ബഹുമാന്യരായ സി.പി.ഐ കേരള സംസ്ഥാന നേതൃത്വത്തിന്

ബര്‍ദാനെ പോലുള്ളവര്‍ പൊരുതി സ്ഥാപിച്ചെടുത്ത ജനാധിപത്യ-പുരോഗമന മൂല്യങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന്‍റെ സഖാക്കള്‍ക്ക് ബാധ്യതയില്ലേ? ചിന്തക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന സമീപനം ഇടതു ജനാധിപത്യമുന്നണി സർക്കാരിന്റെ നയമാണോ?


അഡ്വ.തുഷാർ നിർമ്മൽ

സി.പി.ഐയുടെ ദേശീയ സെക്രട്ടറി ആയിരുന്ന എ.ബി ബര്‍ദാന്‍ ഇന്ന് നമ്മോടൊപ്പമില്ല. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും വളര്‍ച്ചക്ക്‌ ജീവിത സമര്‍പ്പിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. 1962 നവംബര്‍ 7 നു അന്നത്തെ മഹാരാഷ്ട്രാ സംസ്ഥാന സര്‍ക്കാര്‍ ഡിഫെന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് എന്ന കരുതല്‍ തടങ്കല്‍ നിയമപ്രകാരം അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ അടയ്ക്കുകയുണ്ടായി. നാഗ്പൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു വരവേ 1963 ഓഗസ്റ്റ്‌ മാസം 29 നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിച്ചു. പക്ഷെ ജയില്‍ മോചിതനായി പുറത്തിറങ്ങിയ ഉടന്‍ തന്നെ ജയില്‍ മുറ്റത്തു വച്ച് അദ്ദേഹത്തെ വീണ്ടുംഅറസ്റ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി വീണ്ടും ഇറക്കിയ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമായിരുന്നു വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കരുതല്‍ തടങ്കലില്‍ നാഗ്പൂര്‍ ജയിലില്‍ കഴിഞ്ഞു വരവേ അദ്ദേഹത്തിനു വായിക്കാനായി സഖാക്കള്‍ ജയിലില്‍ എത്തിച്ചു നല്‍കിയ പുസ്തകങ്ങള്‍ ജയിലര്‍ അദ്ദേഹത്തിനു നിഷേധിച്ചു. ഒരു സമയത്ത് പരമാവധി 6 പുസ്തകങ്ങള്‍ മാത്രമേ ജയിലില്‍ അനുവദിക്കാനാകു എന്നായിരുന്നു ജയിലറുടെ നിലപാട്. ഈ നിലപാടിനെതിരെ അദ്ദേഹം പ്രതിഷേധിച്ചപ്പോള്‍ ജയിലര്‍ ഒരു ഔദാര്യം കാണിക്കാന്‍ തയ്യാറായി. 6 പുസ്തകങ്ങള്‍ എന്നത് 12 പുസ്തകങ്ങള്‍ ആക്കി ഉയര്‍ത്താന്‍ ജയിലര്‍ സമ്മതിച്ചു. എന്നാല്‍ ജയിലറുടെ ഈ ഔദാര്യത്തിന് വഴങ്ങാന്‍ സഖാവ് ബര്‍ദാന്‍ തയ്യാറല്ലായിരുന്നു.

നാഗ്പൂര്‍ ജയിലിലെ പുസ്തക നിഷേധത്തിനെതിരെ അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതെ സമയത്ത് ഡിഫെന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മറ്റൊരു തടവുകാരനും സമാനമായ സാഹചര്യത്തില്‍ പുസ്തക നിഷേധത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അന്ന് സോഷ്യലിസ്റ്റ്‌ നേതാവും ട്രേഡ് യുനിയനിസ്റ്റും ആയ ജോര്‍ജ്ജ് ഫെര്‍ണണ്ടാസ് ആയിരുന്നു അത്.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് താനെന്നും ഒരു മുഴുവന്‍ സമയ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ട്രേഡ് യുനിയന്‍ പ്രവര്‍ത്തകനും ആയ തനിക്ക് വിവിധങ്ങളായ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-ട്രേഡ് യുനിയന്‍ വിഷയങ്ങളെ കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സഖാവ് ബര്‍ദാന്‍റെ വാദം. തടവില്‍ കഴിയുന്ന കാലത്ത് വിവിധ വിഷയങ്ങളെ കുറിച്ച് കുറിപ്പുകളും ലേഖനങ്ങളും തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അതിനായി അത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ തന്‍റെ സുഹൃത്തുക്കള്‍ വഴി സംഘടിപ്പിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാല്‍ ബര്‍ദാന് ഒരു അവകാശം എന്ന നിലക്ക് പുസ്തകങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജയിലര്‍ക്ക് ഏതു സമയത്തും ആവശ്യമെങ്കില്‍ തടവുകാരന്‍റെ സെല്‍ പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും അതിനാല്‍ പുസ്തകങ്ങള്‍ക്ക് പരിധി വെക്കാന്‍ ജയിലര്‍ക്ക് അധികാരമുണ്ടെന്നും പുസ്തകങ്ങള്‍ അനുവദിക്കുന്നത് ജയിലറുടെ വിവേചനാധികാരമാണെന്നും ആയിരുന്നു നാഗ്പൂരിലെ ജയിലറുടെ വാദം.

വിശദമായി വാദം കേട്ട ബോംബെ ഹൈക്കോടതി നാഗ്പൂര്‍ സെന്‍ട്രല്‍ പ്രിസണിലെ ജയിലറുടെ വാദങ്ങള്‍ തള്ളിക്കളയുകയും പുസ്തകങ്ങള്‍ തടഞ്ഞു വച്ച ജയിലറുടെ നടപടി അന്യായമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു സമയം കയ്യില്‍ വെക്കാവുന്ന പുസ്തകങ്ങള്‍ക്ക് പരിധി നിശ്ചയിച്ച ജയിലറുടെ നടപടിയെ കോടതി നിശിതമായി വിമര്‍ശിച്ചു. ഒരു സമയം കൈവശം വെക്കാന്‍ ജയിലര്‍ അനുവദിച്ച പുസ്തകങ്ങളുടെ എണ്ണം 12 ആയിരുന്നല്ലോ. പതിമൂന്നാമത്തെ പുസ്തകം ആകുന്നത് കൊണ്ട് ഒരു പുസ്തകം അനുവദനീയമല്ലാതാകും എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും കോടതി പ്രസ്താവിച്ചു.

പൌര സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങളില്‍ ഏറ്റവും അസ്വസ്തജനകമായത് അറിവു നേടാനുള്ള അവസരങ്ങൾക്കു മേല്‍ ഉള്ള നിയന്ത്രണങ്ങള്‍ ആണെന്നും അറിവിന്‍റെയും ചിന്തയുടെയും വികാസം ശാശ്വതമായ പ്രക്രിയയാണെന്നും അസാധാരണവും ന്യായവുമായ സാഹചര്യങ്ങളില്‍ അല്ലാതെ ആ പ്രക്രിയ തടസ്സപ്പെടുത്തരുതെന്നും കോടതി നിരീക്ഷിച്ചു. തടവിലിടാനുള്ള അധികാരം സ്വകാര്യ ജീവിതത്തെയും ചിന്തകളെയും ശീലങ്ങളെയും പട്ടാളച്ചിട്ടക്കു വിധേയമാക്കാനുള്ള അധികാരമല്ലെന്നും ഈ രാജ്യത്ത് ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ ഇത്തരം അവകാശവാദങ്ങള്‍ കണക്കിലെടുക്കപ്പെടണമെങ്കില്‍ അതിനു അത്രമാത്രം ശക്തമായ ന്നിയമാപരമായ പിന്തുണ ഉണ്ടാകണം എന്നും പ്രസ്താവിച്ചു കൊണ്ട് പിടിച്ചു വച്ച പുസ്തകങ്ങള്‍ സഖാവ് ബര്‍ദാനു നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടങ്ങള്‍ തീര്‍ച്ചയായും നമുക്ക് ആവേശം പകരുന്നതാണ്.എത്രമാത്രം കഠിനമായ സാഹചര്യങ്ങളില്‍ ആണ് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വന്നിരുന്നത് എന്ന് ചരിത്രം സാക്ഷ്യം പറയുന്നുണ്ട്. ജയില്‍ മോചിതനായ സഖാവ് ബര്‍ദാന്‍ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാവുകയും ചെയ്തു. തടവില്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പുസ്തകങ്ങള്‍ നിഷേധിച്ചു അവരുടെ ചിന്തകള്‍ക്ക് തടയിടാമെന്ന കൊളോണിയല്‍ മര്‍ദ്ധന രീതിക്കെതിരെയുള്ള പോരാട്ടം കൂടി അടങ്ങുന്നതാണ് സഖാവ് ബര്‍ദാന്‍റെ രാഷ്ട്രീയ ജീവിതം. തീര്‍ച്ചയായും ബര്‍ദാന്‍ ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ പുരോഗമന രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ സഖാക്കളും പാര്‍ട്ടിയും ഇന്നും ജനങ്ങള്‍ക്കിടയില്‍ ഉണ്ട്.

ബര്‍ദാന്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന-ജനാധിപത്യ മൂല്യങ്ങള്‍ മാത്രമല്ല തടവുകാരെ മൃഗങ്ങള്‍ക്ക് സമാനമായി കണക്കാക്കി ചിന്തക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നാഗ്പൂര്‍ ജയിലിലെ ആ പഴയ ജയിലറുടെ പിന്തിരിപ്പന്‍ മൂല്യങ്ങള്‍ക്കും ഇന്ന് പിന്തുടര്‍ച്ച ഉണ്ടായിരിക്കുന്നു. അതും ബര്‍ദാന്‍ സഖാവിന്‍റെ പാര്‍ട്ടി കൂടി പങ്കാളിയായ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ആണെന്ന വസ്തുത പുരോഗമന ജനാധിപത്യ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.

കമ്മ്യുണിസ്റ്റും പോരാട്ടം എന്ന സംഘടനയുടെ പഴയ പ്രവര്‍ത്തകനുമായ ടി.കെ.രാജീവന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂരുള്ള അതീവ സുരക്ഷാ ജയിലില്‍ ഒരു വർഷത്തോളമായി തടവില്‍ കഴിയുകയാണ്. തടവില്‍ കഴിയുന്ന കാലത്ത് വിവിധ സാമൂഹ്യ വിഷയങ്ങളെ കുറിച്ചു പഠിക്കാനും കുറിപ്പുകളും ലേഖനങ്ങളും തയ്യാറാക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വിവിധ മതങ്ങളെ കുറിച്ചു പഠിക്കാന്‍ അദ്ദേഹം ആലോചിക്കുകയും സുഹൃത്തുക്കള്‍ വഴി അതിനായുള്ള പുസ്തകങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി എക്കണോമിക്കല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 8 ലക്കങ്ങള്‍ ഉള്‍പ്പടെ 26 പുസ്തകങ്ങള്‍ ജയിലില്‍ എത്തിച്ചു. എന്നാല്‍ അവ ജയിലില്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിനു നല്‍കാത്തത് കൊണ്ട് അദ്ദേഹം വിചാരണ കോടതിയില്‍ പരാതി നല്‍കി. ബര്‍ദാനോട്‌ നാഗ്പൂരിലെ ജയിലര്‍ സ്വീകരിച്ച അതേ സമീപനമാണ് അതീവ സുരക്ഷാ ജയിലിലെ സൂപ്രണ്ട് സ്വീകരിച്ചത്. പുസ്തകങ്ങള്‍ ഒരുമിച്ചു നല്‍കാന്‍ കഴിയില്ല എന്നും വായിക്കുന്ന പുസ്തകങ്ങള്‍ തിരിച്ചു തരുന്ന മുറക്ക് മാത്രമേ പുസ്തകങ്ങള്‍ അനുവദിക്കാനാകു എന്നുമാണ് ജയില്‍ അധികാരികളുടെ നിലപാട്.

ഗൗരവമായ പഠനങ്ങളും ഗവേഷണവും മറ്റും നടത്തുമ്പോള്‍ ഏതു പുസ്തകം എപ്പോള്‍ ആവശ്യം വരും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയുകയില്ല എന്നത് സാമന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകുന്ന വസ്തുതയാണ്. പഠനത്തിനിടക്ക്‌ പുസ്തകങ്ങള്‍ റഫര്‍ ചെയ്യാനുള്ള സൗകര്യം ഇല്ലെങ്കില്‍ പഠനം ഫലപ്രദമാവുകയില്ല. ഈ വസ്തുതയെ കണക്കിലെടുത്താണ് ബര്‍ദാന്‍ സഖാവിന്‍റെ കേസ്സില്‍ അന്ന് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പക്ഷെ അതീവ സുരക്ഷാ ജയിലിലെ അധികാരികള്‍ ഇപ്പോഴും പഴയ നാഗ്പൂര്‍ ജയിലറുടെ കാലത്താണ്.

പുസ്തകങ്ങള്‍ അനുവദിക്കുന്നതിനായി രാജീവന്‍ നല്‍കിയ പരാതി വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ ഇപ്പോഴിതാ പുതിയ ഒരു വാര്‍ത്ത വരുന്നു. 2022 ജനുവരി ആറാം തിയ്യതി അതീവസുരക്ഷാ ജയിലിലെ സൂപ്രണ്ട് ഒരു ഉത്തരവിറക്കിയിരിക്കുന്നു. G7/2022/HSP നമ്പരായി ഇറക്കിയ ഉത്തരവ് പ്രകാരം അതീവ സുരക്ഷാ ജയിലിലെ എല്ലാ തടവുകാരും 5 എണ്ണത്തില്‍ കൂടുതലായി അവരുടെ കൈവശമുള്ള എല്ലാ പുസ്തകങ്ങളും പ്രിസണ്‍ വെല്‍ഫെയര്‍ ഓഫീസറെ എല്പ്പിക്കണം. 1963 ല്‍ നാഗ്പൂര്‍ ജയിലര്‍ അനുവദിച്ചത് പരമാവധി 12 പുസ്തകങ്ങള്‍ ആണെങ്കില്‍ ബര്‍ദാന്‍റെ സഖാക്കള്‍ കൂടി പങ്കാളികളായ കേരള സര്‍ക്കാരിന് കീഴിലുള്ള ജയിലില്‍ പരമാവധി അനുവദനീയം 5 പുസ്തകങ്ങള്‍ ആണ് !!

കേരളത്തിലെ ജയില്‍ ചട്ടങ്ങള്‍ പ്രകാരം തടവുകാര്‍ക്ക് കൈവശം വെക്കാവുന്ന പുസ്തകങ്ങളുടെ എണ്ണത്തിനു പരിധിയൊന്നും പറഞ്ഞിട്ടില്ലെന്നിരിക്കെ ഈ ഉത്തരവ് നിയമവിരുദ്ധവും അന്യായവുമാണ്. ബര്‍ദാന്‍ സഖാവിനോപ്പം കേസിനു പോയ ജോര്‍ജ്ജ് ഫെര്‍ണണ്ടാസ്സിനു അന്ന് ജയിലില്‍ ആകെ 58 പുസ്തകങ്ങള്‍ ആണ് കൈവശമുണ്ടായിരുന്നത് എന്ന് കൂടി ഓര്‍ക്കണം.

ചിന്തയുടെ പ്രക്രിയയെ തടയാനുള്ള ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് ജനകീയ ബദല്‍ എന്ന അവകാശവാദത്തോടെ ഭരണത്തില്‍ ഏറിയ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ആണെന്നത് തീര്‍ത്തും അപലപനീയമാണ്. ബര്‍ദാനെ പോലുള്ളവര്‍ പൊരുതി സ്ഥാപിച്ചെടുത്ത ജനാധിപത്യ-പുരോഗമന മൂല്യങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന്‍റെ സഖാക്കള്‍ക്ക് ബാധ്യതയില്ലേ? ചിന്തക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന സമീപനം ഇടതു ജനാധിപത്യമുന്നണി സർക്കാരിന്റെ നയമാണോ ? പുസ്തകങ്ങൾ നിഷേധിച്ചും മർദ്ധനം അഴിച്ചു വിട്ടും മറ്റും കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെ തലച്ചോറിനെ മരവിപ്പിക്കാൻ ലോകമെമ്പാടും ജനവിരുദ്ധ- ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. അത്തരം മർദ്ധനങ്ങളെ അതിജീവിച്ചു തന്നെയാണ് ഗ്രാംഷിയുടെ ജയിൽ കുറിപ്പുകളും ജൂലിയസ് ഫയൂചിക്കിന്റെ കൊലമരത്തിൽ നിന്നുള്ള കുറിപ്പുകളും ഒക്കെ പുറത്തുവന്നത് എന്ന കാര്യം നമുക്ക് അറിയാമല്ലോ.പക്ഷെ അതീവ സുരക്ഷാ ജയിലിലെ അധികാരികൾക്ക് ആ ചരിത്രം വേണ്ട വണ്ണം അറിയില്ല എന്ന് തോന്നുന്നു.

അധികാര ഗർവ്വിന്റെ ആർമാദങ്ങൾക്കു മുന്നിൽ നോക്കുകുത്തികൾ ആകരുതെന്നും അതീവ സുരക്ഷാ ജയിലിലെ പുസ്തക നിഷേധത്തിനെതിരെ തിരുത്തിക്കാനും ബർദാന്റെ സഖാക്കൾ തയ്യാറാകണം എന്നു ആഭ്യർത്ഥിക്കുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal