രാജകുടുംബങ്ങൾക്ക് പാദസേവ ചെയ്യുന്ന എൽഡിഎഫും യുഡിഎഫും

ഈ ഭരണവർഗ്ഗമാണ് നൂറോളം വർഷങ്ങൾ ജനങ്ങളെ അടിമകളാക്കി വെച്ച് നാട്ടിലെ സമ്പത്ത് മുഴുവൻ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒളിപ്പിച്ച് വെച്ച ജനവിരുദ്ധ തിരുവിതാംകൂർ രാജ ഭരണാധികാരികൾക്ക് ലക്ഷക്കണക്കിന് രൂപ അലവൻസായി വർഷാവർഷം നൽകുന്നത് എന്നതാണ് നമ്മൾ തിരിച്ചറിയേണ്ട വസ്തുത.


കയൽവിഴി

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (മാര്‍ക്സിസ്റ്റ്) ഭരണഘടനയിൽ പറയുന്നതിന് നേർ വിപരീതമായാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത് എന്നതിന് ഉദാഹരണമാണ് നാട്ട് രാജകുടുംബാംഗങ്ങൾക്ക് നൽകുന്ന 3000 രൂപ പ്രതിമാസം പെൻഷൻ. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) എന്നും തൊഴിലാളി–വര്‍ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം എന്നുമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ഭരണഘടനയിൽ പറയുന്നത്. ഈ പറയുന്നതിന് നേർ വിപരീതമായ് ഇന്നും രാജകുടുംബങ്ങളോട് ആശ്രിത വത്സരരായി തുടർന്ന് പോവുകയാണ് കേരളത്തിലെ ഇടതുപക്ഷം.

ജനങ്ങളെ ചൂഷണം ചെയ്തു മാത്രം രാജ്യം ഭരിച്ചിരുന്ന നാട്ടു രാജകുടുംബങ്ങൾക്കും തിരുവിതാംകൂർ രാജകുടുംബങ്ങൾക്കും ഇപ്പോഴും ചിലവിന് കൊടുക്കുക എന്ന സമ്പ്രദായം ഒരു ഉത്തരവിന്റെ പേരിൽ നടപ്പാക്കുക എന്നത് തന്നെ ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെക്കാൾ ഒരിക്കലും ശ്രേഷ്ഠരല്ല ക്ഷത്രിയർ എന്ന് പറയാനോ പ്രവർത്തിക്കാനോ നമ്മളെ ജനാധിപത്യത്തിന്റെ പേരിൽ എല്ലാതരത്തിലും ഇന്നും വിഭജിച്ച് നിർത്തുന്ന വോട്ട് രാഷ്ട്രീയക്കാർക്ക് കഴിയില്ല എന്നതിന് ഉദാഹരണമാണ് ഇത്തരം പെൻഷൻ നടപടികൾ.

പിണറായി സർക്കാരിന്റെ പൊതുഭരണ വകുപ്പ് ഉത്തരവ് 324/2017 പ്രകാരമാണ് നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾക്ക് 3000 രൂപ പെൻഷൻ നൽകുന്നത്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയുള്ള പത്മനാഭ സ്വാമിക്ഷേത്രം കുടുംബക്ഷേത്രമായി കൊണ്ട് നടന്ന തിരുവിതാംകൂർ രാജകുടുംബത്തിന് വി.എസ്. അച്യുതാനന്ദൻ മുഖ്യനായിരുന്ന കാലത്ത് പൊതുഭരണ വകുപ്പ് ഉത്തരവ് 08/2010 പ്രകാരം 16/01/2010 തിയ്യതി മുതൽ വാർഷിക അലവൻസായ് 8,89,200 (എട്ടുലക്ഷത്തി എൺപത്തൊൻപതിനായിരത്തിഇരൂനൂർ)രൂപയാക്കി വർദ്ധിപ്പിച്ച് നൽകിയത്. വിപ്ലവ സിംഹമാണ് ഈ രാജസേവ കാണിച്ചിരിക്കുന്നത് എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട വിഷയം. ഇതുകൂടാതെ ഭരണകൂടം എല്ലാ വർഷവും വാർഷിക സഹായധനമായി 20 ലക്ഷം രൂപ പത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിക്ക് നൽകിവരുന്നു.

ഇനി നമുക്ക് കേരളത്തിലെ സർക്കാരുകൾ നൽകി വരുന്ന പെൻഷനുകൾ പരിശോധിക്കാം.കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടന്നതെന്ന വാദം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം യാഥാർഥ്യം. 1980ല്‍ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു. 45 രൂപയാണ് അന്ന് ഇവർ കൊട്ടിഘോഷിച്ചിരുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്ന് നമ്മൾ ആലോചിക്കണം.

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോൾ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയായി ഉയർത്തി. ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്റെയും വികലാംഗ പെന്‍ഷന്റെയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നാണ് പിണറായി വിജയൻ 2020 ഡിസംബർ 2 ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഇങ്ങനെ മാറി മാറി ജനങ്ങൾക്ക് പെന്‍ഷന്‍ നൽകുന്നു എന്നപേരിൽ എൽഡിഎഫും യൂഡിഎഫും പല മാനദണ്ഡങ്ങളും വച്ച് ജനങ്ങളെ വേർതിരിക്കുന്നു. പെൻഷൻ നൽകുന്നതിന്റെ പേരിൽ ഇലെക്ഷൻ ക്യാമ്പയിനും ലക്ഷക്കണക്കിന് രൂപ ചിലവാക്കി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും പരസ്യങ്ങൾ ചെയ്‌ത് ജനങ്ങളെ വീണ്ടും ആശ്രിതരാക്കി നിർത്തുന്ന രാജവാഴ്ച്ചയുടെ അതെ മനോഭാവത്തിൽ തന്നെയാണ് വോട്ട് രാഷ്ട്രീയ പാർട്ടികളും മുൻപോട്ടുപോകുന്നത്.

1600 രൂപയാണ് ഇപ്പൊ വാർദ്ധക്യ പെൻഷൻ. 1600 രൂപ കൊണ്ട് എങ്ങനെയാണ് ദരിദ്ര കുടുംബത്തിലെ വൃദ്ധർ കഴിയുക?മരുന്ന് വാങ്ങണം,അവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ വാങ്ങണം അങ്ങനെ എല്ലാം നടത്തിയെടുക്കാൻ പെടാപ്പാട് പെടുന്നവരെ ഈ 1600 രൂപയ്ക്ക് വേണ്ടി കാത്തിരുത്തുകയാണ് സർക്കാർ ചെയ്യുന്നത്.

ഈ ഭരണവർഗ്ഗമാണ് നൂറോളം വർഷങ്ങൾ ജനങ്ങളെ അടിമകളാക്കി വെച്ച് നാട്ടിലെ സമ്പത്ത് മുഴുവൻ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒളിപ്പിച്ച് വെച്ച ജനവിരുദ്ധ തിരുവിതാംകൂർ രാജ ഭരണാധികാരികൾക്ക് ലക്ഷക്കണക്കിന് രൂപ അലവൻസായി വർഷാവർഷം നൽകുന്നത് എന്നതാണ് നമ്മൾ തിരിച്ചറിയേണ്ട വസ്തുത.രാജകുടുംബങ്ങൾക്ക് സർക്കാരുകൾ നൽകുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

മുലക്കരം വരെ ജനങ്ങളിൽ നിന്ന് വാങ്ങി ജനങ്ങളെ സേവിച്ചവരാണ് തിരുവിതാംകൂർ രാജകുടുംബം. ഈ രാജകുടുംബം ഒളിപ്പിച്ചു വച്ചിരുന്ന ജനകീയ സമ്പത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ട് പത്ത് വർഷങ്ങൾ പിന്നിടുകയാണ്.ഇപ്പോഴും ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലത്തെ കെട്ടി കിടക്കുകയാണ് സമ്പത്ത്.വൈരങ്ങളും വൈഡൂര്യങ്ങളും തങ്കങ്ങളുമൊക്ക കണക്കെടുത്ത് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്തു വയ്ക്കുന്നുണ്ട് കേരളം സർക്കാർ.അതിനും ചിലവാക്കുന്നു കോടികൾ.പക്ഷെ,ഇന്ത്യയെ തന്നെ ഇപ്പോഴും സാമ്പത്തികമായി പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്ന കോവിഡ് രോഗം വന്നതിന് ശേഷവും ഈ ജനകീയ സമ്പത്ത് ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തയാറാകാത്ത സർക്കാരുകളാണ് ഇവിടെയുള്ളത്.വയസ്സായവരുടെ കൈയിൽ ലോട്ടറിയും കൊടുത്ത് ചൂതാട്ടത്തിന്റെ വക്താക്കളാക്കി അതിൽ നിന്നും കാശുണ്ടാക്കി ഭരിക്കുന്ന ഭരണവർഗ്ഗമാണ് നമുക്കുള്ളത്.

ഈ സമ്പത്ത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം സ്വത്തല്ല. മറിച്ച് ഇത് ഒരു ജനകീയ സമ്പത്താണ്. ദരിദ്ര ജനങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയും സർക്കാർ ആശുപതികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും സർക്കാർ വിദ്യാലയങ്ങളിലെ ഡെവലപ്പ്മെന്റിന് വേണ്ടിയും പത്മനാഭ സ്വാമിക്ഷേത്രത്തിൽ ഭൂഗർഭ അറകളിലെ ലക്ഷക്കണക്കിന് കോടിരൂപ വിലമതിപ്പുള്ള സമ്പത്ത് ഉപയോഗിക്കാണമെന്ന് ഈ കോവിഡ് കാലത്ത് പോലും ഒരു വാക്ക് ഉച്ചരിക്കാൻ കേരളത്തിലെ എൽഡിഎഫും യുഡിഎഫും തയ്യാറക്കുന്നില്ല.കാരണം ഹിന്ദുത്വ-ബ്രഹ്മണ്യ സേവകരിൽ ആരാണ് ഇവരിൽ മുൻപന്തിയിൽ എന്ന മത്സരത്തിലാണ് രണ്ടു മുന്നണികളും. എല്ലാവിധത്തിലും ജനകീയ വഞ്ചകരായിരുന്ന രാജകുടുംബങ്ങളെയാണ് ഇന്നത്തെ കേരള സർക്കാരുകൾ മാറി മാറി സേവിക്കുന്നത് എന്നതാണ് സർക്കാരുകളുടെ ഓരോ നടപടികളിലൂടെയും വെളിവാകുന്നത്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal