മുംബൈ-ആന്ധ്ര മോഡൽ ATS കേരളത്തിലും!! ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ചിറ്റിലപ്പിള്ളി സ്വദേശി രാജനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.മലപ്പുറം എടക്കരയിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഒളിവിലായിരുന്നെന്നാണ് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.റോഡ് അപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രാജനെ ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്നും എ ടി എസിന്റെ പ്രത്യേക അന്വേഷണസംഘമെത്തി കസ്റ്റഡിയിൽ എടുത്തത് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രാജന്റെ കൂടെ ഹോസ്പിറ്റലിൽ സാഹായത്തിനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ മകനും സഹോദരിയുടെ മകനും ആയിരുന്നു. രാജന്റെ സഹോദരിയുടെ വീട്ടിലും രാജന്റെ വീട്ടിലും എ ടി എസ് ഇന്നലെ പരിശോധന നടത്തിയിരുന്നതായി വിവരങ്ങൾ ലഭിക്കുന്നു.രാജന്റെ അറസ്റ്റ് നടന്നതിന് ശേഷം ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന മകൻ അഷിമിനെ കുറിച്ച് യാതൊരു വിവരവും പിന്നീട് കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.മുംബൈ-ആന്ധ്ര മോഡലിൽ കടുത്ത മനുഷ്യാവകാശ ലംലനങ്ങളാണ് കേരളത്തിലും നടക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

“അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുക എന്നത് മുംബൈയിലും ആന്ധ്രയിലും എ ടി എസ് നടത്തിയതതാണ്.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി പെരുമാറുന്ന സംസ്‍കാരം കേരളത്തിൽ എ ടി എസ് കൊണ്ടുവരികയാണ് എന്നത് വളരെയധികം ആശങ്കകൾ ഉളവാക്കുന്നതാണ്. പോലീസിന്റെ അമിതാധികാരത്തിനെതിരെ, കേരളത്തിൽ ഉയർന്നുവന്ന പ്രക്ഷേഭത്തിന്റെ പശ്ചാത്തലത്തിൽ രാജനും കുടുംബത്തിനും നേരിടേണ്ടി വരുന്ന നീതി നിഷേധത്തെയും മനുഷ്യാവകാശ ലംഘനത്തെയും കുട്ടി വായിക്കേണ്ട ആവശ്യകത ഉയർന്നുവരുകയാണ്.”എന്ന് ജനകീയമനുഷ്യാവകാശപ്രസ്ഥാനം സെക്രട്ടറി സി പി റഷീദ് അറോറയോട് പറഞ്ഞു.

“അപകടത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തു എന്നാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ആശുപത്രിയിൽ ചികിത്സാ തുടരുന്നുണ്ടോ അതോ ഡിസ്ചാർജ്ജ് ചെയ്തോ, ആശുപത്രിയിൽ തന്നെയാണോ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി എ ടി എസ് കൃത്യമായി പൊതുസമൂഹത്തോട് പറയണം. തുടർ ചികിത്സ ലഭിക്കുന്നതിന് നടപടി ഉടൻ വേണം.അപകടത്തിൽ ഉണ്ടായ പരിക്ക് ഗുരുതരമാണെങ്കിൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുക എന്നത് കടുത്ത മനുഷ്യാവകാശ നിഷേധമാണ്.എ ടി എസ് രാജന്റെ കുടുംബാംഗങ്ങളെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചിട്ടില്ലായിരുന്നു എന്നാണ് തൃശ്ശുരിലെ മനുഷ്യാവകാശപ്രവർത്തകർ പറയുന്നത്.” ജനകീയ മനുഷ്യാവകാശ പ്രസ്ഥനത്തിന്ന്റെ പ്രവർത്തകനായ അഡ്വ.തുഷാർ പറയുന്നു.

തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശിയായ രാജൻ ഒല്ലൂർ ആനക്കല്ലിലുള്ള ബന്ധു വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് വീഡിയോ കോൺഫറൻസിലൂടെ രാജനെ മഞ്ചേരി കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കമെന്ന് പറയപ്പെടുന്നു.