നിയമത്തെ നോക്കുകുത്തിയാക്കി വംശീയ ജപ്തി

എ എം നദ്‌വി

കോടതിയുടെ അസാധാരണ വേഗതയും, സർക്കാർ ഭാഗം വക്കീലിന്റെ വസ്തുതകൾ മറച്ചുവെച്ചുള്ള മാപ്പും തുടർന്ന് നടക്കുന്ന വസ്തു പിടിച്ചെടുക്കൽ നടപടിക്രമത്തിലെ വിശിഷ്ട താല്പര്യവുമെല്ലാം വംശീയ പക്ഷപാതിത്വം നിറഞ്ഞതും മാനുഷികവും നിയമപരവുമായ പൊതു തത്വങ്ങളെയും, മൗലികാവകാശങ്ങളെയും അവഗണിച്ചുളളതാണ് എന്നുമാണ് വ്യാപകമായ ആക്ഷേപം.


പോപുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി സംഘടനാ നേതാക്കളെ വ്യാപകമായ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2022 സെപ്തംബർ 23 ന് നടന്ന ഹർത്താലിനെതിരെ അസാധാരണ വേഗത്തിലും ഗൗരവത്തിലുമുണ്ടായ കേരള ഹൈകോടതി ഇടപെടൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഇരട്ടമുഖത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് പോപുലർ ഫ്രണ്ടിന്‍റെയും പ്രവർത്തകരുടെയും സ്വത്തുവകകൾ അതിവേഗത്തിൽ കണ്ടുകെട്ടുന്ന കേരള സർക്കാർ വരും കാലത്തെ മിന്നൽ പണി മുടക്കുകൾക്കെതിരെയും സമാന നടപടികൾക്ക് നിർബന്ധിതരാവുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഏഴു ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ നടത്തുന്ന മിന്നൽ ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് 2019 ജനുവരി ഏഴിന്റെ ഹൈകോടതി ഉത്തരവിന്റെ മറവിലാണ് ജപ്തി നടപടികൾ പുരോഗമിക്കുന്നത്. ഹർത്താൽ നടത്തുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കാൾ വലുതാണ് ജീവിക്കാനും ഉപജീവനത്തിന് തൊഴിലെടുക്കാനുമുള്ള മൗലികാവകാശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.

ജനജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹരജി പരിഗണിക്കവെയാണ് വിധിയുണ്ടായത്. ഈ ബെഞ്ചിന്‍റെ ഭാഗമായിരുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്തു വകകൾ ജപ്തി ചെയ്യാൻ 2022 സെപ്റ്റംബർ 29 ന് ഉത്തരവിട്ടത്. തുക കെട്ടിവെച്ചില്ലെങ്കിൽ സംഘടനയുടെയും സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സ്വത്തുക്കളിൽനിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക കണ്ടുകെട്ടാൻ ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്നും അന്ന് നിർദേശമുണ്ടായി. പി.എഫ്.ഐ ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രതിയാക്കാൻ കോടതി പ്രത്യേകം നിർദേശിച്ചു. പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ അധികമായി ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് കർശന നിർദേശവും നൽകി. നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് കണ്ടെത്താൻ നിയോഗിക്കപ്പെട്ട ക്ലെയിം കമീഷണർ അഡ്വ. പി.ഡി. ശാർങ്ഗധരന് സർക്കാർ സൗകര്യമൊരുക്കണമെന്നും മൂന്നാഴ്ചക്കകം പ്രവർത്തനം തുടങ്ങണമെന്നും നിർദേശിച്ചിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2019 ൽ നടന്ന ഹർത്താൽ സംബന്ധിച്ച ഹരജിയിലാണ് ക്ലൈം കമ്മീഷണറും,നഷ്ടപരിഹാരം ഈടാക്കലുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങളുണ്ടായത്. ശബരിമല ഹർത്താലിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടും ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാൻ കോടതി അന്ന് നിർദേശിച്ചിരുന്നു. ശബരിമല കര്‍മസമിതി, ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി നേതാക്കളെ കൂടി ഉള്‍പ്പെടുത്താനായിരുന്നു കോടതിയുടെ വാക്കാൽ നിർദേശം. ഹര്‍ത്താലില്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടം കൂടി കണ്ടെത്തിയശേഷം നഷ്ടപരിഹാരം സംബന്ധിച്ച ക്ലെയിം കമീഷണറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ, അന്ന് ജപ്തിനടപടിയിലേക്ക് എത്തിയിരുന്നില്ലെന്ന് മാത്രമല്ല പിന്നീട് കോടതിക്കോ, സർക്കാരിനോ ഇക്കാര്യത്തിൽ പുനരാലോചനയോ, നിർദേശങ്ങളോ, ജാഗ്രതയോ ഉണ്ടായതുമില്ല.

ഹര്‍ത്താലില്‍ പൊതു -സ്വകാര്യ സ്വത്തിനുണ്ടായ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കി അവരെ ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കണമെന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിപ്രകാരമാണ് ഹൈകോടതിയുടെ വിലയിരുത്തലുണ്ടായത്. തുടർന്നാണ് പോപുലർ ഫ്രണ്ടിന്‍റെ ഹർത്താലുണ്ടാകുന്നതും കോടതി അതിവേഗത്തിൽ ഇടപെടുന്നതും. നടപടിക്ക് വൈകിയ സർക്കാറിന് അന്ത്യശാസനം നൽകി കോടതി വേഗം കൂട്ടി. പോപുലർ ഫ്രണ്ടിനെതിരെ ജപ്തിനടപടികൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡോ. വി.വേണു കോടതിയിൽ നേരിട്ടെത്തി മാപ്പ് പറയുകയും,രജിസ്ട്രേഷൻ ഐ.ജി നൽകിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറിയുടെ ആദ്യഘട്ടം ജനുവരി 15 നകം തീർക്കുമെന്നും തുടർന്നുള്ള ഒരു മാസത്തിനകം ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി. ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അന്ത്യശാസനം നൽകിയ കോടതി നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിെവക്കാനുള്ള നിർദേശം പാലിക്കാത്ത സാഹചര്യത്തിൽ മുൻകൂർ നോട്ടീസ് നൽകാതെ തുക ഈടാക്കാൻ ജനുവരി 18 ന് ഉത്തരവിട്ടു.

റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമായിരുന്നു ഇത്. ജപ്‌തി നടപടികൾ എത്രയുംവേഗം പൂർത്തിയാക്കി ജനുവരി 23 ന് സർക്കാർ കോടതിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇതിനെ തുടർന്നാണ് വ്യാപകമായ സ്വത്തു കണ്ടുകെട്ടൽ തുടങ്ങിയത്.

കോടതിയുടെ അസാധാരണ വേഗതയും, സർക്കാർ ഭാഗം വക്കീലിന്റെ വസ്തുതകൾ മറച്ചുവെച്ചുള്ള മാപ്പും തുടർന്ന് നടക്കുന്ന വസ്തു പിടിച്ചെടുക്കൽ നടപടിക്രമത്തിലെ വിശിഷ്ട താല്പര്യവുമെല്ലാം വംശീയ പക്ഷപാതിത്വം നിറഞ്ഞതും മാനുഷികവും നിയമപരവുമായ പൊതു തത്വങ്ങളെയും, മൗലികാവകാശങ്ങളെയും അവഗണിച്ചുളളതാണ് എന്നുമാണ് വ്യാപകമായ ആക്ഷേപം.

നിയമ ക്രമത്തിലെ പൊതു മാന്യതകളുടെ നഗ്നമായ ലംഘനം തന്നെയാണ് ജപ്തി നടപടികളെന്ന് നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒന്നാമതായി ഹർത്താൽ ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകർ നഷ്ടപരിഹാരത്തുകയുടെ വിഹിതം ജാമ്യത്തുകയായി നല്കിയാണ് ജയിൽ മോചിതരായത്. പക്ഷെ,സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നു. വീണ്ടും നഷ്ടപരിഹാരത്തിന്റെ ഇരട്ടഭാരം ഇവർക്കുമേൽ അടിച്ചേല്പിക്കുന്നത് സാമാന്യ നീതിയെ കശാപ്പ് ചെയ്യുന്ന നിഷ്ഠൂരമായ നടപടിയാണ്. മറ്റൊന്ന് നിരോധിത സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്ന പലരും കസ്റ്റഡിയിലും,ജയിലുകളിലും കഴിയുമ്പോൾ സ്വതന്ത്രമായ നിയമ നടപടികൾക്ക് അവർക്ക് തടസങ്ങൾ നിലനിൽക്കുമ്പോൾ നടത്തുന്ന ജപ്തി  നിയമത്തെ നോക്കുകുത്തിയാക്കി നടത്തുന്ന തീർത്തും ഏകപക്ഷീയവും വിവേചനപരവുമായ നീക്കമാണ്. മറ്റൊന്ന് പോപുലർ ഫ്രണ്ട് അംഗമായതിന്റെ പേരിൽ ഭാര്യയും മക്കളും വൃദ്ധമാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ വഴിയാധാരമാക്കി തെരുവിലിറക്കിവിടുന്നതിലൂടെ നിരപരാധികളായ പൗരന്മാരെ നിയമം ഉപയോഗിച്ചു ക്രൂരമായ വേട്ടയാടുകയാണിവിടെ.

പ്രതിഷേധങ്ങൾക്കിടയിൽ പൊതുമുതലിനും സ്വകാര്യ സ്വത്തുക്കൾക്കും ഉണ്ടാവുന്ന നഷ്ടവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയിൽ വെങ്കിടേശ്വര ഐ.ടി.ഐ vs ഗവ.ഓഫ് തമിഴ്നാട് കേസിൽ ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ 2008 ആഗസ്റ്റ് 29 ലെ പ്രസിദ്ധമായ വിധിയുടെ താല്പര്യങ്ങൾക്ക് വിപരീതമാണ് പി.എഫ്.ഐ ഹർത്താലിന്റെ പേരിലുള്ള ജപ്തി നടപടികൾ. 2000 ഒക്ടോബർ 20 ന് മധുരയിലുണ്ടായ അക്രമ സംഭവങ്ങളിൽ വെങ്കടേശ്വര ഐ ടി ഐ യുടെ ബസ് കത്തിച്ച അഴഗിരി വിഭാഗം ഡി.എം.കെ പ്രവർത്തകരുടെ നടപടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐ ടി ഐ മാനേജ്മെന്റ് നൽകിയ കേസിലാണ് പ്രതിഷേധക്കാരല്ല, സ്വത്തുവഹകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്ന സുപ്രധാന വിധിയുണ്ടായത്. അത് ചോദ്യം ചെയ്ത സർക്കാർ അപ്പീൽ പോലും കോടതി തള്ളിക്കളയുകയാണുണ്ടായത്.

ചുരുക്കത്തിൽ നിയമക്രമത്തിന്റെയും സാമാന്യ നീതിയുടെയും മനുഷ്യവകാശങ്ങളുടെയും അടിവേരറുക്കുകയും,രാജ്യത്തിന്റെ അടിത്തറ തകർക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് നിലപാടുകൾക്ക് ശക്തിപകരുകയും ചെയ്യുന്ന വംശീയവും വിവേചനപരവുമായ കോടതി – സർക്കാർ നയം തിരുത്തുന്നതിന് വേണ്ടി ശക്തമായ ജനകീയ സമ്മർദ്ദമുയർന്നില്ലെങ്കിൽ ഇന്ത്യയുടെ ഭാവി അത്യന്തം ഗുരുതരമായ അപകടത്തിലേക്കാണ് എത്തിപ്പെടുക.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal

Racial confiscation