“എന്റെ ഏറ്റവും വലിയ ശക്തി സഹ തടവുകാരായിരുന്നു”സുധ ഭരദ്വാജ്

‘നിങ്ങൾ 24×7 പരസ്പരം ഉണ്ട്, അപ്പോൾ നിങ്ങളുടെ അടുത്ത് ഇരുന്ന് കരയുന്ന ഒരാളെ എങ്ങനെ അവഗണിക്കാനാകും?’

‘അരികിലിരുന്ന് നിങ്ങൾ കഴിക്കുന്നത് നോക്കുന്ന ഒരാളുമായി ഒരു കഷ്ണം ചിക്കൻ പങ്കിടാതിരിക്കുന്നതെങ്ങനെ?’

‘തീർച്ചയായും നിങ്ങൾ പങ്കുവെക്കും.’
‘അറിയുക പോലും ചെയ്യുമെന്ന് നിങ്ങൾ ഒരിക്കലും കരുതിയിട്ടില്ലാത്ത തരത്തിലുള്ള ആളുകളുമായി നിങ്ങൾ ചങ്ങാതിമാരാകുന്നു.’


മൊഴിമാറ്റം : ആതിര

ബോസ്റ്റണിൽ ജനിച്ച സുധ കുട്ടിക്കാലത്ത് അമേരിക്കയിലും ബ്രിട്ടനിലും താമസിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു.

അവളെ ആദ്യം തടവിലാക്കിയ പൂനെയിലെ യേർവാഡ ജയിലിൽ, അവളുടെ കൂട്ടുപ്രതി പ്രൊഫസർ ഷോമ സെന്നിനൊപ്പം (അതേ കേസിലെ ഒരു പ്രതി, അവൾ നാഗ്പൂരിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ തലവിയായിരുന്നു. സ്ത്രീകളുടെ അവകാശ പ്രവർത്തകയുമാണ്) കൂടാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് കുറ്റവാളികൾക്കൊപ്പം ഫാസി യാർഡിൽ (വധശിക്ഷ യാർഡ് ) പാർപ്പിച്ചു .

പിന്നീട് അവളെ മാറ്റിയ മുംബൈയിലെ ബൈക്കുള ജയിലിൽ, അവൾ കൊവിഡിന്റെ ഭയപ്പെടുത്തുന്ന ദുരിതത്തെ അഭിമുഖീകരിച്ചു.

  • നിങ്ങൾ പൂനെയിലെ യേർവാഡ ജയിലിലും മുംബൈയിലെ ബൈക്കുള ജയിലിലും തടവിലായി. രണ്ടും വ്യത്യസ്തമായ ജയിലുകളാണ്. എങ്ങനെയാണ് നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യം നിലനിർത്തിയത് ?

യെർവാഡയിൽ, പ്രൊഫസർ ഷോമ സെൻ എന്റെ തൊട്ടടുത്ത സെല്ലിൽ ഉണ്ടായിരുന്നു. അവൾ എനിക്ക് ജീവിക്കാനുള്ള പിന്തുണയായിരുന്നു. ഞങ്ങളെ വെവ്വേറെ സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണെങ്കിലും, ഞങ്ങൾ രണ്ടുപേർക്കും മറ്റൊരാളില്ലാതെ അതിജീവിക്കാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല.

ഞങ്ങൾക്ക് ചിലപ്പോൾ ഒരുമിച്ചിരുന്നെങ്കിലും ഭക്ഷണം കഴിക്കാമായിരുന്നു.

ഞങ്ങൾ ഓരോ പത്രങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുകയും അവ കൈമാറുകയും ചെയ്യും. ഈ രീതിയിൽ, ഞങ്ങൾ രണ്ടുപേരും ഇന്ത്യൻ എക്സ്പ്രസും ദി ഹിന്ദുവും ഒരു പേജുപോലും ഒഴിയാതെ , സുഡോക്കുകൾ ഉൾപ്പെടെ വായിക്കുന്നു.

രസകരമായ കോളങ്ങൾ കണ്ട് ഞങ്ങൾ ചിരിച്ചു.

1926-ൽ പണികഴിപ്പിച്ച വളരെ പഴക്കമുള്ള, ഒറ്റനിലയുള്ള ഒരു ജയിൽ ആണ് യെർവാദ.

ഫാസി നിരയിലെ സെല്ലുകൾ ഒരു കൂട് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ബാറുകളിൽ കൂടി പുറത്തേക്ക് നോക്കാൻ ഞങ്ങൾക്ക് അവസരം നൽകി .

കുട്ടികൾ കളിക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.

മാമ്പഴക്കാലത്ത് സ്ത്രീകൾ മാമ്പഴം മോഷ്ടിക്കാനും അച്ചാർ ഉണ്ടാക്കാനും കല്ലെറിയുന്നത് നമ്മൾ കാണും.

ദിവസവും അര മണിക്കൂർ മാത്രമേ ഞങ്ങളെ പുറത്തു വിടാറുള്ളൂ എന്നതിനാൽ ഞാൻ എന്റെ സെല്ലിനുള്ളിൽ നടക്കുമായിരുന്നു.

ഞാനും പ്രൊഫസർ സെന്നും സൂര്യ പ്രകാശത്തിൽ നടക്കാൻ ആ അരമണിക്കൂർ അവസരം ഉപയോഗിക്കും. ദ സൗണ്ട് ഓഫ് മ്യൂസിക് , ദി ബീറ്റിൽസ്, സൈമൺ ആൻഡ് ഗാർഫങ്കൽ എന്നിവയിലെ ഗാനങ്ങളും വനിതാ പ്രസ്ഥാനത്തിന്റെ പാട്ടുകളും ഞങ്ങൾ പാടും … കൂടുതലും പഴയ ഗാനങ്ങൾ ആയിരിക്കും .

പിന്നീട്, ബൈകുള ജയിലിൽ, കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തുവെന്ന് ഞാൻ ഉറപ്പാക്കും.

വളരെ പ്രയാസത്തോടെയാണെങ്കിലും ഞങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ കഴിയുന്ന കോടതിയിൽ പോകാനുള്ള അവസരത്തതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും.

ഒരു കാവൽക്കാരൻ നമ്മെ എപ്പോഴും തീക്ഷ്ണതയോടെ നിയന്ത്രിക്കും , പലപ്പോഴും, അവർ കൊണ്ടുവരുന്ന ഒന്നും കഴിക്കാൻ ഞങ്ങളെ അനുവദിക്കില്ല.

എന്തിന്, ഞങ്ങളുടെ പെൺമക്കളെ ആലിംഗനം ചെയ്യുന്നതിൽ നിന്ന് അവർ എന്നെയും പ്രൊഫസർ സെന്നിനെയും തടയും.

പലതവണ, ഛത്തീസ്ഗഡിൽ നിന്ന് എന്നെ കാണാൻ വന്ന യൂണിയൻ ആളുകളെ ( സുധ ഭരദ്വാജ് ഛത്തീസ്ഗഡിലെ ഒരു ട്രേഡ് യൂണിയൻ നേതാവാണ് ) അവർ ദരിദ്രരായതിനാൽ ( അന്വേഷണ ഉദ്യോഗസ്ഥൻ ) അതിന് അനുവദിച്ചില്ല.

ഒരിക്കൽ, ഈ പെരുമാറ്റത്തെക്കുറിച്ച് ഞാൻ കോടതിയിൽ പരാതിപ്പെട്ടു. ഇവർ ദരിദ്രരായതിനാൽ വർഗ മനോഭാവം പുലർത്തി അവരെ ഉപദ്രവിക്കരുത് എന്നാവശ്യപ്പെട്ടു. അവർ അത് അംഗീകരിച്ചു. രേഖാമൂലം ഇല്ലെങ്കിലും അത് നിർത്തി.

ഞങ്ങളുടെ മുലാഖത്ത് ( കൂട്ടിക്കാഴചകൾ)ക്കായി ഞങ്ങൾ എപ്പോഴും ഉത്സുകരാണ്.

ബൈകുളയിൽ, കോവിഡ് കാരണം, കോടതിയിൽ കൊണ്ടുപോകുന്നതോ മുലാഖത്തോ ഇല്ലായിരുന്നു .

