മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അതീവ സുരക്ഷ ജയിലിൽ സന്ദർശകർക്കും തടവുകാർക്കും പീഡനം

വിയ്യൂർ അതീവ സുരക്ഷ ജയിലിലെ മാവോയിസ്റ്റ് തടവുകാരായ ഡോക്ടർ ദിനേശിനെ രാജനെയും സന്ദർശിക്കാൻ സാമൂഹികപ്രവർത്തകനായ അജിതൻ കഴിഞ്ഞ 12 ന് പോയിരുന്നു.ജയിൽ തടവുകാർക്കും സന്ദർശകർക്കും നേരിണ്ടിവരുന്ന പീഢനങ്ങളെ കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂർണ്ണ രൂപം.


അജിതൻ

മുഖ്യമന്ത്രിക്ക് തുറന്ന മനസ്സോടെ

FROM,
Ajithan.C A
Chavarattil House
Ponnore P.O
Thrissur
Kerala.Pin:680552
Ph:9496251267

TO
Chief Ministers of Kerala
Office of the Chief Minister
3rd Floor, North Block, Secretariat,
Thiruvananthapuram, Kerala
PIN- 695001

സർ,

ജയിലില്‍ തടവുകാര്‍ തങ്ങളുടെ മിനിമം കാര്യങ്ങളാണ്‌ ജയിലധികൃതരോട്‌ ആവശ്യപ്പെടാറുള്ളത്‌.ഇന്ത്യയിലെ /കേരളത്തിലെ ജയിലുകളില്‍ നിലവിലുള്ള ആനുകൂല്യങ്ങളില്‍ ഒന്നു പോലും ഏതു കാലഘട്ടത്തിലെ ഭരണാധികാരികളായാലും മനസ്സലിവുകൊണ്ട്‌ സ്വമേധയാ അനുവദിച്ചു നല്‍കിയിട്ടുള്ളതല്ല.ഭരണകൂട സംവിധാനത്തിനെതിരെ ഏതു സമൂഹത്തിലേയും ജനതകള്‍ ജയിലുകള്‍ക്കകത്തും പുറത്തും നടത്തിയിട്ടുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെ ഭരണസംവിധാനങ്ങളെ നിര്‍ബന്ധിച്ച്‌ നിര്‍മ്മിച്ചെടുത്തിട്ടുള്ള ജയില്‍ ചട്ടങ്ങളും നിയമങ്ങളുമാണ്‌ നിലവിലുള്ളത്‌.ജയിലില്‍ ഭക്ഷണത്തിന്റെ അളവ്‌ തുക്കം മുതല്‍ ചികിത്സയും അല്പ സമയങ്ങളില്‍ കായിക വിനോദവും മിനിമം വസ്ത്രങ്ങളും വായിക്കാനുള്ള പുസ്തകങ്ങളും എഴുതാനുള്ള കടലാസും പേനയും കത്ത്‌ എഴുതാനുള്ള കവറോ അതുമല്ലെങ്കിൽ ഇന്‍ലന്‍ഡ്‌ തുടങ്ങിയ മിനിമം കാര്യങ്ങള്‍ തടവുകാര്‍ക്ക്‌ അനുവദനീയമാണ്‌.ഈവക കാര്യങ്ങള്‍ തടവുകാരെസന്ദര്‍ശിക്കാന്‍ പോകുന്ന ഏതൊരു വ്യക്തിക്കും നല്‍കാവുന്നതാണ്‌.

തൃശ്ശൂർ അതീവ സുരക്ഷ ജയിലിൽ രാഷ്ട്രീയ തടവുകാരനായി തടവിൽ കഴിയുന്ന തമിഴ്നാട് സ്വദേശി ഡോക്ടർ ദിനേശനെ കാണാൻ വേണ്ടി പോയിരുന്നു. അദ്ദേഹം ഏകദേശം ഒരു വർഷമായി വിചാരണ തടവുകാരനാണ്.അദ്ദേഹത്തിന് നൽകുന്നതിനായി രണ്ടു ബനിയനും നാല് അണ്ടർ വെയറും ഏഴു പുസ്തകങ്ങളുമാണ് കൊണ്ടു പോയിരുന്നത്.

അതീവ സുരക്ഷ ജയിലിനു പുറത്ത് ഏകദേശം മുന്നൂറ് മീറ്റർ മുന്നെ വഴിയിൽ ചെക്ക് പോസ്റ്റ് അവിടെ നമ്മുടെ ഫോൺ വാങ്ങി വയ്ക്കും.അത് വാങ്ങി വയ്ക്കുമ്പോൾ വാങ്ങിയതിന് തെളിവായി ഒന്നും നമുക്ക് തരികയില്ല.എല്ലാം വാക്കാലെമാത്രം.തടവുകാരെ കാണാനുള്ള സന്ദർശന ഷെഡ്ഡിൽ കാവലായി സൈനിക വേഷത്തിൽ ഒരാൾ നമ്മുടെ ആധാർ കാർഡ് പരിശോധന.അത് കഴിഞ്ഞാൽ തടവുകാർക്ക് നൽകുന്ന വസ്തുക്കൾ പരിശോധന.”ജയിലിൽ ഈവക വസ്തുക്കളൊന്നും നൽകാൻ കഴിയില്ലെന്ന”പ്രഖ്യാപനം. യഥാർത്ഥത്തിൽ തടവുകാരെ കാണുന്നതിലും അവർക്ക് നൽകുന്ന വസ്തുക്കളുടെ കാര്യത്തിലും ജയിലധികൃതരും വെൽഫെയർ ഓഫീസറുമാണ് തീരുമാനിക്കേണ്ടത്.നൽകിയ വസ്തുക്കളുടെ പരിശോധന മാത്രമാണ് കാവൽ നിൽക്കുന്ന പോലീസുകാർക്കുള്ളത്.

അതുകൊണ്ട് തന്നെ സ്വാഭാവികമായും നമ്മൾക്ക് ചോദിക്കേണ്ടിവരും എന്തുകൊണ്ടാണ് നൽകാൻ കഴിയില്ലായെന്ന് പറയുന്നതെന്ന്.ഇതിന് മുൻപും ഇവർക്ക് തുണികളും പുസ്തകങ്ങളും നൽകിയതാണല്ലോ?അപ്പോൾ അവരുടെ മറുപടി രസകരമാണ്. “ചോദ്യം വേണ്ട മനുഷ്യാവകാശമൊക്കെ ഞങ്ങൾക്കറിയാം ഇത് അതിസുരക്ഷ ജയിലാണ്”സർ ഈ അതീവ സുരക്ഷ ജയിലിൽ തടവുകാരെ കാണാൻ വരുന്ന സ്ത്രീകൾ അടക്കമുള്ളവർ തങ്ങളുടെ ഉറ്റ മിത്രങ്ങളെ കാണാൻ മണിക്കൂറുകളോളം ഊഴം കാത്തിരിക്കുമ്പോൾ ഒന്ന് മൂത്രമൊഴിക്കാനുള്ള സ്ഥലം പോലുമില്ലായെന്നത് താങ്കളറിയണം.കുടിവെള്ളം പോലുമില്ല.

ഇതൊരു അതീവ സുരക്ഷ ജയിലല്ല പീഢനങ്ങൾക്കായി മാത്രമുള്ള ഒരു തടവറയാണ്.തടവുകാർക്ക് അംഗീകരിക്കപ്പെട്ട വസ്തുക്കൾ നൽകാൻ കഴിയില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരോട് നിഷേധിക്കുന്നതിന്റെ കാര്യം രേഖപരമായ എഴുതിതരാനാവശ്യപ്പെട്ടാൽ “കൂടുതൽ സംസാരിക്കണ്ട സ്ഥലം വിട്ടോ” അഹങ്കാരത്തോടെ അവർ മൊഴിയും.നമ്മൾ വീണ്ടും ചോദിച്ചാൽ അവർ ആത്മവീര്യത്തോടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാക്രോശിച്ച് അടുത്ത നടപടിയിലേയ്ക്ക് കടക്കും.ഇടക്കാലത്ത് ജയിൽ സന്ദർശിക്കുന്നവരുടെ പടം എടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു.അത് ചോദ്യം ചെയ്തപ്പോഴും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. ഒരു സർക്കുലർ പോലുമില്ലാതെ ഇമ്മാതിരിയുള്ള പടം പിടിക്കൽ ഇപ്പോൾ നിറത്തിവച്ചിട്ടുണ്ട്.

ഡോക്ടർ ദിനേശനേയും ചൈതന്യയേയും 130 മണിക്കൂർ സെല്ലിൽ പൂട്ടിയിട്ടു.വാക്സിൻ എടുത്തവർക്ക് നൽകിയ ഗുളികകൾ കാലാവധി കഴിഞ്ഞ് മൂന്നു മാസമായതാണെന്നും ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതും ചൂണ്ടിക്കാട്ടിയതിനുമാണ് ശിക്ഷാനടപടി ഉണ്ടായത്.ഒത്തിരി നേരത്തെ തർക്കത്തിനൊടുവിൽ കൊണ്ടു പോയ ബനിയനും അണ്ടർ വെയറും ഒരു പുസ്തകവും നൽകാൻ അർദ്ധ മനസ്സോടെ തയ്യാറായി.” പുസ്തകം നൽകുന്നതിന് ഇത് വായനശാലയല്ലെന്നും അതിസുരക്ഷ ജയിലാണെന്നും”പറഞ്ഞ് അപ്പോഴും അവർ പിറുപിറുക്കുന്നുണ്ടായിരുന്നു.മാത്രമല്ല “അയാളുടെ സെല്ലിൽ 40 തോളം പുസ്തകങ്ങളുണ്ടെന്നും എല്ലാ പുസ്തകങ്ങളുടേയും ഓരോ ഏടുകളും സുരക്ഷാ പരിശോധനയ്ക്കായി തുറന്നു പരിശോധിക്കാൻ കഴിയില്ലെന്നും”അവർ പറഞ്ഞു കൊണ്ടേയിരുന്നു.

സുരക്ഷയെ തകർത്തു തരിപ്പണമാക്കാൻ പുസ്തകത്തിൽ എന്താണ് ഒളിപ്പിച്ചു വെക്കാൻ കഴിയുകയെന്ന് ഇതുവരേയും പിടികിട്ടിയിട്ടില്ല.തടവിൽ കഴിയുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേരമ്പോക്ക് വായനയാണ്. ഒരു പക്ഷെ ഒരു ദിവസം തന്നെ ഒന്നോ രണ്ടോ പുസ്തകങ്ങൾ വായിക്കും.സുരക്ഷയുടെ പേരിൽ പുസ്തകം നൽകാൻ കഴിയില്ലെന്ന് അങ്ങയുടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉത്തരവ് ഉണ്ടോയെന്ന് ചോദിച്ചാൽ”അതിന്റെ ആവശ്യമൊന്നും ഞങ്ങൾക്കില്ല”എന്ന ഉത്തരം കുറ്റകരമായ കാര്യമാണ്. പണ്ട് അടിയന്തിരാവസ്ഥ കാലത്ത് പോലീസ്‌ മർദ്ദനത്തിന്റെ ചുരുങ്ങിയ കാല ജയിൽ അനുഭവങ്ങളുടെ ചോരപ്പാടുകൾ അന്നത്തെ ശ്രീ, സി.അച്ചുതമേനോൻ മുഖ്യമന്ത്രിയും,ശ്രീ, കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയുമായിരുന്ന നിയമസഭയിൽ താങ്കൾ അവതരിപ്പിച്ച വിവരണങ്ങൾ ഇന്നും നിയമസഭാ രേഖകളിൽ മാഞ്ഞുപോയിട്ടുണ്ടാകില്ല.

പോലീസും ഉദ്യോഗസ്ഥ പ്രമാണിമാരും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ശരീരത്തിലും ചിന്തയിലും എത്ര മാത്രം പ്രഹരങ്ങളാണ് ഏല്പിച്ചിട്ടുള്ളതെന്ന് ഇന്ന് ആ നിയമസഭയിലെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന അങ്ങേയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ?അതുകൊണ്ട് തന്നെ അങ്ങയുടെ സർക്കാർ ജയിലധികൃതർക്കും പോലീസ് അധികാരികൾക്കും അതിരുവിട്ട അമിതമായ അധികാരം നൽകുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. രാഷ്ട്രീയ തടവുകാരായ ഡോക്ടർ ദിനേശി നേയും രാജനേയും 12/1/2022 ന് വൈകീട്ട് മൂന്നു മണിക്കാണ് ഞാൻ അതീവ സുരക്ഷ ജയിലിൽ കാണാൻ ചെല്ലുന്നത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡന്മാരും പുറത്ത് കാവൽക്കാരായ ഉദ്യോഗസ്ഥരുമാണ് ഇതുപോലെ വാക്കാലുള്ള അമിധാതികാരപ്രയോഗത്തിന്റെ ഉത്തരവാദികൾ.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈകൊള്ളുന്നിടത്താണ് ജനാധപത്യത്തിന്റെ സുരക്ഷ ഉറപ്പാകുന്നത്.

ജയിലിൽ കഴിയുന്നവർ പുസ്തകങ്ങൾ വായിക്കട്ടെ….

അങ്ങനെയൊക്കെയാണ് സർ ഈ ലോകം അല്പമെങ്കിലും പുതുക്കി പണിയാനും സൗന്ദര്യപ്പെടുത്താനും കഴിയുകയുള്ളൂ.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal