വംശഹത്യ

മൊഴിമാറ്റം : ഷർമിന


ഇസ്രയേലിന്റെ വിവേചനരഹിതമായ ബോംബാക്രമണം ,അധിനിവേശം, ഉപരോധം എന്നിവ കാരണം കേവലം മൂന്നു മാസത്തിനുള്ളിൽ ഗാസയിൽ 21000 ലധികം പേർ കൊല്ലപ്പെടുകയും അതിലധികം പേർ രോഗത്തിനടിമപ്പെട്ട് മരണപ്പെടുകയും ചെയ്തു. ഇസ്രായേൽ അധിനിവേശം നടത്തിയ വെസ്റ്റ് ബാങ്കിൽ അവരുടെ സൈന്യം നടത്തുന്ന ആക്രമണത്തിലും കൊലപാതകങ്ങളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മനുഷ്യാവകാശ സംഘടനകൾ , അന്താരാഷ്ട്ര സ്ഥാപനങ്ങൾ ,എൻ ജി ഓകൾ തുടങ്ങിയവയിൽ നിന്നും വരുന്ന വാർത്തകൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള സയോണിസ്റ്റ് അക്രമണങ്ങളിലേക്കാണ്. 8000ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായും, അനസ്തേഷ്യയില്ലാതെ നിരവധി കുട്ടികൾക്ക് അവയവം മുറിച്ചു മാറ്റൽ ശസ്ത്രക്രിയ തുടങ്ങിയവ ചെയ്തിട്ടുള്ളതുമായ വാർത്തകൾ ഉദാഹരണങ്ങളാണ്.

ഇസ്രയേലുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന സർക്കാരുകൾ പോലും സ്ത്രീകളുടെയും കുട്ടികളുടെയും ഉയരുന്ന മരണ നിരക്കിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .ഫ്രഞ്ച് പ്രസിഡൻഡ് ഇമ്മാനുവൽ മാക്രോൺ ഈ വിഷയത്തിൽ പറഞ്ഞത് ;’ഈ കുഞ്ഞുങ്ങൾ ,സ്ത്രീകൾ ,വൃദ്ധർ എന്നിവർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നു .ഈ പ്രവൃത്തികൾക്കൊന്നും യാതൊരു കാരണവുമില്ല നിയമ സാധുതയുമില്ല ‘ എന്നാണ്. ഇത്തരം പ്രസ്താവനകൾ പലസ്തിനിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങളെ എതിർക്കുന്നുണ്ടെങ്കിലും അതെ സമയം പുരുഷന്മാരെ കൊല്ലുന്നതിനു നേരെ കണ്ണടയ്ക്കുകയാണ് .

പുരുഷന്മാരുടെ കൃത്യമായ മരണനിരക്കിൽ ആശങ്ക പുലർത്താതിരിക്കുകയും ഈ വിഷയത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്യുന്നതിലൂടെ പലസ്തിനിയൻ പുരുഷന്മാരുടെ പൗരത്വമാണ് നിഷേധിക്കപ്പെടുന്നത് . ഇത്തരമൊരു സമീപനം അവർക്കർഹമായ മാനുഷിക പരിഗണനയെ മായ്ച്ചു കളയുകയും അതോടൊപ്പം തന്നെ അവരെ “അപകടകാരികളായ കറുത്ത മനുഷ്യർ” ,”തീവ്രവാദികൾ “എന്നിങ്ങനെ ചിത്രീകരിക്കപ്പെടുകയുമാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. ഈ പുരുഷന്മാർ അനുഭവിക്കുന്ന അവഗണന യഥാർഥത്തിൽ ഇവരെ കൊല്ലാൻ ഇസ്രയേലിനെ അനുവദിക്കുകയാണ് ചെയ്യുന്നത് .

ഇവർ പലസ്തിനികൾ ആയതു കൊണ്ട് തന്നെ അവരെ കൊല്ലുന്നത് ഈ സാഹചര്യത്തിൽ അനുവദനീയമാകുകയാണ്. അവരുടെ ലിംഗപരവും വംശീയവുമായ പദവി പ്രത്യേകിച്ചും ഹമാസ് തീവ്രവാദികൾ എന്ന ചാപ്പകുത്തൽ, അവരുടെ പൗരാവകാശത്തെയാണ് നിഷേധിക്കുന്നത്. ഈ പൗരാവകാശ -മനുഷ്യാവകാശ നിഷേധം കാരണം അവരുടെ കൊലപാതകത്തെ നിസ്സാരവൽക്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. ഈ കൊലപാതകങ്ങൾ തീവ്രവാദ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ ന്യായീകരിക്കുകയും ക്ഷമിക്കുകയും (അനുവദിക്കുകയുമാണ് )
ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഉദാഹരണത്തിന് ;ബ്രിട്ടനിലെ ഇസ്രായേൽ അംബാസിഡർ സിപ്പി ഹോട്ടവേലി നവംബറിൽ പുറത്തുവന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ , ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമ്പതു ശതമാനവും തീവ്രവാദികളാണെന്ന് അവകാശപ്പെടുന്നുണ്ട് ,അത്തരമൊരു ശതമാനം ഏകദേശം കണക്കാക്കണമെങ്കിൽ ഗാസയിൽ കൊല്ലപ്പെട്ട എല്ലാ പുരുഷന്മാരെയും (മുതിർന്ന ആൺകുട്ടികളെ പോലും ) തീവ്രവാദികളായി കണക്കാക്കണം. ഇരുണ്ട നിറത്തിലുള്ള പുരുഷന്മാരെ, പ്രത്യേകിച്ചും അറബികളെ പൊതുവെ വിശ്വാസ യോഗ്യരല്ലാത്തവരും, അപകടകാരികളുമായും, റാഡിക്കലായും ചാപ്പ കുത്തുന്നത് പുതിയ കാര്യമല്ല.

പലസ്തിനിലെ വംശഹത്യയെ ന്യായീകരിക്കാൻ ഇസ്രയേലും സഖ്യ കക്ഷികളും ഉപയോഗിക്കുന്ന ഈ ആഖ്യാനങ്ങൾ കറുത്ത /ഏഷ്യൻ വർഗ്ഗക്കാരായ പുരുഷന്മാരെയും ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ചിട്ടുള്ളവയാണ്. ആഗോള തലത്തിൽ നടന്ന വാർ ഓൺ ടെററിന്റെ സാഹചര്യത്തിലും ഇറാഖിനും അഫ്ഗാനിസ്ഥാനിനും മേലുള്ള അനധികൃത കടന്നു കയറ്റത്തിലും ഉൾപ്പെടെ ഇതാണ് ഉപയോഗിച്ചിട്ടുള്ളത്.

ഇത് യാദൃശ്ചിക സംഭവമല്ല .കൊളോണിയലിസത്തിനും വംശഹത്യക്കും മനുഷ്യരുടെ മാനവികതയും ചരിത്രവും മായ്ചുകളയേണ്ടതുണ്ട് ,ഇസ്രയേലിന്റെ കുടിയേറ്റ കൊളോണിയലിസം ആക്രമണത്തിലൂടെ ആധിപത്യം നിലനിർത്തുകയും ഫലസ്തീനികളെ മനുഷ്യരേക്കാൾ താഴ്ന്നവരായി മുദ്ര കുത്തിയും, ഫലസ്‌തീൻ രാഷ്ട്രത്തിന്റെ അസ്തിത്വത്വത്തെ നിഷേധിക്കുകയും ചെയ്യുന്നതിലൂടെ ഈ ആക്രമണത്തിന് നിയമ സാധുത നൽകുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേൽ കൊല്ലുകയും , വികലാംഗരാക്കുകയും, പട്ടിണിക്കിടുകയും ചെയ്തു. ഗാസയിൽ ഫലസ്തീനി സ്ത്രീകളും പുരുഷന്മാരും തങ്ങൾക്കു പ്രിയപെട്ടവരെ ബോംബിട്ടു തകർന്ന കെട്ടിടങ്ങൾക്കു അടിയിൽ നിന്നും കുഴിച്ചെടുക്കുകയും, അവരുടെ കുട്ടികളെ വെറും കൈകൾ കൊണ്ട് കുഴിച്ചുമൂടുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും ഇതൊന്നും പൗരന്മാർക്കെതിരായാ ഗുരുതര കുറ്റകൃത്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഫലസ്തീനിയന് പുരുഷന്മാരുടെ പൂർണ്ണമായും യാതനകൾ അവഗണിക്കപ്പെടുന്നു, മാനുഷികപരിഗണന പോലും നിഷേധിക്കപ്പെടുന്നു. അവരെ കച്ചവടക്കാരായൊ ,പാരാ മെഡിക്കലുകളായോ, പത്രപ്രവർത്തകരായോ, കവികളായോ, കച്ചവടക്കാറായോ, അച്ഛന്മാരായോ, മകനായോ, സഹോദരനായോ കാണാതെ കൂട്ടത്തോടെ തീവ്രവാദികളായി മുദ്ര കുത്തപ്പെടുകയാണ് ചെയ്യുന്നത്.

ഈ മനുഷ്യരുടെ കൊലപാതകങ്ങൾ തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ വിജയമായി കണക്കാക്കുന്നു എന്നതാണ് ഏറ്റവും മോശമായ കാര്യം. മറ്റെല്ലാ മനുഷ്യജീവികളെയും പോലെ ഫലസ്തീനിയന് പുരുഷന്മാർക്കും വികാരങ്ങളുണ്ട് ,അവരും മനുഷ്യരാണ്. എന്നിട്ടും അവരുടെ ഭയം, മനോവേദന, ഉത്കണ്ഠ തുടങ്ങിയ മനുഷ്യസഹജ വികാരങ്ങൾ ഇവരെ പറ്റിയുള്ള വിവരണങ്ങളിൽ നിന്നും മായ്ചുകളയുകയാണ് , പലസ്തീനിയൻ പുരുഷന്മാരിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഏക വികാരം ദേഷ്യം മാത്രമാണ്, എന്നാൽ ഈ ദേഷ്യം കുടിയേറ്റ കൊളോണിയൽ അക്രമണത്തിനെതിരെയും അടിച്ചമർത്തലിനെതിരെയും ഉള്ള പ്രതികരണത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് യാഥാർഥ്യം അംഗീകരിക്കപ്പെടുന്നില്ല. പകരം അതിനെ പ്രാകൃതവും യുക്തി രഹിതവും അപകടകരവുമായി കാണുന്നു. സമ്പൂർണ്ണ ഉപരോധങ്ങളെയോ ബോംബിങ്ങിനെയോ നിയന്ത്രിക്കാൻ കഴിവുള്ള തീവ്രമായ പ്രതിരോധമായാണ് ഇതിനെ കണക്കാക്കേണ്ടത്.

ഇസ്രായേൽ പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീൻ അധിനിവേശവും വർണ്ണ വിവേചന ഭരണവും ഇപ്പോൾ നടക്കുന്നതൊന്നും പുതിയതല്ല എന്നാണ് അർഥമാക്കുന്നത്. ഇസ്രായേലിന്റെ ദശകങ്ങൾ നീണ്ടുനിൽക്കുന്ന ഫലസ്തീനു മേലുള്ള വംശീയാധിപത്യം തെളിയിക്കുന്നത് ഇതൊന്നും പുതിയ കാര്യമല്ല എന്നാണ്. ഈ പുതിയ അദ്ധ്യായം ഇത്രയും കാലത്തെ മനുഷ്യത്വരഹിതമാക്കലും ഭീകരവൽക്കരണവും, നശീകരണവും ത്വരിതപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഫലസ്തീനി പുരുഷന്മാർക്കെതിരെ, അവർ സ്വതവേ അക്രമകാരികളാണെന്നും അപരിഷ്കൃതമായ ക്രോധം കൊണ്ടു നടക്കുന്നവരാണെന്നുള്ള കള്ളകഥകൾക്ക്‌ മുഖ്യമായും രണ്ട് പരിണതഫലങ്ങളാണുള്ളത്. ഒന്ന്, അവ സൈനിക നിയന്ത്രണത്തിന് കീഴിൽ വരുത്തിയിരിക്കുന്ന ഫലസ്തീന് അകത്തെ ഫലസ്തീനി പുരുഷന്മാരുടെയും ആൺകുട്ടികളുടെയും അസ്തിത്വത്തിന് ഭീഷണിയുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും അവരെ അപായപ്പെടുത്തുന്നതോ കൊലപാതകം ചെയ്യുന്നതോ ശരിവയ്ക്കുന്ന സ്ഥിതി വരുത്തുകയും ചെയ്യുന്നു. രണ്ട്, ഫലസ്തീനി ജനസംഖ്യയുടെ പകുതിയെ അക്രമോൽസുകരും വിശ്വാസയോഗ്യരല്ലാത്തവരുമായി കണക്കാക്കുക വഴി അവിടെ നടക്കുന്ന അനീതികൾക്ക് അന്ത്യം കുറിക്കുക അസാധ്യമാക്കി തീർക്കുന്നു.


അൽജസീറയിൽ ഈ ലേഖനം എഴുതിയത് : യൂസഫ് അൽ ഹെലോ (ബ്രിട്ടീഷ് ഫലസ്തീൻ പൊളിറ്റിക്കൽ അനലിസ്റ്റ്,പിഎച്ച്ഡി വിദ്യാർത്ഥി) മീന മസൂദ് (ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ക്വീൻ മേരിയിൽ പിഎച്ച്ഡി വിദ്യാർത്ഥി), ലിയ ഡി ഹാൻ (ചാത്തം ഹൗസിലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാമിലെ ഗവേഷക,ആംസ്റ്റർഡാം സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥി)