കാഞ്ചീപുരത്ത് മാധ്യമപ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി; വ്യാപക പ്രതിഷേധം

ജ്യോതി

കാഞ്ചീപുരം ജില്ലയിലെ സോമംഗലത്തിനടുത്തുള്ള നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ  ഇസ്രവേൽ മോസസ്‌ (27)യെയാണ് കഞ്ചാവ് മാഫിയ വെട്ടി കൊലപ്പെടുത്തിയത്. തമിഴ് ടിവിയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചു വരുകയായിരുന്നു മോസസ്.സോമംഗലം അതിർത്തി പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പല പത്രങ്ങളിലും വാർത്തകൾ വന്നിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പത്രപ്രവർത്തകർ ആരോപിക്കുന്നു.

ഇസ്രവേൽ മോസസ് (ഉറവിടം :NDTV)

“തമിഴ് ടിവിയുടെ റിപ്പോർട്ടറായ മോസേ തന്റെ നല്ലൂർ ഗ്രാമത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലും നടക്കുന്ന വ്യപകമായ കഞ്ചാവ് വില്പനക്കെതിരെ പ്രതിഷേധിച്ചിരുന്നു.അദ്ദേഹം വാർത്തകളും ഇതുമായി ബന്ധപ്പെട്ട് ചെയ്തിരുന്നു.കഴിഞ്ഞ മുന്ന് മാസമായി ചെന്നൈയിൽ വ്യപകമായ കഞ്ചാവ് വേട്ട തമിഴ്നാട് പോലീസ് നടത്തി വരികയാണ്. മോസേയുടെ ഗ്രാമത്തിൽ നിന്നുൾപ്പെടെ പ്രാദേശിക ഗുണ്ടാസംഘങ്ങളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി പറയപ്പെടുന്നു. ഇതിനെ തുടർന്ന് ചില അജ്ഞാതർ, രാത്രി വീട്ടിലുണ്ടായിരുന്ന മോസേയെ ഫോണിൽ വിളിക്കുകയും ഒരു വിവരം നൽകാനുണ്ടെന്ന വ്യാജേന പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഗുണ്ടാസംഘം മോസെയെ വെട്ടിക്കൊലപ്പെടുത്തുന്നതിന് പിതാവ് ദൃക്സാക്ഷിയാണ്.” എന്നാണ് സംഭവത്തെ കുറിച്ച്  മദ്രാസ് പത്രപ്രവർത്തക യൂണിയനിലെ(MUJ) മാധ്യമപ്രവർത്തകൻ മണിമാരൻ അറോറയോട് പറഞ്ഞത്.

മോസസിന്റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് തമിഴ്നാട് മാധ്യമപ്രവർത്തക നളസംഘം പത്രക്കുറിപ്പിറക്കി. “മോസേയുടെ കൊലപാതകം പത്രപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം മാത്രമല്ല,ജനാധിപത്യവ്യവസ്ഥിതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ തമിഴ്നാട് സർക്കാരും പോലീസും ഉടനടി നടപടികൾ കൈക്കൊള്ളണം.സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും സർക്കാരിനുണ്ട്.മോസേയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണം. സർക്കാർ, മാധ്യമപ്രവർത്തകർക്ക് തോക്ക് കൈവശം വായിക്കാനുള്ള അനുമതി നൽകണം” എന്നും അവർ പത്രക്കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

തമിഴ്നാട് മാധ്യമപ്രവർത്തക നളസംഘത്തിന്റെ പത്രക്കുറിപ്പ്.

മദ്രാസ് പത്രപ്രവർത്തക യൂണിയനും കൊലപാതകത്തിൽ പ്രതിഷേധിച്ച് വർത്തകുറിപ്പിറക്കുകയുണ്ടായി. ”മാധ്യമ പ്രവർത്തകൻ വാർത്ത റിപ്പോർട്ട് ചെയ്തതതിനാൽ മാഫിയകൾ കൊലപ്പെടുത്തുമെങ്കിൽ,  തമിഴ്‌നാട്ടിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷ പരിതാപകരമായ അവസ്ഥയിലാണ് നിൽക്കുന്നത് എന്നാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്.സാമൂഹ്യ വിരുദ്ധ സംഘങ്ങൾ, മണൽ-വെള്ളം കടത്തുന്നവർ,കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുടെ പ്രവർത്തനം തമിഴ് നാട്ടിൽ വളരെയധികം ശക്തി പ്രാപിച്ചു വരുന്നുണ്ടെന്നും അതിന്റെ തെളിവാണ് മോസേയുടെ കൊലപാതകമെന്നും” വർത്തകുറിപ്പിൽ പറയുന്നു.

ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങളെ നേരിടാൻ കഴിയാത്ത പോലീസ് പരാജയമാണെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള  മുഖ്യമന്ത്രി പഴണിസാമി ഉടൻ നടപടിയെടുക്കണമെന്നും പത്രപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ മാധ്യമപ്രവർത്തകരുടെ  സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.ജേണലിസ്റ്റ് സുരക്ഷാ  നിയമം നടപ്പാക്കണം എന്നും പത്രപ്രവർത്തക യൂണിയൻ സംയുക്തമായി ആവശ്യപ്പെടുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് വിഘ്‌നേഷ്, മനോജ്, ആദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്.നാലാമനായ നവമണി ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്.