയും സ്വന്തം ശരീരത്തെപ്പറ്റിയും തീരുമാനമെടുക്കാനുള്ള അവകാശവും അധികാരവും പെൺകുട്ടികൾക്കാണ് (സ്ത്രീകൾക്ക് ) എന്ന നിലപാടിൽ നിന്ന് കൊണ്ട് ചില സ്ത്രീപക്ഷവാദികളും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. വാദങ്ങൾ എല്ലാം ശരിതന്നെ.

സംഘ പരിവാര കേന്ദ്ര സർക്കാർ സ്ത്രീശക്തീകരണം, സ്ത്രീ വിദ്യാഭ്യസം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം എന്നൊക്കെ പറയുമ്പോൾ ചെകുത്താൻ്റെ വേദപാരായണം നടത്തുന്നതാണ് ആർക്കും ആദ്യം ഓർമ്മ വരിക. “മനു സ്മൃതിയെ ഭരണഘടനയാക്കണം” എന്നു വാദിക്കുന്ന, പിന്തിരിപ്പൻ മൂരാച്ചി ബ്രാഹ്മണ്യ വാദത്തെ മർഗ്ഗദർശനമായി സ്വീകരിച്ചിട്ടുള്ള സംഘപരിവാരങ്ങൾ, സമൂഹത്തെ ആ മധ്യയുഗത്തിലേക്ക് സാമ്രാജ്യത്വ പുത്തൻ കൊളോണിയലിസത്തിന് ആവശ്യമായ പരിഷ്ക്കരണങ്ങളോടെ, തിരികെ കൊണ്ടുപോകാൻ തക്കം നോക്കിയിരിക്കുകയാണെന്ന സത്യം പ്രകടമായി നില നിൽക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ ജൽപ്പനങ്ങളിൽ ആരെങ്കിലും ദുരൂഹത കണ്ടു പിടിക്കുന്നതിൽ കുറ്റം പറയാൻ ഒക്കില്ല. ശബരിമലയിൽ സ്ത്രീ പ്രവേശന പ്രശ്നം സുപ്രീം കോടതി ഉയർത്തിക്കൊണ്ടു വന്നപ്പോൾ തന്നെ അതിനെതിരായി ഉറഞ്ഞു തുള്ളിയ പിന്തിരിപ്പൻ ശക്തികൾ ഇന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചും സ്ത്രീ സമത്വത്തെ കുറിച്ചും പറയുമ്പോൾ അതൊരു രാഷ്ട്രീയ തട്ടിപ്പായി മാത്രമെ കാണാനൊക്കു. പറഞ്ഞ് പിരി കയറ്റി സ്വന്തം കാര്യങ്ങൾ സാധിച്ച് കടന്നു പോകുന്ന തെരുവ് വാണിഭക്കാരനിലെ ഡെമഗോഗിസം.

വരാനിരിക്കുന്ന ഇലക്ഷനിൽ, സ്ത്രീകളുടെ വോട്ടാണ് ഈ ഡെമഗോഗിക് പ്രഖ്യാപനത്തിലൂടെ സംഘപരിവാര ശക്തികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അണിയറയിലെ ഏകീകൃത സിവിൽക്കോഡിലേക്ക് ഇത് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഇതിൻ്റെ പുറകിലുണ്ടാകാം. എന്നാൽ പുരുഷാധിപത്യം, പിതൃദായകത്വം തുടങ്ങിയ ഫ്യൂഡൽ അത്യാചാരങ്ങളാൽ വീർപ്പുമുട്ടുന്നവരാണ് ജനസംഖ്യയിൽ പകുതിയിൽ അധികം വരുന്ന ഇന്ത്യലെ സ്ത്രീ ജനങ്ങൾ.ശൈശവ വിവാഹം, ശൈശവത്തിൽ വിധവയായാൽ ജീവിതകാലം മുഴുവൻ വൈധവ്യം അനുഭവിക്കണം, വിദ്യാഭ്യസ-സ്വാതന്ത്ര്യ നിഷേധങ്ങൾ തുടങ്ങി അറപ്പുണ്ടാക്കുന്ന മറ്റ് നിരവധി അത്യാചാരങ്ങൾ ഇതിൻ്റെയൊക്കെ പരിണിതിയാണ്.

Source :  Deepa Mehta’s 2005 film WATER 

പതിനഞ്ചും പതിനാറും വയസ്സിൽ വിധവയായി തല മുണ്ടനം ചെയ്ത് വെള്ള വസ്ത്രം ധരിച്ച് നടക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ആന്ധ്രയിലേയും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേയും പെൺകുട്ടികൾ ഈ അത്യാചാരങ്ങളുടെ നാണിപ്പിക്കേണ്ട ഇരകളാണെന്ന കാര്യം നാം മറന്നുകൂട. ഒപ്പം അടിവരയിട്ട് ഓർക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കഴിഞ്ഞ 75 വർഷത്തിനിടയ്ക്ക് ഭരച്ചവർ നടത്തിയ ജന്മി-നാടുവാഴിത്ത സേവ, മേൽപറഞ്ഞ സ്ത്രീകളുടെ ദാരുണമായ പിന്നോക്കാവസ്ഥയിൽ ഒരു പോറലു പോലും ഏൽപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടുള്ളതായിരുന്നു എന്നതാണ് വസ്തവം. ഈ അവസ്ഥ മാറ്റമില്ലാതെ ഇന്ത്യയിൽ നിലനിന്നു വന്നതിലെ ഉത്തവാദിത്യത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകൾ എന്ന് പറയുന്നവരിലെ പുരുഷാധിപത്യ, വരട്ടു-തിരുത്തൽ വാദത്തിനും ഒഴിഞ്ഞുമാറാനാകില്ല. ഈ വ്യവസ്ഥിതി തുടർന്നു നിലനിറുത്തുന്നതിൽ ഈ ശക്തികളെല്ലാം ഇന്ന് ഒരു പരിപാവന സഖ്യത്തിലുമാണ്. അവരുടെ ‘തീവ്രവാദ – ഭീകരവാദ- മാവോയിസ്റ്റ്’ വിരുദ്ധ മുറവിളിയിൽ ഇത് വ്യക്തമാണ്. പ്രതിപക്ഷം ഇന്ന് 21 വയസ് വിവാഹ പ്രായ ബില്ലിനെ എതിർക്കുമ്പോൾ അവർ ഇന്ത്യൻ യാഥാർത്ഥ്യത്തെ മറക്കുന്നു, അല്ലങ്കിൽ അതിനോടുള്ള മൃദുത്വം കൂടിയാണെന്ന് വിലയിരുത്തേണ്ടി വരും.

കളി അറിഞ്ഞ് തുറുപ്പിറക്കുകയാണ് ഇവിടെ ആർഎസ്എസ് – ബിജെപി സർക്കാർ ചെയ്യുന്നത്. അതിലവർ എന്നും മിടുക്ക് കാണിച്ചിട്ടുമുണ്ട്. എന്നാൽ ഇത് ഉൾക്കൊള്ളാൻ മാത്രം പരുവപ്പെടുത്തി എടുത്തതാണൊ അവർ ഇന്നു വരെ പ്രതിനിധികരിക്കുന്നതും ഇന്നുവരെ താലോലിച്ച്‌ വളർത്തി എടുത്തതുമായ ശക്തികളും മനോ മണ്ഡലവും എന്ന പ്രശ്നം അവശേഷിക്കുന്നുണ്ട്.എന്തായാലും ചില ഡെമഗോഗിക് നാട്യങ്ങൾ കൂടാതെ, വിലയിടിഞ്ഞു ഇളിഭ്യരായി മാറിയിട്ടുള്ള ഇന്നത്തെ അവസ്ഥയിൽ നിന്ന് കരകയറാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഇന്നത്തെ ബില്ലിൻ്റെ പുറകിലെ പ്രേരണ.

ശരിയാണ് ശത്രു അനുകൂലിക്കുന്നതെന്തൊ നാമതിനെ എതിർക്കണം.എന്നാൽ എങ്ങിനെ എതിർക്കണം എന്നതാണ് പ്രശ്നം. സ്ത്രി സ്വാതന്ത്ര്യം, ശാക്തീകരണം, തുല്യത തുടങ്ങിയ ഡെമഗോഗിക് വാചകമടികളെ തുറന്ന് കാണിക്കമ്പോൾ തന്നെ, സ്വന്തം ശരീരസ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ നിലപാടുകൾ കേവലം വരട്ടു തത്വ നിലപാടായി മാറാനുള്ള സാധ്യത ഒഴിവാക്കുന്നതിൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.

അടുത്ത നാളുകളിൽ വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ചില വസ്തുതകൾ ഇതാവശ്യപ്പെടുന്നുണ്ട്. യുനിസെഫിൻ്റെ 2019ലെ ബാലവിവാഹ പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങിനെ പറയുന്നു: ലോകത്തെ മൊത്തം ബാലവധുക്കളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണ്. ഇന്ത്യയിലെ 223- ദശലക്ഷം ബാലവധുക്കളിൽ 102 ദശലക്ഷം വരുന്നവർ വിവാഹം കഴിക്കപ്പെട്ടിട്ടുള്ളത് 15 വയസ്സിന് മുമ്പാണ്. യുപി, ബിഹാർ, ബാഗാൾ മഹരാഷ്ട്ര, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പകുതിയിൽ അധികം ബാലവിവാഹങ്ങൾ നടക്കുന്നത്. ഏറ്റവും അധികം, ആദിത്യനാഥ്‌ അധികാരത്തിലുള്ള യുപിയിൽ: മുപ്പത്തി ആറ് ദശലക്ഷം.

Source : യൂനിസെഫ്

ഇന്ത്യയിൽ സുമാർ 4 ൽ 3 പേർ 18 വയസ്സു തികയുന്നതിന് മുമ്പ് വിവാഹിതരാകുന്നു. സാമ്പത്തികവും വിദ്യാഭ്യാസവും കുറഞ്ഞ കടുംബങ്ങളിലാണ് കൂടുതൽ ബാലവിവാഹം. 10 വയസിൽ താഴെയുള്ള വിവാഹം ഹിന്ദുക്കൾക്കിടയിലാണ് നടക്കുന്നത്- 84%. മുസ്ലിംകൾക്കിടയിൽ 11% മാത്രം. ഈ ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ വസ്തുത [ശരിയാണെങ്കിൽ ]കൾക്ക്, അവസ്ഥക്ക്,ആരാണ് ഉത്തരവാദികൾ? ഇവയൊക്കെ പരിഹരിച്ചു മതി ഇനി വിവാഹപ്രായമാറ്റം എന്ന് പറയുന്നതിലെ മുട്ടു ന്യായം എവിടേയുമെത്തിക്കില്ല. ഇത്തരം അവസ്‌ഥയുടെ വളക്കൂറുള്ള മണ്ണ് കിളച്ചു മാറ്റാതെയുള്ള തൊലിപ്പുറത്തെ ചികിത്സകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല എന്ന തിരിച്ചറിവാണു ഉണ്ടാകേണ്ടത്. പിന്തിരിപ്പൻ ഭരണ വർഗ്ഗങ്ങളും അവരുടെ പിന്തിരിപ്പൻ രാഷ്ട്രിയ നേതൃത്വങ്ങളും തങ്ങളുടെ നിലനിൽപ്പ് പരുങ്ങലിലാകുമ്പോഴെല്ലാം നിലനിൽപ്പിന് വേണ്ടി എക്കാലത്തും ചില തൊലിപ്പുറത്തെ ചികിത്സക്ക് തയ്യാറായിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. ഇന്നത്തെ സ്ത്രീ ശാക്തീകരണ – സ്വാതന്ത്ര-സമത്വവാചകമടികളിൽ നിന്നും വായിച്ചെടുക്കാവുന്നതും മറ്റൊന്നല്ല.

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജയ ജെയ്റ്റ്‌ലി കമ്മീഷൻ നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശ്ശയെ ആധാരമാക്കി ഇപ്പോൾ ഈ വിവാഹ ബിൽ കൊണ്ടുവന്നതിലെ ഉദ്ദേശം സ്ത്രീശക്തികരണം, സമത്വം, സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഡെമഗോഗിക് വാചകമടികൾക്കപ്പുറം പ്രധാനമായും യുപി തെരഞ്ഞെടുപ്പും സ്ത്രീ വോട്ടും മാത്രമാണ്. മേൽപ്പറഞ്ഞവയൊക്കെ അതിൻ്റെ പാർശ്വഫലങ്ങളത്രെ.
മനോ മണ്ഡലങ്ങളെ പുരോഗമനപരമായി ഉടച്ചുവാർക്കാനുള്ള ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ കൂടാതെയുള്ള ഏതൊരു പരിഷ്ക്കരണനിയമവും അതെത്ര പുരോഗമനമായാലും അടിച്ചേൽപ്പിക്കുന്നതും അടിച്ചമർത്തലുമായി മാറാനെ തരമുള്ളു. പോക്സോ നിയമം ആദിവാസി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ അനുഭവം തിക്തമായിരുന്നു. കള്ളക്കേസുകളും ജയിലുകളും, അതായിരിക്കും അവരെ സംബന്ധിച്ച് ഇന്നും ‘പോക്സോ” എന്നു കേട്ടാൽ ഓർമ്മ വരിക.

പക്ഷെ എളുപ്പത്തിൽ കൈയ്യടി വാങ്ങി ചരക്ക് വിറ്റ് കാശും വാരി പോകണമെന്നത് മാത്രം ലക്ഷ്യമായുള്ള രാഷ്ട്രിയ തട്ടിപ്പുകാർക്ക് ഡെമഗോഗുകൾക്ക് ഇതൊരിക്കലും പ്രശ്നമായിരിക്കേണ്ടതില്ല. ഈ നിയമം ശരിയായി നടപ്പാക്കപ്പെടേണ്ടത് തന്നെ അവരുടെ അവശ്യമാകണമെന്നില്ല. ഇതിന് മുമ്പ് ഇന്ത്യ എത്രയെത്ര മുദ്രാവാക്യങ്ങൾ കേട്ടതാണ്! സോഷ്യലിസം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നൊക്കെ! ഇവയൊക്കെ ഉറപ്പാക്കുന്ന ഒരു ഭരണഘടന തന്നെ ഇവിടെ 75 വർഷമായി നിലനിന്ന് വരുന്നു. അതിനെ തൊട്ട് സത്യം ചെയ്തു അധികാരത്തിൽ കയറുന്നവരും കയറിയ വരുമാണ് ഇവിടുത്തെ എല്ലാ തെരഞ്ഞെടുപ്പ് രാഷട്രീയക്കാരും. അപ്പോൾ ഈ നിയമത്തിനെതിരായല്ല സമരം വേണ്ടത്. ഇതിലെ കാപാട്യത്തെ തുറന്നു കാണിക്കാനും അങ്ങിനെ ഒന്നിനെ ആവശ്യമാക്കിയ അവസ്ഥയ്ക്കും വ്യവസ്ഥിതിക്കുമെതിരായാണ് സംഘടിക്കേണ്ടതും സമരം ചെയ്യേണ്ടതും.ഈ നിയമവും അതിൻ്റെ നടപ്പാക്കലും കൂടുതൽ ശാസ്ത്രീയവും സത്യസന്ധവുമാക്കപ്പെടുക എന്നതാണ് ഇന്നത്തെ ആവശ്യം.

വാൽകുറിപ്പ് : വസ്തുതകൾക്ക് കടപ്പാട് FB- സുധ മേനോൻ,കൂപ്പർ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal