ജനങ്ങളുടെ ഡോക്ടർമാർ ജയിലിലാണ് സർ

ജനങ്ങൾക്കിടയിലെ അന്ധവിശ്വാസ- അനാചാരങ്ങളെയും, പിന്തിരിപ്പൻ മൂല്യങ്ങളെയും അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും പൗരന്മാരെന്ന നിലയ്ക്ക് അവരെ ആത്മാഭിമാനത്തോടെ നിവർന്ന് നിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന ‘വിപ്ലവകാരികൾ’ ആണ് യാഥാർത്ഥത്തിൽ ജനങ്ങളുടെ ഡോക്ടർമാർ.


മണിരത്നം

ഇന്ത്യൻ ഭരണകൂടം കാലങ്ങളായ് ഇവിടെ അധിവസിക്കുന്ന വിവിധ ജനസമൂഹങ്ങൾക്കു നേരെ നടത്തുന്ന അടിച്ചമർത്തലും അവഗണനയും മൂലം ഇന്നും പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന ദളിത്, ആദിവാസി വിഭാഗങ്ങളും പോഷകാഹാരക്കുറവും ചികത്സാ സൗകര്യങ്ങളുടെ അഭാവവും മൂലം മരിക്കുന്ന കുഞ്ഞുങ്ങളും മാറാരോഗികളാകുന്ന സ്ത്രീകളും ഈ 2022-ലും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കടക്കെണിയും വിവിധതരത്തിലുള്ള മാനസികവും ശാരീരികവുമായ ആക്രമണങ്ങളും കാരണം ഭരണകൂടം വ്യവസ്ഥാപിതമായ് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. ഇന്ത്യയിലും, ഒട്ടുമിക്ക ദരിദ്ര സമൂഹങ്ങളിലും നിലനിൽക്കുന്ന ഈ ക്രൂരമായ യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ടാണ് പലപ്പോഴും പൊതുസമൂഹവും കടന്നു പോയിട്ടുള്ളത്. സാധാരണ ജനങ്ങളുടെ, ദരിദ്രരുടെ, കർഷകരുടെയും തൊഴിലാളികളുടേയും ജീവിതാവസ്ഥയിൽ മാറ്റം ഉണ്ടാക്കാനും അധികാരികളുടെ ബധിര കർണ്ണങ്ങളെ കേൾപ്പിക്കാനും പൊരുതി വീണ പതിനായിരക്കണക്കിന് പോരാളികളുടെ രക്തക്കറയും പേറിയാണ് ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഇന്നും പാറുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രമായ ബ്രാഹ്മണ്യ-ഹിന്ദുത്വ ആശയം കൈമുതലാക്കി ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയാവുകയാണ് ശ്രീ.നരേന്ദ്രമോദി. 2014 മുതൽ തുടരുന്ന ഈ ഫാസിസ്റ്റ് ഭരണത്തിൽ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളുടെ കണക്കുകൾ ഭയാനകമാണ്. സൈനികർ, മുസ്ലീം-ക്രിസ്ത്യൻ മറ്റ് മതന്യൂനപക്ഷങ്ങൾ തുടങ്ങി ഈ ഭരണകൂടം പോറലേല്പിക്കാത്തവരായി ഇന്ന് ആരും അവശേഷിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ. ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന ഫെഡറൽ അധികാരം നഷ്ടപ്പെടുകയും കേരളം ഉൾപ്പടെ ഭരണകൂട കേന്ദ്രങ്ങൾ അതിവേഗം ഫാസിസ്റ്റുവത്കരിക്കുന്നതുമാണ് നാം കാണുന്നത്.

രാജൻ എന്ന വിദ്യാർത്ഥി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് ആഭ്യന്തരമന്ത്രി രാജിവെച്ച നാട്ടിൽ,വർഗീസിന്റെ ഘാതകർ തുറുങ്കിലടക്കപ്പെട്ട ഈ നാട്ടിൽ എത്ര കസ്റ്റഡി കൊലപാതകങ്ങൾ നടന്നു? എത്ര കമ്മ്യൂണിസ്റ്റുകാർ തണ്ടർബോൾട്ട് സേനയാൽ കൊല്ലപ്പെട്ടു? കേന്ദ്ര-സംസ്ഥാന അന്വേഷണ സംഘങ്ങൾ എത്ര കൊടും ക്രൂരതകൾ ചെയ്തു? എത്ര നിരപരാധികൾ വ്യാജമായി കെട്ടിച്ചമച്ച കേസുകളുമായി ജനവിരുദ്ധ നിയമം ചുമത്തപ്പെട്ട് തടവറയിൽ കഴിയുന്നു?

ചരിത്രത്തിലെങ്ങും കാണാൻ കഴിയാത്ത വിധം കലുഷിതമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിജീവനത്തിനും, മനുഷ്യാവകാശങ്ങൾക്കും വേണ്ടി തങ്ങളുടെ നേതാക്കളുടെ ചിത്രവുമായി എണ്ണമറ്റ രക്തസാക്ഷികളുടെ ചോരയാൽ ചുവന്ന പാതയിലൂടെ അവസാന ശ്വാസംവരെ സമരം ചെയ്യുന്ന കർക്ഷകരെയും തൊഴിലാളികളെയും അധികാരവർഗം കാണേണ്ടതുണ്ട്. കൊളോണിയൽ കാലത്തെ കരിനിയമങ്ങൾ ചുമത്തപ്പെട്ട് തടവിലടക്കപ്പെട്ട കേരളം മുതൽ കശ്മീർ വരെയുള്ള രാഷ്ട്രീയ തടവുകാരുടെ കുടുംബങ്ങളെയും അവർക്കു വേണ്ടി കാത്തു നിൽക്കുന്ന നിരവധി മനുഷ്യാത്മാക്കളെയും ചെവിക്കൊള്ളാൻ അധികാരികൾക്ക് ഇന്നും കഴിയുന്നില്ല.

കേരളത്തിലെ ഭീമ-കോറെഗാവ് കേസ് എന്ന് പറയപ്പെടുന്ന പന്തീരാങ്കാവ് യു.എ. പി.എ കേസിൽ മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചു എന്ന കുറ്റാരോപണം പറഞ്ഞ് തീവ്രവാദികളായ് പൊതുസമൂഹത്തിന് മുൻപിൽ ചിത്രീകരിക്കുകയും തുറുങ്കിലടക്കുകയും ചെയ്തത് നാല് പേരെയാണ്. സുപ്രീം കോടതി അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നീ കുറ്റാരോപിതർക്ക് ജാമ്യം നൽകിയിട്ടും വീണ്ടും അറസ്റ്റുകൾ തുടരുകയാണുണ്ടായത്. കൊടുംകുറ്റവാളികളും പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ ആർ.എസ്.എസ് ക്രിമിനലുകളെയും യാതൊരു തീവ്രവാദ കേസുമെടുക്കാതെ സംരക്ഷിക്കുന്ന സർക്കാരാണ് സമത്വപൂർണ്ണവും സ്വതന്ത്രവുമായ ഒരു ലോകം സൃഷ്ടിക്കാൻ പോരാടുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെയും ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും തുറുങ്കിലടച്ചും ഭയപ്പെടുത്തിയും വ്യാജഏറ്റുമുട്ടലിലൂടെയും ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുന്നത്.

രൂപേഷ്, രാജൻ, രാജീവൻ, ഉസ്മാൻ, വിജിത്ത്, ദിനേശ്, ചൈതന്യ, സുരേഷ്, ഡാനിഷ്, കൃഷ്ണമൂർത്തി, സാവിത്രി, രാഘവേന്ദ്ര, ദീപക് എന്നിങ്ങനെ പതിമൂന്ന് പേർ മാവോയിസ്റ്റ് പാർട്ടി പ്രവർത്തകരെന്ന പേരിലോ, അവരുമായി ബന്ധമുണ്ടെന്ന പേരിലോ കേരളത്തിലെ വിവിധ ജയിലുകളിൽ കാലങ്ങളായി അടച്ചിടപ്പെട്ടിരിക്കുന്നു. തൃശ്ശൂർ വിയ്യൂർ അതീവ സൂരക്ഷ ജയിലിൽ ഇവരെ പൊലീസുകാർ മർദ്ദിക്കാനും ആരംഭിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ വരുന്നത്. ദിനപത്രം പോലും സെൻസർ ചെയ്ത കോപ്പി മാത്രമേ അനുവദിക്കുകയുള്ളൂ, പുസ്തകങ്ങൾ വായിക്കാൻ സ്വാതന്ത്ര്യമില്ല, കൊറോണ മൂർച്ഛിച്ച് നിന്ന അവസ്ഥയിൽ നീണ്ട കാലം തടവറയിൽ നിന്ന് പുറത്തിറക്കാതെ പീഡിപ്പിക്കുന്ന അതേ അവസ്ഥയിലേക്ക് തന്നെ ഇപ്പോൾ ജയിൽ അധികാരികൾ നീങ്ങുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ ജയിൽ അവകാശങ്ങളും ലംഘിക്കപ്പെടുന്നു. ഈ പതിമൂന്ന് പേർക്ക് പുറമെ യു.എ.പി.എ വകുപ്പ് ചുമത്തി ജയിലിലടക്കപ്പെട്ട എണ്ണമറ്റ രാഷ്ട്രീയ തടവുകാർ ഇവിടെയുണ്ട്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യാ രാജ്യത്തെ ജനതയെ അടിച്ചമർത്താൻ നിർമ്മിച്ച റൗളത്ത് നിയമത്തിന്റെ പിൻതുടർച്ചക്കാരനായ യുഎപിഎ യ്ക്ക് ഒരു ജനാധിപത്യ രാജ്യത്ത് യാതൊരു പ്രസക്തിയുമില്ല എന്ന് അധികാര വർഗം തിരിച്ചറിയുകയും ഈ നിയമം പിൻവലിക്കുകയും ചെയ്യേണ്ടതുണ്ട്.

ആധുനികരെന്നും അപരിഷ്‌കൃതരെന്നും മറ്റ് സദാചാരപരവും, മതപരവും, കുലീനരെന്നും ഹീനരെന്നും തുടങ്ങി വേർതിരിച്ചു നിർത്തി ദുർബ്ബലരായ വിഭാഗങ്ങളെ അടിച്ചമർത്തി ഭരിക്കുന്ന ഈ വ്യവസ്ഥിതിയിൽ ജനങ്ങൾക്കിടയിലെ അന്ധവിശ്വാസ അനാചാരങ്ങളെയും, പിന്തിരിപ്പൻ മൂല്യങ്ങളെയും ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയും പൗരന്മാരെന്ന നിലയ്ക്ക് അവരെ ആത്മാഭിമാനത്തോടെ നിവർന്ന് നിൽക്കാൻ സഹായിക്കുന്ന ‘വിപ്ലവകാരികൾ’ യാഥാർത്ഥത്തിൽ ജനങ്ങളുടെ ഡോക്ടർമാരാണെന്ന് ബോധ്യപ്പെടുകയും അവരെ ഉന്മൂലനം ചെയ്തില്ലാതാക്കാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്നും അധികാരവർഗ്ഗം മനസ്സിലാക്കുമെന്ന് കരുതുന്നു. തടവറയിലടക്കപ്പെട്ട ജനങ്ങളുടെ ഡോക്ടർമാർ സ്വതന്ത്രരാകേണ്ടത് പുത്തൻ ജനാധിപത്യ ഇന്ത്യക്ക് അനിവാര്യമാണ്.

യു.എ.പി.എ പിൻവലിക്കുക.

മുഴുവൻ രാഷ്ട്രീയ തടവുകാരെയും നിരുപാധികം വിട്ടയക്കുക.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal