ഉന്മാദത്തിൻ്റെ കൂർത്ത മീശക്കൊമ്പുകൾ

അഡ്വ.വിമൽ റെനോദ്

ഗാല,
നിത്യതയിലേക്ക്
മറയുന്നതിനു മുൻപ്
ചിലതോർത്തു കണ്ണീർ
വാർത്തു.

തന്റെ പ്രിയങ്കരനായ
കാമുകനെയോർത്തവൾ
സ്വപ്നത്തിലൂടെ
ഉറക്കത്തിലേക്കു വീണു
പിന്നീടൊരിക്കലും ഉണരാതെ
.

തീഷ്ണതയേറിയ
ഉരുണ്ടകണ്ണുകൾ,
നിറങ്ങളാൽ ജീവിതങ്ങൾ
വരച്ചിട്ട വിരലുകൾ,
ഈന്തപ്പഴത്തിന്റെ പശിമ
പുരട്ടി ഈച്ചകളെ നൃത്തം
ചെയിച്ച മീശക്കൊമ്പുകൾ,
ചുണ്ടുകളിൽ ചുടുചുംബനം
സമ്മാനിച്ച ഭ്രാന്തൻ,
അനുരാഗത്തോടുകൂടിയ
ആലിംഗനങ്ങൾ,
പ്രണയത്തിൽ താൻ
വീണുപോയിരിക്കുന്നു
.

പോൾ,
എന്നോട് ക്ഷമിക്കൂ.
നിങ്ങൾ വാക്കുകൾക്കൊപ്പം
ഉറങ്ങുമ്പോൾ തനിച്ചാവുന്ന ഞാൻ.
എന്റെ പ്രിയനെ കാത്തിരിക്കുകയാണ്.

ഞാൻ വാക്കുകളെ വെറുത്തു
തുടങ്ങിയിരിക്കുന്നു.
സകലമാന കവിതകളും ചുട്ടെരിക്കണം.
കവികളെയൊക്കെ കൊല്ലണം.

അവർ ദൈവത്തിന്റെ ചലനങ്ങൾ
കണ്ടെത്തുന്നു.
അതുകൊണ്ടാകാം ദൈവം ഞങ്ങളെ
വേർപെടുത്താൻ ശ്രമിക്കുന്നു.

അവൻ പൂക്കളോട് സംവദിക്കുമ്പോൾ
പൂവിനെപോലെ,
അവന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക്
ഒഴുകണം.

ഉന്മാദത്തെ കൂട്ടുപിടിച്ചു
നടക്കാനിറങ്ങുമ്പോൾ ഞാൻ
നിന്റെയൊപ്പമുണ്ടായിരുന്നു.
നിനക്ക് വെളിച്ചവും സ്നേഹവും
പകർന്നു.

നക്ഷത്രമായി മാറുന്നതിനു മുൻപ്,
മരണത്തിലേക്ക് വീഴുന്നതിനു
മുൻപ്,

എന്റെ കണ്ണീർ തുടച്ചെടുത്തു
ചുണ്ടോട് ചേർക്കൂ,
അതിൽ നക്ഷത്രത്തിന്റെ
സ്വാദുണ്ട്.

എന്നെ ഉറക്കം
കടന്നുപിടിച്ചിരിക്കുന്നു.
ദൈവത്തോടും പൂക്കളോടും
എന്നെ അന്വേഷിക്കു
അവരെന്റെ
ആത്മാമിത്രങ്ങളാണ്.

ദാലി,
എന്റെ പ്രിയപ്പെട്ടവനെ,
വർണ്ണങ്ങൾ ചാലിച്ച
മീശത്തുമ്പിനാൽ എന്നിൽ
പ്രണയം വരച്ചിടു.
പ്രിയനെ എന്നെ അമർത്തി
ചുംബിക്കൂ.


ദാലി(സാൽവദോർ ദാലി) – സ്പാനിഷ് ചിത്രകാരൻ
ഗാല – ദാലിയുടെ കാമുകി
പോൾ(പോൾ എൽവാർഡ്)- ഗാലയുടെ ഭർത്താവ്, ഫ്രഞ്ച് കവി


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal