ഞങ്ങളൊരിക്കലും മോചനത്തിനായി യാചിച്ചിട്ടില്ല. ഞങ്ങളൊരിക്കലും കരഞ്ഞിട്ടില്ല. ഞങ്ങളൊരു മാപ്പപേക്ഷയും എഴുതിയിട്ടില്ല.

ജനവിരുദ്ധ ഭരണകൂടങ്ങൾക്ക് ജയിൽ അതിന്റെ ഏറ്റവും നിർണായകമായ ആയുധങ്ങളിലൊന്നാണ്. പരമ്പരാഗതമായി നാഗരികതയുടെ വികസനത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾ അവിടെ അന്യമാണ്.


പരിഭാഷ : അതീന V.G / സലീക് C.A / നിഹാരിക പ്രദുഷ്


നാലു വർഷങ്ങൾ…

2022 ജൂൺ 6, ഭീമ കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ അറസ്റ്റിലായി അഴികൾക്കുള്ളിൽ നാല് വർഷം പൂർത്തിയാകുന്ന ദിനം. ഞങ്ങൾ; പ്രൊഫ. ഷോമ സെൻ, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്, റോണ വിൽസൺ, മഹേഷ് റൗട്ട്, സുധീർ ധവാലെ എന്നിവരെ 2018 ജൂൺ 6-ന് അറസ്റ്റ് ചെയ്തു. വിപ്ലവ കവി പി. വരവര റാവു, അഡ്വ. സുധാ ഭരദ്വാജ്, അഡ്വ. അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവർ 2018 ഓഗസ്റ്റ് 28-ന് അറസ്റ്റിലായി. ഇവരിൽ വരവര റാവുവും സുധാ ഭരദ്വാജും ഇപ്പോൾ ജാമ്യത്തിലാണ്.

ഞങ്ങൾ 16 പേർ ആരാണെന്നും ഞങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്താണെന്നും നിങ്ങൾക്ക് അറിയാവുന്നതാണ്. 16 പേരിൽ, അന്തരിച്ച ഫാദർ. സ്റ്റാൻ സ്വാമി ഭരണകൂടത്താൽ കസ്റ്റഡികൊല ചെയ്യപ്പെട്ടു. ഈ സംഭവങ്ങൾ ഞങ്ങൾക്ക് മാത്രം പ്രത്യേകമായി നടക്കുന്ന ഒന്നല്ലെന്ന് എല്ലാവരോടും പറയാനായി ഈ അവസരം ഉപയോഗിക്കുന്നു.

സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ദളിതരും ആദിവാസികളും സ്ത്രീകളും മറ്റു അടിച്ചമർത്തപ്പെട്ടവരും; ഭരണാധികാര ശക്തികളുടെ കടുത്ത വിമർശകരായ പ്രവർത്തകരും വിദ്യാർത്ഥികളും എഴുത്തുകാരും കവികളും പത്രപ്രവർത്തകരും പ്രക്ഷോഭകാരികളും ഉന്നംവയ്ക്കപ്പെടുന്നു. വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് പലരെയും ജയിലിൽ അടയ്ക്കുന്നു. അതിനായി തീവ്രവാദവിരുദ്ധ നിയമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.

ഈ നിയമങ്ങൾ ഒരു വ്യക്തിക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയെ സ്തംഭിപ്പിക്കുന്നു. ജാമ്യം ആവശ്യപ്പെടുമ്പോൾ അത് അന്യായമായി തള്ളിക്കളയുന്നു. ഇന്ത്യയിൽ ഒരാൾക്ക് ജാമ്യം ലഭിക്കാൻ ഏകദേശം 5-10 വർഷം (മഹാരാഷ്ട്രയിൽ 8-10 വർഷം) ആകുമെന്ന് കണക്കുകൾ കാണിക്കുന്നു, അതുവരെ അയാൾ ജയിൽവാസം അനുഭവിക്കേണ്ടി വരുന്നു. ഈ വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ ജീവിതത്തെ തകർക്കാനുള്ള ഭരണാധികാരികളുടെ വിപുലമായ പദ്ധതിയാണിത്.

എന്നാൽ മനുഷ്യനെ മനസ്സിലാക്കുന്നതിൽ അവർ എല്ലായ്പ്പോഴും പരാജയപ്പെട്ടു. ഞങ്ങളുടെ മനസ്സാക്ഷിയും അവബോധവും വികാരങ്ങളും മൂലമാണ് ഞങ്ങൾ തടവിലാക്കപ്പെട്ടത്. ഭരണാധികാരികളെപ്പോലെ നമ്മൾ അതൊന്നും അടിയറവുവച്ചിട്ടില്ല. ഈ അഴികളുടെ ഇരുട്ടിലും നമ്മുടെ മനസ്സാക്ഷി ജ്വലിച്ചു നിൽക്കുന്നുണ്ട്, അവയുടെ മൂർച്ച കൂടുകയും ചെയ്തിരിക്കുന്നു.

തൊഴിലാളിവർഗ്ഗത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും പക്ഷത്താണ് എപ്പോഴും ഞങ്ങളുടെ കൂറ്. അനീതി, ചൂഷണം, കവർച്ച, വിവേചനം, അസമത്വം എന്നിവ ചെറുക്കുകയും അവയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്നു. പോരാട്ടത്തിന്റെ ഫലമായല്ലാതെ ഈ ക്രൂരമായ ലോകത്തുനിന്ന് ഒന്നും നേടിയെടുക്കാനാകില്ല; ഭക്ഷണം മുതൽ വിമോചനം വരെയുള്ള ആവശ്യങ്ങൾക്കായി നമ്മുടെ പോരാട്ടങ്ങൾ വ്യാപിക്കുന്നു.

ചാർവാക്, ബുദ്ധൻ, കബീർ, തുക്കാറാം, ശിവജി മഹാരാജ്, ഭഗത് സിംഗ്, ഫൂലെ, അംബേദ്കർ തുടങ്ങിയവരുടെ വിമോചനസമരങ്ങളുടെ ഉജ്ജ്വലമായ പ്രത്യയശാസ്ത്രത്താൽ അനുഗ്രഹീതമാണ് നമ്മുടെ രാജ്യം. ചരിത്രത്തിന്റെ ഓരോ ഏടും സുഗന്ധദ്രവ്യങ്ങൾ ഊറുന്ന കനലുകൾക്കൊണ്ട് ശാശ്വതമായ പ്രചോദനം സമ്മാനിക്കുന്നു. അങ്ങനൊരു ചരിത്രത്തിന്റെ ഭാഗമായതിനാൽ നമുക്ക് സമാനതകളില്ലാത്ത സ്നേഹവും സ്വാഭിമാനവുമുണ്ട്. നമ്മുടെ പ്രത്യയശാസ്ത്രങ്ങളോടും പ്രവർത്തനങ്ങളോടും അചഞ്ചലമായ വിശ്വാസവും അർപ്പണബോധവും ഉള്ളതിനാൽ; ഞങ്ങൾ അവയിൽനിന്ന് വ്യതിചലിച്ചിട്ടില്ല, വ്യതിചലിക്കുകയുമില്ല.

ബ്രാഹ്മണ്യവാദത്തിന്റെയും പേഷ്വകളുടെയും ബ്രിട്ടീഷ് അധിനിവേഷക്കാരുടെയും ഹിറ്റ്ലറിന്റെയും പാരമ്പര്യം തുടരുന്നവർക്ക് ഞങ്ങൾ വലിയ തടസ്സങ്ങളുണ്ടാക്കുന്നു. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ദ്രോഹിക്കുന്നവർ രാജ്യസ്നേഹികളായി വാഴ്ത്തപ്പെടുന്നതും, വിയർപ്പും രക്തവും കൊണ്ട് സേവിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തുപ്പെടുന്നതും. മതഭ്രാന്തരായ ആൾക്കൂട്ടങ്ങളുടെ സാമാന്യബോധം ക്ലോസറ്റിൽ പൂട്ടിയിടുകയും, അവർ ഉന്മത്തമായ അതിക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനായി കൗശലത്തോടെ നുണകൾ പ്രചരിപ്പിക്കുന്നു. ഈ മതഭ്രാന്ത് നിറഞ്ഞ ദേശീയത നമ്മെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. കള്ളകേസുകൾ കെട്ടിച്ചമച്ച് രാജ്യദ്രോഹികളെന്ന് വിളിക്കുകയും ജയിൽ ഭിത്തികളിൽ ചങ്ങലക്കിടുകയും ചെയ്യുന്നു.

പക്ഷേ, ഞങ്ങളെ ജയിലിലടച്ച് നിശബ്ദരാക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിൻമേൽ അധ്വാനിക്കുകയാണവർ. നേരെമറിച്ച്, ഈ നാല് വർഷത്തിനിടയിൽ, ഞങ്ങൾ ജീവൻ നിലനിർത്തുക മാത്രമല്ല സജീവമായിരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഏകാന്ത തടവറകളിലാണ് അടയ്ക്കപ്പെട്ടത്. നമ്മളോരോരുത്തരും ഇടക്ക് വിഷാദത്തിൽ പെടാറുണ്ടെങ്കിലും തലകുനിച്ചിട്ടില്ല. ഞങ്ങളൊരിക്കലും മോചനത്തിനായി യാചിച്ചിട്ടില്ല. ഞങ്ങളൊരിക്കലും കരഞ്ഞിട്ടില്ല. ഞങ്ങളൊരു മാപ്പപേക്ഷയും എഴുതിയിട്ടില്ല.

നേരെമറിച്ച്, ഞങ്ങളിൽ ചിലർ പ്രതിഷേധത്തിന്റെ കവിതകൾ എഴുതി, മറ്റുചിലർ പ്രണയഗാനങ്ങളും സ്വാതന്ത്ര്യഗാനങ്ങളും രചിച്ച് ഹൃദയത്തിൽ നിന്ന് പാടി; ചിലർ കഥകൾ എഴുതി, ലേഖനങ്ങളും പുസ്തകങ്ങളും എഴുതി, ചിലർ പ്രോസിക്യൂഷന്റെ നുണകൾ തുറന്നുകാണിച്ചു, ചിലർ കേസിനുള്ള വാദങ്ങളെഴുതി. ഹിയറിംഗുകൾക്കിടയിൽ ഞങ്ങളുടെ ശക്തിയും നിശ്ചയദാർഢ്യവും എന്താണെന്ന് ഞങ്ങളുടെ കൗൺസലുകളിൽ നിന്ന് മനസിലാക്കാം. പിന്നെ ജയിലിലെ മറ്റ് തടവുകാരുമായി ചങ്ങാത്തം കൂടുകയും ചെയ്തവരുണ്ട്, ചിലർ ജയിലിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.

ജനവിരുദ്ധ ഭരണകൂടങ്ങൾക്ക് ജയിൽ അതിന്റെ ഏറ്റവും നിർണായകമായ ആയുധങ്ങളിലൊന്നാണ്. പരമ്പരാഗതമായി നാഗരികതയുടെ വികസനത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾ അവിടെ അന്യമാണ്. ജയിലുകളിലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നതും പിന്നീട് അതിനെതിരെ പ്രക്ഷോഭം നടത്തുന്നതും പതിവായിരിക്കുകയാണ്. ഇവിടെ നിങ്ങൾക്ക് നിങ്ങടേതായ ഇടം സൃഷ്ടിക്കാനായാൽ ജയിൽ ജീവിതം ഒരു തരത്തിൽ സഹിക്കാവുന്നതും ജീവിക്കാവുന്നതുമായി മാറ്റാം. ഞങ്ങളുടെ ഈ പോരാട്ടം ദൈനംദിന ജോലിയാണ്…

വർഷങ്ങളോളം ജയിലിൽ ചെലവഴിച്ച മറ്റ് പല തടവുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നാല് വർഷ കാലയളവ് ഒന്നുമല്ല. ഇത്രയും നാളായി അവർ ഇവിടെയുണ്ട്, എന്നിട്ടും പുഞ്ചിരിയോടെ അവർ പകലും രാത്രിയും ചെലവഴിക്കുന്നു. അവരെ നോക്കുമ്പോൾ നമുക്ക് അസാമാന്യ ഊർജ്ജം ലഭിക്കുന്നു. മനുഷ്യത്വമില്ലാത്ത ഈ സ്ഥലങ്ങളിൽ പോലും അവർ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ്ജീവിക്കുന്നത്. പുസ്തകങ്ങളും മറ്റ് സാഹിത്യങ്ങളും ഒഴിച്ചാൽ ഈ വ്യക്തികളുടെ ശുഭാപ്തിവിശ്വാസമാണ് നമ്മിൽ പ്രതീക്ഷ നിലനിർത്തുന്നത്. പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഭയാനകമായ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ അറിയുമ്പോൾ ഈ ദയയുള്ള, ആർദ്രതയുള്ള ആളുകൾ ഞങ്ങളോടൊപ്പം ഉണ്ടായിട്ടുണ്ട്.

വ്യത്യസ്ത പ്രായത്തിലുള്ള നമ്മളെല്ലാം ആർദ്രതയുള്ള വൈകാരികമായ മനുഷ്യരാണ്.പരിവർത്തനത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് നമ്മൾ മനുഷ്യരാവുന്നത്. അതുകൊണ്ടാണ് തടവറയിൽ അടയ്ക്കപ്പെട്ടിട്ടും ഞങ്ങൾ മാനവികതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നത്.

നാല് വർഷമായി ജയിലിൽ കഴിയുന്ന ഞങ്ങൾ സ്നേഹവും വാത്സല്യവും കൂട്ടുകൂടലുകളും ഇല്ലാതെ സുഹൃത്തുക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അകന്നു കഴിയുന്നു. നമ്മുടെ ഹൃദയവും പ്രണയത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തുടിക്കുന്നുണ്ട്. ഞങ്ങളുടെ അഭാവം ഇത്ര ധൈര്യത്തോടെയും ശക്തിയോടെയും ക്ഷമയോടെയും സഹിക്കാനുള്ള അവരുടെ കരുത്ത് നമ്മുടെ നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുന്നു. അത് ഞങ്ങളുടെ പരസ്പരവിശ്വാസത്തെ ദൃഢീകരിക്കുന്നു. ഒരേസമയം എങ്ങനെ സ്‌നേഹിക്കാമെന്നും പോരാടാമെന്നും ഞങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കുകയാണ്.

സ്നേഹം പ്രതിഫലിക്കുന്നത് ഒത്തുചേരലിലും ഐക്യത്തിലും ജനങ്ങളുടെ ശബ്ദത്തിലും നിങ്ങളുടെ ശബ്ദത്തിലുമെല്ലാം ആണെന്ന് ഈ വിഷമഘട്ടം ഓർമ്മിപ്പിച്ചു. യഥാർത്ഥത്തിൽ, ഞങ്ങളുടെ കൂടെ ഞങ്ങളുടെ കുടുംബവും ജയിലിലാണ്, ഈ ചുമരുകൾക്കുള്ളിലല്ല എന്നു മാത്രം. ഞങ്ങളോരോരുത്തരും മാനസികവും വൈകാരികവുമായ കടുത്ത പ്രതിസന്ധികളോട് പൊരുതിയാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെയെല്ലാവരേയും പരിഗണിച്ചുകൊണ്ട് സന്തുലിത നിലപാട് എടുക്കുക എന്നത് അവർക്ക് ഞാണിന്മേൽ കളിയാണ്. ഇത്രയധികം വിഷമതകളിലൂടെ കടന്നുപോയിട്ടും അവരുടെ പുഞ്ചിരി മായുന്നില്ല. സ്വാർത്ഥതയ്ക്കു മേൽ എന്തിനൊക്കെ ഭാഗമാവാൻ കഴിയും എന്നതിനുള്ള ധീരമായ ഉദാഹരണങ്ങളിലൂടെ ഇവർ നമ്മെ നയിക്കുന്നത്. അതുകൊണ്ടാണ് സർക്കാർ പുറപ്പെടുവിച്ച ട്രോളുകളേയും കള്ളങ്ങളേയും ധീരമായ് എതിർക്കുവാൻ അവർക്ക് സാധിച്ചത്. അവർ സത്യത്തിന്റെ കൂടെയാണ്. ഞങ്ങൾക്കു വേണ്ട പുസ്തകങ്ങൾക്കും മരുന്നിനും വസ്ത്രങ്ങൾക്കും വേണ്ടി അവർ കഷ്ടപെടുകയാണ്. ഞങ്ങളുടെ വാദവുമായ് ബന്ധപെട്ട അവശ്യങ്ങൾ നിറവേറ്റുന്ന മറ്റ് സുഹൃത്തുക്കളുമുണ്ട്. ഈ ലോകത്ത് ബാക്കിയുള്ള തുച്ഛമായ നീതിയ്ക്കും സ്നേഹത്തിനുമുള്ള കടപ്പാട് ചെന്നെത്തേണ്ടത് അവരിലേക്കാണ്.

അവരുടെ പിന്തുണയോടെ ഭരണകൂടം കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിച്ചത് വക്കീലന്മാരും അമേരിയ്ക്കയിലുള്ള ആഴ്സനൽ കൺസൾട്ടിംഗ് എന്ന സ്ഥാപനവുമാണ്. ഇതാണ് ഞങ്ങളുടെ നിരപരാധിത്വത്തിന്റെ തെളിവ്. നീതിന്യായ വ്യവസ്ഥയുടെ നൂലാമാലകൾ കടന്ന് എപ്പോഴാണ് ഞങ്ങളുടെ നിരപരാധിത്വം നീതിപീഠത്തിന് ബോധ്യമാവുക എന്ന് ഞങ്ങൾക്ക് അറിയില്ല.

ലോകമെമ്പാടുമുള്ള മനുഷ്യത്വവാദികളും പുരോഗമന ചിന്താഗതിക്കാരും ഞങ്ങളുടെ ശബ്ദത്തിന് ആക്കം കൂട്ടാൻ തുടക്കം മുതൽക്കേ കൂടെയുണ്ട്. കേന്ദ്ര സർക്കാരിനോട് ഞങ്ങളെ നിരുപധികമായി വിട്ടയക്കാൻ അവർ ആവശ്യപ്പെടുന്നു. അവരിൽ ചിലർ സമരങ്ങൾ നടത്തി, മറ്റുചിലർ ജയിലിലേക്ക് കത്തുകളും ആശംസകളും അറിയിച്ചു. അതെല്ലാം ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ആക്കം കൂട്ടി. ഞങ്ങളുടെ നീതിക്കും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി കൂടെ നിൽക്കാൻ ഒരുപാട് പേരുണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിച്ചു.

ഞങ്ങളെ ജയിൽ മോചിതരാക്കാൻ ഇന്ത്യയിലെ ഒട്ടനവധി പ്രവർത്തകരും വിദ്യാർത്ഥികളും എഴുത്തുകാരും കലാകാരന്മാരും മുൻജഡ്ജിമാരും വക്കീലന്മാരും കർഷകരും പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും ഞങ്ങളെ വിട്ടയാക്കാൻ പറഞ്ഞു ശബ്ദമുയർത്തി. അവർ തടയുമെങ്കിൽ കൂടി ഞങ്ങളുടെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അവർക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ രാജ്യത്ത് നിന്നുകൊണ്ട് ഇവരുടെ കഷ്ടപാടിനും അടിയുറച്ച നിലപാടിനും സമരങ്ങൾക്കും എന്നെങ്കിലുമൊരിക്കൽ ഫലം കാണുമെന്ന് ഞങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു.

ഇരുണ്ട യുഗത്തിലേക്കാണ് നാം കടന്നിരിക്കുന്നത് എന്നത് സത്യമാണ്. അടിച്ചമർത്തി ഉണ്ടാക്കിയതും വ്യാപിപ്പിച്ചതും ഒക്കെ ചാരമായിട്ടുണ്ട് എന്നത് നമ്മുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്. ഈ സമയവും കടന്നുപോകും.

ഒത്തുചേർന്ന് ഒരു മികച്ച ലോകം സൃഷ്ടിക്കാനുള്ള സമയമാണിത്. മൗലീകാവകാശങ്ങൾക്കുവേണ്ടി മാത്രമല്ല, നീതിയും സമത്വവും സഹാനുഭൂതിയുമുള്ള ഒരു നല്ല ലോകത്തിനു കൂടിയുള്ള സമരമാണിത്. നൂറായിരം ആളുകളുടെ കഷ്ടപ്പാടുകളും പീഢനങ്ങളും ലക്ഷങ്ങളുടെ നീതിബോധത്തെ പരുവപ്പെടുത്തുന്നു. ഭരണാധികാരികളുടെ ചൂഷണാത്മക ഭരണവും കള്ളക്കഥകളും ശ്വാസോച്ഛ്വാസ ശക്തിയാണ് ആളുകളിൽ. അടിമപെട്ട ഈ ബോധത്തിനെ പൊട്ടിച്ചെറിഞ്ഞ് ജനങ്ങൾ പുറത്തു വരും. ഈ ശുഭാപ്തി വിശ്വാസം ഐതിഹാസികനായ സാഹിറിൻ്റെ വരികൾ അനർഥമാക്കും.

“ഭൂമിയുടെ ഗതി മാറി മറയും

അന്ന് അടിമത്തത്തിൽ നിന്ന് നാം മോചിതരാകും

തെറ്റുകൾ ഇല്ലാതാകുമ്പോൾ

അടിച്ചമർത്തലിന്റെ കാർമേഘങ്ങൾ കടന്നുപോകും

ലോകമെമ്പാടുമുള്ള സർക്കാരുകൾ ജയിലുകളില്ലാതെ പ്രവർത്തിക്കും

അത്തരമൊരു പുലരി നമ്മൾ കൊണ്ടുവരും

നമ്മുടെ കൂട്ടായ പ്രയത്നങ്ങൾ അത്തരമൊരു പുലരി കൊണ്ടുവരും.”

2022 ജൂൺ 6

പ്രൊഫ. സോമാ സെൻ
റോണാ വിൽസൺ
അഡ്വ.സുരേന്ദ്ര ഗാഡ്ലിംഗ്
മഹേഷ് റാവട്ട്
സുധീർ ധവാലെ


കടപ്പാട് : ലീഫ്‌ലെറ്റ്


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal