സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം


എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച രാവിലെ 10ന്‌ തൃക്കാക്കര നഗരസഭ ഓപ്പൺ സ്റ്റേജിൽ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാന കണ്‍വെ൯ഷ൯ നടത്തുന്നു. പ്രമുഖ അഡ്വ. കെ.എസ്‌, മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാനത്തെ ഒട്ടുമൊത്തത്തില്‍ പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റിക്ക്‌ രൂപം കൊടുത്ത്‌ 20 ലോകസഭാ മണ്ഡലങ്ങളിലും സര്‍ഫാസി നിയമം റദ്ദാക്കണമെന്ന നിലപാട്‌ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട്‌ എടുപ്പിക്കണമെന്നതാണ് സംസ്ഥാന കണ്‍വെ൯ഷന്റെ പ്രധാന മുദ്രവാക്യം.

എറണാകുളം ജില്ലാ കളക്ട്ടേറ്റിനു മുന്നില്‍ സര്‍ഫാസി നിയമം റദ്ദാക്കുക, കിടപ്പാടം ജപ്തി ചെയ്യരുത്‌, ബാങ്കുകള്‍ക്ക്‌ വേണ്ടി റവന്യു റിക്കവറി നിയമം ഉപയോഗിച്ചുള്ള ജപ്തി നടപടികള്‍ നിര്‍ത്തലാക്കുക, ബാങ്ക്‌ വായ്‌പാ തട്ടിപ്പിനിരയായ 17 ദലിത്‌ ദരിദ്ര കുടുംബങ്ങളുടെ കടബാധ്യതകള്‍ ഒഴിവാക്കി ആധാരം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ കഴിഞ്ഞ ഒരുവർഷമായി അനിശ്ചിതകാല സമരം നടന്നുവരികയാണ്.

സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പോസ്റ്റർ

നീണ്ട 11 വര്‍ഷമായി ജനവിരുദ്ധ സര്‍ഫാസി നിയമത്തിനും കിടപ്പാട ജപ്തിക്കും അതിനായി സജ്ജമാക്കപ്പെട്ട ARC , CJM , DRT തുടങ്ങിയ റിക്കവറി സംവിധാനങ്ങള്‍ക്കുമെതിരെ നിരന്തരമായി പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലൂടെ ചെറുത്തുനില്‍പ്പ്‌ ശക്തമാക്കുകയാണ്‌ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. ദലിത്‌ ദരിദ്ര ജനവിഭാഗങ്ങളുടെ മുന്‍കൈയ്യും അര്‍പ്പണ മനോഭാവവുമാണ്‌ ഇക്കാല മത്രയും പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്‌ ഊർജ്ജം നല്‍കിയിട്ടുള്ളതായി പ്രസ്ഥാനം പറയുന്നു.

ആഗോള മൂലധനശക്തികളുടെ താല്പര്യാര്‍ത്ഥം ബാങ്കുകളുടെ മേല്‍നോട്ടത്തിനായി രൂപം നല്‍കിയ ബേസല്‍ (BASEL) കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റിലും ആഗോള ബാങ്കിങ് മൂലധന ശക്തികള്‍ക്ക്‌ കടന്നുവരാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ 90 കള്‍ക്കു ശേഷം തുടരെ തുടരെ നിര്‍മ്മിക്കപ്പടുകയുണ്ടായി. നവ ഉദാര സ്വകാര്യവത്ക്കരണങ്ങളുടെ ഭാഗമായി പൊതുമേഖലാ ബാങ്കുകളുടെ മേല്‍കൈ തകര്‍ത്തുകൊണ്ട്‌ രാജ്യാന്തര/സ്വദേശ സ്വകാര്യബാങ്കുകളുടെ കടന്നുവരവിനായി കര്‍ക്കശമായ നിയമങ്ങള്‍ ചുട്ടെടുക്കപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്ന്‌ വേര്‍പെടുത്തപ്പെട്ട അതിവേഗ തീര്‍പ്പുണ്ടാക്കുന്ന കടം തിരിച്ചു പിടിക്കല്‍ ട്രിബ്യൂണലുകള്‍ (DRT) നിലവില്‍ വന്നു. കടത്തില്‍ വീണവര്‍ക്ക്‌ സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം തന്നെ റദ്ദാക്കപ്പെട്ടു. കടത്തില്‍ വീണവരുടെ ആസ്തികള്‍ ചുളുവിലയ്ക്ക്‌ കൂട്ടായി വാങ്ങാന്‍ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ (ARC) നിലവില്‍ വന്നു. സ്വതന്ത്ര നീതിന്യായ സംവിധാനമായ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി (CJM)തന്നെ ബാങ്കുകളുടെ റിക്കവറി ഏജന്റായി മാറ്റപ്പെട്ടു. ബാങ്കിതര സ്വകാര്യ ബ്ലേഡ്‌ കമ്പനികള്‍ക്ക്‌ പോലും സര്‍ഫാസി നിയമം ഉപയോഗിച്ച്‌ കിടപ്പാടങ്ങള്‍ പിടിച്ചെടുക്കാന്‍ അനുവാദം നല്‍കപ്പെട്ടു.

എല്ലാറ്റിനും ഉപരി കോര്‍പ്പറേറ്റ്‌ മുതലാളിമാര്‍ക്ക്‌ സമവായത്തിന്‌ വേണ്ടിയും കടങ്ങള്‍ എഴുതിതള്ളാനുമായി പാപ്പരത്ത നിയമം കൊണ്ടുവരപ്പെട്ടു. സാധാരണ ജനങ്ങളെ കെട്ടിവരിഞ്ഞിട്ട്‌ കൊള്ള ചെയ്യാന്‍ സര്‍ഫാസി നിയമവും (Securitisation and Reconstruction of Financial Assets and Enforcement of Security Interest Act 2002) കിട്ടാക്കടത്തിന്റെ 80% വും തിരിച്ചടക്കാതെ അതിസമ്പന്നരെ താലോലിക്കാന്‍ ബാങ്ക്‌ റെപ്സി ആന്റ്‌ ഇന്‍സോള്‍വന്‍സി നിയമവും (2017) രാജ്യത്ത്‌ നിലവില്‍ വന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിനെ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വരുന്നില്ല.

“സാമ്രാജ്യത്വ മൂലധന ശക്തികളുടെ പാദസേവ ചെയ്യുന്ന ഭരണകൂടത്തിന്‌ രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ജനവിരുദ്ധ ബാങ്കിങ് നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങള്‍ ഒരു പ്രശ്‌നമേ അല്ല! ആഗോള കരാറുകളിലെ കക്ഷി എന്ന നിലയ്ക്ക്‌ രാജ്യത്തെമ്പാടും സമരങ്ങളുടെ വേലിയേറ്റമുണ്ടായാലും ഇത്തരം ഭീകരനിയമങ്ങള്‍ പിന്‍വലിക്കാന്‍ സാമ്രാജ്യത്വ യജമാന്‍മാരുടെ അനുമതിക്ക്‌ ഈ ദല്ലാള്‍ ഭരണകൂടം കാത്തുകിടക്കേണ്ടി വരുമെന്നതും നമ്മള്‍ കാണണം. ആഴത്തിലും പരപ്പിലുമുള്ള ഒരു സമര സാഗരത്തെ തന്നെ നമുക്ക്‌ ലക്ഷ്യമിടേണ്ടതുണ്ടെന്ന്” സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പും സഹകരണസംഘങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിത്താഴുന്ന സഹകരണ സംഘങ്ങളിലെ ആന്തരികമായ ജീര്‍ണ്ണതയും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്‌ വിവിധ ജില്ലാ തലങ്ങളില്‍ സമിതികള്‍ക്ക്‌ രൂപം കൊടുക്കാന്‍ സാധ്യമായതുമാണ്‌ സംസ്ഥാന കണ്‍വെന്‍ഷന്‍ അടിയന്തിരമായി വിളിച്ചുകൂട്ടാന്‍ കാരണമായതെന്നാണ് പ്രസ്ഥാനത്തിന്റെ ജന.കൺവീനർ വി സി ജെന്നി പറയുന്നത്.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിനും, ദലിത്‌, ആദിവാസി ദരിദ്ര ജനവിദാഗങ്ങളുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനും, റവന്യു റിക്കവറി നിയമം ബാങ്കുകളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയുന്നതിനും, സഹകരണസംഘങ്ങളുടെ ആർബിട്രേഷ൯ (മദ്ധ്യസ്ഥ തീരുമാനം) നടപടികളിലെ ജനവിരുദ്ധ ഉള്ളടക്കം ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള
സമര പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കാനും ഈ കണ്‍വെന്‍ഷനിൽ തീരുമാനമുണ്ടാകും എന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന പ്രവർത്തകർ പറയുന്നു.

കടത്തില്‍ ജനിച്ച്‌, കടത്തില്‍ ജീവിച്ച്‌, കടത്തില്‍ മരിക്കുന്ന നിസ്വരായ മനുഷ്യരുടെ ഹൃദയമാംസം വരെ അറുത്തെടുത്ത്‌ കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെ തുറമുഖങ്ങള്‍ക്കും,വിമാനത്താവളങ്ങള്‍ക്കും, ഖനികള്‍ക്കും, അഗ്രോബിസിനസ്സിനും 5ജിക്കും വാരിക്കോരി വായ്‌പ നല്‍കി അത്‌ എഴുതിതള്ളി ഇന്ത്യന്‍ ഖജനാവിലെ നികുതി പണത്തില്‍ നിന്ന്‌ ചോര്‍ത്തിക്കൊടുക്കുന്ന ഈ പകല്‍ക്കൊള്ളക്കെതിരെ അരയും തലയും മുറുക്കി ഇറങ്ങിത്തിരിക്കാന്‍ തയ്യാറാകുക! ചെറുത്തുനില്‍പ്പ് നിര കെട്ടിപ്പടുക്കുക എന്നും പ്രസ്ഥാനം ജനങ്ങളോട് ആവശ്യപെടുന്നു.