കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല തീരസംരക്ഷണമാണ് ശാശ്വതമായ പരിഹാരം : ചെല്ലാനം – കൊച്ചി ജനകീയ വേദി

ചെല്ലാനം-കൊച്ചി തീരത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം കൊച്ചി കപ്പൽചാലിൻ്റെ സാന്നിധ്യവും അതിൻ്റെ ആഴം നിലനിറുത്താനും കൂട്ടാനും മറ്റുമായി പോർട്ട് ട്രസ്റ്റ് നടത്തി വരുന്ന ഡ്രെഡ്ജിങ്ങുമാണ്. വളരെ മുൻപ് തന്നെ ചെല്ലാനം-കൊച്ചി ജനകീയവേദി ചൂണ്ടിക്കാണിച്ച ഈ വസ്തുത ഇന്ന് ശാസ്ത്ര സമൂഹവും ശരിവെക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തെ കുറിച്ച് പഠനം നടത്തിയ നാഷണൽ സെൻറ്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു.


ചെല്ലാനം – കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മേയ് 20 ന് കൊച്ചിൻ പോർട്ട് ഉപരോധ സമരത്തിന് മുന്നോടിയായി ജനകീയ വേദി പ്രവർത്തകർ വിളംബര ജാഥയായെത്തി കൊച്ചി എംഎൽഎ കെ ജെ മാക്സിക്ക് നിവേദനം നൽകി.

സംസ്ഥാന സർക്കാർ ചെല്ലാനം തീരസംരക്ഷണത്തിനായി പ്രഖ്യാ പിച്ച 344.2 കോടി രൂപയുടെ പദ്ധതിയിൽ ചെറിയകടവ്, സിഎംഎസ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശ്ശേരി, സൗദി, ബീച്ച് റോഡ് എന്നീ തീരപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുക, തീരശോഷണഭീഷണി നേരിടുന്ന ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശത്തെ സംരക്ഷിക്കാൻ കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി തീരത്തുടനീളം നിക്ഷേപിച്ച് തീരം പുനർനിർമ്മിക്കാൻ അടിയന്തിരനടപടി സ്വീകരിക്കുക, തീരത്തു നിന്നുള്ള മണ്ണൊഴുക്ക് തടയുന്നതിനായി ചെല്ലാനം-കൊച്ചി തീരത്തുടനീളം പുലിമുട്ടുപാടം നിർമ്മിക്കക, ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളിൽ മഴകാലത്ത് ഉണ്ടാകാനിരിക്കുന്ന കടൽകയറ്റം പ്രതിരോധിക്കുന്നതിനും ദുരിത വ്യാപ്തി കുറയ്ക്കാനും വേണ്ട പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എംഎൽഎയ്ക്ക് നിവേദനം നൽകിയത്.

ജാഥയ്ക്ക് അഡ്വ തുഷാർ നിർമൽ സാരഥി, വി ടി സെബാസ്റ്റ്യൻ, ജോസഫ് ജയൻ കുന്നേൽ, മാർക്കോസ് സ്റ്റാൻലി, പ്രിൻസ്, സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.

കൊച്ചി എംഎൽഎ കെ ജെ മാക്സിക്ക് കൊടുത്ത നിവേദനത്തിന്റെ പൂർണരൂപം

കേരള നിയമസഭയിൽ അങ്ങ് പ്രതിനിധീകരിക്കുന്ന കൊച്ചി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട തീരദേശ പഞ്ചായത്തായ ചെല്ലാനം പഞ്ചായത്തും അതിനോട് ചേർന്നു കിടക്കുന്നതും കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെട്ടതുമായ മാനാശ്ശേരി, സൗദി, ബീച്ച് റോഡ് തുടങ്ങിയ പ്രദേശങ്ങളും അതിരൂക്ഷമായ കടൽകയറ്റവും തീരശോഷണവും നേരിടുന്ന പ്രദേശങ്ങളാണെന്നു അങ്ങേക്ക് അറിവുള്ളതാണല്ലോ. വർഷങ്ങളായി തുടരുന്ന കടൽകയറ്റം മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ ജനജീവിതം വിവരണാതീതമാം വിധം ദുസ്സഹവും ദുരിതപൂർണ്ണവുമാക്കിയിരിക്കുകയാണ്. കടൽകയറ്റം മൂലം കേരള സംസ്ഥാനത്ത് ഏറ്റവുമധികം റവന്യൂ ഭൂമി നഷ്ടമായ തീരം ചെല്ലാനം-കൊച്ചി തീരമാണെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ദർ പറയുന്നു. കടൽകയറ്റവും തീരശോഷണവും ഈ നിലക്ക് തുടർന്നാൽ അധികം വൈകാതെ ചെല്ലാനം-കൊച്ചി തീരപ്രദേശം തന്നെ ഇല്ലാതാകുന്ന നിലയാണുള്ളത്. എന്നാൽ ഇത്ര ഗുരുതരമായ പ്രശ്നമായിട്ടും ഈ വിഷയം പരിഹരിക്കുന്നതിൽ സർക്കാർ കടുത്ത അനാസ്ഥയാണ് പുലർത്തിവരുന്നത്. ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല തീരസംരക്ഷണമാണ് വേണ്ടതെന്നുമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദി സമരം കഴിഞ്ഞ 930 ദിവസങ്ങളായി സമരത്തിലാണ്.

നിലവിൽ ചെല്ലാനം പഞ്ചായത്തിൽ കേരളം സർക്കാർ പ്രഖ്യാപിച്ചതും നടപ്പിലാക്കുന്നതുമായ ടെട്രാപോഡ് കടൽഭിത്തി – പുലിമുട്ട് നിർമ്മാണം അപര്യാപ്തവും ഭാഗികവുമാണ്. ചെല്ലാനം പഞ്ചായത്തിലെ ചെറിയകടവ് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങൾ നിലവിൽ സർക്കാർ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തീരസംരക്ഷണ പദ്ധതിയ്ക്കു പുറത്താണ് എന്ന വസ്തുത കടുത്ത ആശങ്കയുളവാക്കുന്നതാണ്. എല്ലാവർഷവും രൂക്ഷമായ കടൽകയറ്റം നേരിടുന്ന ഈ പ്രദേശങ്ങളിൽ വർഷകാലം എത്താറായിട്ടും യാതൊരു താൽക്കാലിക പ്രതിരോധ നടപടികളും സർക്കാർ സ്വീകരിച്ചിട്ടില്ല എന്നതും ഈ പ്രദേശത്തെ ജനങ്ങളിൽ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.

തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലാകട്ടെ കടൽഭിത്തി നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന കടൽഭിത്തി പൊളിച്ചിട്ടിരിക്കുകയാണ്. എന്നാൽ വർഷക്കാലത്തിനു മുൻപ് ഈ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ ആ പ്രദേശങ്ങളും കടുത്ത കടലാക്രമണ ഭീഷണിയുടെ നിഴലിൽ ആകും.

ചെല്ലാനം-കൊച്ചി തീരം അഭിമുഖീകരിക്കുന്ന കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തീരത്തുടനീളം അടിയന്തിരമായി താൽക്കാലിക പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ചെല്ലാനം-കൊച്ചി തീരത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം കൊച്ചി കപ്പൽചാലിൻ്റെ സാന്നിധ്യവും അതിൻ്റെ ആഴം നിലനിറുത്താനും കൂട്ടാനും മറ്റുമായി പോർട്ട് ട്രസ്റ്റ് നടത്തി വരുന്ന ഡ്രെഡ്ജിങ്ങുമാണ്. വളരെ മുൻപ് തന്നെ ചെല്ലാനം-കൊച്ചി ജനകീയവേദി ചൂണ്ടിക്കാണിച്ച ഈ വസ്തുത ഇന്ന് ശാസ്ത്ര സമൂഹവും ശരിവെക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തെ കുറിച്ച് പഠനം നടത്തിയ നാഷണൽ സെൻറ്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു. കപ്പൽ ചാലിലൂടെ വേലിയിറക്ക സമയത്തുണ്ടാകുന്ന കുത്തൊഴുക്കിൻറെ പ്രഭാവത്തിൽ തീരക്കടലിൽ സ്വാഭാവികമായി ഉള്ള ഒഴുക്കിന്റെ ദിശ തന്നെ മാറി പോവുകയും കപ്പൽച്ചാലിനു തെക്കു ഭാഗത്ത് അപ്രദക്ഷിണമായി (Anti-Clockwise) ഒഴുക്ക് രൂപപ്പെടുകയും ഈ ഒഴുക്കിൽ ചെല്ലാനം-കൊച്ചി തീരത്തെ മണ്ണും ഒഴുകി പോവുകയും ചെയ്യുന്നു. ഇപ്രകാരം ഒഴുകി പോകുന്ന മണ്ണ് ഒരിക്കലും തിരിച്ചു വരാതെ നഷ്ടപ്പെടുന്നത് കൊണ്ടാണ് ചെല്ലാനം-കൊച്ചി തീരം തീവ്രമായ തീരശോഷണവും കടുത്ത കടൽകയറ്റവും നേരിടുന്നത്.

ഒരു വർഷം ഏതാണ്ട് 20 മില്യൺ മീറ്റർ സ്‌ക്യൂബ് എക്കൽ ആണ് പോർട്ട് കപ്പൽ ചാലിൽ നിന്നും നീക്കം ചെയ്യുന്നത്. കൊച്ചിൻ പോർട്ട് കപ്പൽച്ചാലിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ചെല്ലാനം-കൊച്ചി തീരത്തടിച്ച് തീരം പുനർ നിർമ്മിക്കുകയും വീണ്ടും തീരത്തെ മണ്ണ് ഒഴുകി നഷ്ടമാകാതിരിക്കാൻ തീരത്തുടനീളം പുലിമുട്ടുകളും കടൽഭിത്തിയും ഇട്ട് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം തടയാനുള്ള പരിഹാരമാർഗം. ഇപ്രകാരം പുനഃനിർമ്മിക്കുന്ന തീരത്ത് കണ്ടലുകളും മറ്റു സസ്യങ്ങളും വച്ച് പിടിപ്പിച്ചു ഉറപ്പിച്ചെടുത്താൽ വീണ്ടും നമുക്ക് ഇത് പോലെ പടിഞ്ഞാറ് തീരം നിർമ്മിച്ചെടുക്കാൻ കഴിയും. (ജിയോ സിന്തറ്റിക്ക് ട്യൂബുകൾ ഉപയോഗിച്ച് പുലിമുട്ടുകൾ നിർമ്മിക്കുകയാണെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 15 പുലിമുട്ടുകളുടെ സ്ഥാനത്ത് പരിസ്ഥിതി സൗഹാർദ്ദപരമായും ചെലവ് കുറഞ്ഞും തീരത്തുടനീളം പുലിമുട്ടുകൾ നിർമ്മിക്കാനാകും.)

ആയതിനാൽ കൊച്ചി നിയോജകമണ്ഡലത്തെ കേരളം നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ ഈ തീരാ ദേശത്തെ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ അങ്ങ് അടിയന്തിരമായി ഇടപെടണമെന്നും ചെല്ലാനം-കൊച്ചി തീരം നേരിടുന്ന അതിരൂക്ഷമായ കടൽകയറ്റവും തീരശോഷണവും പരിഹരിക്കാൻ താഴെ പറയുന്ന നിവൃത്തികൾ അനുവദിച്ചു നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു.

  • കേരളസർക്കാർ ചെല്ലാനം തീരസംരക്ഷണത്തിനായി പ്രഖ്യാ പിച്ച 344.2 കോടി രൂപയുടെ പദ്ധതിയിൽ ചെറിയകടവ്, സിഎംഎസ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശ്ശേരി, സൗദി, ബീച്ച് റോഡ് എന്നീ തീരപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീക രിക്കുക.
  • തീരശോഷണഭീഷണി നേരിടുന്ന ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശത്തെ സംരക്ഷിക്കാൻ കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി തീരത്തുടനീളം നിക്ഷേപിച്ച് തീരം പുനർനിർമ്മിക്കാൻ അടിയന്തിരനടപടി സ്വീകരിക്കുക.
  • തീരത്തു നിന്നുള്ള മണ്ണൊഴുക്ക് തടയുന്നതിനായി ചെല്ലാനം-കൊച്ചി തീരത്തുടനീളം പുലിമുട്ടുപാടം നിർമ്മിക്കക
  • ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളിൽ വർഷകാലത്ത് ഉണ്ടാകാനിരിക്കുന്ന കടൽകയറ്റം പ്രതിരോധിക്കുന്നതിനും ദുരിത വ്യാപ്തി കുറയ്ക്കാനും വേണ്ട പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക.

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal