ഇങ്ക്വിലാബ് സിന്ദാബാദ്

മനുഷ്യാവകാശങ്ങൾക്ക് തെല്ലും വില കല്പിക്കാത്ത ദുരധികാരം അരങ്ങു വാഴുന്നോരിടമായി കേരളവും മാറി കഴിഞ്ഞതിന്റെ നേർസാക്ഷ്യമാണ് ഗ്രോ വാസുവിൻ്റെ അറസ്റ്റും ജയിൽവാസവും.


പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാൻ വേണ്ടി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വാസുവേട്ടൻ ഐക്യദാർഢ്യ സമിതിയുടെ ജനാധിപത്യ – പ്രതിരോധ കൺവെൻഷൻ. കള്ളക്കേസുകൾ പിൻവലിച്ച് ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കുക എന്ന മുദ്രവാക്ക്യം ഉയർത്തിക്കൊണ്ടാണ് കൺവെൻഷൻ നടത്തുന്നത്. 2023 സെപ്റ്റംബർ 8 ന് കോഴിക്കോട് ഉച്ചയ്ക്ക് 2 മണിയ്ക്ക് പുതിയ ബസ്റ്റാൻ്റിന് സമീപമുള്ള ഹാളിലാണ് കൺവെൻഷൻ.

2016ൽ നിലമ്പൂരിലെ കരുളായിയിൽ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മൃതദേഹം ബന്ധുക്കൾക്കും പൊതുപ്രവർത്തകർക്കും കാണാനുള്ള അവകാശം പോലീസ് നിഷേധിച്ചു.അതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലീസ് ചാർജ് ചെയ്ത കേസിൽ 7 വർഷത്തിനു ശേഷം മനുഷ്യാവകാശ – ട്രേഡ് യൂണിയൻ പ്രവർത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

മനുഷ്യാവകാശങ്ങൾക്ക് തെല്ലും വില കല്പിക്കാത്ത ദുരധികാരം അരങ്ങു വാഴുന്നോരിടമായി കേരളവും മാറി കഴിഞ്ഞതിന്റെ നേർസാക്ഷ്യമാണ് ഗ്രോ വാസുവിൻ്റെ അറസ്റ്റും ജയിൽവാസവും. കഴിഞ്ഞ ദിവസം കുന്ദമംഗലം കോടതിയിൽ അതിന്റെ ഏറ്റവും ഹീന മുഖമാണ് നാം കണ്ടത്.വ്യാജ ഏറ്റുമുട്ടൽ കൊലയ്ക്കെതിരെ പശ്ചിമഘട്ട രക്തസാക്ഷികൾക്ക് അഭിവാദ്യ മുദ്രാവാക്ക്യം മുഴക്കിയ 93 വയസ്സുകാരന്റെ മുഖം തൊപ്പി കൊണ്ട് മറക്കുന്ന പോലീസ് അരിശമൊടുങ്ങാതെ അദ്ദേഹത്തെ ജീപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുന്നതും നാം കണ്ടു.

അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാൾ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് എ വാസു കോടതിയുടെ മുന്നിൽ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയിൽ മാത്രം അഭിരമിക്കുന്നവർക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാർമികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തിൽ 2016 മുതൽ നടന്ന എട്ടു മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ മുൻ നിർത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസു രാഷ്ട്രീയവൽക്കരിക്കുന്നു. നിരപരാധിത്വം എന്നാൽ നിഷ്ക്രിയത അല്ലെന്നും അപരാധങ്ങൾക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയർത്തുന്നു.

അനന്തമായി നീളുന്ന കോടതി നടപടികൾ ഒഴിവാക്കാൻ പ്രതിഷേധം കുറ്റമാണെന്നങ്ങീകരിച്ച് പിഴയായി പണമടച്ച് പോരുന്നത് ഭരണകൂടം നടത്തുന്ന ജുഡീഷ്യൽകൊള്ളയാണ് എന്നും ഇതിനെ ചോദ്യം ചെയ്യേണ്ടത് പ്രാഥമിക മനുഷ്യാവകാശ സംരക്ഷണത്തിൻ്റെ ഭാഗമാണെന്നും വാസു നമ്മെ ഓർമ്മപ്പെടുത്തുന്നു.ഈ കീഴടങ്ങൽ ഇനിയെങ്കിലും അവസാനിപ്പിക്കാനാണ് അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ സമരം നമ്മൾ ഏറ്റെടുക്കണം.

അരുന്ധതി റോയി ഉൾപ്പെടെ വാസുവേട്ടൻ്റെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ടീയ സാമൂഹ്യ-പ്രവർത്തകർ രംഗത്ത് വന്നിട്ടും കേരളീയ ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചു കൊണ്ട് ധിക്കാരപൂർവ്വം മുന്നോട്ട് പോവുകയാണ് പിണറായി സർക്കാർ. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും വാസുവിന്റെ കേസ് പിൻവലിക്കുന്നതിനാവശ്യമായ ശബ്ദം ഇനിയും ശക്തമായി ഉയരേണ്ടതുണ്ട്.


പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ,

വാസു ഏട്ടൻ ഐക്യദാർഢ്യ സമിതി സപ്തംബർ 8 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടത്തുന്ന ജനാധിപത്യ കൺവൻഷനുമായി ബന്ധപ്പെട്ട് വരുന്ന ചെലവിലേക്ക് തങ്ങളാൽ കഴിയുന്ന തുക തന്ന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹാൾവാടക, പോസ്റ്റർ, നോട്ടീസ്, മറ്റ് ചെലവുകൾ തുടങ്ങിയവയ്ക്ക് പണം ആവശ്യമുണ്ട്. മാത്രമല്ല, പൊറ്റമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിന്റെ തന്നെ ചെറിയ ബാധ്യതയും ഐക്യദാർഢ്യ സമിതിക്കുണ്ട്. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

എന്ന്,
കൺവീനർ
വാസു ഏട്ടൻ ഐക്യദാർഢ്യ സമിതി