കുറച്ച് സമയത്തിന് ശേഷം, ഞങ്ങൾക്ക് ഫോൺ കോളുകൾ അനുവദിച്ചു, ഇത് എനിക്ക് വലിയ ആശ്വാസമായിരുന്നു, എന്റെ മകൾ ദൂരെയാണ് താമസിക്കുന്നത് ( സുധയുടെ മകൾ മെയ്ഷ ഛത്തീസ്ഗഡിൽ പഠിക്കുന്നു ) മൂന്ന് മാസത്തിലൊരിക്കൽ മാത്രമേ സന്ദർശിക്കാനാകൂ. അതിനാൽ ഫോൺ കോളുകൾ വളരെ പ്രധാനപ്പെട്ടതായിരുന്നു.

ചിലപ്പോൾ, ഞങ്ങൾക്ക് വീഡിയോ കോളുകൾ അനുവദിച്ചു.

ബൈകുളയിലെ എന്റെ ഏറ്റവും വലിയ ശക്തി ഞങ്ങളുടെ ബാരക്കിനുള്ളിലെ സ്ത്രീകളായിരുന്നു, എന്റെ സഹതടവുകാരായിരുന്നു .

  • ജയിലിൽ തടവുകാരായ സ്ത്രീകൾ ജീവിതത്തെ എങ്ങനെയാണ് നേരിടുന്നത്? നിങ്ങളുടെ അനുഭവത്തെ കുറിച്ചും പറയാമോ?

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാൻ ആളുകൾക്ക് ചില അത്ഭുതകരമായ വഴികളുണ്ട്.

അവരിൽ പലരും പ്രാർത്ഥനയിൽ ആശ്രയിക്കുന്നു — ചിലർ നമസ്കാരം വായിക്കുന്നു , മറ്റുള്ളവർ പൂജ ചെയ്യുന്നു, ചിലർ ഹല്ലേലൂയ പാടുന്നു .

പല സ്ത്രീകളും അവരുടേതായ രീതിയിൽ സർഗ്ഗാത്മകരാണ്. അവർ പരസ്പരം ഉണ്ടാക്കുന്ന ജന്മദിന കാർഡുകൾ, കാന്റീനിൽ ലഭ്യമായ സാധനങ്ങളിൽ നിന്ന് അവർ ഉണ്ടാക്കുന്ന ജന്മദിന കേക്കുകൾ എന്നിവ കാണുന്നത് അതിശയകരമാണ്.

ഓരോരുത്തർക്കും ഒരു ചെറിയ കൂട്ടം ആളുകൾ ഉണ്ട്, അവരോടൊപ്പം അവർ ഭക്ഷണം കഴിക്കുകയും കാര്യങ്ങൾ പങ്കിടുകയും ചെയ്യുന്നു.

ഒരു ചെറിയ സ്ഥലത്ത് നിങ്ങൾ എല്ലാം പങ്കിടുന്നതിനാൽ ബാരക്കുകളിൽ ധാരാളം വഴക്കുകൾ ഉണ്ട്. കുളിമുറി, ടോയ്‌ലറ്റ്, കാന്റീന്, ഭക്ഷണത്തിന്, ഫോണിന്, ഒപിഡി ( മെഡിക്കൽ സർവീസ് )… അടിസ്ഥാനപരമായി എല്ലാത്തിനും ക്യൂകളുണ്ട്. ഇത് ഒരുപാട് വഴക്കുകൾക്കും ഇടയാക്കുന്നു.

അതേസമയം, സ്വകാര്യത ഇല്ലാത്തതിനാൽ പല വലിയ സൗഹൃദങ്ങളും ഇവിടെ രൂപപ്പെടുന്നു. അതിനാൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമില്ല. നിങ്ങൾക്കും മറ്റേ വ്യക്തിക്കും ഇടയിൽ ഒരു മതിലും ഇല്ല. സാധാരണ ജീവിതത്തിന്റെ ഭാഗമായ പ്രാരംഭ ആചാര മര്യാദദകൾക്കൊന്നും അവിടെ സമയമില്ല.

നിങ്ങൾ പരസ്‌പരം 24×7 കൂടെയുണ്ട്, നിങ്ങളുടെ അടുത്ത് കരയുന്ന ഒരാളെ എങ്ങനെ അവഗണിക്കാം? നിങ്ങളുടെ അടുത്തിരുന്ന് നിങ്ങൾ കഴിക്കുന്നത് നോക്കുന്ന ഒരാളുമായി ഒരു കഷ്ണം ചിക്കൻ പങ്കിടാതിരിക്കുന്നതെങ്ങനെ? തീർച്ചയായും, നിങ്ങൾ പങ്കിടും.

ഒരിക്കലും നിങ്ങൾ അറിയുമെന്ന് ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ആളുകളുമായി നിങ്ങൾ ചങ്ങാതിമാരാകുന്നു.

എന്നെ അമ്മി എന്ന് വിളിച്ച ഒരു യുവതിയുണ്ടായിരുന്നു; അവൾ എന്റെ ദത്തുപുത്രിയെപ്പോലെയായിരുന്നു.

മാനസികമായി അൽപ്പം മന്ദഗതിയിലായിരുന്ന അവൾ ഭർത്താവിനൊപ്പം ബാന്ദ്ര ( വടക്ക് പടിഞ്ഞാറൻ മുംബൈ ) സ്കൈവാക്കിൽ താമസിച്ചു.

ഒരിക്കൽ ഒരു ആൾക്കൂട്ടം അവരെ ആക്രമിച്ചു, കല്ലെറിഞ്ഞാണ് ഇവരെ ആക്രമിച്ചത്. അവളുടെ ഭർത്താവ് രക്തം വാർന്നു മരിച്ചു. അവന്റെ കൊലപാതകത്തിൽ അവളെ കുറ്റക്കാരിയാക്കി.

ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് അവൾ കരുതി . തുടക്കത്തിൽ, അവൾ ഭ്രാന്തുള്ളപോലെയായിരുന്നു , മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും ദേഷ്യപ്പെടുകയും തല്ലുകയും ചെയ്യുമായിരുന്നു.

ഞാൻ അവളെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോൾ , അവൾ ഒരു സുഹൃത്തായി.

ഞാൻ സാധാരണയായി ഉണ്ടാക്കാറുള്ള തരത്തിലുള്ള സൗഹൃദമല്ല ഇത്; ഇതുപോലെ ഒരാളെ പോലും ഞാൻ കാണുമായിരുന്നില്ല.

ബംഗ്ലാദേശി സ്ത്രീകളെപ്പോലെ, വിവിധ ഭാഷകൾ സംസാരിക്കുന്നവരെപ്പോലെ വേറെയും പലരും ഉണ്ടായിരുന്നു.

എന്റെ അഭിഭാഷകൻ മുഖേന, അവരുടെ കേസുകളുടെ തീയതികളെക്കുറിച്ചും എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചും ഞാൻ അവരെ അറിയിക്കും, സൈദ്ധാന്തികമായി, ജയിലിൽ ഒരു സഹായവും നൽകാൻ ഒരാൾക്കും അനുവാദമില്ല.

കൊവിഡ് ആരംഭിച്ചതും തടവുകാർക്ക് അവരുടെ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതും ആയിരുന്നു സാഹചര്യം . അവരുടെ അഭിഭാഷകരുമായി ഓൺലൈനിൽ സംസാരിച്ച് എന്നെ അറിയിക്കാൻ ഞാൻ എന്റെ അഭിഭാഷകനോട് അഭ്യർത്ഥിച്ചു.

ഒരിക്കൽ ബൈക്കുളയിൽ റൌണ്ടിലുണ്ടായിരുന്ന സൂപ്പർവൈസർ എന്നെ ശാസിച്ചു. എന്റെ കേസ് പരിഗണിക്കുന്ന കോടതിയിൽ എന്നെ കുറിച്ച് അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകി; പ്രത്യക്ഷത്തിൽ, ഞാൻ എന്തോ തെറ്റ് ചെയ്യുകയായിരുന്നു. ഞാൻ തടവുകാരെ ഒന്നിപ്പിക്കുകയും ജാമ്യം ലഭിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.

ഞാൻ ഞെട്ടിപ്പോയി. ഞാൻ എന്തെങ്കിലും നല്ലത് ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതി.

അതിനുശേഷം, സഹായത്തിനായി നേരിട്ട് എന്റെ അഭിഭാഷകന് എഴുതാൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു.

  • നിങ്ങൾ എന്തെങ്കിലും പുതിയ ഭാഷയോ കഴിവുകളോ പുതുതായി അവിടെവെച്ച് പഠിച്ചിട്ടുണ്ടോ ?

യേർവാഡയിൽ വനിതാ കോൺസ്റ്റബിൾമാർ മറാത്തിയിൽ മാത്രമേ സംസാരിച്ചിരുന്നുള്ളൂ, അതിനാൽ എനിക്ക് ആ ഭാഷ പഠിക്കേണ്ടി വന്നു.

തുടക്കത്തിൽ എനിക്ക് അതിന്റെ സൂക്ഷ്മത മനസ്സിലാക്കാൻ കഴിഞ്ഞില്ല, പക്ഷേ എനിക്ക് പൊതുവായ ഒഴുക്ക് ലഭിച്ചു. പിന്നീട് ഞാൻ മറാത്തി പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.

തുടക്കത്തിൽ, പുറത്തുനിന്ന് പുസ്തകങ്ങൾ ലഭിക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ, ഞങ്ങളുടെ ഏക ആശ്രയം ലൈബ്രറി മാത്രമായിരുന്നു. കൂടാതെ, ഒരു സാധാരണ പുരുഷാധിപത്യ സമ്പ്രദായത്തിൽ, മഹിളാ ( സ്ത്രീകളുടെ ) ജയിൽ എല്ലായ്പ്പോഴും പ്രധാന ജയിലിന് കീഴിലാണ്. അതിനാൽ പ്രധാന ജയിലിൽ ലൈബ്രറിയുണ്ട്, അവിടെ നിന്ന് 25 പുസ്തകങ്ങൾ മാത്രമാണ് വനിതാ ജയിലിലേക്ക് കൊണ്ടുവരുന്നത് (ചിരിക്കുന്നു).

ലഭ്യമായ ഇംഗ്ലീഷ് പുസ്‌തകങ്ങളെല്ലാം ഞാൻ വായിച്ചു, തുടർന്ന് ശ്യാംചി ആയ് , ഡോ. അംബേദ്കർ , തീർച്ചയായും വീർ സവർക്കറുടെ മഹ്‌ജി ജന്മതേപ്പ് എന്നിവയുൾപ്പെടെ വളരെ രസകരമായ മറാത്തി പുസ്തകങ്ങൾ വായിച്ചു .

മറാത്തിയിൽ ആൻ ഫ്രാങ്കിന്റെ ദി ഡയറി ഓഫ് എ യംഗ് ഗേൾ പോലും വായിച്ചു.

എല്ലാവരും ഹിന്ദി സംസാരിക്കുന്നതിനാൽ ബൈക്കുള ജയിൽ കൂടുതൽ കോസ്‌മോപൊളിറ്റൻ ആണ്.

യെർവാഡയിൽ നിന്ന് ഒരു പുതിയ ഭാഷ പഠിച്ച ഞാൻ , ബൈക്കുളയിലെ നിയമപ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സാധാരണ ക്രിമിനൽ വിചാരണയ്ക്ക് വിധേയരാകുന്നവർക്കുള്ള നിയമസഹായത്തെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കി.

ഒരു അഭിഭാഷക എന്ന നിലയിൽ, തൊഴിൽ നിയമം, ഭൂമി ഏറ്റെടുക്കൽ നിയമം, പരിസ്ഥിതി നിയമം, മനുഷ്യാവകാശ നിയമം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇതുവരെയുള്ള എന്റെ പ്രാക്ടീസ്.

വിചാരണത്തടവുകാർക്ക് നിയമസഹായം നൽകുന്നത് ഭരണഘടനാപരമായ കർത്തവ്യമാണ്. നാം അഡ്‌ഹോക്ക്, കാം ചലൗ രീതികളെ ആശ്രയിക്കരുത്; ഫലപ്രദമായ നിയമസഹായം അത്യാവശ്യമാണ്.

ഇത് വളരെ പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ ഒരു പ്രശ്നമാണ്, ഈ കുറവിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും അത് നികത്തുന്നതിനുമായി ഞാൻ ഒരു പൊതു താൽപ്പര്യ വ്യവഹാരം ഫയൽ ചെയ്യാൻ ശ്രമിക്കണം എന്ന് കരുതുന്നു.

ഇത് ഞാൻ പഠിച്ച കാര്യമാണ്. എന്നെത്തന്നെ പരിപാലിക്കാനും ഞാൻ പഠിച്ചു.

തുടരും ….


കടപ്പാട് : നീത കോൽഹത്കർ /rediff.com


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal