തിരുനെല്ലിയിലെ ആദിവാസി സ്ത്രീക്കെതിരായ ലൈംഗികാതിക്രമം

  • വെളിപ്പെട്ട വസ്തുതകളുംതെളിയിക്കപ്പെടേണ്ട സംശയങ്ങളും
ഷാൻ്റോലാൽ

ഭൂമിക്കുമേൽ അധികാരമില്ലാത്ത ജനതക്ക് സ്വന്തം ശരീരത്തിലും അധികാരം നഷ്ടപ്പെടുന്നു


2023 മെയ് 5 പുലർച്ചെ 6 മണിക്കാണ് അവിവാഹിതയായ ആദിവാസി സ്ത്രീ ക്രൂരമായ ബലാത്സംഗത്തിന് ഇരയാകുന്നത്. പനവല്ലി സ്വദേശിയും 31 കാരനുമായ അജീഷ് എന്നയാൾ ഈ കേസിൽ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.സ്വന്തം വീട്ടിൽ നിന്നും അമ്മ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് വന്നപ്പോഴാണ് സംഭവം നടക്കുന്നത്.(അക്രമിക്കപ്പെട്ട സ്ത്രീയുടെ പേര് വെളിപ്പെടുത്താൻ നിർവ്വാഹമില്ലാത്തതിനാൽ നമുക്ക് സഹോദരി എന്ന് പേരിട്ട് വിളിക്കാം.)സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുള്ള ഒരാളുണ്ടെന്നും നല്ല ആളാണെന്നും പറഞ്ഞ് സഹോദരിയുടെ പരിചയക്കാരനും നാട്ടുകാരനുമായ വാസു എന്നയാൾ സഹോദരിയുടെ നമ്പർ വാങ്ങി അജീഷിന് നൽകുകയായിരുന്നു.കൂടാതെ വാസുവിൻ്റെ ബന്ധുവും സഹോദരിയുടെ മറ്റൊരു അയൽവാസിയുമായ ബാബു എന്നയാളാണ് സഹോദരിയുടെ ഫോട്ടോ എടുത്ത് അജീഷിനയച്ച് കൊടുത്തത്.വാസു അജീഷിന് നൽകിയ സഹോദരിയുടെ നമ്പറിൽ വിളിച്ച് പരിചയപ്പെട്ട രണ്ട് മാസത്തെ ഫോണിൽ സംസാരിച്ച ബന്ധം മാത്രമാണ് സഹോദരിക്ക് അജീഷുമായുള്ളത്.

അജീഷിൻ്റെ അകന്ന ബന്ധുക്കൾ പോലും ഈ ലേഖകനോട് പറഞ്ഞത് അജീഷ് ആ പ്രദേശത്തെ ഒരു നൊട്ടോറിയസ് ആണെന്നും സ്വന്തം അമ്മയെ പോലും തല്ലിയോടിച്ച ക്രിമിനലാണെന്നും ആരും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നുമാണ്.മാത്രമല്ല കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. പ്രദേശവാസികളോട് അന്വേഷിച്ചപ്പോൾ അവരും അജീഷിനെപ്പറ്റി നല്ലത് പറഞ്ഞില്ല.എന്നാൽ ഇതെല്ലാമറിയുന്ന വാസുവും ബാബുവും എന്തിന് സഹോദരിയോടിക്കാര്യം മറച്ച് വച്ച് അജീഷ് നല്ലവനാണെന്നും അമ്മയോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്നും കളവ് പറഞ്ഞു.ഇത് ഗൗരവമുള്ള പ്രശ്നമാണ്. ഇതിനാൽ ഒന്നിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തവും സെക്സ് റാക്കറ്റിൻ്റെ സാന്നിദ്യവും കുടുംബാഗങ്ങളും പൊതു പ്രവർത്തകരും സംശയിക്കുന്നു .രാത്രി രണ്ട് മണി മുതൽ ആറ് മണി വരെയുള്ള കാര്യങ്ങൾ സഹോദരി കൂടുതൽ വിശദീകരിക്കാത്തതും,എട്ട് സ്റ്റിച്ചുകളുള്ള മുറിവിൻ്റെ കാഠിന്യവും ബ ന്ധുക്കൾക്ക് കൂടുതൽ ആളുകളുടെ പങ്കാളിത്തം സംബന്ധിച്ച സംശയം ബലപ്പെടാൻ കാരണമാകുന്നുണ്ട്.

സമുദായത്തിന് പുറത്ത് വിവാഹം സമ്മതിക്കാത്ത അച്ഛൻ്റെ നിലപാടിന് വഴങ്ങി മുപ്പത് വയസ് വരെ വിവാഹം കഴിക്കാതിരുന്ന സഹോദരി ഒരു വിവാഹ ജീവിതം വല്ലാതെ ആഗ്രഹിച്ചിരുന്നു. നിരവധി വിവാഹ ആലോചനകൾ നടക്കാതെ പോയതിൽ ദു:ഖിതയായിരുന്ന സഹോദരി നേരിൽ കണ്ടിട്ടില്ലെങ്കിലും അജീഷുമായുള്ള വിവാഹം അത്രയേറെ ആഗ്രഹിച്ചിരുന്നു.മനസ് കൊണ്ട് ആത്മാർത്ഥമായി പ്രണയിച്ച സഹോദരി അജീഷിനെ നേരിൽ കാണാനും ഏറെ ആഗ്രഹിച്ചിരുന്നു.അങ്ങിനെയാണ് അമ്മവീടിനടുത്തുള്ള അജീഷിനെ കാണാൻ, ഉത്സവദിവസം കണക്കാക്കി സഹോദരി അമ്മ വീട്ടിലെത്തുന്നത്.

മെയ് 4ന് രാത്രി 12 മണിക്ക് അമ്മ വീടിനടുത്തുള്ള അങ്കൺവാടിയുടെ അടുത്ത് വച്ച് സഹോദരി അജീഷിനെ കണ്ടെന്നും വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ വരുന്നില്ലന്നും പറഞ്ഞെന്നാണ് സഹോദരി വ്യക്തമാക്കുന്നത് . വിവാഹം കഴിക്കാൻ തീരുമാനിച്ചതല്ലേ വന്നാലെന്താണ് പോരൂ എന്ന് പറഞ്ഞ് സഹോദരിയെ അജീഷിൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നും രാത്രി രണ്ട് മണിക്ക് തന്നെ ലൈംഗികമായി ബന്ധപ്പെടാൻ അജീഷ് ശ്രമിച്ചെന്നും മുൻ അനുഭവങ്ങൾ ഇല്ലാത്തതിൻ്റെ ചമ്മൽ കാരണം ഞാൻ സമ്മതിച്ചില്ലെന്നും സഹോദരി പറഞ്ഞു. പിന്നീട് രാവിലെ 6 മണിക്ക് അവിടെയുണ്ടായിരുന്ന മദ്യം കഴിച്ചെത്തിയ അജീഷ് താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ബലാൽകാരമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ വജയിനയിൽ വലിയ മുറിവ് പറ്റി ചോരയൊഴുകി എഴുന്നേൽക്കാൻ പോലുമുള്ള ആരോഗ്യമില്ലാത്ത അവസ്ഥയിൽ എത്തിയെന്നുമാണ് സഹോദരി പറയുന്നത്.

ക്ഷീണിതയായ തന്നെ ഒരുവിധത്തിൽ സഹോദരിയുടെ അമ്മയുടെ വീട്ടിൽ എത്തിച്ചെന്നും പറയുന്നു. തളർന്നുവീണ സഹോദരിയെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ കേസു കൊടുക്കുമെന്ന അമ്മയുടെയും മറ്റ് ചിലരുടെയും വാക്കിനാലാണ് പ്രതി സഹോദരിയെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാണ് ആദ്യമറിഞ്ഞത് എങ്കിലും, തന്നെ കാറിൽ ആശുപത്രിയിലെത്തിച്ച ഡ്രൈവറുടെ ഒറ്റ നിർബ്ബന്ധം കൊണ്ടാണ് അജീഷ് ആശുപത്രിയിലെത്തിച്ചത് എന്ന് സഹോദരി പറയുന്നു. അവർ കണ്ടില്ലായിരുന്നെങ്കിൽ അജീഷ് തന്നെ ഏതെങ്കിലും കൊല്ലിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞേനെ എന്നും സഹോദരി പറഞ്ഞു.

ആശുപത്രിയിലെത്തിയ പ്രതി തൻ്റെ ഭാര്യയാണെന്ന് പറഞ്ഞാണ് അഡ്മിറ്റ് ചെയ്തത്.അങ്ങിനെയാണ് ആശുപത്രി രേഖകളിൽ ഉള്ളതും.അജീഷാണ് സഹോദരിക്ക് കൂട്ടിരിപ്പിനായി ഉണ്ടായിരുന്നത്. ആശുപത്രിയിൽ നിന്നുള്ള ഇൻ്റിമേഷൻ്റെ അടിസ്ഥാനത്തിലല്ല,ഇങ്ങനെ ഒരു സത്രീ പരിക്കേറ്റ് ആശുപത്രിയിലുള്ളത് അറിഞ്ഞ് അവിടെയെത്തിയ പോലീസിനോട്,തൻ്റെ ഭാര്യയാണ് സഹോദരിയെന്ന് അജീഷും, അജീഷുമായി വിവാഹം കഴിച്ച് ജീവിക്കാനൊരുക്കമാണെന്ന് സഹോദരിയും പറഞ്ഞതനുസരിച്ച് പോലീസ് മറ്റ് നടപടികൾ സ്വീകരിക്കാതെ പോയി.ആ സമയത്ത് അജീഷ് മദ്യപിച്ചിരുന്നതായും സമീപത്ത് ഒരു ബന്ധു ഉണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്.എന്നാൽ സമീപത്ത് ഉണ്ടായിരുന്നത് കൂട്ടിരിപ്പിനെത്തിയ ബന്ധുവല്ലെന്നും,സഹോദരിയെ സന്ദർശിക്കാനെത്തിയ ബന്ധുവായിരുന്നെന്നും അവർ അധിക സമയം കഴിയാതെ അവിടെ നിന്ന് പോയി എന്നും ഞങ്ങളറിഞ്ഞു.എന്തു തന്നെ ആയാലും ആശുപത്രി അതികൃതർക്കും, കാണാനെത്തിയ ബന്ധുവിനും, അന്വേഷിക്കാനെത്തിയ പോലീസിനും സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ കൃത്യ സമയത്ത് തിരിച്ചറിയാനാകാതെ മെഡിക്കൽ കോളേജിനകത്ത് പ്രതി അക്രമിക്ക പെട്ട സ്ത്രീക്ക് കാവലിരിക്കുന്ന സാഹചര്യമുണ്ടായി. പ്രതിയുടെ മാനസികവും ശാരീരികവുമായ കസ്റ്റഡിയിൽ സഹോദരരി ആശുപത്രിയിൽ കഴിയേണ്ടിവന്നു എന്ന് ചുരുക്കം.അതാണ് പിന്നീട് ബന്ധുക്കളുടെ സാമീപ്യം ഉണ്ടായപ്പോൾ ധൈര്യം വന്ന സഹോദരി തിരുത്തിപ്പറഞ്ഞ മൊഴിയിൽ പ്രതിഫലിക്കുന്നത്.(ഇനിയെങ്കിലും അക്രമത്തിലോ മറ്റോ പരിക്കേറ്റ് കൂടെ വരുന്നവരുടെ വിശദാംശങ്ങൾ കൂട്ടിരിപ്പിന് അനുവദിക്കുന്നതിന് മുൻപ് ഉറപ്പ് വരുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൾചൂണ്ടുന്നത്.)

എട്ടൊമ്പത് പേരാൽ കാപ്പിതോട്ടത്തിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയായി മുറിവുകളോടെ മാനന്തവാടി ആശുപത്രീലാക്കിയിട്ടുണ്ടെന്ന് ബാബു എന്നയാൾ അക്രമിക്കപ്പെട്ട സ്ത്രീയുടെ വീടിനടുത്ത് വച്ച് നാട്ട്കാരോട് “അയാളുടേതായ ഭാഷയിൽ” വിളിച്ച് പറഞ്ഞ് ചിരിച്ചു കൊണ്ട് പോയി എന്നതാണ് കുടുംബക്കാർ അറിയുന്ന ആദ്യത്തെ വിവരം.അന്നു രാത്രി പത്ത് മണിയോടടുപ്പിച്ച് വീട്ടുകാരിൽ ചിലർ ജീപ്പ് വിളിച്ച് ആശുപത്രിയിലെത്തിയെങ്കിലും അക്രമിക്കപ്പെട്ട സ്ത്രീയെ കാണാൻ കഴിഞ്ഞില്ല.അന്നവർ തിരിച്ചു പോയി.

സഹോദരി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞാണ് പോരാട്ടത്തിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും തിരുനെല്ലി അരണപ്പാറ സ്വദേശിയുമായ ഞങ്ങളുടെ സഖാവ് ഗൗരി ഈ ലേഖകനെ വിളിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു.ഇടപെടാം എന്നാൽ ഇത്തരം കേസുകളിൽ ആക്രമിക്കപെട്ട സ്ത്രീ ഉറച്ച് നിന്നാൽ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ട് പോകാനൊക്കൂ. അവരുടെ നിലപാടെന്താണ് എന്ന് ഞാൻ സഖാവിനോട് ചോദിച്ചു. സഹോദരി ആശുപത്രിയിൽ പ്രതിയുടെ കസ്റ്റഡിയിലാണ്.അതായത് പ്രതിയാണ് ആശുപത്രിയിൽ എത്തിച്ചതും കൂട്ടിരിക്കുന്നതും.അവൾക്ക് പരാതിയില്ല എന്നാണ് പോലീസിനു മൊഴികൊടുത്തത് എന്നും പറഞ്ഞു.

എന്തെങ്കിലുമൊന്ന് ചെയ്യണമെങ്കിൽ ബന്ധുക്കളുടെ നിലപാട് അറിയുകയും അവരുടെ ഇടപെടൽ ആവശ്യവുമായിരുന്നു.സഹോദരിയുടെ അച്ഛനെ എനിക്ക് വ്യക്തിപരമായി ദീർഘകാലമായി അറിയാവുന്ന ആളായതുകൊണ്ടും സഖാവ് ഗൗരി ആവശ്യപ്പെട്ടതനുസരിച്ചും ഞാൻ ഇക്കാര്യമറിയാൻ അച്ഛനെ വിളിച്ചു.അച്ഛൻ വീടിന് ദൂരെ മലയടിവാരത്ത് വേറെ വീട്ടിൽ പോയിരിക്കയാണെന്ന് എന്നോട് പറഞ്ഞു. ആശുപത്രിയിൽ ഉടനെ എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം അച്ഛനുണ്ടായിരുന്നു. ഇക്കാര്യം സഖാവ് ഗൗരിയെ അറിയിച്ചപ്പോൾ സഹോദരൻ്റെ നമ്പർ തന്നു. സഹോദരനും ദൂരെ ദിക്കിൽ പണിക്ക് പോയതിനാലും പണി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളിൽ ആന ഇറങ്ങുന്ന സമയമായതിനാലും രാത്രി യാത്ര പ്രശ്നം നേരിട്ടതിനാലും കുടുബക്കാർ എല്ലാവരെയും കൂട്ടി ആശുപത്രിയിൽ എത്താൻ കഴിഞ്ഞത് സഹോദരി ഡിസ്ചാർജ്ജ് ആകുന്ന ദിവസമാണ്.എന്നാൽ ഈ ദിവസങ്ങളിലൊക്കെ സഖാവ് ഗൗരി ആശുപത്രിയിലുണ്ടായിരുന്നിട്ടും സഹോദരിയെ കാണാൻ അനുവാദം കിട്ടാത്തതാണ് യഥാത്ഥ്യം പുറത്തറിയാൻ വൈകിയതിൻ്റെ മറ്റൊരു കാരണം.ബലാത്സംഗം നടന്നു എന്നാൽ പ്രതിയുടെ സ്വാധീനത്തിൽ മൊഴി പറയാൻ ധൈര്യമില്ലാത്ത കാര്യം ചൂണ്ടിക്കാട്ടി സഹോദരൻ മാനന്തവാടി ലീഗൽ സർവീസ് കമ്മറ്റിക്ക് ഒരു പരാതി നൽകിയ ശേഷമാണ് ഞങ്ങൾ ആശുപത്രിയിലെത്തുന്നത്.

സഹോദരിയുടെ അച്ഛൻ, ചേച്ചി, ചേച്ചിയുടെ ഭർത്താവ്, സഹോദരൻ, സഖാവ് ഗൗരി, ഉൾപ്പെടെ ഞങ്ങൾ ഇത്രയും പേർ ആശുപത്രിയിലെത്തുമ്പോൾ പ്രതി ഡിസ്ചാർജ്ജ് വാങ്ങി സഹോദരിയുമായി സ്ഥലം വിടാനൊരുങ്ങി നിൽക്കുകയായിരുന്നു. എങ്ങോട്ട് കൊണ്ടുപോകാനായിരുന്നു ഉദ്യേശമെന്നും, നാടുകടത്തുകയായിരുന്നോ, മറ്റെവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നോ ലക്ഷ്യമെന്നും കുടുംബക്കാർ ഇപ്പഴും സംശയിക്കുന്നു. പ്രതിയെ തിരച്ചറിഞ്ഞ ഞങ്ങൾ ആരാണ് നീ എന്ന് ചോദിച്ചപ്പോൾ ഞാൻ ഭർത്താവാണെന്ന് പറഞ്ഞു.അപ്പോൾ സഹോദരിയുടെ അച്ഛൻ പ്രതിക്ക് നേരെ കയർത്തു. അവരറിയാത്ത ഭർത്താവാണല്ലോ.അപ്പോൾ പ്രതി അച്ഛാ അച്ഛാ എന്ന് വിളിച്ച് സന്ദർഭം തണുപ്പിക്കാൻ ശ്രമിച്ചു.നീ എന്നെ അച്ഛാ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞപ്പോൾ ഞാനല്ലേ ഇവളെ പരിചരിച്ചത് എന്നായി.

ഇതെല്ലാം അവഗണിച്ച് പ്രതിയെ തടഞ്ഞു നിർത്തി, ജനങ്ങളെ വിളിച്ചു കൂട്ടി, ആശുപത്രി അതികൃതരെ വിളിച്ചു കൂട്ടി ബഹളം വച്ച ശേഷമാണ് പോലീസിനെ വിളിക്കുന്നത്.ഈ സമയത്താണ് അതുവരെ ഇങ്ങനെ ഒരു വിഷയം അറിഞ്ഞിരുന്നിട്ടും ഇടപെടാതിരുന്ന മാനന്തവാടിയിലെ ഒരു മാധ്യമപ്രവർത്തകൻ പെൺകുട്ടിക്ക് പരാതിയില്ലല്ലോ നിങ്ങൾക്കെന്താണ് പ്രശ്നം എന്ന് ചോദിച്ച് രംഗത്ത് വന്നത്.അദ്ധേഹത്തെ കാര്യങ്ങൾ പറഞ്ഞ് മാറ്റാൻ കഴിഞ്ഞു.പോലീസ് എത്തുന്നതിന് മുന്നെ തന്നെ പ്രതി ബലാത്സംഗം ചെയ്തതാണെന്ന കാര്യം ബന്ധുക്കളോട് സമ്മതിക്കാൻ സഹോദരിക്ക് ധൈര്യമുണ്ടായി എന്നതാണ് ഈ കേസിലെ വഴിത്തിരിവായത്.അങ്ങനെ പ്രതിയെ കസ്റ്റഡിയിലാക്കാൻ കഴിഞ്ഞു.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we …
സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
സര്‍ഫാസി നിയമം റദ്ദാക്കുക! കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്‌! എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച …

ബന്ധുക്കളുടെ സാന്നിദ്യം നൽകിയ തിരിച്ചറിവും വേറെ സത്രീകളെ ഉപദ്രവിച്ച വ്യക്തിയുമാണ് പ്രതിയെന്ന കേട്ടറിവും ഇത്രയേറെ ആഴത്തിൽ ഉണ്ടായ മുറിവിനെ സംബന്ദിച്ച തിരിച്ചറിവും സഹോദരിക്ക് ലഭിച്ച സാഹചര്യത്തിൽ ഇപ്പോൾ പരാതിയുണ്ടെന്ന കാര്യം സഹോദരി അറിയിച്ചു.പോലീസിൽ പരാതി എഴുതി നൽകി.ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ വാർത്ത ചെയ്യാനും ഇക്കാര്യങ്ങൾ പുറത്തു കൊണ്ടുവരാനും കൂടെയുണ്ടായിരുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകർ മാത്രം ആദ്യം വാർത്ത പ്രസിദ്ധീകരിച്ചു. അവരുടെ വാർത്തകളെ തുടർന്നാണ് ഈ വിഷയം മറ്റ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.
ആശുപത്രി പരിസരത്ത് നിന്ന് സഹോദരിയുടെ ആദ്യമൊഴി അതായത് പരാതിയില്ല എന്ന മൊഴി ചൂണ്ടിക്കാട്ടി വിഷയം വഴിതിരിച്ച് വിടാനുള്ള ഒരു മാധ്യമ പ്രവർത്തകൻ്റെ ശ്രമം പരാചയപ്പെട്ട ശേഷമാണ് മറ്റൊരു മറ്റൊരു ഓൺലൈൻ മാധ്യമം കൂട്ട ബലാത്സംഗമല്ല നടന്നതെന്ന സഹോദരിയുടെ തന്നെ വാക്കുകൾ പ്രചരിപ്പിച്ച് രംഗത്ത് വന്നത്.

ഈ കേസിന് നിയമപരമായും രാഷ്ട്രീയമായും ഏറെ മാനങ്ങളുണ്ട്. 3.3 സെൻ്റീമീറ്റർ ആഴമുള്ള 8 സ്റ്റിച്ചുകൾ ഉള്ള മുറിവാണ് സഹോദരിയുടെ വജയനയിൽ ഉണ്ടായിട്ടുള്ളത്. ഉള്ളിൽ മുറിവേറ്റിട്ടുണ്ടെന്നും കമ്പിയോ മറ്റോ കടത്തിയതായി സംശയിക്കുന്നതായി പരിചരിച്ച പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നഴ്സ്മാർ പറഞ്ഞു.ഈ മുറിവ് ഇതുപോലെ എങ്ങിനെ സംഭവിച്ചു എന്നതിൽ ചില പോലീസ് ഓഫീസർമാരും ഞങ്ങളുമായി ബന്ധപ്പെട്ട അഭിഭാഷകരും സംശയം പ്രകടിപ്പിക്കുന്നു. രാത്രി 12 മണി മുതൽ 2 മണി വരെയുള്ള കാര്യങ്ങൾ സഹോദരി വ്യക്തമാക്കാത്തതും. രണ്ട് മണിക്ക് ശേഷം 6 മണിക്ക് നടന്ന കാര്യങ്ങൾ പറയുന്നതും.

രണ്ടു മണിക്ക് ഉറങ്ങിയത് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് ” അതിന് ഞാൻ അന്നവിടെ നിന്ന് ഭക്ഷണവും വെള്ളവുമൊന്നും കഴിച്ചിട്ടില്ലെന്ന” ചോദ്യവുമായി ബന്ധമില്ലാത്ത ഉത്തരവും സംശയം കൂട്ടുന്നതാണ്.പ്രതി പറഞ്ഞു പഠിപ്പിച്ച ഒരു മുൻനിർമ്മിത – രക്ഷപ്പെടൽ ഉത്തരം അറിയാതെ സഹോദരിയുടെ വായിൽ നിന്ന് വീണു പോയതാണന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.സഹോദരിയെ എന്തോ കഴിപ്പിച്ച് മയക്കിയ ശേഷം ഗ്യാങ്ങ് റെയ്പ്പ് നടന്നിട്ടുണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നതിന് ഒരു കാരണം ഇതും മറ്റൊരു കാരണം എട്ടൊമ്പത് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് കുടുംബാംഗങ്ങൾ കേട്ട ആദ്യ വാക്കുകളുമാണ്.

എട്ടൊമ്പത് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന വിവരം ബാബു എന്നയാൾക്ക് ലഭിച്ചത് എവിടെ നിന്നാണ് എന്ന് അറിയണം. മെയ് 2 ന് വീട്ടിൽ നിന്ന് പോയതിനു ശേഷം മെയ് 4 ന് രാത്രി വരെയുള്ള സമയങ്ങളിൽ പ്രതി സഹോദരിയുമായി ബന്ധപ്പെട്ടിരുന്നോ എന്നും അറിയണം. ആ ദിവസങ്ങളിലെ പ്രതിയുടെ ഫോൺ രേഖകളിൽ നിന്ന് ഇക്കാര്യവും പ്രതി ബന്ധപ്പെട്ട മറ്റാളുകളുടെ വിവരങ്ങളും അറിയണം.മാത്രമല്ല പ്രതി ആശുപത്രിയിലിരിക്കുമ്പോൾ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന കാര്യങ്ങൾ വ്യക്തത വരുത്തണം.കാരണം ആദ്യം സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചതിനെതിരായാണ് ചില കോണുകളിൽ നിന്ന് പ്രകോപനമുണ്ടായതെങ്കിൽ ഇപ്പോൾ കൂട്ട ബലാത്സംഗം ഉണ്ടോ എന്നന്വേഷിക്കുന്നതിനെതിരെയാണ് പ്രകോപനം ഉണ്ടായിരിക്കുന്നത്.

സ്ത്രീകൾ ബലാത്സംഗത്തിന് വിധേയരാകുന്ന കേസുകളിൽ ഒരു സംഘമാളുകൾ അവരെ ഉപയോഗിച്ചതിൻ്റെ നിരവധി ഉദാഹരണങ്ങൾ നമുക്കറിയാം.സൂര്യനെല്ലി മുതലിങ്ങോട്ട് നോക്കിയാൽ തിരുനെല്ലിയിലെ അപ്പപ്പാറയിൽ കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനി അനിതയുടെ വിഷയമുൾപ്പെടെ നിരവധി കേസുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും.അനിതയുടെ കേസിൽ പ്രണയം നടിച്ച ആൾ മാത്രമല്ല, അയാളുടെ സുഹൃത്തും ശിക്ഷിക്കപ്പെട്ടത് ഇതിനൊരുദാഹരണമാണ്.സ്ത്രീകളെ വലവീശിപ്പിടിക്കുന്ന സംഘങ്ങൾ ഒരു കുപ്പി മദ്യം കയ്യിൽ കിട്ടിയാൽ പങ്കിടുന്ന ലാഘവത്തോടെ സ്ത്രീ ശരീരവും പങ്കിടുന്നു എന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. അത് നാം അംഗീകരിച്ചേ മതിയാകൂ.

തിരുനെല്ലി പഞ്ചായത്തിലും അതിൻ്റെ പരിസര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലും സവിശേഷമായി, ദശകങ്ങളായി തന്നെ ആദിവാസി സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിൻ്റെയും അതിനെ തുടർന്നുണ്ടാകുന്ന അതിക്രമങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് സഹോദരിയുടെ പ്രശ്നം.ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവിവാഹിതരായ അമ്മമാരുള്ള പഞ്ചായത്തായി തിരുനെല്ലി മാറിയതെങ്ങനെയാണ് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ കണ്ടെത്തിയാൽ മാത്രം ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ.നാളുകളായി നടക്കുന്ന സംഭവങ്ങൾ പുറം ലോകമറിയാതെ മൂടിവച്ചും,പരസ്പര സമ്മതമെന്ന വാക്കു കൊണ്ട് നിഷ്കളങ്കതയെ ചൂഷണത്തിനുള്ള ഉപാദിയാക്കി മാറ്റിയതും ചരിത്രമാണ്.

ഇത് ലൈംഗിക ചൂഷണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, ഒരു കെട്ട് പുകയിലക്കും, ഒരു കുപ്പി റാക്കിനും ഏക്കർ കണക്കിന് ഭൂമി പൂർവ്വ മാതാ – പിതാക്കൻമാരിൽ നിന്ന് വഞ്ചനാപൂർവ്വം കൈക്കലാക്കിയ കാര്യത്തിലും ഇതു കാണാവുന്നതാണ്. കാലം പൊതുവിൽ ഒരുപാട് മാറിയെങ്കിലും പല കാര്യങ്ങളിലും ആദിവാസി ജനത സവിശേഷമായി നേരിട്ടു കൊണ്ടിരിക്കുന്നത് ഈ ചൂഷണവും വഞ്ചനയും തന്നെയാണ്. അവിടെയുള്ള ഒരു ഭൂപ്രമാണിയുടെ മകൾക്കാണ് എങ്കിൽ ഇങ്ങനെ സംഭവിക്കില്ല എന്ന് ആദിവാസികൾ തിരിച്ചറിയുന്നുണ്ട്. സ്ത്രീ എന്ന നിലക്ക് അഥവാ സംഭവിച്ചാൽ തന്നെ അതിനോടുള്ള പ്രതികരണവും ഇങ്ങനെ ആയിരിക്കില്ല എന്നുമവർക്കറിയാം.

ഭൂമിക്ക് മേൽ അധികാരമില്ലാത്ത ജനതക്ക്, സ്വന്തം ഭൂമിയിൽ നിന്ന് അന്യവത്കരിക്കപ്പെട്ട ജനതക്ക് സ്വന്തം ശരീരത്തിനു മേലും അധികാരമിലെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് തിരുനെല്ലിയിലെ ആദിവാസി സ്ത്രീകളുടെ ജീവിതങ്ങളിൽ നിന്നും അവർ നേരിടുന്ന ചൂഷണത്തിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും കണ്ടെടുക്കാനാവുന്നത്. അതിനുമപ്പുറം നടിയായാലും കന്യാസ്ത്രീ ആയാലും ആദിവാസി സ്ത്രീ ആയാലും ഇവിടെ നിലനിൽക്കുന്ന പുരുഷാധിപത്യ മർദ്ദക വ്യവസ്ഥ സ്ത്രീകൾക്കുമേൽ അഴിച്ചുവിടുന്ന ആക്രമണങ്ങളിലൊന്നു കൂടിയാണിത്.

പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ അറസ്റ്റ് നീട്ടിക്കൊണ്ടുപോവുക,അറസ്റ്റ് ചെയ്യപ്പെട്ടാൽ അന്വേഷണം നീട്ടിക്കൊണ്ടു പോവുക, അറസ്റ്റ് ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും ഒത്തുതീപ്പിലെത്തിച്ച് പ്രതികളെ രക്ഷിക്കുക എന്നതൊക്കെ ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന ഒരു രീതിയാണെന്ന് സഹോദരിയുടെ അച്ഛൻ സാക്ഷ്യപ്പെടുത്തുന്നു.അതോടൊപ്പം തന്നെ ഇത് പുറം ലോകം അറിയുന്നൊരു യാഥാർത്ഥ്യവുമാണ്.ഇത്തരത്തിൽ ഇനിയിത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബാഗങ്ങളും ഇതിലിടപെട്ട പൊതുപ്രവർത്തകരും.

ഇവിടെ നിയമപരവും രാഷ്ട്രീയവുമായ ഒരു പോരാട്ടം തന്നെ ആവശ്യമായി വരും.കേസിൻ്റെ സാങ്കേതികതകൾ ഒരു പക്ഷെ ഇതിൻ്റെ വിജയത്തിന് എതിര് നിന്നേക്കാം. എന്നിരുന്നാലും നമുക്ക് വിജയിച്ചേ തീരു. ഇത്തരം കേസുകളിൽ കുറ്റവാളികൾ ശിക്ഷികപ്പെടുന്നത് സാമൂഹ്യ വിരുദ്ധ ക്രിമിനൽൽ സംഘങ്ങൾക്ക് ഭയപ്പാടും ജനങ്ങൾക്ക് ഉണർവും സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.അതുകൊണ്ട് തന്നെ പ്രതികൾക്ക് വേണ്ടി ശക്തമായ പ്രതിരോധം മറുഭാഗത്ത് പ്രത്യക്ഷവും പരോക്ഷവുമായി ഉയരുന്നത് മറികടന്നേ മതിയാകൂ.വാസുവും ബാബുവും ഉൾപ്പെടെ കൂടുതൽ ആളുകളുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന് സഹോദരി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് അന്വോഷണ ഉദ്യോഗസ്ഥനെ കണ്ട് സഹോദരിയുടെ പിതാവും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന് തയ്യാറായി എത്തിയതിലുള്ള ആദിവാസി സ്ത്രീയുടെ കൺസെൻ്റിനെക്കുറിച്ച് പറഞ്ഞാണ് പലരും സഹോദരിക്കെതിരായി പ്രകോപിതരായത്.അത് പ്രതിക്ക് നൽകാവുന്ന പരിരക്ഷയെക്കുറിച്ച് നിയമവും വാചാലമാണ്.എന്നാൽ ആദിവാസികൾക്ക് അവരുടെ ജീവനോപാധിയായ ഭൂമി കൈമാറ്റം ചെയ്യാൻ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വേണമെന്ന നിയമമുള്ള നാടാണ് നമ്മുടേത്. ഇത് കാണിക്കുന്നതെന്താണ്.? സ്വന്തം കൺസെൻ്റോടുകൂടി ഭൂമി കൈമാറ്റം ചെയ്താൽ ഇന്നുമിവിടെ ആദിവാസികൾ വഞ്ചിക്കപ്പെടുന്നുണ്ട് എന്ന സാക്ഷ്യപ്പെടുത്തലല്ലേ ഇത്.? ആദിവാസികൾ ഭൂമിയിൽ എങ്ങനെ വഞ്ചിതരായോ അതുപോലെ തന്നെ ആദിവാസി സ്ത്രീകൾ അവരുടെ ലൈംഗികതയിലും വഞ്ചിതരായിട്ടുണ്ട്.

ആദിവാസികളുടെ ഭൂമി എങ്ങിനെയെല്ലാം തട്ടിയെടുക്കപ്പെട്ടിട്ടുണ്ടോ അതുപോലെ തന്നെ ആദിവാസി സ്ത്രീകളുടെ ശരീരങ്ങളും തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്.ഈ സാമൂഹിക യാഥാർത്യവും നാം അംഗീകരിച്ചേ മതിയാകൂ. ആദിവാസി ഭൂ കൈമാറ്റത്തിൽ കലക്ടറുടെ പെർമിഷൻ പോലൊരു നിയമം ആദിവാസി സ്ത്രീകളുടെ ലൈംഗിക ബന്ധങ്ങളിൽ കൊണ്ടു വരാനൊക്കുമോ നമ്മുടെ “ആധുനിക” സമൂഹമെ..?എന്നാണ് ചോദിക്കാനുള്ളത്.നിശ്ച്ചയമായും കഴിയില്ല.എന്നാൽ ഈ രാഷ്ട്രീയ തിരിച്ചറിവോടെ നിയമ നീതിന്യായ സംവിദാനങ്ങൾ ഇവിടെ ഉയർന്നു വരേണ്ടതുണ്ട്.

നിലവിലിവിടെ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം (SC/ST Atrocity Prevenction Act) ഉണ്ട്. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ SMS DYSP അടങ്ങുന്ന ഒരു പ്രത്യേക പോലീസ് സംവിദാനം, അതിനായി ഒരു കോടതി, പട്ടികജാതി പട്ടികവർഗ കമ്മിഷൻ,എല്ലാമുണ്ട്. പക്ഷെ പല കാര്യത്തിലും,അധികം കാര്യങ്ങളിലും എന്നു തന്നെ പറയാം ഈ സംവിധാനങ്ങൾ എല്ലാം നോക്കുകുത്തികളാണ്.ഈ സ്ഥിതി മാറുമോ.?

സഹോദരിയുടെ കേസിൽ പ്രത്യക്ഷത്തിൽ പ്രതിയെ സഹായിക്കുന്ന സമീപനം സിപിഎം അടക്കമുള്ള സംഘടനകൾ സ്വീകരിച്ചിട്ടില്ല എന്ന് അനുമാനിക്കുമ്പോഴും സ്ഥലം എംഎൽഎ ഉൾപ്പെടെ,ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റി ഭാരവാഹികൾ എല്ലാം തന്നെ മൗനത്തിലാണ്. ആശുപത്രിയിൽ പോലും ആരുമെത്തിയില്ല. മെഡിക്കൽ കോളേജിന് 50 മീറ്റർ താഴെയുള്ള നഗരസഭ ചെയർപേഴ്സൺ വനിതാ സംവരണത്തിലുള്ളതാണെന്നു കൂടി ഓർക്കണം.ജനപ്രതിനിധികളുടെ ഈ മൗനം അങ്ങേയറ്റം പ്രതിഷേധാർഹവും അതിലുപരി ദു:ഖകരവുമാണ്.കേരളം ഭരിക്കുന്ന സിപിഎം ന് ആധിപത്യവും രാഷ്ട്രീയ സ്വാധീനവുമുള്ള നാടാണ് തിരുനെല്ലി. പഞ്ചായത്തുകളുടെ രൂപീകരണ കാലം മുതൽ തിരുനെല്ലി ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും സിപിഎമ്മാണ്.തിരുനെല്ലിയിലെ ഈ സംഭവങ്ങൾ,ആദിവാസികളുടെ യഥാർത്ഥ ജീവിതാവസ്ഥ,അവർ അനുഭവിക്കുന്ന കൊടിയ ചൂഷണവും മർദ്ദനങ്ങളു മെല്ലാം പുറത്തറിയുന്നത് അവർക്ക് നാണക്കേടുണ്ടാക്കുന്നതും മൂടി വക്കാൻ അവരെ സ്വയം പ്രേരിപ്പിക്കുന്നതുമായിരിക്കാം.സത്യം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർ സിപിഎം നകത്ത് ബലിയാടുകളാകുമെന്നതിനാലുള്ള നിശബ്ദതയുമാകാം.എന്നാൽ ജനങ്ങൾക്കിത് ഇനിയും സഹിക്കുക വയ്യ.

കുറുക്കൻമൂലയിൽ കൊല്ലപ്പെട്ട ശോഭ, അണ്ണി ചെറൂരിലെ വൈദ്യുത ഷോക്കേറ്റ് മരിച്ചെന്ന് പറയുന്ന ഉളിയൻ, ആലത്തൂർ എസ്റ്റേറ്റിലെ കുളത്തിൽ ഷോക്കേറ്റ് മരിച്ച ശശി, കൽപ്പറ്റ അട്ലൈഡിലെ വിശ്വനാഥൻ, എസ്.കെ.എം.ജെ സ്കൂളിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്, അങ്ങിനെ വയനാട്ടിൽ തെളിയിക്കപ്പെടാത്ത ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ പെരുകുകയാണ്.സഹോദരിയുടെ കേസും തെളിയിക്കപ്പെടാത്ത,പ്രതികൾ ശിക്ഷിക്കപ്പെടാത്ത കേസുകളുടെ പട്ടികയിൽ എഴുതപ്പെടാതിരിക്കാനും നമുക്ക് പോരാടാം.!

<strong>ഷാൻ്റോലാൽ </strong>
ഷാൻ്റോലാൽ

പോരാട്ടം സംസ്ഥാന കൺവീനറാണ്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ
9496 139 905 എന്ന നമ്പറിൽ ബന്ധപ്പെടുക്കുക.