രാഷ്ട്രീയ രഹസ്യപോലീസായി വളർന്ന ക്യൂ ബ്രാഞ്ച് – കെ. ചന്ദ്രു

ഉത്തങ്കരയ്‌ പോട്ട കേസിനെ കുറിച്ചും തമിഴ്നാട്ടിലെ തീവ്രവാദ വിരുദ്ധ രഹസ്യപോലീസായ ക്യൂ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മുൻ മദ്രാസ് ഹൈക്കോർട്ട് ജസ്റ്റിസ് ചന്ദ്രു ദി ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം.


മൊഴിമാറ്റം: നിഹാരിക പ്രദോഷ്, ലെനിന എ എം


ഇയാൻ ഫ്ലെമിങ്ങിന്റെ ജെയിംസ് ബോണ്ട് സീരിസിൽ “ക്യൂ ബ്രാഞ്ച് ” എന്ന സാങ്കൽപ്പിക പേരിൽ ഫീഡ് ഓപ്പറേഷനുകൾക്ക് ആയുധങ്ങൾ എത്തിക്കാനായി ബ്രിട്ടീഷ് സീക്രറ്റ് സർവീസിന്റെ ഒരു പോലീസ് വിഭാഗം പ്രവർത്തിച്ചിരുന്നു. 1970 കളുടെ തുടക്കത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ കണ്ടെത്തുന്നതിനു തമിഴ്നാട് പോലീസിന്റെ പ്രത്യേക വിഭാഗത്തെ സജ്ജീകരിച്ചപ്പോൾ അതിനെ “ക്യൂ ബ്രാഞ്ച് ” എന്ന് പേരിട്ടത് ഇതിന്റെ വെളിച്ചത്തിൽ കൗതുകകരമാണെന്ന് കാണാം. ഒരു ചെറിയ ഫോഴ്‌സ് ആയി തുടങ്ങിയ ക്യൂ ബ്രാഞ്ച് ഇപ്പോൾ ഉയർന്ന ഐ.പി.എസ് ഓഫീസർ കൈകാര്യം ചെയ്യുന്ന വിശാലമായ വ്യാപൃതിയുള്ള വിഭാഗമായി വളർന്നിരിക്കുന്നു.

അടുത്തിടെ ഒരു തമിഴ് പത്രം ക്യൂ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് വിശദമായി ചില വിവരങ്ങൾ ശേഖരിച്ചു പുറത്തുവിട്ടു. ചില മാവോയിസ്റ്റുകൾക്കെതിരായ കേസ് സ്റ്റേ ചെയ്യാനുള്ള ശ്രമത്തെക്കുറിച്ചായിരുന്നു അത്. ബോംബ് സ്‌ഫോടന കേസുകൾ വിചാരണ ചെയ്യുന്ന പൂന്തമല്ലിക്കടുത്തുള്ള കോടതിയിൽ കെട്ടിക്കിടക്കുകയാണ് ആ കേസ്. തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ നേതാക്കൾ കേസ് അട്ടിമറിക്കാൻ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2002ലെ ഭീകരവാദ നിരോധന നിയമത്തിലെ (പോട്ട) വ്യവസ്ഥകൾ അവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ആ ഗ്രൂപ്പിന്റെ പ്രചരണ മുദ്രാവാക്യം.

ക്യൂ ബ്രാഞ്ചിലെ ഒരു പോലീസ് ഓഫീസറിൽ നിന്നും ഇത്തരം വാർത്തകൾ ആശ്ചര്യമുളവാക്കുന്നവയല്ല എങ്കിലും, ഈ വിഷയങ്ങൾ മാധ്യമങ്ങളിൽ എത്തും മുൻപേ ആഭ്യന്തര വകുപ്പിന്റെ അറിവും ഒത്താശയും ഉണ്ടായിരുന്നോ എന്ന് സംശയിക്കാതെ വയ്യ. മാത്രമല്ല, അന്നത്തെ ജയലളിത സർക്കാർ തമിഴ്നാട് സർക്കാരിലെ നിരവധി നേതാക്കൾക്കെതിരെ പോട്ട ദുരുപയോഗം ചെയ്തപ്പോൾ, അതിനെതിരെ പ്രതിഷേധ ബാനർ ഉയർത്തിയത് ഡി.എം.കെ ആയിരുന്നു. ഒടുവിൽ, വ്യാപകമായ ദുരുപയോഗം കണ്ടെത്തിയ കേന്ദ്ര ഭരണകൂടം ആ നിയമം പിൻവലിക്കാൻ നിർബന്ധിതരായി.

അത് പിൻവലിച്ചതിന് തൊട്ടുശേഷം, അക്കാലത്ത് നിലവിലുണ്ടായിരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 1967 (യുഎപിഎ)-ൽ കൂടുതൽ ഭീകരമായ വ്യവസ്ഥകൾ ചേർത്തുകൊണ്ട് ഭരണകൂടത്തിന്റെ കൈകളിലെ ശക്തയുക്തമായ ആയുധമാക്കി അതിനെ മാറ്റി. ബീമാ കോറെഗോൺ കേസിലെ 16 പേരെ തടങ്കലിക്കിയത് പോലുള്ള ഉദാഹരണങ്ങളിൽ നിന്നും അതിന്റെ ഭീകരത തിരിച്ചറിയാം.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we …
സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
സര്‍ഫാസി നിയമം റദ്ദാക്കുക! കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്‌! എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച …

1980-കളുടെ തുടക്കത്തിൽ ജയലളിത എം.പി-യായിരുന്നപ്പോൾ, തീവ്രവാദ വിഘടന പ്രവർത്തനങ്ങൾ (തടയൽ) നിയമം (ടാഡ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവർ സാക്ഷിയായിരുന്നു.വലിയ സമ്മർദ്ദങ്ങളെ തുടർന്ന് ആ നിയമവും പിൻവലിച്ചു. എന്നിരുന്നാലും, ടാഡയും പോട്ടയും അസാധുവാക്കിയ സമയത്ത് അസാധുവാക്കൽ നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തുക വഴി, നിയമങ്ങൾ പിൻവലിച്ചാലും നിലവിലുള്ള കേസുകളും അതിന്റെ അന്വേഷണങ്ങളും വിചാരണകളും തുടരുമെന്ന് ഉറപ്പുവരുത്തി.

2001ൽ ജയലളിത മുഖ്യമന്ത്രിയായപ്പോൾ രാഷ്ട്രീയ നേതാക്കൾക്കെതിരെ പോട്ട പ്രയോഗിച്ചു. തമിഴ് ഈഴത്തിന്റെ ലക്ഷ്യം പ്രബോധിപ്പിക്കുകയും എൽ.ടി.ടി.ഇ-യെ അതിന്റെ മുന്നണിപ്പടയായി പ്രകീർത്തിക്കുകയും ചെയ്ത വൈകോയും നെടുമാരനും അവരുടെ അനുയായികളുമായിരുന്നു ആദ്യത്തെ ഇരകളിൽ പെട്ടവർ.

അടഞ്ഞ ഓഡിറ്റോറിയത്തിൽ നടത്തിയ അത്തരത്തിലുള്ള ഒരു പ്രസംഗമാണ് നെടുമാരനെയും അദ്ദേഹത്തിന്റെ അനുയായികളെയും പോട്ട പ്രകാരം അറസ്റ്റ് ചെയ്യപ്പെടാൻ ഇടയാക്കിയതും പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് വിധേയരാക്കിയതും. തന്റെ തീപ്പൊരി പ്രസംഗത്തിന്റെ പേരിൽ ഇരയാക്കപ്പെട്ട മറ്റൊരാളായിരുന്നു വൈകോ. അക്കാലത്ത്, പ്രഥമദൃഷ്ടാ ഒരു കേസിലേക്ക് നോക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജിയുടെ ഒരു അവലോകന സമിതി ഉണ്ടാവണമെന്ന നിർദേശം ഇരകളുടെ സംരക്ഷണത്തിനായി പോട്ടയുടെ ക്ലോസിൽ ഉണ്ടായിരുന്നു.

ജസ്റ്റിസ് ഉഷാ മെഹ്‌റ, ഒരു അവലോകന സമിതി എന്ന നിലയിൽ കേസ് പരിശോധിക്കുകയും, നെടുമാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോട്ട വകുപ്പുകൾ പ്രയോഗിക്കാൻ പാകത്തിന് പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കണ്ടെത്തുകയും ചെയ്തു. നിരോധിക്കപ്പെട്ട ഒരു സംഘടനയെ അനുകൂലിക്കുന്നു എന്നത് തീവ്രവാദ കുറ്റമായി പരിഗണിക്കാനാവില്ല എന്ന നിലപാടാണ് കോടതികൾ സ്വീകരിച്ചത്.

പോട്ട കേസുകൾക്ക് തുടക്കമിട്ട ക്യൂ ബ്രാഞ്ച് പോലീസിനെയാണ് ജയലളിത ഇതും ചുമതലപ്പെടുത്തിയത്. തുടർന്ന്, പോട്ടയുടെ ഉപയോഗത്തെ ന്യായീകരിക്കാൻ പോലീസുതന്നെ സ്ഫോടകവസ്തുക്കളോ തോക്കുകളോ സ്ഥാപിക്കുവാനും വീണ്ടെടുക്കുവാനും തുടങ്ങി. അത്തരത്തിൽ ഇരയാക്കപ്പെട്ട ഒരാളാണ് നെടുമാരന്റെ തമിഴ് ദേശിയ പാർട്ടിയുടെ ജനറൽ സെക്രട്ടറി പരന്താമൻ. അദ്ദേഹത്തിന്റെ മാനാമധുരയിലെ കോഴി ഫാമിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തതായും തമിഴ്‌നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതായും കേസിൽ ചേർക്കപ്പെട്ടു.

ഈ ചെയ്തതിന്റെ കുറ്റസമ്മതം നടത്തിക്കൊണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആ ഉദ്യോഗസ്ഥൻ പിന്നീട് പരിഭ്രാന്തനായതിനാൽ കുറ്റസമ്മതം ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് നിയമപ്രകാരം ആവശ്യപ്പെടുന്ന സമയപരിധിക്കുള്ളിൽ അയച്ചില്ല. പരന്താമന്റെ ജാമ്യം അങ്ങനെ വൈകുകയും ഒരു ദശാബ്ദത്തിന് ശേഷം 2015 ൽ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

അടുത്ത തോക്കുകൾ ‘കണ്ടെടുത്തത് ‘ നഖീരൻ ഗോപാലിന്റെ പക്കൽനിന്നാണ്. എന്നിരുന്നാലും, കേസിൽ വിവരിച്ചവയല്ല കണ്ടെടുത്ത തോക്കുകളെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തുകയും “പ്രാഥമിക ദൃഷ്ടിയിൽ, തോക്ക് വീണ്ടെടുക്കൽ നടന്നിട്ടില്ല എന്നതിന് വളരെ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് മനസിലാകുന്നു. ആയതിനാൽ നമുക്ക് അതേ അനുമാനത്തിൽ തുടരാം” എന്ന് വിലയിരുത്തി. ഒടുവിൽ ഗോപാലും കുറ്റവിമുക്തനായി. മേൽപ്പറഞ്ഞ രണ്ട് കേസുകളിലും, വലിയ തോതിലുള്ള പൊതുജന പ്രതിഷേധം ഉയരുകയും തുടർച്ചയായ സമ്മർദ്ദം അവരെ ആദ്യം ജാമ്യത്തിൽ വിട്ടയക്കുന്നതിനും പിന്നീട് കുറ്റവിമുക്തരാക്കുന്നതിനും കാരണമായി.

ഉത്തങ്കരയ്‌ (ധർമ്മപുരി) -യിൽ നിന്ന് അറസ്റ്റിലായ 26 പേരാണ് ഏറ്റവും നിർഭാഗ്യവാന്മാരായ ഇരകൾ. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. അതിൽ രണ്ട് ആൺകുട്ടികൾ (പ്രായപൂർത്തിയാകാത്തവർ) ഉണ്ടായിരുന്നു; അവരുടെ പേരുകൾ ഭഗത് സിംഗ് എന്നും പ്രഭാകരൻ എന്നും ആയിരുന്നു. പോട്ട കുറ്റകൃത്യത്തിൽ രണ്ട് കുട്ടികളെ ഉൾപ്പെടുത്താൻ പോലീസിന് ഈ “തെളിവ് ” ധാരാളമായിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് പോട്ട നിയമം ബാധകമല്ലെന്നും അവരെ സ്‌പെഷ്യൽ കോടതിയിൽ വിചാരണ ചെയ്യാനാകില്ലെന്നും 2003ൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയതാണ്.എന്നിട്ടും അവരുടെ കേസ് കൃഷ്ണഗിരിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻപിൽ പരിഗണിക്കുകയും പതിനാറ് വർഷത്തിന്റെ കഷ്ടതകൾക്ക് ശേഷം 2018 -ൽ അവർ നിരപരാതികളാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഉത്തങ്കരയ്‌ കേസിലെ മുതിർന്നവർക്ക് അത്രപോലും ഭാഗ്യമുണ്ടായിരുന്നില്ല, അവരുടെ കേസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിചാരണയിലാണ്. ബാക്കിയുള്ള 24 പേരിൽ ആറും സ്ത്രീകളാണ്. പ്രഥമദൃഷ്ട്യാ നിരപരാധിത്വം തെളിയിക്കാൻ പോലും കർശന നിയമങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതിനാൽ ജാമ്യം ലഭിക്കാൻ ഇവരിൽ പലർക്കും സാധിച്ചിട്ടില്ല.

മോചിതയായ ഒരു സ്ത്രീ വീണ്ടും പിടിക്കപ്പെടുകയുണ്ടായി. ജാമ്യം ലഭിക്കുന്നതിന് അവർ 2021 ഇൽ കോടതിയിലേക്ക് കാര്യങ്ങൾ നീക്കിയപ്പോൾ, കോടതി പറഞ്ഞത് “ഈ ആദർശവാന്മാർ ഒരേ സമയം വിചാരണ വൈകിക്കുകയും എന്നിട്ട് വിചാരണത്തടവുകാരാണെന്ന് കേഴുകയും ചെയ്യും” എന്നാണ്. മറ്റൊരു ഡിവിഷൻ ബെഞ്ച് വേഗത്തിനുള്ള വിചാരണക്ക് ഉത്തരവ് പുറപ്പെടുവിക്കുകയും വിചാരണനടപടികൾ വൈകിപ്പിക്കുന്നതിന് കുറ്റാരോപിതരെ ശാസിക്കുകയും ചെയ്തു. ചില കുറ്റാരോപിതർക്ക് നൽകിയ ജാമ്യം പിൻവലിക്കാനും ആവശ്യം വന്നാൽ അവരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും സ്‌പെഷ്യൽ കോടതിയോട് ആവശ്യപ്പെട്ടു.

(2023) ജനുവരിയിൽ, സാക്ഷികളെ ദിവസാടിസ്ഥാനത്തിൽ വിസ്തരിക്കാനും 10 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും ഡിവിഷൻ ബെഞ്ച് വിചാരണക്കോടതിയോട് നിർദ്ദേശിച്ചു. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ 23 വർഷത്തിലേറെയായി ഈ ആരോപിത മാവോയിസ്റ്റുകൾ വിചാരണ നേരിടുകയാണ്. ഉന്നതരെ പ്രീതിപ്പെടുത്താൻ ഈ കേസുകൾ രൂപകൽപ്പന ചെയ്ത ക്യു ബ്രാഞ്ച് പോലീസിന്റെ ‘കാര്യക്ഷമത’യ്ക്ക് നാണക്കേട് എന്നവണ്ണം, വിചാരണ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് ഇപ്പോൾ തുറന്നുപറയുകയാണ് ഈ ഉദ്യോഗസ്ഥർ.

പോട്ടയെ എതിർത്ത ഡി.എം.കെ ചെയ്യേണ്ടത് പോട്ട വ്യവസ്ഥകൾ നിലവിലെ കേസുകളിൽ നിന്ന് നീക്കം ചെയ്യാനും കേസിന്റെ വിചാരണ ക്രിമിനൽ കോടതിയിലേക്ക് കൈമാറ്റം ചെയ്യാനും പോലീസിന് നിർദേശം നൽകുക എന്നതാണ്. അത് മാത്രമേ നിയമവാഴ്ച്ചയും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയും ഉറപ്പുനൽകുകയുള്ളൂ. അല്ലാത്തപക്ഷം രാഷ്ട്രീയ ഗസ്റ്റപ്പോയായി(നാസികളുടെ രഹസ്യപോലീസ്‌) വളർന്ന ക്യു ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുന്നതായിരിക്കും ഡി.എം.കെ-യുടെ നിഷ്ക്രിയത്വം.


source: THE TIMES OF INDIA