വിചാരണ

ഒരു സായം സന്ധ്യയിൽ
ഉഴിച്ചിലും പിഴിച്ചിലുമായി
ഒരന്തേവാസിയുടെ ദേഹത്ത്
ചിലർ കയറിയിറങ്ങിയപ്പോൾ
“കൈത്തരിപ്പ്” രോഗത്തിന്റെ
ചികിത്സ എന്നാണ് കേട്ടത്


രാജീവൻ

വിയ്യൂർ അതീവ സുരക്ഷ ജയിലിൽ കഴിയുന്ന വിചാരണ മാവോയിസ്റ്റ് തടവുകാരൻ രാജീവന്റെ കവിത.

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട്
കാരാഗൃഹത്തിൽ എത്തിയപ്പോൾ
ആദ്യം കേട്ട ഉപദേശം
“അടങ്ങിയൊതിങ്ങി നിൽക്കണമെന്നാണ്”
രണ്ടാമത്തെ ഉപദേശത്തിൽ ഒരാജ്ഞാസ്വരമുണ്ട്
“മറ്റുള്ളവരെ കാര്യത്തിൽ തലയിടരുത്”
ഒരു സായം സന്ധ്യയിൽ
ഉഴിച്ചിലും പിഴിച്ചിലുമായി
ഒരന്തേവാസിയുടെ ദേഹത്ത്
ചിലർ കയറിയിറങ്ങിയപ്പോൾ
“കൈത്തരിപ്പ്” രോഗത്തിന്റെ
ചികിത്സ എന്നാണ് കേട്ടത്
ചികിത്സയുടെ കാഠിന്യത്താൽ
ഉഴിചിലിനിടയിൽ
അന്തേവാസിയുടെ ബോധം പണിമുടക്കി
ഉഴിഞ്ഞവർ വൈദ്യന്മാരല്ലാത്തതുകൊണ്ട്
അവർക്കൊട്ടും പേടിത്തോന്നിയില്ല
ഏറെ സമയത്തിനു ശേഷം
ഒരാബുലൻസ് ചീറി പാഞ്ഞു
ഇവിടെ ഇമ്മാതിരി രോഗവും ചികിത്സയും സാധാരണമാണ്
“ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെക്കണം”
മൂന്നാമത്തെ ഉപദേശത്തിന്റെ വരവ് ഇങ്ങനെയായിരുന്നു
ഇതിലെ ഭീക്ഷണി “അർത്ഥം”
ശരിക്കും മനസ്സിലാകാത്ത ഒരെമ്പോക്കി
“വിളിച്ചു കൂവിയത്രെ ”
മുഖ്യന്റെ കയ്യിൽ നിന്നും ലഭിച്ച
അവാർഡിന്റെ ആഘോഷത്തിനിടയിൽ
ഇതൊരു കല്ലുകടിയായിപോയിപ്പോലും
പിന്നെ വിചാരണ ഇവനെയായ്
ശിക്ഷ കിട്ടിയതും ഇവനായിരുന്നു
നാലാമത്തെ ഉപദേശം വരുമ്പോഴേക്കും
അവനെ “കയറ്റി പൂട്ടിയിരുന്നു”
ഇപ്പോള് അവനും സൂപ്രണ്ടിനും നടുവിൽ
ഒരിരുമ്പഴി
സുപ്രണ്ട് മൊഴിഞ്ഞു
“ഇത് സാധാരണമാണ്
അതിവേഗ വാഹനം
ചിലപ്പോൾ ചിലരെ തട്ടിത്തെറിപ്പിച്ചെന്നിരിക്കും
ബ്രേക്കിട്ടാൽ നിർത്താൻ കഴിയണമെന്നില്ല”
“ചില രാജ്യദ്രോഹികൾ,
ചില രാജ്യദ്രോഹികൾ
അത് വിളിച്ചു കൂവുന്നതും സാധാരണമല്ലേ സാർ”
ഇത് അവന്റെ മൊഴി
ഉപദേശികൾക്ക് ഒരു ഉപദേശവും


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal