പതിമൂന്ന് വര്‍ഷത്തെ നീണ്ട വിചാരണ
ഫെബ്രുവരി 1ന് അഹമ്മദാബാദ് സ്ഫോടന കേസിലെ വിധി പറയുമ്പോൾ

എഴുപത് മിനിറ്റുകളുടെ ദൈര്‍ഘ്യത്തില്‍ അഹമ്മദാബാദിലെ 21 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 20 കേസുകളും, സൂറത്തില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ടു എന്ന പേരില്‍ 15 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവില്‍ 35 കേസുകളും ഒന്നായി പരിഗണിച്ചാണ് വിചാരണ നടന്നത്.


റാസിഖ് റഹീം

മൂന്നാം ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത്, 2001 സെപ്തംബറിലാണ് ‘സിമി’ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന വിദ്യാര്‍ത്ഥി സംഘടന നിരോധിക്കപ്പെടുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിനു പിന്നാലെ ആഗോളതലത്തില്‍ അമേരിക്ക പ്രഖ്യാപിച്ച ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഇന്ത്യന്‍ വേര്‍ഷനായിരുന്നു സിമി നിരോധനം. ഹിന്ദുത്വരാഷ്ട്രീയത്തിന് നിലമുറപ്പിക്കാനുള്ള നീക്കമായി സിമി നിരോധനം വിലയിരുത്തപ്പെടുകയും ദേശാന്തരീയമായിത്തന്നെ സംഘ്പരിവാര്‍ സംഘടനകളൊഴികെയുള്ളവര്‍ സിമി നിരോധനത്തെ എതിര്‍ക്കുകയും ചെയ്തു. വിദ്യാസമ്പന്നരും പ്രൊഫഷണലുകളുമായ മുസ്ലിം യുവാക്കളെ വേട്ടയാടാനും അനന്തകാലത്തേക്ക് തടവറയില്‍ത്തള്ളാനുമുള്ള, ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായി സിമിനിരോധനം മാറുകയുണ്ടായി.

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരോധനനടപടിക്രമത്തെ, ട്രൈബ്യൂണലുകള്‍ക്കുമുന്നില്‍ ന്യായീകരിക്കണമെങ്കില്‍, വ്യാജമെങ്കിലും മതിയായ വിഭവങ്ങള്‍ അന്വേഷണഏജന്‍സികള്‍ക്ക് ആവശ്യമായിരുന്നു. അത്തരം തെളിവകളുണ്ടാക്കലുകള്‍ക്ക് ബലിയാവേണ്ടിവന്നത് അനേകം ചെറുപ്പക്കാരുടെ ജീവിതമായിരുന്നു. അത്തരം വേട്ടയാടലുകളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായമാണ് അഹമ്മദാബാദ് സ്‌ഫോടനം. ഒരു ദശാബ്ദത്തിലധികമായി അനന്തമായി നീണ്ട വിചാരണത്തടവിന്റെയും ക്രൂരമായ ജയില്‍പീഢനങ്ങളുടെയും ദുരനുഭവമാണ് ആ കേസില്‍ അകപ്പെട്ടവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്.

2008 ജൂലൈ 26നാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. 56 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനമായിരുന്നു അഹമ്മദാബാദില്‍ നടന്നത്. ഏഴു മലയാളികളടക്കം 77പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഷിബിലി, ശാദുലി, അന്‍സ്വാര്‍ നദ് വി, അബ്ദുല്‍ സത്താര്‍, സൈനുദ്ദീന്‍, ഷറഫുദ്ദീന്‍, മംഗളൂരു സ്വദേശിയും മലയാളിയുമായ നൗഷാദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മലയാളികള്‍. അഹമ്മദാബാദ് സ്‌ഫോടനം നടക്കുമ്പോള്‍ മറ്റു കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലില്‍ കഴിഞ്ഞവരായിരുന്നു അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ അധികവും.

2008 മാര്‍ച്ച് 27 നായിരുന്നു മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍വെച്ച് സഹോദരങ്ങളായ ഷിബിലിയും ശാദുലിയും സുഹൃത്തായ അന്‍സ്വാറും അറസ്റ്റിലാവുന്നത്. ഇന്ത്യയിലെ പ്രമുഖ ഐ.റ്റി സ്ഥാപനമായ റ്റാറ്റ എലെക്‌സിയില്‍ എന്‍ജിനീയറായിരുന്നു ഷിബിലി. മുംബെയില്‍ ജോലി ചെയ്യുന്ന കാലത്ത് മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ സിമി ബന്ധം പറഞ്ഞ് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടാന്‍ തുടങ്ങിയ കാലത്ത് ജോലി രാജിവെക്കേണ്ടി വരികയും സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്നതിനുമിടയിലാണ് ഷിബിലി അറസ്റ്റിലാവുന്നത്. ഷിബിലിയുടെ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്‍ഡോറിലെ താമസസ്ഥലത്ത് എത്തിയ ശാദുലിയും അന്‍സ്വാറും അന്നേദിവസം നടന്ന അറസ്റ്റില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. സിമി ബന്ധമാരോപിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നായി അന്നേ ദിവസം 16 പേരാണ് അന്ന് അറസ്റ്റിലായത്. കസ്റ്റഡി മര്‍ദ്ദനമുള്‍പ്പെടെ ക്രൂരമായ മര്‍ദ്ദനങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇന്‍ഡോറില്‍ അറസ്റ്റിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഷിബിലിയെ മുംബൈയിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലുകള്‍ക്കും നുണപരിശോധനക്കും ശേഷം പ്രതിയല്ലെന്നുകണ്ട് അന്നത്തെ എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ ഷിബിലിയെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇക്കാലയളവില്‍, ജയിലിലെത്തി നാല് മാസങ്ങള്‍ക്കു ശേഷമാണ് അഹമ്മദാബാദ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പല ഘട്ടങ്ങളിലായി ഇവരെ അഹമ്മദാബാദിലെത്തിക്കുകയായിരുന്നു.

2008ല്‍ ഇന്‍ഡോര്‍ കേസില്‍ അകപ്പെട്ടതിനുശേഷം നിരവധികേസുകളില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദ്-സൂറത്ത് സ്‌ഫോടനക്കേസ്, കേരളത്തിലെ വാഗമണ്‍ സിമി കേസ്, കര്‍ണാടകയിലെ ഹുബ്ലി കേസ് എന്നി അതില്‍പ്പെടുന്നു.

മതിയായ വിചാരണയോ, നിയമസേവനമോ ലഭ്യമാക്കാതെ അനന്തകാലം ജയിലുകളില്‍ കഴിയേണ്ടി വരുന്ന ദുരനുഭവംകൂടി ഇവരുടെ കേസുകള്‍ക്കുണ്ട്. 2008ല്‍ ആദ്യം അറസ്റ്റിലായ ഇന്‍ഡോര്‍ കേസിന്റെ വിചാരണതന്നെ മതിയായ ഉദാഹരണമാണ്. 16 പേരായിരുന്നു ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. അതില്‍ 10 പേരെ അഹമ്മദാബാദ് കേസില്‍ പ്രതിയാക്കപ്പെട്ടു. കേസ് വിഭജിച്ച് ആറു പേരുടെ വിചാരണ 2012ല്‍ പൂര്‍ത്തിയാക്കി. 3 പേരെ വെറുതെ വിടുകയും 3 പേരെ 5 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. അഹമ്മദാബാദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ 10 പേരുടെ വിചാരണ വീഡിയോ കോണ്‍ഫ്രന്‍സ് വഴി 2016ല്‍ ആരംഭിക്കുകയും 2017ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. നടന്നു വരുന്ന വിചാരണ പരിഹാസ്യമാണെന്നും വിചാരണവേളയില്‍ തങ്ങളെ കോടതിയില്‍ ഹാജരാക്കണമെന്നുമുള്ള ഇവരുടെ ആവശ്യം കോടതി നിരസിക്കുകയും മതിയായ വിചാരണ കിട്ടാതെ ശിക്ഷിക്കപ്പെടുകയുമായിരുന്നു. വാഗമണ്‍ കേസിലും സമാനമായ അനുഭവമായിരുന്നു ഉണ്ടായത്. അഹമ്മദാബാദിലെ വിചാരണയുടെ അവസാന നാളുകളിലും വിചാരണക്കായി ഹാജരാവാനുള്ള ഇവരുടെ ആവശ്യം നിരസിക്കപ്പെടുകയും മൂന്നര വര്‍ഷമായി മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ ജയിലില്‍ തടവില്‍ കഴിയുകയുമാണ് ഇവര്‍.

പതിമൂന്ന് വര്‍ഷമായി അനന്തമായി നീണ്ട വിചാരണക്കൊടുവില്‍ വരുന്ന ഫെബ്രുവരി 1ന് വിചാരണ നടക്കുന്ന പ്രത്യേക കോടതി ഈ കേസില്‍ വിധി പറയുകയാണ്. എഴുപത് മിനിറ്റുകളുടെ ദൈര്‍ഘ്യത്തില്‍ അഹമ്മദാബാദിലെ 21 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 20 കേസുകളും, സൂറത്തില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ടു എന്ന പേരില്‍ 15 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവില്‍ 35 കേസുകളും ഒന്നായി പരിഗണിച്ചാണ് വിചാരണ നടന്നത്. ആയിരക്കണക്കിന് പേജുകളുള്ള ഗുജറാത്തി ഭാഷയില്‍ തയാറാക്കിയ കുറ്റപത്രവും 1100 സാക്ഷികളുമുള്ള കേസായിരുന്നു ഇത്. UAPA, 124 A തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

രാജ്യം കടന്നുപോകുന്ന സവിശേഷമായ ചുറ്റുപാടില്‍, അധികാരകേന്ദ്രങ്ങളിലും തെരുവുകളിലും ഫാഷിസം ഫണം വിരിച്ചാടുന്ന സാഹചര്യത്തില്‍, ജനാധിപത്യത്തിലെ അവസാന പ്രതീക്ഷയായ കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal