“പുതുതലമുറയിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്നവർ മുഖ്യധാരാ സിനിമയിൽ തന്നെ വരേണ്ടതുണ്ട്”

“ജയ് ഭീം എന്ന സിനിമ പറയുന്ന കാര്യം ആർട് സിനിമയിൽ മുൻപേ പറഞ്ഞിട്ടുണ്ടാകും പക്ഷെ അത് ആരും അറിയാൻ പോകുന്നില്ല. ഞാൻ പറയുന്നത് ഈ മുഖ്യധാരാ സിനിമയിൽ വന്ന് ഭൂരിപക്ഷത്തിനെ ഈ പൊളിറ്റിക്സിലേക്ക് കൊണ്ടുവരിക എന്നത് വളരെ വലിയ ജോലിയാണ്.”


അഭിമുഖം തയ്യാറാക്കിയത് : ശ്രീനാഥ്

സിനിമയിൽ വാണിജ്യ സിനിമ,സമാന്തര സിനിമ എന്ന വേർതിരിവ് നിലനിൽക്കുന്നുണ്ടോ? സമാന്തര സിനിമകൾ എന്തു കൊണ്ട് തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിയുന്നില്ല?

എത്രയായാലും തിരിച്ച് റവന്യൂ പ്രതീക്ഷിച്ചാണ് ഓരോ തീയേറ്ററുകളും നിലനിൽക്കുന്നത്. അപ്പൊ അവിടെ ഇത്ര രൂപ തിരിച്ചു പിടിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യമായിട്ട് എല്ലാ തീയേറ്ററുകാർക്കും ഉള്ളത്. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർക്ക് കറന്റ് ചെലവാണെങ്കിലും സ്റ്റാഫിന്റെ ശമ്പളമാണെങ്കിലും ഒക്കെ ഈ സിനിമയിൽ നിന്ന് കിട്ടിയിട്ട് വേണം, ഏത് തീയേറ്റർ ഉടമക്കാണെങ്കിലും. ഇത് അങ്ങനെയല്ലാതെ ആ ഭാഗം ശ്രദ്ധിക്കാൻ പറ്റുന്നത് സർക്കാരിന് മാത്രമാണ്. സർക്കാർ അതിൽ നിന്ന് മാറി നിൽക്കുന്നു എന്നുള്ളതാണ് നമുക്ക് ഒരു എതിർപ്പായിട്ടുള്ളത്. അതായത് കെ.എസ്.എഫ്.ഡി.സി (KSFDC) തീയേറ്ററുകളെങ്കിലും ഇത്തരം സംസ്ഥാന അവാർഡ് കിട്ടുന്നതോ, ഫെസ്റ്റിവൽ പ്രിഫറൻസ് ഉള്ള സിനിമകളോ സംരക്ഷിക്കുന്ന തരത്തിൽ പെരുമാറേണ്ടതുണ്ട്. സർക്കാർ തീയേറ്ററുകൾ അത് ചെയ്യുന്നില്ല എന്നതിൽ നമുക്ക് പ്രതിഷേധം ഉണ്ട്. പൊതുവേ സമാന്തര സിനിമയിൽ അല്ലെങ്കിൽ അത്തരം ആർട്ട് സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളും ആ വിയോജിപ്പ് പലയിടത്തും പറഞ്ഞിട്ടുമുണ്ട്. മൈക്ക് മൂവ്‌മെന്റ് ആണെങ്കിലും ശരി ഡോ.ബിജുവാണെങ്കിലും പ്രതാപാണെങ്കിലും അവർ അവരവരുടെ ശബ്ദത്തിൽ പറയുന്നുമുണ്ട്. മറ്റേത് നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ല, കാരണം പൊതുവായിട്ട് ഭൂരിഭാഗം ആളുകൾ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന അത്തരം സിനിമയിൽ നിന്നേ റവന്യൂ അവർക്ക് കിട്ടുകയുള്ളൂ. അതു കൊണ്ട് അവർ അത് തന്നെയേ കാണിക്കുകയുള്ളൂ എന്നതിൽ സംശയമില്ല. നമ്മുടെ മുഖ്യധാര ചാനലുകൾ പോലും ഇത്തരം സിനിമകൾ എടുക്കുന്നില്ലല്ലോ. കാരണം അത് കാണാൻ കുടുംബ പ്രേക്ഷകരും മറ്റാളുകളും ഉണ്ടാവില്ല എന്ന് അവർ വിചാരിക്കുകയും അവർ അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണിച്ച് കൊടുക്കുകയും ചെയ്യുന്നു. ഇതിനെയൊക്കെ ആളുകളുടെ ഇഷ്ടത്തിനനുസരിച്ചല്ലാതെ ഒരു കല അല്ലെങ്കിൽ ആർട്ഫോം എന്ന നിലക്ക് അതിനെ പരിഗണിക്കുകയും അതിനെ നിലനിർത്താൻ വേണ്ടിയിട്ടും പ്രവർത്തിക്കേണ്ടത് സർക്കാർ സംവിധാനങ്ങളാണ്. അത് ചലച്ചിത്ര അക്കാദമി ആവാം നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, പ്രസാർ ഭാരതി എന്നിവരൊക്കെയാവാം. പണ്ടൊക്കെ ഈ സംസ്ഥാന, ദേശീയ തല അവാർഡുകൾ ലഭിക്കുന്ന സിനിമകൾ ദൂരദർശനിൽ കാണിക്കുമായിരുന്നു. ഇരുപത്തഞ്ചോ മുപ്പതോ സിനിമകൾ അവർ എടുക്കുമായിരുന്നു. അതിന് ഇരുപത്തഞ്ചു ലക്ഷം രൂപ വരെ കൊടുക്കുമായിരുന്നു. അതൊരുവിധം ഇത്തരം മൂവ്മെന്റുകളെ നിലനിർത്തി പോന്നിരുന്ന സംഭവമായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിലധികമായി സിനിമ എടുക്കുന്നത് അവർ നിർത്തിയിട്ടുണ്ട്. ഈ തരത്തിൽ ഇത്തരം സിനിമകളെ പിന്നോട്ടടിക്കുന്ന നടപടികൾ സർക്കാർ സംവിധാനങ്ങളിൽ നിന്നുമുണ്ടാകുന്നുണ്ട്. അത് തീർച്ചയായും നിലനിൽപ്പിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ കുറച്ചു കൂടി ഉണർന്ന് പ്രവർത്തിക്കുകയും ഇതിനെ ഒരു അക്കാദമിക് തലത്തിൽ തന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം.

തിരക്കഥ ഇല്ലാതെയും സിനിമ ചെയ്യാം എന്ന ആശയത്തെക്കുറിച്ച്.

അത് എന്റെ വ്യക്തിപരമായ അനുഭവമാണ്. ഒരു പ്രൊഡ്യൂസർ വരുന്നു, അയാൾ നാലോ അഞ്ചോ അതോ പത്തു കോടിയോ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നു അയാൾക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ പോകുന്നു, എന്റെ മനസ്സിൽ തിരക്കഥ ഇല്ലാതെയും സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ പോലും അയാളുടെ പത്തു കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റിന് ഒരു മിനിമം ഗ്യാരണ്ടി ആവശ്യമാണ്. അപ്പോൾ ഇൻവെസ്റ്റർക്ക് വേണ്ടി അസോസിയേറ്റിനെ വെക്കുന്നതാണ് പ്രൊഫഷണൽ രീതി. വലിയ ഇൻവെസ്റ്റ്മെന്റുകൾ വരുമ്പോൾ ആ രീതിയിൽ തന്നെ പോകുന്നതാണ് ബുദ്ധി. മറിച്ച് നിങ്ങൾ ഇൻഡിപെൻഡന്റ് ആയി ചെയ്യുമ്പോൾ, വേറെ ആരും ചോദ്യം ചെയ്യാനും വേറെ ആരെയും ബോധിപ്പിക്കാനുമില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് ക്യാമറ എടുത്ത് സിനിമയെടുക്കാം. അത് എന്താണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത് പ്രൊഡ്യൂസർ ആണോ സബ്ജെക്ട് ആണോ അതോ നിങ്ങൾ തന്നെയാണോ എന്നുള്ളതാണ്. അതിനനുസരിച്ച് ഈ രീതികളൊക്കെ പരീക്ഷിക്കേണ്ടി വരും. അപ്പോൾ സ്ക്രിപ്റ്റ് ചില സമയങ്ങളിൽ ആവശ്യമാണ്. അത് വലിയ ഇൻവെസ്റ്റ്മെന്റും ബിസിനസ്സും വിപണി കേന്ദ്രീകൃതവുമാവുമ്പോൾ തീർച്ചയായും ആ പ്രൊഫഷണൽ രീതിയിൽ നമ്മൾ പോകേണ്ടി വരും. നമ്മളില്ലെങ്കിലും ആ ഗ്രൂപ്പിന്റെ നിലനിൽപ്പിന് സ്ക്രിപ്റ്റും അസിസ്റ്റന്റും അസ്സോസിയേറ്റും ഒക്കെ ഉള്ളത് നല്ലതാണ്.

താങ്കളുടെ സിനിമയിൽ തിരഞ്ഞെടുത്തിരിക്കുന്നത് ഏറ്റവും സാധാരണക്കാരായ ആളുകളെയാണ്. അവർ പ്രൊഫഷണൽ അല്ലാത്തത് സിനിമക്ക് ബുദ്ധിമുട്ടാവാറുണ്ടോ?

ആക്ടിങ് സ്കിൽ ഇല്ലാത്തയാളുകൾ ബുദ്ധിമുട്ട് തന്നെയാണ്. ബാധ്യതയാവും. നമ്മൾ അതുള്ള ആളുകളെയാണ് കണ്ടെത്തേണ്ടത്. നാട്ടിന്പുറത്തുള്ള എല്ലാ ആളുകളും അഭിനേതാക്കളല്ല. നമ്മുടെ സിനിമക്ക് തരാൻ സാധിക്കുന്ന സാധാരണ ആളുകളെ കണ്ടെത്തുക എന്നതാണ്. എല്ലാവരിലും അതുണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോ ഫിസിക്കലി ഓക്കെ ആയിരിക്കും പക്ഷേ അയാൾക്ക് പെർഫോമൻസ് ചെയ്യാൻ കഴിയണമെന്നില്ല. ഇതുള്ള ആളാണോ എന്ന് ചെക്ക് ചെയ്യേണ്ടി വരും. സാധാരണ ക്കാരായലും ശരി ഇൻഡ്സ്ട്രിയിൽ ഉള്ള ആളായലും ശരി കഴിവില്ലാത്തവരെ ഒന്നും ചെയ്യാൻ കഴിയില്ല. ഇൻഡസ്ട്രിയിൽ തന്നെ പെർഫോമൻസ് പരിമിതമായിട്ടുള്ള എത്രയോ പേർ നിലനിൽക്കുന്നുണ്ട്.

‘രണ്ട്’ എന്ന ഷോർട്ട് ഫിലിമിൽ കിണർ കുഴിക്കുന്ന രണ്ട് തൊഴിലാളികളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തൊഴിലാളികൾ സിനിമയോട് അഭിനിവേശം കാണിക്കാറുണ്ടോ?

ചിലയാളുകൾ അവരുടെ ഉള്ളിലുള്ള കഴിവിന്റെ മൂല്യം അറിയുന്നുണ്ടാവില്ല. ഇപ്പോൾ ഉണ്ണികൃഷ്ണേട്ടനാണെങ്കിൽ, നമ്മൾ അയാളുടെ കയ്യിൽ ടാലന്റ് ഉണ്ട് എന്നുള്ളതു കൊണ്ടാണ് അയാളെ എടുക്കുന്നത്. പക്ഷേ അയാൾക്ക് അതിന് വലിയ വിലയൊന്നുമില്ല. അയാൾക്ക് അത് കച്ചവടം ചെയ്യാൻ ആഗ്രഹവുമില്ല. നമുക്ക് എന്താണെന്ന് വെച്ചാൽ നമ്മുടെ ക്യാരക്ടർ എന്ന രീതിയിൽ അയാളെ ബോധ്യപ്പെടുത്തി നമുക്ക് ആവശ്യമുള്ള പെർഫോമൻസ് എടുക്കുക എന്നുള്ളതാണ്. ആ കഴിവുള്ള ആളുകൾ നാട്ടിൻ പുറത്തുകാരനായാലും ശരി ഇൻഡ്സ്ട്രിയിൽ ഉള്ള ആളാണെങ്കിലും കൃത്യം കാസ്റ്റിംഗ് നടത്തുക എന്ന് മാത്രമാണ്. നമ്മൾ അടുത്ത സിനിമ എടുക്കുമ്പോൾ മമ്മൂട്ടിയാണ് അനുയോജ്യമായി തോനുന്നതെങ്കിൽ മമ്മൂട്ടിയെ പോയി കാണുക എന്നതാണ്. ആരെയും മാറ്റി നിർത്തേണ്ട ആവശ്യമില്ല.

നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ സിനിമകളെക്കുറിച്ച് പറയാമോ?

ഇന്ത്യൻ പൊളിറ്റിക്സ് അത്ര ആഴത്തിൽ പഠിക്കുന്ന ആളല്ല ഞാൻ. പക്ഷേ നമ്മൾ ഏതൊരു പൗരനും എന്ന പോലെ അതിന്റെ ഭാഗമാണ്. തീർച്ചയായും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സമാന്തര സിനിമക്ക് മാത്രമല്ല അത്തരത്തിൽ മാറി വരുന്ന എല്ലാ മൂവ്മെന്റുകൾക്കും എല്ലാ കലാ രൂപങ്ങൾക്കും അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള സമയം തന്നെയാണെന്നാണ് എനിക്ക് പറയാനുള്ളത്.

ഹ്യൂമാനിറ്റിയെക്കുറിച്ച് പറയുന്ന, യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചു പറയുന്ന സിനിമകളെ ഡീഗ്രേഡ്‌ ചെയ്യപ്പെടേണ്ടത് നിലവിലെ ഭരണകൂടത്തിന്റെ ഒരാവശ്യം കൂടിയല്ലേ? ഇങ്ങനെ ഭരണകൂടത്തിന്റെ ആശയ ആധിപത്യത്തിന്റെ ചിന്താധാരകളെ പുരുഷമേധാവിത്വവും മറ്റു പിന്തിരിപ്പൻ ആശയങ്ങളും ഒക്കെ കാണിക്കുന്ന കച്ചവട സിനിമകളെ മാറ്റി നിർത്തി സ്വതന്ത്രമായ സിനിമകൾ ചെയ്യേണ്ടത് കലാകാരന്റ കടമ കൂടിയല്ലേ?

തീർച്ചയായിട്ടും അതുണ്ട്. ഒന്ന് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ആരാണ് നിങ്ങൾക്ക് അവാർഡുകൾ നൽകുന്നത്? അത് സംസ്ഥാന അവാർഡ് ആയാലും ശരി ദേശീയ അവാർഡ് ആയാലും ശരി അത് ഗവണ്മെന്റ് ആണ്. ഗവർണമെന്റിനെതിരായ മൂവ്മെന്റുകളെ പരമാവധി അടിച്ചമർത്താൻ അവർ നോക്കും. ഇതൊരു പരിധിവരെ മറികടക്കുന്നത്, കമ്മറ്റിയിൽ വരുന്ന ആളുകളും അവരുടെ സംഘർഷങ്ങളിലൂടെയുമാണ് ചിലതൊക്കെ രക്ഷപ്പെട്ട് പുറത്തേക്ക് വരുന്നത്. ന്യൂട്രൽ ആയിട്ടുള്ള ആളുകളൊക്കെ കമ്മിറ്റിയിൽ ഉണ്ടാകും പൂർണ്ണമായും അടിമകൾ അല്ലാത്തവർ, അങ്ങനത്തെ കമ്മിറ്റിയിൽ വരുമ്പോഴാണ് ചിലപ്പോഴെങ്കിലും അവാർഡുകൾ ജനാധിപത്യപരമായി തോന്നാറുള്ളത്. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിലാണെങ്കിലും ശരി പുറത്താണെങ്കിലും ശരി ഏതാണ്ട് ഒരേ പോലത്തെ കാര്യങ്ങളാണ് നടന്നു വരുന്നത്. അത് എന്താണെന്ന് വെച്ചാൽ എല്ലാ രംഗത്തും ഭരണകൂടം അതിന്റെ പിടിമുറുക്കുന്നു എന്നതാണ്. ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രി, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണെങ്കിലും അതിന്റെയൊക്കെ തലപ്പത്ത് ഇരിക്കുന്നത് രാമായണം സീരിയൽ എടുത്തവരോ അതേപോലത്തെ ആളുകളുമാണ്. ഇവരുടെ സെൻസിബിലിറ്റിക്ക് അനുസരിച്ചിട്ടുള്ള കാര്യങ്ങളാണ് ഗോവയിൽ ഫിലിം ഫെസ്റ്റിവലിന് കാണാൻ കഴിയുന്നത്. നമ്മൾ ഇത് നോക്കി വേണമെങ്കിൽ നിരാശരായിട്ടിരിക്കാം. രണ്ട്, നിങ്ങൾക്ക് ഫൈറ്റ് ചെയ്യാം, അത് നേരിട്ടാണെങ്കിൽ നിങ്ങളും നിങ്ങളുടെ സിനിമയും ഒരേ സമയം ഇല്ലാതാവുന്ന രീതിയിലേക്കാണ് പോവുക. അവിടെ നിങ്ങൾ ‘പ്രതിഭ’ ഉപയോഗിക്കേണ്ടി വരും. അതിന്റെ പ്രചാരണത്തിന്റെ വശങ്ങൾ കൂടി നോക്കേണ്ടി വരും. ആ രീതിയിൽ ഇരട്ടി പണി ചെയ്യേണ്ടി വരും എന്നതാണ്. വിപണി ഒരു പക്ഷേ സഹായിച്ചെന്നു വരില്ല. സിനിമ മാത്രമല്ല എല്ലാ കലാകാരന്മാരും എല്ലാവരും സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നേരെയാകുമെന്ന് കരുതേണ്ട. പക്ഷേ നമുക്ക് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിവെക്കാം. നിങ്ങൾ നിങ്ങളുടേതായ കാഴ്ചപ്പാടോടെ നല്ലൊരു നാളെക്കായി നല്ല രീതിയിൽ അടയാളപ്പെടുത്തിവെക്കാമെന്നാണ്. നമ്മുടെ മുന്നേയുള്ള അറുപതുകളിലോ എഴുപതുകളിലോ ആ അടയാളപ്പെടുത്തൽ നടന്നിട്ടുണ്ട്. തമിഴർ അത് കൃത്യമായി അത് കൊമേർഷ്യൽ സിനിമയിൽ ചെയ്യുന്നുണ്ട്.

മലയാളത്തിൽ എന്തു കൊണ്ടായിരിക്കും അത് നടക്കാത്തത്?

ഇവിടെ അങ്ങനെ ചിന്തിക്കുന്ന ആൾക്കാർ വരണം. നിലവിൽ ഉള്ള ആൾക്കാരെ നോക്കേണ്ട. പ്രിയദർശനെപ്പോലുള്ള ആ തലമുറയെ നോക്കേണ്ട. പുതിയ തലമുറയിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന ആളുകൾ വരിക എന്നാണ്. അത് കൊമേർഷ്യൽ സിനിമയിൽ തന്നെ വരണം. അതായത് ഭൂരിഭാഗം കാണുന്ന സിനിമയിൽ ആ പൊളിറ്റിക്സ് അപ്പ്‌ളൈ ചെയ്ത് കൊണ്ടുവരേണ്ടതുണ്ട്. ആർട് സിനിമ ഒരു രൂപം എന്ന നിലക്ക് ഒരു മീഡിയം എന്ന നിലക്ക് ഒരു ആർട് ആയിട്ട് അടയാളപ്പെടും. അവന് വലിയ ജനപ്രിയത ഒന്നും കിട്ടണമെന്നില്ല. അതായത് ജയ് ഭീം എന്ന സിനിമ പറയുന്ന കാര്യം ആർട് സിനിമയിൽ മുൻപേ പറഞ്ഞിട്ടുണ്ടാകും പക്ഷെ അത് ആരും അറിയാൻ പോകുന്നില്ല. ഞാൻ പറയുന്നത് ഈ മുഖ്യധാരാ സിനിമയിൽ വന്ന് ഭൂരിപക്ഷത്തിനെ ഈ പൊളിറ്റിക്സിലേക്ക് കൊണ്ടുവരിക എന്നത് വളരെ വലിയ ജോലിയാണ്. അത് ഈ കൊമേർഷ്യൽ സിനിമ ചെയ്യുന്നവരിൽ അത്തരം ആളുകൾ വന്നാലേ ഈ പൊതു സമൂഹം ഒന്ന് മെച്ചപ്പെടുകയുള്ളൂ. അതാണ് പിന്നെ മറ്റ് ആർട്ടുകൾക്കൊക്കെ ഗുണം ചെയ്യുന്നത്. കൊമേർഷ്യൽ സിനിമ വളരേണ്ടതുണ്ട്. മറ്റേതൊരു ന്യൂനപക്ഷമാണ്. അത് എന്നുമുണ്ടാകും. ന്യൂനപക്ഷം എന്നും എൻലൈറ്റഡ് ആയിരുന്നു. ബുദ്ധനുള്ള കാലത്തും എൻലൈറ്റഡ് ആയിട്ടുള്ള ഒരു ന്യൂനപക്ഷം ഉണ്ട്. സാധാരണ ജനങ്ങൾ അപ്പോഴും അടിമകളായി കഴിയുക ആയിരുന്നു. ആർട് സിനിമ എന്നത് ഒരു ന്യൂനപക്ഷമാണ്, അതൊരു എൻലൈറ്റഡ് ആണ്. ആർട് ഫോം എന്ന നിലക്ക് കുറേ ആളുകൾ എല്ലാ കാലത്തും അതിന്റെ കൂടെ ഉണ്ടാകും. പക്ഷേ വലിയ മാറ്റം സമൂഹത്തിൽ പ്രകടമാകണമെങ്കിൽ പൊതുസമൂഹത്തിൽ ഈ സാധനം ചർച്ച ചെയ്യപ്പെടണം. തമിഴർ അത് ഗംഭീരമായി ചെയ്യുന്നുണ്ട്. ഈ അടുത്ത കാലത്തെ അസുരൻ, കാക്കമുട്ടൈ, മണ്ടേല തുടങ്ങിയ സിനിമകളിലൂടെ.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal