അഭിരാമിയുടേത് ആത്മഹത്യയല്ല;
കേരള ബാങ്കിന്റെ “ഷൈലോക്കുകൾ” നടത്തിയ കൊലപാതകം !

ജപ്തി നടപടി തന്നെയാണ് അവിടെ നടത്തിയത്, കുടിയിറക്കാതെ പ്രതീകാത്മകമായിട്ടാണെന്ന് മാത്രം. “ടോം ടോം”എന്ന പേരിൽ പണ്ടുകാലത്ത് ചെണ്ട കൊട്ടി ജപ്തി-ലേലനടപടികൾ നാട്ടുകാരെ അറിയിച്ച് അപമാനപ്പെടുത്തുന്ന പിന്നീട് നിരോധിക്കപ്പെട്ട പ്രാകൃത രീതിയുടെ പുനരാവർത്തനം തന്നെയാണ് “പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്” എന്ന തലക്കെട്ടിൽ എഴുതി തൂക്കിയ ബോർഡ് !


പി ജെ മാനുവൽ

സഹകരണ ബാങ്കുകൾ സർഫാസി നിയമം ഉപയോഗിക്കില്ലെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യില്ലെന്നും ഉറപ്പ് നൽകുകയും നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത എൽ ഡി എഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ തന്നെയാണ് കേരള ബാങ്ക് ഭരിക്കുന്നത് !

പ്രതീകാത്മക ജപ്തി നടപടിയുടെ ഭാഗമായി അഭിരാമിയുടെ വീട്ടിൽ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്മാർക്ക് ഉത്തരവ് നൽകിയ സഹകരണ വകുപ്പ് മന്ത്രി നാടകം കളിക്കുകയാണ് . സി പി ഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കലാണ് ബാങ്കിന്റെ അദ്ധ്യക്ഷൻ . തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ജപ്തിക്കു വേണ്ടിയുള്ള കരുനീക്കങ്ങൾ നടത്തിയിട്ട് മന്ത്രി ജനങ്ങളെ കബളിപ്പിക്കയാണ്. കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകൾ ഭരിച്ച് തഴക്കവും പഴക്കവും വന്ന വാസവനെ വെറുതെയല്ല മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

“ജപ്തി ചെയ്യാനല്ല നോട്ടീസ് കൊടുക്കാൻ പോയതാണെന്ന” കള്ളം പറഞ്ഞു ബാങ്ക് നടപടിയെ ന്യായീകരിക്കുകയാണ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ! ആത്മഹത്യയെ സംശയത്തിന്റെ നിഴലിൽ നിർത്തി സന്ദർഭം നോക്കാതെ അതിനെ സംബന്ധിച്ച് അയാൾ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയാണ്.

ജപ്തി നടപടി തന്നെയാണ് അവിടെ നടത്തിയത്, കുടിയിറക്കാതെ പ്രതീകാത്മകമായിട്ടാണെന്ന് മാത്രം. “ടോം ടോം”എന്ന പേരിൽ പണ്ടുകാലത്ത് ചെണ്ട കൊട്ടി ജപ്തി-ലേലനടപടികൾ നാട്ടുകാരെ അറിയിച്ച് അപമാനപ്പെടുത്തുന്ന പിന്നീട് നിരോധിക്കപ്പെട്ട പ്രാകൃത രീതിയുടെ പുനരാവർത്തനം തന്നെയാണ് “പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്” എന്ന തലക്കെട്ടിൽ എഴുതി തൂക്കിയ ബോർഡ് ! താൻ ചെയർമാനായ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് 64 ബോർഡുകൾ ഇങ്ങനെ സ്ഥാപിച്ചിട്ടുണ്ടെന്നും അതോടെ ഭയപ്പെട്ട് വീഴ്ച വരുത്തിയ കക്ഷികൾ കടബാധ്യത തീർക്കാറുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ഇയാൾ തുറന്നടിച്ചതോടെ ശൂരനാട്ടെ വീട്ടിൽ ബോർഡ് വെക്കാൻ നിർദ്ദേശിച്ചതാരാണെന്ന കാര്യം വ്യക്തമായി !

സഹകരണ ബാങ്കുകൾ ഭരിക്കുന്നവർ അതത് മേഖലകളിലെ നാടുവാഴി മാടമ്പിമാരായി വാഴുകയാണ്. സാമ്പത്തിക കൊടുക്കൽ വാങ്ങലുകളിലൂടെ പിടിയുറപ്പിച്ച് വസ്തുക്കച്ചവടവും വട്ടിപലിശ ഇടപാടുമായി ചോരയട്ടകളെപ്പോലെ അവർ തടിച്ച്ചീർത്തുവളരുന്നു. പാർട്ടിയുമായുള്ള ബന്ധം നിലനിൽക്കുംവരെ അവർക്ക് ഒന്നും ഭയക്കാനില്ല ! പാർട്ടിക്കോ സഹകരണ ബാങ്ക് ഒരു കറവപ്പശുവാണ്.വമ്പൻ ലോൺ തിരിമറിയിലൂടെ ബോർഡംഗങ്ങൾ തന്നെ തട്ടിയെടുത്ത പണം തിരികെ നൽകുന്നതിനുള്ള ഉത്തരവാദിത്വവും പാർട്ടിക്കൂറിന്റെ പേരിൽ കേരള ബാങ്ക് ഏറ്റെടുത്തിരിക്കയാണല്ലോ . (കരുവന്നൂർ സഹകരണ ബാങ്ക്).

വികേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ജനങ്ങൾക്കിടയിൽ വേരുകളുള്ള സഹകരണ ബാങ്കുകളെ നവ ലിബറൽ അജണ്ടയ്ക്കൊത്ത് ലയിപ്പിച്ച് കേരള ബാങ്കാക്കിയതിന്റെ പിന്നിൽ സോഷ്യലിസം പ്രസംഗിക്കുകയും കോർപ്പറേറ്റ് ദാസ്യവേല ചെയ്യുകയും ചെയ്യുന്ന സിപിഎം തന്നെയാണ്. 13 ജില്ലാ സഹകരണ ബാങ്കുകളേയും, അർബൻ ബാങ്കുകളേയും,1600 -ഓളം വരുന്ന കാർഷിക സഹകരണ സംഘങ്ങളെയും ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയത്.

ജപ്തി നടപടി റിസർവ് ബാങ്കിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെട്ടുകളയാമെന്ന വ്യാമോഹത്തിലാണ് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും, സഹകരണ മന്ത്രി വാസവനും . സഹകരണ ബാങ്കുകൾ സർഫാസി നിയമം(Securitisation and Reconstruction of Financial Assets and Enforcement of Securities Interest (Sarfaesi) Act, 2002) ഉപയോഗിക്കില്ലെന്ന സർക്കാർ നയം ആദ്യം പിന്തുടരാൻ തീരുമാനിച്ച ഇവർ അതിനേക്കാൾ ഭീകരമായ റിക്കവറി നടപടികൾക്കാണ് കോപ്പുകൂട്ടിയത് . വില്ലേജ് ഓഫീസിലൂടെ റിക്കവറി നടത്താൻ പത്ത് ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചെന്നാണ് വിവരം . റിക്കവറി ആക്ട് പ്രകാരം റവന്യൂ വകുപ്പ് കടക്കണിയിലായവരുടെ കിടപ്പാടം ജപ്തിചെയ്യുമ്പോൾ അതിന് ആനുപാതികമായി 5% മുതൽ 7 % വരെ സർക്കാരിന് കമ്മീഷനും ലഭിക്കും. ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് സർഫാസി നിയമം തന്നെ ഉപയോഗിക്കാൻ കേരളാ ബാങ്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം !

കശുവണ്ടി,മത്സ്യബന്ധന, കാർഷിക മേഖലകൾ തകർന്നടിഞ്ഞ കൊല്ലം ജില്ലയിൽ ഒന്നരലക്ഷത്തോളം കുടുംബങ്ങളാണ് ജപ്തി നടപടി നേരിടുന്നത് . ഇതിൽ ഭൂരിഭാഗവും ദലിത് കുടുംബങ്ങളാണ്. ലോണെടുത്ത തുച്ഛമായ തുക തിരിച്ചടക്കാത്തിന്റെ പേരിൽ മൂന്നും, അഞ്ചും സെന്റ് വരുന്ന ഇവരുടെ കിടപ്പാടങ്ങൾ ജപ്തി ഭീഷണിയിലാണ് . കടം എഴുതി തള്ളിക്കൊണ്ടും, ഇളവുകൾ നൽകി കൊണ്ടും, മോറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടും കടക്കെണിയിലായ പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളെ മോചിപ്പിക്കാൻ സർക്കാർ മേൽപ്പറഞ്ഞ വിഷയം സവിസ്തരം പഠിച്ച് പദ്ധതി ആവിഷ്ക്കരിക്കാൻ തയ്യാറാകണം. ജനവിരുദ്ധ നിയമങ്ങൾ കൊണ്ട് സർവ്വാംഗം സായുധീകരിക്കപ്പെട്ട ബാങ്കുകളുടെ മുന്നിലേക്ക് നിസ്വരും നിസ്സഹായരുമായ ജനങ്ങളെ എറിഞ്ഞു കൊടുക്കരുത് . കടാശ്വാസ പദ്ധതികൾ ഉടൻ ആവിഷ്ക്കരിച്ചില്ലെങ്കിൽ വലിയ അനർത്ഥങ്ങൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.

രാജ്യത്ത് രണ്ടുതരം നിയമങ്ങളാണ് കടബാധ്യത വരുത്തുന്നവർക്കെതിരെ പ്രയോഗിക്കുന്നത് . ഒന്ന് സാധാരണക്കാരെ കുടിയിറക്കുന്ന കർക്കശമായ സർഫാസി നിയമം. മറ്റൊന്ന് കോർപ്പറേറ്റ് മുതലാളിമാരുടെ കടങ്ങൾ എഴുതിത്തള്ളിയും, ഇളവുചെയ്തും, സമവായത്തിലാക്കിയും പരിഹാരം കാണുന്ന ബാങ്ക്റപ്സി & ഇൻസോൾവൻസി കോഡും(പാപ്പരത്വ നിയമം) .

കിട്ടാക്കടത്തിന്റെ 80%-വും കോർപ്പറേറ്റ് കുത്തകകൾ വരുത്തിവെച്ചതാണെങ്കിലും തിരിച്ചുപിടിക്കുന്ന തുകയിൽ 75%-വും സർഫാസി നിയമനടപടിയിലൂടെ സാധാരണ ജനങ്ങളിൽ നിന്നാണ്! വാദി തന്നെ വിധിയാളനാകുന്ന, നീതിന്യായ സംവിധാനത്തെ ബാങ്കിന്റെ റിക്കവറി നടത്തിപ്പുകാരനാക്കുന്ന, തുച്ഛവിലയ്ക്ക് കടക്കെണിയിലായവരുടെ വസ്തുക്കൾ വാങ്ങി റിയലെസ്റ്റേറ്റ് കച്ചവടം നടത്തി ലാഭക്കൊള്ള നടത്തുവാനുള്ള സർഫാസി എന്ന ജനവിരുദ്ധ നിയമം റദ്ദാക്കപ്പെടണം .

ഈട് വച്ച വസ്തു ജപ്തി ചെയ്യുന്നതിന് (For closure) എതിരേയും, മൊറൊട്ടോറിയം (Morotorium) ആവശ്യപ്പെട്ടും ഒരു വ്യാഴവട്ടക്കാലം മുമ്പ് അമേരിക്കയിലെ “വാൾ സ്ട്രീറ്റി”ൽ പതിനായിരങ്ങൾ തെരുവിലിറങ്ങി വീടുകൾ തിരികെപിടിച്ചെടുത്ത പ്രക്ഷോഭം പോലൊന്നിന് കേരളത്തിലെ നിസ്വരും മർദ്ദിതരുമായ ജനങ്ങൾ തിരികൊളുത്തണം . ആ തീപ്പൊരി തീക്കടലായി ഇരമ്പിയുയരുന്നതിന് ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ല, തീർച്ച ! ഒരാത്മഹത്യ നടക്കുമ്പോൾ ഉയരുന്ന അരാഷ്ട്രീയ ചർച്ചകളിൽ വഴിപിഴക്കരുത്.

അഭിരാമിമാരുടെ ജീവത്യാഗങ്ങൾ നമ്മുടെ പ്രതിരോധാഗ്നിക്ക് എണ്ണപകരട്ടെ ! കിടപ്പാടങ്ങൾ ജപ്തിചെയ്യാനനുവദിക്കരുത് ! ജപ്തിചെയ്തവ തിരിച്ചുപിടിക്കാൻ പ്രാദേശിക പ്രക്ഷോഭ സമിതികൾക്ക് രൂപം നൽകുക ! എന്തെന്നാൽ, നിസ്വരായി ജീവിക്കേണ്ടിവരുന്നത് നമ്മുടെ കുറ്റമല്ല !


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal