കിഴക്കമ്പലം കിറ്റെക്സ്‌ മാനേജ്‌മെൻറ്റിന്റെ തൊഴിലാളി വിരുദ്ധത അവസാനിപ്പിക്കണം; മനുഷ്യാവകാശ പ്രവത്തകർ

കിറ്റെക്സ് കമ്പനി മാനേജ്മെന്റും പോലീസും തൊഴിൽ വകുപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് ഒരു ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.


ഡിസംബര്‍ 25-ന് രാത്രി കിഴക്കമ്പലത്തെ കിറ്റെക്സ്‌ കമ്പനിയില്‍ നടന്ന സംഭവത്തെക്കുറിച്ച്‌ മനുഷ്യാവകാശപ്രവത്തകർ പത്ര സമ്മേളനം നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2022 ജനുവരി 2,7 തിയ്യതികളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ വസ്തുതാന്വേഷണത്തെ തുടര്‍ന്നുള്ള റിപ്പോർട്ട് എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രകാശനം ചെയ്തു.

കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളെ പുറം ലോകവുമായി ബന്ധപ്പെടാനോ സ്വന്തം ഇഷ്ടപ്രകാരം പുറത്തു പോകാനോ അനുവദിക്കാതെ പൂട്ടിയിട്ടു അടിമകളെ പോലെ പണിയെടുപ്പിക്കുകയാണെന്നും ഇത് നിയമവിരുദ്ധമായ ബന്ധിത തൊഴിലിനു (ബോണ്ടഡ് ലേബർ) സമാനമാണെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ വസ്തുതാന്വേഷണ സംഘം പറഞ്ഞു.

കിറ്റെക്സ് കമ്പനി മാനേജ്മെന്റും പോലീസും തൊഴിൽ വകുപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് ഒരു ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. പിയുസിഎല്ലിന്റെ നേതൃത്വത്തിൽ കിറ്റെക്സ് സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരുടെ സംഘം അന്വേഷണം നടത്തിയിരുന്നു. സംഭവസ്ഥലത്തു ചെന്നും നാട്ടുകാർ, കമ്പനിയിലെ മാനേജർ, സെക്യൂരിറ്റി ജീവനക്കാർ, തൊഴിലാളികളുടെ ബന്ധുക്കൾ, പോലീസിലേയും തൊഴിൽ വകുപ്പിലെയും ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ തുടങ്ങിയവരിൽ നിന്നും വസ്തുതകൾ അന്വേഷിച്ചു തയ്യാറാക്കിയതാണ് വസ്തുതാന്വേഷണ റിപ്പോർട്ട്.

2022 ജനുവരി രണ്ടാം തിയ്യതി വസ്തുതാന്വേഷണ സംഘം കിഴക്കമ്പലം കിറ്റെക്സ്‌ കമ്പനി സന്ദര്‍ശിച്ചു. എന്നാല്‍ സെക്യൂരിറ്റി സ്റ്റാഫ്‌ അന്വേഷണ സംഘത്തെ കമ്പനിയുടെ അകത്തേക്ക്‌ കയറാന്‍ അനുവദിച്ചില്ല. അതിനാല്‍ അന്വേഷണ സംഘം കമ്പനിയുടെ സെക്യൂരിറ്റി മാനേജര്‍ സജീവ്‌ കോശിയെ ഫോണില്‍ ബന്ധപ്പെട്ടു എന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. “അന്ന്‌ രാത്രി പത്ത്‌ പത്തര ആയപ്പോഴാണ്‌ എനിക്ക്‌ ഫോണ്‍ കോള്‍ വരുന്നത്‌. ഡിസംബര്‍ 24-ആം തിയ്യതി വൈകുന്നേരം കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സില്‍ എല്ലാവരും ക്രിസ്തുമസ്‌ കരോള്‍ നടത്തി. അത്‌ ഫുള്‍ നൈറ്റാണ്‌ നടത്തുന്നത്‌. 25-ആം തിയ്യതിയും ക്രിസ്തുമസ്‌ കരോള്‍ നടത്തി. 10 മണിയായപ്പോള്‍ ഒരു ടീം നിറുത്തി. രണ്ടു ടീമുകളായിട്ടാണ്‌ ക്രിസ്തുമസ്‌ കരോള്‍ നടത്തിയത്‌. രണ്ടാമത്തെ ടീം കരോള്‍ തുടര്‍ന്നു. മറ്റേ ടീം ബഹളം ഉണ്ടാക്കരുതെന്നു പറഞ്ഞു. തുടര്‍ന്ന്‌ തര്‍ക്കമുണ്ടായി. ഇവര്‍ എന്തോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഗ്രൂപ്പ്‌ തിരിഞ്ഞു കയ്യാങ്കളിയായി. ഇടപെടാന്‍ ചെന്ന സെക്യൂരിറ്റിക്കാരെ അവര്‍ കൈകാര്യം ചെയ്തു. കമ്പനിയുടെ ഡ്രൈവറേയും അടിച്ചോടിച്ചു. അവര്‍ എന്നെ വിളിച്ചു. ഞാന്‍ സെക്യൂരിറ്റി വിഭാഗത്തിലെ മാനേജരെ വിളിച്ച്‌ കൂടുതല്‍ സെക്യൂരിറ്റി സ്റ്റാഫിനെ വിന്യസിക്കാന്‍ പറഞ്ഞു. ഈ സെക്യൂരിറ്റി സ്റ്റാഫിനെയും അവര്‍ കൈകാര്യം ചെയ്തു. സാധാരണ ഇവര്‍ ഡിസിപ്ലിന്റാണ്‌. അനുസരണാ സ്വഭാവമുള്ളവര്‍, പറഞ്ഞാല്‍ കൃത്യമായി കേള്‍ക്കും. ഞങ്ങളുടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഇന്‍ ചാര്‍ജ്ജ്‌ ശ്രീ.ജോസഫിനെ അവര്‍ അടിച്ചോടിച്ചു. കൈ കൊണ്ടുളള തല്ലേ ഉണ്ടായുള്ളൂ. ആയുധങ്ങളൊന്നുമുണ്ടായില്ല. അതുകൊണ്ട്‌ ഹോസ്പിറ്റലില്‍പോയില്ല. കാണാന്‍ പാകത്തിനുള്ള പരിക്കുകളൊന്നുമുണ്ടായിരുന്നില്ല.” എന്ന് മാനേജര്‍ സജീവ്‌ കോശി പറഞ്ഞതായി വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വസ്തുതാന്വേഷണ സംഘത്തോട് കിഴക്കമ്പലത്തിലെ നാട്ടുകാർ കമ്പനി മുതലാളിയായ സാബുവിനെതിരായും ധാരാളം പരാതികൾ പറഞ്ഞു. “മാലിന്യ പ്രശ്ലമുണ്ടായപ്പോള്‍ നാട്ടുകാര്‍ കമ്പനിക്കെതിരെ പ്രതികരിച്ചിരുന്നു. നാട്ടുകാര്‍ക്കെതിരെ കള്ളക്കേസുകളെടുത്തു. എന്റെ കസിന്‍ ബ്രദറിന്റെ കട തല്ലിപൊളിച്ചു. കമ്പനിയുടെ മുതലാളി വൈരാഗ്യം തീര്‍ക്കുന്നത്‌ അക്രമത്തിലൂടെയാണ്‌. തൊഴിലാളികളെ നാട്ടുകാരുമായി ഇടപഴകാന്‍ സമ്മതിക്കാറില്ല. പോലീസ്‌ കമ്പനിക്ക്‌ അനുകൂലമാണ്‌. നിരപരാധികളുടെ പേരില്‍ കേസ്സെടുത്തിട്ടുണ്ട്‌. ഇരുപതും ഇരുപത്തഞ്ചും കേസ്സുകള്‍ ഒരാളുടെ പേരിലുണ്ട്‌. കമ്പനി തന്നെ അക്രമങ്ങള്‍ അഴിച്ചുവിടും. എന്നിട്ട്‌ കമ്പനിയെ ആക്രമിച്ചു എന്ന പേരില്‍ കേസ്സുകളുണ്ടാക്കും. പോലീസുകാര്‍ക്ക്‌ പകരം നാട്ടുകാരെയാണ്‌ ആക്രമിച്ചതെങ്കില്‍ ഇവര്‍ പറയുക നാട്ടുകാര്‍ ആക്രമിച്ചു എന്നാണ്‌. ഞങ്ങള്‍ കമ്പനി ഭാഗത്തേക്ക്‌ പോകാറില്ല. കള്ളക്കേസില്‍ കുടുക്കും എന്ന്‌ പേടിച്ചാണ്‌ പോകാത്തത്‌.”എന്ന് അനസ് എന്ന നാട്ടുകാരാൻ.

പോലീസുകാരുടെ പ്രതികരണം വളരെ മോശമായിരുന്നു എന്നാണ് മനുഷ്യാവകാശപ്രവർത്തകർ പത്ര സമ്മേളനത്തിൽ പറഞ്ഞത്. നാട്ടുകാര്‍ പറഞ്ഞ വസ്തുതകളെപ്പറ്റി വിശദീകരണമറിയാന്‍ അന്വേഷണ
സംഘം പട്ടിമറ്റം പോലീസ്‌ സ്റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി ബന്ധപ്പെടാ൯ ശ്രമിച്ചെങ്കിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംഘവുമായി കണ്ടു സംസാരിക്കാന്‍ തയ്യാറായില്ല. വിവരങ്ങള്‍ കൈമാറാനും തയ്യാറായില്ല. സംഘത്തോട്‌ സംസാരിക്കാന്‍ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിയോഗിച്ചെങ്കിലും കേസ്സിനെ സംബന്ധിച്ച്‌ യാതൊരു വിവരവും തരാന്‍ പോലീസ്‌ തയ്യാറായില്ല. എല്ലാ വിവരവും എഫ്‌.ഐ.ആറില്‍ ഉണ്ടെന്നു മാത്രം പറഞ്ഞൊഴിയുകയാണ്‌ പോലീസ്‌ ചെയ്തത്‌, എന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ്‌ ഉദ്യോഗസ്ഥരോടും ലേബര്‍ ഓഫീസറോടും സംസാരിച്ചതില്‍ അവര്‍ കിറ്റെക്സ്‌ കമ്പനിയെയും മാനേജ്മെന്റിനെയും പേടിക്കുന്നതായി അന്വേഷണ സംഘത്തിന്‌ ബോധ്യപ്പെട്ടതായി കൂട്ടിച്ചേർത്തു.

ഈ സംഭവത്തെപ്പറ്റി ഒന്നും തന്നെ പറയാന്‍ ഞാന്‍ തയ്യാറല്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത്‌ തിരുവനന്തപുരത്തു നിന്നാണ്‌, എന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ഫോണില്‍ പറഞ്ഞതായും മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. “കിറ്റെക്സ്‌ കമ്പനിയെപ്പറ്റി യാതൊരു പരാതിയും ഈ ഓഫീസില്‍ കിട്ടിയിട്ടില്ല. കമ്പനിക്ക്‌ നോട്ടീസ്‌ കൊടുക്കുകയോ കമ്പനിയില്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. ആകെ കിട്ടിയ പരാതി തൊഴില്‍ വകുപ്പ്‌ മന്ത്രി അയച്ചു തന്ന പരാതിയാണ്‌. അത്‌ കമ്പനി ആദ്യ ലോക്‌ഡൗൺ സമയത്ത്‌ തൊഴിലാളികളെ പൂട്ടിയിട്ട സംഭവത്തെപ്പറ്റി സ്ഥലം എം.പി യുടെ പരാതിയാണ്‌. അത്‌ അന്വേഷിച്ചത്‌ ലേബര്‍ കമ്മീഷണറാണ്‌. കൂടെ ഞാനും ഉണ്ടായിരുന്നു. അല്ലാതെ യാതൊരു പരാതിയും ഈ ഓഫീസില്‍ കിട്ടിയിട്ടില്ല.” എന്ന് റിപ്പോർട്ടിൽ എറണാകുളം ജോയിന്റ്‌ റീജിയണല്‍ ലേബര്‍ കമ്മീഷ്ണര്‍ ഓഫീസില്‍ വെച്ചു വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.

കിറ്റെക്സ് തൊഴിലാളികളുടെ ദുരവസ്ഥ അനേഷിക്കണമെന്നും മാനേജ്‌മെന്റിന്റെ അതിക്രമങ്ങളും തൊഴിലിന്റെ അടിമസ്വഭാവവും അടിയന്തിരമായി അവസാനിപ്പിക്കാനും ലേബർ നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സർക്കാർ ഇടപെടണം. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം പരിഹരിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ട്. പരിസ്ഥിതിമലിനീകരണം അവസാനിപ്പിച്ച് നാട്ടുകാർക്ക് സ്വൈര്യ ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കിറ്റെക്സ് കമ്പനിയുടെ സ്വാധീനത്തിനു വഴങ്ങി കമ്പനി പരിസരത്തു താമസിക്കുന്ന നാട്ടുകാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പുനഃപരിശോധിക്കാൻ നടപടിയുണ്ടാകണമെന്നും മനുഷ്യാവകാശപ്രവർത്തകർ ആവശ്യപ്പെട്ടു.

വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍

  • അഡ്വ. പി. ചന്ദ്രശേഖർ (പ്രസിഡണ്ട്‌, പീപ്പിള്‍സ്‌ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്‌, കേരള ഘടകം)
  • അഡ്വ. പി.കെ.ഇബ്രാഹിം ( ട്രഷറര്‍, ആള്‍ ഇന്ത്യ ലോയേഴ്സ്‌ കൌണ്‍സില്‍)
  • അഡ്വ.രാജഗോപാല്‍ വാകത്താനം (കേരള യുക്തിവാദിസംഘം)
  • സുജാഭാരതി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)
  • അഡ്വ. മഞ്ജരി (എക്സിക്യൂട്ടീവ് മെമ്പർ, അസോസിയേഷൻ ഓഫ്
    പ്രൊട്ടക്ഷന്‍ ഓഫ്‌ സിവില്‍ റൈറ്റ്സ് )
  • അഡ്വ. ഷഹീര്‍ (ജോ.സെക്രട്ടറി ,അസോസിയേഷൻ ഓഫ്
    പ്രൊട്ടക്ഷന്‍ ഓഫ്‌ സിവില്‍ റൈറ്റ്സ്, കേരള ഘടകം )

വസ്തുതാന്വേഷണ റിപ്പോർട്ട് ലഭ്യമാക്കാൻ ബന്ധപ്പെടുക, സുജാഭാരതി – 9744184069


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal