“ഞാൻ വധശിക്ഷ തടവുമുറിയിൽ അടയ്ക്കപ്പെട്ടു” സുധ ഭരദ്വാജ്

എന്നോട് അടുത്ത മുറിയിൽ പോയി വസ്ത്രം ഊരിമാറ്റാൻ പറഞ്ഞു. അപ്പോഴാണ് ഇത് നിങ്ങളെ ആദ്യമായി ബാധിക്കുന്നത് . നിങ്ങൾ ഒരു കുറ്റവാളിയാണ്, നിങ്ങളോട് ഒരു കുറ്റവാളിയോടെന്ന പോലെയാണവർ പെരുമാറുന്നത് .’

നിങ്ങളുടെ പേരിനുപകരം ” യേ നയാ മാവോവാദി ആയാ ഹേ ( ഒരു പുതിയ മാവോയിസ്റ്റ് വന്നിരിക്കുന്നു ) ” എന്ന് കേൾക്കുമ്പോൾ അത് ഞെട്ടിപ്പിക്കുന്നതാണ് . നിങ്ങളുടെ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ അവർ നിങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നു.


മൊഴിമാറ്റം : ആരതി

2018 ൽ സുധ ഭരദ്വാജ് അറസ്റ്റിലായപ്പോൾ ചരിത്രകാരനും ഗാന്ധിയുടെ ജീവചരിത്രകാരനുമായ രാമചന്ദ്ര ഗുഹ പറഞ്ഞു, ” മഹാത്മാവ് തന്റെ അഭിഭാഷകന്റെ കോട്ടെടുത്തണിഞ്ഞു ഛത്തീസ്ഗഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതം ചെലവഴിച്ച ഐഐടി-ഡൽഹി പൂർവ്വ വിദ്യാർത്ഥി സുധ ഭരദ്വാജിന് വേണ്ടി വാദിക്കുമെന്നതിൽ സംശയമില്ല.”

മൂന്ന് വർഷം മുമ്പ്, ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലാവുകയും കുറ്റം ചുമത്തുകയും ചെയ്ത ശേഷം, സുധ ഭരദ്വാജ് ഉപാധികളോട്ടെ ജാമ്യത്തിൽ പുറത്തിറങ്ങി.

ഒരു അഭിഭാഷകയും ആക്ടിവിസ്റ്റും തൊഴിലാളി സംഘടന നേതാവുമായ സുധ ബോസ്റ്റണിൽ ജനിച്ച് കുട്ടിക്കാലത്ത് അമേരിക്കയിലും യുണൈറ്റഡ് കിംഗ്ഡത്തിലും താമസിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.

അവരുടെ ഉപാധികളോടെയുള്ള ജാമ്യം അർത്ഥമാക്കുന്നത് അവർക്ക് മുംബൈയിൽ താമസിക്കുകയും അവിടെ നിന്ന് വീണ്ടും പൂർണ്ണമായും ആദ്യം മുതൽ ജീവിതം ആരംഭിക്കുകയും വേണം എന്നാണ്. ഈ നഗരം ജോലിയെ ബഹുമാനിക്കുന്നു എന്നതാണ് വെള്ളിവെളിച്ചം എന്ന് സുധ പറയുന്നു.

സുധ ഭരദ്വാജ് Rediff.com സീനിയർ കോൺട്രിബ്യൂട്ടർ നീത കോൽഹട്ട്കറുമായി ജയിലിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു. തടവുകാർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത്, പരിഗണിക്കുന്നത് തന്റെ മകളുമായുള്ള മുലാഖത്തീൻ (സന്ദർശകരുമായുള്ള അഭിമുഖം ) കഠിനമായിരുന്നു. ജയിലിൽ സ്ത്രീകൾ സ്വീകരിക്കുന്ന അതിജീവന സംവിധാനങ്ങൾ, കൗതുകകരവും മുന്നോട്ട് കൊണ്ടുപോകുന്നതിന് കരുത്തേകുന്നതുമാണെന്ന് അവർ പറയുന്നു.

  • നിങ്ങൾ ഉപാധികളോടെയുള്ള ജാമ്യത്തിലാണ്. റിയലിസ്റ്റിക് ആയി പറഞ്ഞാൽ നിങ്ങൾ എത്ര സ്വാതന്ത്രമാണ് സുധ ?

( പുഞ്ചിരി ) അതെ , എനിക്ക് പൂർണ്ണമായും സ്വതന്ത്രമായി തോന്നുന്നില്ല. ഇത് ( മുംബൈ ) എനിക്ക് ഒരു അന്യ നഗരമാണ്. എന്റെ മിക്ക ജോലികളും ഛത്തീസ്ഗഡിലാണ്; എനിക്ക് അത് ഉപേക്ഷിക്കാനോ അവഗണിക്കാനോ കഴിയില്ല.

എന്റെ യൂണിയൻ അവിടെയുണ്ട് ( ഛത്തീസ്ഗഡ് മുക്തി മോർച്ച, മസ്ദൂർ കാര്യകർത്താ കമ്മിറ്റി ).

ഞാൻ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്ന ഹൈക്കോടതി അവിടെയാണ്.

എന്റെ മകൾ അവിടെ ഒരു കോളേജിൽ പഠിക്കുന്നു.

എനിക്ക് ഇപ്പോൾ വീണ്ടും തുടങ്ങണം. എനിക്കൊരു ജോലി അന്വേഷിക്കണം. എനിക്കൊരു വീട് കണ്ടുപിടിക്കണം.

അതിനാൽ, അതെ, ഞാൻ 60-ാം വയസ്സിൽ വീണ്ടും ജീവിതം ആരംഭിക്കുകയാണ് ( ചിരിക്കുന്നു ). ബുദ്ധിമുട്ടുള്ള കാര്യമാണ്.

  • അറുപതിലെ പുതിയ യൗവ്വനം ?

( ചിരിക്കുന്നു ) എനിക്ക് പ്രായമായതായി തോന്നുന്നില്ല, പക്ഷേ 25-ാം വയസ്സിൽ ഛത്തീസ്ഗഢിൽ പോയപ്പോൾ ഉണ്ടായിരുന്ന അതേ ഊർജ്ജം എനിക്കില്ല.

  • നിയമത്തെയും ജയിലിനെയും കുറിച്ചുള്ള നിങ്ങളുടെ അനുഭവവും അറിവും (ജയിലിൽ കഴിയുന്നവരെ സഹായിച്ചു കൊണ്ട് ഉള്ള മുൻകാല അനുഭവങ്ങൾ ) നിങ്ങൾ അറസ്റ്റിലാകുമ്പോൾ വരാനിരിക്കുന്ന കാര്യങ്ങൾക്ക് നിങ്ങളെ ഒരുക്കിയോ?

അതെ, ഞാൻ നിയമസഹായത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ജയിലിൽ പോകുന്നതിന് മുമ്പ് 15 വർഷമായി ഞാൻ വക്കീലായി പ്രവർത്തിക്കുന്നു.

എന്നിരുന്നാലും, പ്രാരംഭ ഞെട്ടലും മുഴുവൻ പ്രക്രിയയുടെ അനാദരവും ആരെയും വേദനിപ്പിക്കും.

ഏകദേശം രാത്രി 8-8.30 ന് ( പൂനെയിലെ ) യെർവാഡ ജയിലിൽ എത്തിയതായി ഞാൻ ഓർക്കുന്നു .

വെളിച്ചം മങ്ങി ഇരുട്ടി തുടങ്ങിയിരുന്നു. ജയിൽ അധികൃതർ അടുത്ത മുറിയിൽ പോയി വസ്ത്രം ഉരിയാൻ എന്നോട് പറഞ്ഞു — അപ്പോഴാണ് ഇത് നിങ്ങളെ ആദ്യമായി ബാധിക്കുന്നത് … നിങ്ങൾ ഒരു കുറ്റവാളിയാണെന്നും നിങ്ങളോട് അവർ ഒരു കുറ്റവാളിയെപോലെയാണ് പെരുമാറുന്നത് എന്നും.

“ഇത് അനുവദനീയമല്ല… ടി-ഷർട്ടുകൾ പാടില്ല… ട്രാക്ക്പാന്റുകൾ പറ്റില്ല ” എന്ന് പറഞ്ഞ് അവർ എന്റെ ബാഗുകൾ തുറന്ന് എല്ലാം പുറത്തേക്ക് എറിഞ്ഞു.

ജയിലിലെ നിങ്ങളുടെ ബാരക്കിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു പാട്ടിയും ( ധുരിയുടെ ഒരു സ്ട്രിപ്പ്, (ചൗക്കാളം) ), ഘോംഗ്രി ( നെയ്ത പരുപരുത്ത ഷീറ്റ് ), ചദ്ദർ ( പുതപ്പ് ), അലുമിനിയം പാത്രവും പ്ലേറ്റും ഒരു മഗ്ഗും നൽകും. ( ഇന്ത്യയിലുടനീളമുള്ള വിവിധ ജയിലുകളിലെ തടവുകാരാണ് ഈ പാട്ടികൾ, ഗോംഗ്രികൾ, ചദ്ദറുകൾ എന്നിവ നിർമ്മിക്കുന്നത്. )

ഇതിനു ശേഷം അവിടെയുള്ള തടവുകാർ അവർക്കൊപ്പം വളരെ വിമുഖതയോടെ നിങ്ങൾക്കായി ഇടം നൽകുന്നു.

അങ്ങനെയാണ് നിങ്ങൾ ആദ്യരാത്രി ചിലവഴിക്കുന്നത്.

അടുത്ത ദിവസം രാവിലെ 5.30 ന് എഴുന്നേൽക്കുക ബുദ്ധിമുട്ടാണ്, കാരണം രാത്രി നിങ്ങൾ വളരെ കുറച്ചേ ഉറങ്ങിയിട്ടുണ്ടാവുകയുള്ളൂ.

രാവിലെ സെല്ലിന് പുറത്ത് മുഴുവൻ തടവുകാരെയും എണ്ണി തിട്ടപ്പെടുത്തുന്നതുവരെ തണുപ്പിൽ വിറച്ചുകൊണ്ട് നിങ്ങൾ വരിയായി കുത്തിയിരിക്കുമ്പോഴും ഇരുട്ടായിരിക്കും.

നിങ്ങളുടെ പേരിനുപകരം ” യേ നയാ മാവോവാദി ആയാ ഹേ ( ഒരു പുതിയ മാവോയിസ്റ്റ് വന്നിരിക്കുന്നു ) ” എന്ന് കേൾക്കുമ്പോൾ അത് ഞെട്ടിപ്പിക്കുന്നതാണ് . നിങ്ങളുടെ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ അവർ നിങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നു ( ചിരിക്കുന്നു ).

പിന്നെ, അവർ എന്നെ ഒരു പ്രത്യേക സെല്ലിലേക്ക് അയച്ചു. ക്രമേണ, ഒരാൾക്ക് അത് ശീലമാകുന്നു… നിങ്ങളോട് പെരുമാറുന്ന രീതിയല്ല, ചുറ്റുമുള്ളവരോട് അവർ പെരുമാറുന്ന രീതി.

ബൈകുല്ല ജയിലിൽ, തടവുകാരെ അഭിസംബോധന ചെയ്യുന്നതിനുള്ള ജയിലധികൃതരുടെ പ്രിയപ്പെട്ട മാർഗം തൊബാദ് ( ഒരാളുടെ മുഖം പരാമർശിക്കുന്ന ഒരു അപമാനകരമായ വാക്ക് ) ആണ്, അത്തരത്തിൽ ആരെയും വിളിക്കുന്നത് നല്ല രീതിയല്ല.

അത് എനിക്ക് വ്യക്തിപരമായി സംഭവിച്ചതല്ല; എന്നോട് എപ്പോഴും മാന്യമായി പെരുമാറി. ഇത് എന്റെ പ്രായവും പേരും വർഗ്ഗവും കാരണമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ തടവുകാരെ അഭിസംബോധന ചെയ്യുന്ന പൊതുരീതി, ‘ തോബാദ്, ലൈൻ മേ ജാവോ ( ലൈനിൽ കയറൂ )’ എന്നായിരുന്നു.

ജയിൽ ഉദ്ദ്യോഗസ്ഥർ ഞങ്ങളെ അഭിസംബോധന ചെയ്യുന്ന അവരുടെ മറ്റൊരു പ്രിയപ്പെട്ട രീതി ‘ ബഹുത് ചാപ്റ്റർ ഹേ ‘ എന്നായിരുന്നു. സമാധാനം നിലനിർത്തുന്നതിനുള്ള CrPC ( കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ ) അധ്യായത്തെയാണ് ‘ചാപ്റ്റർ ‘ എന്നതുകൊണ്ട് അവർ സൂചിപ്പിക്കുന്നത്, അതിനാൽ സെക്ഷൻ 107, 110, 116 എന്നിവ പ്രകാരം കേസുകൾ ഉള്ളവയെല്ലാം ‘അധ്യായം’ കേസുകളാണ്. അത്തരക്കാരെ സ്ഥിരം കുറ്റവാളിയായി അവർ കണക്കാക്കുന്നു.

തുടർന്ന്, നിങ്ങളെ ‘ തു ‘ എന്ന് അഭിസംബോധന ചെയ്യുന്നു! ( മറാത്തിയിലോ ഹിന്ദിയിലോ, നിങ്ങൾ ഒരാളെ ബഹുമാനിക്കാതെ അഭിസംബോധന ചെയ്യുകയാണെങ്കിൽ ‘നിങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അങ്ങനെയാണ്, ഈ സാഹചര്യത്തിൽ നിങ്ങൾ സംസാരിക്കുന്ന രീതി മറ്റൊരാളെ അപമാനിക്കുന്ന രീതിയാണ്. നിങ്ങൾക്ക് നന്നായി അറിയാവുന്ന ഒരാളെ സാധാരണ രീതിയിൽ അഭിസംബോധന ചെയ്യുക, ‘തു’ എന്നുപയോഗിച്ചാണ് ഈ സാഹചര്യത്തിൽ അത് അപമാനകരമല്ല. )

ബഹുമാനത്തോടെ പെരുമാറാൻ തക്ക പ്രായവും അനുഭവപരിചയവും നേടിയിട്ടുള്ള ഒരാൾക്ക് , അതിനാൽ ആദ്യമായി ഇതെല്ലാം അഭിമുഖീകരിക്കുന്നത് നിങ്ങളുടെ മുഖത്ത് ഒരു ബക്കറ്റ് തണുത്ത ഐസ് വെള്ളം എറിയുന്നതിന് തുല്യമായിരിക്കും.

പിന്നീട്, തടവുകാരുമായി ഞാൻ സൗഹൃദത്തിലായപ്പോൾ, ഞങ്ങൾ എല്ലാവരും ഒരേ ബോട്ടിലെ യാത്രക്കാരാണെന്ന് ഞാൻ മനസ്സിലാക്കി.

  • ജാമ്യത്തിനുള്ള പണം താങ്ങാനാവാതെ വർഷങ്ങളായി ജയിലിൽ കഴിയുന്ന വനിതാ തടവുകാരുമായി സംവദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ?

യെർവാദയിൽ, മറ്റ് തടവുകാരുമായും മറ്റ് ആളുകളുമായും ഞങ്ങൾക്ക് കൂടുതൽ ഇടപഴകാൻ അനുവാദമില്ല, കാരണം പ്രൊഫസർ ഷോമ സെന്നും ( ഇതേ കേസിലെ ഒരു പ്രതി, അവൾ നാഗ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു, സ്ത്രീകളുടെ അവകാശ പ്രവർത്തകയാണ് ) ഞാനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് രണ്ട് തടവുകാരായ ഗാവിറ്റ് സഹോദരിമാരോടൊപ്പം ‘ഫാസി യാർഡിൽ’ (വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കായി കരുതിവച്ചിരിക്കുന്ന ജയിലിന്റെ സുരക്ഷ കൂടുതലുള്ള ഒരു ഭാഗം) തടവിലാക്കപ്പെട്ടു. ( സീമ ഗാവിത്തും രേണുക ഷിൻഡെയും അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു. 13 തട്ടിക്കൊണ്ടുപോകൽ കേസുകളും ഒമ്പത് കൊലപാതകങ്ങളും ഉൾപ്പെട്ടതായിരുന്നു യഥാർത്ഥ കുറ്റം .

ഞങ്ങൾ ഓരോരുത്തരും വെവ്വേറെ, തൊട്ടടുത്തുള്ള സെല്ലുകളിലായിരുന്നു.

ഞങ്ങൾ അവരെ ഭയപ്പെട്ടു. അവർ വളരെക്കാലം ജയിലിൽ കിടന്നതുകൊണ്ടാകാം, അവർക്ക് പെട്ടെന്ന് ദേഷ്യം വരും. ചിലപ്പോൾ ഭീകരമായ ക്രോധം പ്രകടിപ്പിക്കും.

അവരുടെ വധശിക്ഷ ഇളവ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പ് അവർ 25 വർഷം ജയിലിലായിരുന്നു.

എന്നിരുന്നാലും, ബൈക്കുളയിൽ ഞങ്ങൾ പല ബാരക്കിലായിരുന്നു ; അവിടെയാണ് ജയിലിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിരവധി സ്ത്രീകളെ ഞങ്ങൾ കണ്ടുമുട്ടിയത്.

ഈ സ്ത്രീകളിൽ പലരെയും അവരുടെ കുടുംബങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട് പ്രത്യേകിച്ചും ഇമ്മോറൽ ട്രാഫിക്ക് (പ്രിവൻഷൻ) ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരെ .

അവർ തങ്ങളുടെ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവരെ അവരുടെ മാതൃ കുടുംബവും അവരുടെ ഭർതൃ ബന്ധുക്കളും നിരസിക്കുന്നു.

പിന്നെ വക്കീലിനെ താങ്ങാൻ പറ്റാത്തവരുണ്ട്. ബംഗ്ലാദേശ് പോലെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവരും.

ഞാൻ ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു ( പുഞ്ചിരി ). എനിക്ക് എന്റെ സംഘടനയും എന്റെ യൂണിയനും എന്റെ മകളും എന്നെക്കുറിച്ച് വേവലാതിപ്പെടുന്ന എന്റെ സുഹൃത്തുക്കളും ഉണ്ട്. എനിക്ക് വേണ്ടി പോരാടുന്ന നല്ല അഭിഭാഷകർ എനിക്കുണ്ട്. സമയമെടുത്താലും അവർ അവിടെ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.

ഒരു തുണയും ഇല്ലാത്ത സ്ത്രീകൾക്ക് ഇത് ഭയാനകമായ അവസ്ഥയാണ്.

എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയാൻ പറ്റുന്നില്ല. പാൻഡെമിക് സമയത്ത്, അവരുടെ കേസുകളിൽ ഒരു ചലനവും ഉണ്ടായിട്ടില്ല. മുലാഖത്ത് ( സന്ദർശകരുമായുള്ള അഭിമുഖം ) പാടില്ല . കോടതിയിൽ കേസിനു കൊണ്ടുപോകുന്നതും ഇല്ല .

അവരുടെ നിരാശയുടെയും നിസ്സഹായതയുടെയും അളവ് വളരെ ഉയർന്നതാണ്.

  • നിങ്ങൾക്ക് ജയിലിൽ കൊറോണ വൈറസ് ബാധിച്ചപ്പോൾ എങ്ങനെയായിരുന്നു?

ഇന്ത്യൻ ജയിലുകളിൽ സാമൂഹിക അകലം പാലിക്കുന്നത് സാധ്യമല്ല എന്നതാണ് എല്ലാവരും ഉച്ചത്തിലും വ്യക്തമായും മനസ്സിലാക്കേണ്ട കാര്യം.

ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഉറങ്ങുന്നത് 3×6 ലാഡിയിലാണ് ( ടൈൽ വിരിച്ച തറ ) പരസ്പരം അടുത്താണ് ഉറങ്ങുന്നത്.

ബൈകുള ജയിലിലേക്ക് എന്നെ അയച്ച ആദ്യത്തെ ബാരക്കിൽ 35 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്, ഞങ്ങൾ 56 പേർ അവിടെ ഉണ്ടായിരുന്നു.

എന്റെ മെഡിക്കൽ ജാമ്യാപേക്ഷയിൽ, ബാരക്കിലെ മൊത്തം തടവുകാരുടെ എണ്ണം 35 ൽ മൂന്നിൽ രണ്ട് ആണെങ്കിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്ന് ജയിൽ അധികൃതർ കോടതിയോട് വ്യക്തമായി പറഞ്ഞു.

ഞങ്ങൾ പരസ്പരം അടുത്ത് ഉറങ്ങുന്നു, പൊതുവായ കുളിമുറികൾ പങ്കിടുന്നു, ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ആദ്യ തരംഗത്തിൽ , ഞങ്ങൾ ബൈക്കുളയിൽ ഭാഗ്യവാനായിരുന്നു. എന്നാൽ രണ്ടാമത്തെ തരംഗം ഗുരുതരമാണെന്ന് തെളിഞ്ഞു.

അമ്പത്തിയാറ് പേർ പോസിറ്റീവ് ആണെന്ന് ടെസ്റ്റിൽ കണ്ടെത്തി , അവരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കോവിഡ് സെന്ററിലേക്ക് അയച്ചു, അവിടെ അവർ കിടക്കയിൽ ഉറങ്ങി. ഒരു എൻജിഓ നിലവാരമുള്ള സസ്യാഹാരം നൽകി.

