കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ആദിവാസികൾക്ക് കഴിയും : അർച്ചന സോരെങ്ങ്

ആദിവാസി ഗവേഷകയും യുവ ആക്ടിവിസ്റ്റുമായ അർച്ചന സോരെങ്ങ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് “കാലാവസ്ഥ വ്യതിയാനം” എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. എന്നാൽ ഇന്ത്യയിലെ ആദിവാസി സമൂഹം തലമുറകളായി കാലാവസ്ഥ സൗഹൃദ ജീവിതരീതിയിലാണ് ജീവിക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു.

“എന്റെ ഫീൽഡ് വർക്കിന്റെ ഭാഗമായി ഞാൻ ആദിവാസി സമൂഹവുമായി ബന്ധപ്പെടുമ്പോൾ സുസ്ഥിര ജീവിതം, മഴവെള്ളം സംഭരിക്കൽ, കാർബൺ ബഹിർഗമനത്തെ കുറക്കുക , ജൈവ കൃഷി എന്നീ കാര്യങ്ങൾ ഞങ്ങളുടെ പൂർവികരുടെ കാലം തൊട്ടേ ഞങ്ങൾ പിന്തുടരുന്നതായിരുന്നു. ആധുനിക ലോകം വാസ്തവത്തിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരെ തദ്ദേശ വാസികളുടെ നൂറ്റാണ്ടുകളോളം നീണ്ട ഇൗ സമ്പ്രദായങ്ങൾ കട്ടെടുക്കുകയാണ്. പിന്നെ എന്തുകൊണ്ട് അവർ അതിന്റെ അംഗീകാരവും കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ നേതൃസ്ഥാനവും ആദിവാസികൾക്ക് കൊടുക്കുന്നില്ല?” അർച്ചന ഉന്നയിക്കുന്ന പ്രധാന ചോദ്യമാണിത്.

ഒഡീഷയിലെ ബിഹാബന്ധ് ഗ്രാമത്തിലെ ഖരിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 24 കാരിയായ അർച്ചന ജൂലൈയിൽ യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥ പ്രവർത്തനത്തിന്റെ യുവ ഉപദേശകരായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളിൽ ഒരുവളാണ്. 18നും 28നും ഇടയിൽ പ്രായമുള്ളവരുടെ ഈ പുതിയ സമിതിക്ക് കാലാവസ്ഥ പ്രവർത്തനത്തിനായി പുതിയ കാഴ്ചപ്പാടുകളും പരിഹാരങ്ങളും നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്.

അർച്ചനയെ അവളുടെ ഗവേഷണത്തിൽ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തിലും അതോടൊപ്പം തദ്ദേശ വാസികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ, പരമ്പരാഗത ജ്ഞാനങ്ങളെ സംരക്ഷിക്കുക, അതിനെ പരിപോഷിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലേക്ക് തിരഞ്ഞെടുക്കാൻ കാരണമായതെന്ന് കാലാവസ്ഥ പ്രവർത്തനത്തിനായുള്ള യു എൻ പ്രത്യേക ഉപദേശകൻ സെൽവിൻ ഹാർട്ട് പറഞ്ഞു.

മോശം കാലാവസ്ഥ മുതൽ വനനശീകരണം വരെയുള്ള കാലവസ്ഥ സംബന്ധ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ആദിവാസികളെയാണെന്ന് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞു. തന്റെ ചെറുപ്പകാലം മുതൽക്കേ ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് തുടരെ തുടരെ വരുമെന്നും തന്റെ കുടുംബത്തിന് വീടും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെടുമെന്നും ഒന്നിൽ നിന്നും കരകേറി കഴിയുമ്പോൾ പുറകെ അടുത്തത് വരുമെന്നും അവർ കൂട്ടിച്ചേർത്തു.

“എന്തുകൊണ്ടാണ് ഒരു തെറ്റും ചെയ്യാത്ത ആദിവാസി വിഭാഗങ്ങൾ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുന്നത്?” എന്നാണ് അർച്ചന ചോദിക്കുന്നത്. അർച്ചനയുടെ കുടുംബത്തിന് സാമൂഹിക പ്രവർത്തനവും സ്വന്തം ജനതയോടുള്ള പ്രതിബദ്ധതയും രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അവരുടെ അമ്മയായ കർകെറ്റ ഒരു അധ്യാപികയും ഗ്രാമത്തിലെ സ്ത്രീ അവകാശ പ്രവർത്തകയുമാണ്. അമ്മാവൻ നബോർ സോരെങ്ങ് ഗോത്രത്തിൽ ആദ്യമായി വിദ്യാഭ്യാസം നേടിയ വ്യക്തിയും ആദിവാസി നേതാവും തദ്ദേശ പഠനങ്ങളിൽ വിദഗ്ധനുമാണ്.

അർച്ചന ചെറുപ്പകാലം മുതൽക്കെ ആദിവാസി വിഷയങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളിലും വളരെ തൽപരയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജുവാങ്ങ്, ഡോങ്ങ്രിയ, കോന്ധ്, ഒരാവോൺ, സന്താൾ, ഹോ, ഖറിയ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത സമ്പ്രദായങ്ങളെ കുറിച്ച് അവർ എഴുതിയിരുന്നു.”അത്രയും കഷ്ട്ടപ്പെട്ടത് പരമ്പരാഗത രീതികൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല അത് കൂടുതൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് ” എന്നാണ് അർച്ചന ഇതേക്കുറിച്ച് പറഞ്ഞത്. ടാറ്റ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പഠന ശേഷം ആദിവാസി വിഭാഗങ്ങളുടെ ജീവിതം, സംസ്കാരം, അവകാശങ്ങൾ എന്നിവയിൽ ഗവേഷണം നടത്തുകയാണ് അർച്ചന. ലോകം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നം നേരിടുമ്പോൾ പ്ലാസ്റ്റിക് ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത ആദിവാസികളിൽ നിന്നും പഠിക്കാം, പ്ലാസ്റ്റിക്കിന് പകരം ഇലകളിൽ നിന്നും മണ്ണിൽ ജീർണ്ണിക്കുന്ന പ്ലേറ്റുകളുണ്ടാക്കിയും, വേപ്പ് മരങ്ങളിൽ നിന്നും ടൂത്ബ്രഷുകളുണ്ടാക്കിയും തദ്ദേശ ജനത പരിസ്ഥിതി സൗഹൃദമാവുകയാണ്.

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന കാര്യത്തിൽ ആദിവാസികൾ നേതൃ സ്ഥാനത്തേക്ക് വരണം. മധ്യ വർഗ്ഗങ്ങളും സ്വകാര്യ കമ്പനികളും അവരുടെ ആശയങ്ങൾ കട്ടെടുത്ത് ലാഭം ഉണ്ടാക്കുന്നതിന് പകരം ആദിവാസികൾക്ക് ഇതൊരു വരുമാന മാർഗ്ഗം കൂടിയാകുമെന്നും അർച്ചന പറയുന്നുണ്ട്. ” എനിക്ക് ഇൗ കാര്യത്തിൽ ആദിവാസി സമൂഹത്തിനും അധികാരി വർഗ്ഗങ്ങൾക്കും ഇടയിലെ പാലമായി പ്രവർത്തിക്കണം” അവർ പറഞ്ഞു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് സർവകലാശാലയിലെ ആദിവാസി വിദ്യാർത്ഥികൾക്കായുള്ള അവകാശപോരാട്ടത്തിൽ പങ്കെടുത്തത് മുതലാണ് അർച്ചനയുടെ സാമൂഹിക പ്രവർത്തനം തുടങ്ങുന്നത്. കഴിഞ്ഞ വർഷം യു എന്നിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള സമിതിയുടെ ജനീവ യോഗത്തിൽ ഇന്ത്യയെ അവർ പ്രതിനിധീകരിച്ചു.

അർച്ചന കാലാവസ്ഥ സെക്രട്ടറിയുടെ യുവ കോണ്‍സ്റ്റിറ്റുവന്‍സി  അംഗവും, മരുവൽക്കരണത്തിനും ഭൂമിയുടെ അശാസ്ത്രീയ ഉപയോഗതിനെതിരെയുള്ള പ്രബല യുവ ഗ്രൂപ്പംഗം കൂടിയായിരുന്നു. യു എൻ സെക്രട്ടറി ജനറലിന്റെ യുവ സംഘത്തിലേക്ക് തിരഞ്ഞെടുത്തത് വലിയ ആവേശം നൽകുകയും അതേ സമയം ഭാരിച്ച ഉത്തരവാദിത്തം കൂടിയാണെന്നുമാണ് അവർ കരുതുന്നത്.

“ഇൗ അന്താരാഷ്ട്ര കാലാവസ്ഥ ഫോറത്തിന്റെ അംഗമെന്ന നിലയിൽ ഉയർന്ന് വരുന്ന കാലാവസ്ഥ പ്രതിസന്ധികൾക്ക് പ്രതിവിധിയായി തദ്ദേശവാസികളുടെ പരമ്പരാഗത സമ്പ്രദായവും അറിവുകളും കൂടുതൽ പ്രചരിപ്പിക്കും. അതോടൊപ്പം കൂടുതൽ തദ്ദേശീയരെ ഇതിന്റെ നേതൃ സ്ഥാനത്തേക്ക് എത്താൻ പ്രോത്സാഹിപ്പിക്കും”, അർച്ചന പറഞ്ഞു. ആഗോളതാപനം ഉയർന്ന് വരികയാണ്. അതുപോലെ ആഗോള തലത്തിൽ തന്നെ ലക്ഷക്കണക്കിന് ആളുകളെ തെരുവിൽ അണിനിരത്തിക്കൊണ്ട് യുവാക്കളുടെ മുന്നേറ്റങ്ങളും ഉയർന്ന് വരുന്നുണ്ട്.

ആഗോള നേതാക്കൾ കാലവസ്ഥ പ്രശ്നത്തിൽ യുവാക്കളെ കേൾക്കാൻ തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. തയ്യാറാകുമെന്നാണ് അർച്ചന വിശ്വസിക്കുന്നത്. അർച്ചന അംഗമായ യു എൻ യുവ സമിതി രൂപീകരിക്കാനുള്ള തീരുമാനം തന്നെ കാലാവസ്ഥ പ്രതിസന്ധിയെ ആഗോള തലത്തിൽ നേരിടുന്നതിന് വേണ്ടി യുവാക്കളെയും പങ്കാളികളാക്കാൻ തയ്യാറാണെന്നതിന് തെളിവാണെന്ന് അർച്ചന പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങൾ യുവാക്കളുടെ ശബ്ദം അവരിലേക്ക് എത്തിക്കാൻ സഹായിച്ചു. ഇന്ന് ലോകത്തുള്ള യുവാക്കൾ എല്ലാം വളരെ ബോധവാന്മാരാണ്. പക്ഷേ യുവാക്കളുടെ ഇടപെടൽ കൂടുതൽ തീക്ഷണമാകണം.

തന്റെ അനന്തരവൾക്ക് അതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് അർച്ചനയുടെ അമ്മാവൻ വിശ്വസിക്കുന്നു. “കാലാവസ്ഥ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തിൽ സാധാരണക്കാരെ ആഗോള തലത്തിൽ തന്നെ ബന്ധിപ്പിക്കാൻ അവൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട് “, അദ്ദേഹം പറഞ്ഞു.