ഹാത്രാസ് സംഭവം : ഉത്തർപ്രദേശിലെ 236 ദലിത് ഹിന്ദുക്കൾ ബുദ്ധമതത്തിലേക്ക്.

മൊഴിമാറ്റം: പ്രവീൺ.

ഹത്രാസ്‌ സംഭവത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഖരേര ഗ്രാമത്തിലെ 236 ദലിതർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. വാല്മീകി ഭൂരിപക്ഷ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഡോ. ബി ആർ അംബേദ്കറുടെ കുടുംബാംഗവും ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റുമായ രാജരത്ന അംബേദ്കറും, മറ്റ് ബുദ്ധിസ്റ്റ് സന്യാസിമാരും പങ്കെടുത്തു.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ദളിതർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 7.3 ശതമാനമാണ് വർധന. 2018 ൽ 42,793 ൽ നിന്നും 2019 ആയപ്പോഴേക്കും 45,935 ആയി. രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങളിൽ 25 ശതമാനം നടക്കുന്നതും ഉത്തർപ്രദേശിലാണ്.

ഉറവിടം: സബ് രംഗ്.

“ദളിത് പീഡനങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2014ന് ശേഷം ദളിതർക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും ആക്രമണങ്ങളിൽ വർധിച്ചിട്ടുണ്ട്. ഹത്രാസിലെയും ബൽറാംപൂരിലെയും സംഭവങ്ങൾക്ക്‌ ശേഷം ദലിതർ മുമ്പത്തേക്കാൾ ഭീതിയിലാണ്. അതുമൂലം ബുദ്ധമതത്തിലേക്ക്‌ മാറാൻ രാജ്യമെമ്പാടുമുള്ള പ്രത്യേകിച്ചും യുപിയിലെ ദളിതർ തയ്യാറാവുകയാണ്. അടിച്ചമർത്തലിൽ നിന്നുള്ള മോചനത്തിനായി ദലിതർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുകയാണ്”, രാജരത്‌ന അംബേദ്കർ പറഞ്ഞു.

ദളിതർക്ക് എല്ലാ ഭരണ സംവിധാനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസും ഭരണാധികാരികളും അവരുടെ ഒപ്പമാണ്. എല്ലായിടത്തും സവർണ്ണ ആധിപത്യമാണ്. അതുകൊണ്ട് അവർ ഹത്രാസിലെ പോലെ തന്നെ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഉറവിടം: എം ഐ ജി.

“മത പരിവർത്തനം ദളിതരുടെ നേർക്കുള്ള അക്രമങ്ങൾക്ക് മാറ്റം വരുത്തിയില്ലെങ്കിലും അത് അവർക്ക് ഒരു ആത്മാഭിമാന ബോധം നൽകുന്നതാണ്. ദളിതർക്ക് വേണ്ടി എന്തെങ്കിലുമൊരു ശക്തമായ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അഭാവത്തിൽ മത പരിവർത്തനം മർദകരുടെ ആധിപത്യത്തിന് വലിയൊരു ഭീഷണിയാണ്. അടുത്തിടെയായി യുപിയിൽ വലിയ തോതിൽ നടന്ന ബുദ്ധമതത്തിലേക്കുള്ള മതംമാറ്റം ജാതി മേധാവിത്വത്തിൽ നിന്നും സമൂഹം അവരുടെ മേൽ അടിച്ചേൽപ്പിച്ച അടിമത്തത്തിൽ നിന്നുമുള്ള മോചനമാണ് എന്നും രാജരത്‌ന അംബേദ്കർ പറഞ്ഞു.

ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ ട്രഷറർ ശശികാന്ത് എം ജാദവ്‌ പറയുന്നത് “ഞങ്ങൾ എന്ത്രയൊക്കെ പഠിച്ചാലും, തൊഴിൽ നേടിയാലും സമരം ചെയ്താലും കാര്യമില്ല. സവർണ്ണർ ഞങ്ങളെ മനുഷ്യരായി പോലും അംഗീകരിക്കില്ല. ഞങ്ങൾ സമൂഹത്തിൽ തുല്യരല്ല എന്ന് അവർ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കും. ഹാത്രാസ് സംഭവം ആയാലും ദളിതർക്ക് നേരെയുള്ള മറ്റേത് അക്രമ സംഭവങ്ങൾ ആയാലും ഞങൾ എന്നും ദിനം പ്രതി ഇതെല്ലാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്”.

എം ഐ ജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്.