ജയിലിൽ നിന്ന് അവർ ഭയന്ന് കരഞ്ഞുകൊണ്ട് പുറത്തുപോയി; അവരെ എവിടേക്കാണ് അയയ്ക്കുന്നതെന്ന് അവർക്കറിയില്ലായിരുന്നു. തിരിച്ചു വന്നപ്പോൾ മധുര പലഹാരങ്ങൾ ഉൾപ്പെടെ നല്ല ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവർ.

ദ്രുതഗതിയിൽ ആന്റിജൻ പരിശോധനകൾ നടത്തിയതിനാൽ ധാരാളം സ്ത്രീകൾ വൈറസിൽ നിന്ന് രക്ഷപ്പെട്ടു.

എന്റെ ബാരക്കിൽ, 13 സ്ത്രീകൾ പോസിറ്റീവ് ആയപ്പോൾ എന്റെ ഇടതുവശത്തും എന്റെ മുന്നിലും വലതുവശത്തും പോസിറ്റീവ് തടവുകാർ ഉണ്ടായിരുന്നു.

എനിക്ക് ചെറിയ പനിയും വയറിളക്കവും ഉണ്ടായിരുന്നു, എന്നാൽ എനിക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ ഇപ്പോൾ പറയുന്നു ; അന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വഴി ഇത് കണ്ടെത്താനായില്ല.

പോസിറ്റീവ് അല്ലെങ്കിലും ജയിലിനുള്ളിൽ ആയിരുന്നാൽ നമ്മളെല്ലാവരും ക്വാറന്റൈൻ ബാരക്കുകളിൽ കുടുങ്ങിപ്പോകും എന്നതായിരുന്നു പ്രശ്നം. അതിനർത്ഥം ഞങ്ങൾ രോഗികളാൽ ചുറ്റപ്പെട്ടിരുന്നു എന്നാണ്. കൂടാതെ, ആ പ്രത്യേക ക്വാറന്റൈൻ ബാരക്കുകൾ വളരെ മോശമായിരുന്നു. നാല് കുളിമുറികളിൽ മൂന്നെണ്ണം ശ്വാസം മുട്ടിക്കുന്നതായിരുന്നു. ഇത് വൃത്തിയാക്കാൻ തൂപ്പുകാരാരും വരാൻ തയ്യാറായില്ല. അസുഖം കൂടിയതിനാൽ അകത്തുണ്ടായിരുന്ന സ്ത്രീകൾ സ്വയം വൃത്തിയാക്കേണ്ടി വന്നു.

ഞങ്ങളുടെ ഭക്ഷണം അഴികൾക്കിടയിലൂടെ ഞങ്ങൾക്ക് എറിഞ്ഞു തന്നു… ആ ഒന്നര മാസം ഭയാനകമായിരുന്നു!

കോവിഡ് നിങ്ങളെ വളരെ ദുർബലമാക്കുന്നു. അതുവരെ തൂത്തുവാരലും തുടക്കലുമൊക്കെ എന്റെയും ബാരക്ക് ഡ്യൂട്ടികളായിരുന്നു. ഞാൻ എന്റെ വസ്ത്രങ്ങൾ സ്വയം കഴുകുമായിരുന്നു. അസുഖം വന്നതിന് ശേഷം എനിക്ക് ഇതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

  • നിങ്ങൾക്ക് മറ്റു മാർഗമുണ്ടെങ്കിൽ, ഈ കടമകൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് ഒഴിവാകാൻ കഴിയുമായിരുന്നോ ?

അതെ. വർഗ്ഗ സംവിധാനം ജയിലിനുള്ളിൽ സജീവമാണ്. അവിടെ കാന്റീൻ ആണ് കറൻസി.

നിങ്ങൾക്ക് ഒരു PPC ( വ്യക്തിഗത ജയിൽ സെൽ ) അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് പണം അയക്കുന്ന ആരെങ്കിലും പുറത്ത് ഉണ്ടെങ്കിൽ, നിങ്ങൾക്ക് സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, ചിവ്ദ പോലുള്ളവ കാന്റീനിൽ നിന്ന് വാങ്ങാം. ഞായറാഴ്ചകളിൽ നിങ്ങൾക്ക് ചിക്കൻ പോലുള്ള പ്രത്യേക വിഭവങ്ങൾ ലഭിക്കും. നിങ്ങൾ ജയിലിലായിരിക്കുമ്പോൾ, ഭക്ഷ്യയോഗ്യമായ ഭക്ഷണവും ഇത്തരത്തിലുള്ള ആഡംബരങ്ങളും നിങ്ങൾ ശരിക്കും പ്രതീക്ഷിക്കുന്ന ഒന്നാണ്.

ഇത് ഒരു ബാർട്ടർ സമ്പ്രദായത്തിലേക്ക് നയിച്ചു. കഴിവുള്ളവർ പാവപ്പെട്ട ഒരാൾക്ക് കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നു. പകരമായി, അവർ നിങ്ങളുടെ ബാരക്ക് ചുമതലകളും നിങ്ങളുടെ ജോലികളും ഏറ്റെടുക്കുന്നു.

  • വിചിത്രമായ ഒരു വിരോധാഭാസമെന്നു പറയട്ടെ, യേർവാദ ജയിലിൽ പൂച്ചകൾ സ്വതന്ത്രമായി വിഹരിക്കുന്നു, അതേസമയം മനുഷ്യർ അഴികൾക്ക് പിന്നിൽ കുടുങ്ങിക്കിടക്കുന്നു.

( ചിരിക്കുന്നു ) അതെ, യെർവാദയിൽ പൂച്ചകൾ ഉണ്ടായിരുന്നു, പക്ഷേ ബൈക്കുളയിൽ ഇല്ലായിരുന്നു.

ഞാൻ നേരത്തെ പറഞ്ഞ ഗാവിറ്റ് സഹോദരിമാർ പൂച്ചകളെ പല തലമുറകളായി വളർത്തിയിട്ടുണ്ട്.

വാസ്തവത്തിൽ, അവിടെ പൂച്ചകളെ കാണുന്നത് കൗതുകകരമായിരുന്നു. ജയിലിൽ കിടക്കുന്നത് വരെ എനിക്ക് പൂച്ചകളെ ഇഷ്ടമായിരുന്നില്ല, അവരോട് ഇടപഴകിയിരുന്നില്ല. ഒരു ജോലിക്കാരിയായ സ്ത്രീയും അവിവാഹിതയായ അമ്മയും ആയതിനാൽ, എന്നെയും എന്റെ മകളെയും നോക്കാൻ എനിക്ക് മതിയായ സമയം ഉണ്ടായിരുന്നില്ല.

പക്ഷേ, അവിടെ പൂച്ചകളെ കാണാൻ ഭംഗിയുണ്ടായിരുന്നു. അവർ വെയിലത്ത് നീണ്ടുകിടക്കും. പൂച്ചക്കുട്ടികൾ മരങ്ങളിൽ കയറുകയും അവിടെ കുടുങ്ങുകയും ചെയ്യും. തടവുകാർ ബെഡ്ഷീറ്റുമായി പുറത്തേക്ക് ഓടുകയും സുരക്ഷിതമായി വീഴാൻ കഴിയുന്ന തരത്തിൽ പൂച്ചക്കുട്ടിയുടെ താഴെ പിടിക്കുകയും ചെയ്യും.

ഈ പൂച്ചകളെ യെർവാദയിൽ സാർവത്രികമായി ദത്തെടുത്തു.

വർഷങ്ങളോളം അവിടെ തടവിലായിരിക്കുന്ന ഒരു വൃദ്ധയായ ഭിൽ ( ഒരു ഗോത്ര വിഭാഗം ) സ്ത്രീ അവരോട് തന്റെ പാട്ടുപാടുന്ന രീതിയിൽ സംസാരിക്കുകയും അവരോട് ഭിലാല ഗാനങ്ങൾ ആലപിക്കുകയും ചെയ്യുമായിരുന്നു. അവർ തനിക്ക് കിട്ടുന്ന പാലിന്റെ അളവ് പൂച്ചക്കുട്ടികളുമായി പങ്കിടും.

ഗ്രാമത്തിലെയും കാടുകളിലെയും പഴയ ജീവിതത്തെ അത് അവരെ ഓർമ്മിപ്പിച്ചിരിക്കാം.

മൂന്ന് ഭാഗങ്ങളുള്ള പ്രത്യേക അഭിമുഖത്തിന്റെ ആദ്യഭാഗം

തുടരും…


കടപ്പാട് : rediff.com / നീത കോൽഹട്ട്കർ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal