‘ഡോക്ടർ സാറാവാതെ സഖാവായി നിന്നു എന്നതിനെക്കാൾ വലിയ തെറ്റെന്തുണ്ട് ഈ ചോരകുടിയൻ വ്യവസ്ഥിതിയിൽ?’

സി പി റഷീദ് (സെക്രട്ടറി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)

ഈ പടം നോക്കൂ.…..

ഉക്കടത്തെ ചേരിയിലെ കുട്ടികളുടെ കൂടെ ഡോക്ടർ ദിനേശ് നിൽക്കുന്ന ഈ ചിത്രം തന്നെ. അത് നമ്മളോട് പലതും പറയുന്നില്ലെ?. അതിൽ വേറിട്ട ജീവിതത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ ഏറെ ഹൃദ്യമായൊരു കമ്മ്യൂണിസ്റ്റുക്കാരന്റെ മനസ്സുണ്ട്. റീറാഡിക്കലൈസേഷനിറങ്ങി പുറപ്പെട്ട ഒരു മുഖ്യനും ഭക്തസംഘത്തിനും അത് എളുപ്പം മനസ്സിലാവില്ല.ഡോക്ടർ ദിനേശ് വെറും ഡോക്ടറല്ല. അയാൾ ഡോക്ടർ നോർമ്മൺ ബത്യൂണിനെ പോലെ ബിനായക് സെന്നിനെ പോലെ, നമ്മെ ഏറെ ആവേശം കൊള്ളിച്ച പഴയ നഗ്നപാദ ഡോക്ടർമാരെ പോലെ കുറ്റി അറ്റുപോയ ചിലരെ ഓർമ്മിപ്പിക്കുന്നു.

അയാൾ നമ്മുടെ നാട്ടിലെ ഡോക്ടർമാരെ പോലെ സ്വന്തം പ്രിവിലേജും പേറി പണത്തിനും പ്രതാപത്തിനും പിറകെ ആർത്തി മൂത്ത്, ദുരധികാരത്തെ വാഴ്ത്തിപ്പാടി നടന്നില്ല. മറിച്ചയാൾ നിന്നു , ചരിത്രപരമായ അറിവിനു നേരെ ധീരമായി തന്നെ.കോയമ്പത്തൂർ നഗരത്തെ സ്വന്തം വിയർപ്പു കൊണ്ട് പടുത്തുയർത്തിയ ഉക്കടത്തെ ചേരിയിൽ ജീവിച്ചു. അവിടത്തെ ദരിദ്രരായ ദളിതർ തിങ്ങി പാർക്കുന്ന ചേരിയിൽ, അവിടത്തെ കുട്ടികൾക്ക് അക്ഷരവും അറിവുമായി അവർക്ക് എന്തിനും ഓടി എത്തുന്ന ഡോക്ടറായി, അനീതിയ്ക്കെതിരെ സമരോത്സുകമായി അയാളുടെ ജീവിതം. അതെ, അത് തന്നെ ആണ് അയാൾ ചെയ്ത തെറ്റും കുറ്റവും. ഡോക്ടർ സാറാവാതെ സഖാവായി നിന്നു എന്നതിനെക്കാൾ വലിയ തെറ്റെന്തുണ്ട് ഈ ചോരകുടിയൻ വ്യവസ്ഥിതിയിൽ? അതു കൊണ്ട് തന്നെ ആണ് അയാൾ വേട്ടയാടപ്പെടുന്നതും.

ഇന്ത്യ മുഴുവൻ നടന്ന് മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വേട്ടയാടിയ മഹാരാഷ്ട്ര ATS ന്റെ അതേ രീതിയാണ് കേരള എ.ടി.എസ്സിനും. രണ്ടാഴ്ച മുമ്പാണ് ആന്ധ്രയിൽ നിന്ന് ചൈതന്യ എന്ന മനുഷ്യാവകാശ പ്രവർത്തകനെ കേരള ATS മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ തമിഴ് നാട്ടിൽ നിന്ന് മറ്റൊരു പൗരാവകാശ പ്രവർത്തകനേയും അറസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിനൊരു ആന്റി ടെററിസ്റ്റ് സംഘം രൂപീകരിച്ച് വേട്ടക്കിറക്കി വിട്ട പിണറായി ഭരണത്തിന് അഭിമാനിക്കാം. കാരണം സംഘി ഭരണം പോലെ താങ്കളുടെ ലക്ഷ്യവും തെറ്റുന്നില്ല. നീതിമാന്മാർ തന്നെയാണ് ഇവിടെയും വേട്ടയാടപ്പെടുന്നത്. ജനവിരുദ്ധർക്കും ചൂഷകർക്കും ജാതി പ്രമാണികൾക്കും ഒന്നും സംഭവിക്കുന്നില്ല. മറ്റെല്ലായിടത്തും എന്ന പോലെ ഇവിടേയും അവരുടെ ദുരമൂത്ത ആരവമാണ്.കേരള ചരിത്രത്തിലെ ഏറ്റവും കൂടുതൽ വ്യാജ ഏറ്റമുട്ടൽ കൊലകൾ നടന്ന, ലോക്കപ്പ് കൊലകൾ നടന്ന കാലത്തെ മുഖ്യമന്ത്രിയായി പിണറായിക്ക് ഭരണ തുടർച്ചയിലേക്ക് കയറാം. പക്ഷെ നാളിതു വരെ കേരളം കണ്ട മുഖ്യമന്ത്രിമാരിൽ ഒന്നാമൻ എന്ന് താങ്കളെ പറ്റി വാഴ്ത്തി പാടുന്ന ചരിത്ര വിരുദ്ധമായ ഭക്തി ഗാനത്തിലേക്ക് ഈ ചോരതുള്ളികൾ തെറിച്ചു വീഴുകയോ ഹീനമായി കശാപ്പ് ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ കരച്ചിലിൽ ആ പാട്ടുകൾ ഒരു അശ്ലീലമായി മാറുകയോ ചെയ്യും.

കേരളത്തിൽ നിന്നെത്തിയ എടിഎസിൻ്റെ നാലംഗ സംഘം ഡോ.ദിനേശ് പ്രാക്ടിസ് ചെയ്യുന്ന ക്ലിനിക്കിലെത്തി റെയ്ഡ് നടത്തുകയും ബലം പ്രയോഗിച്ച് ലാപ്ടോപ്പും മൊബൈലും കൈക്കലാക്കി അദ്ദേഹത്തെ മർദ്ദിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ അദ്ദേഹത്തെ മഞ്ചേരി കോടതിയിൽ ഹാജരാക്കി,പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.എടക്കര പോലീസ് 2017ൽ ചുമത്തിയ ഒരു കുറ്റത്തിന്റെ പേരിലാണ് ആ കേസ് ഇപ്പോൾ അന്വേഷിക്കുന്ന കേരള ATS, ദിനേശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും 2017 സെപ്തംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട സഖാവ് കാളിദാസന്റെ മൊഴിയുടെ പേരിലാണ് അറസ്റ്റ് . എന്തു കൊണ്ട് മൂന്ന് വർഷം വൈകി എന്ന ന്യായമായ ചോദ്യം പക്ഷെ ആരു കേൾക്കാൻ. ഇത്രയും കാലം സ്വന്തം ക്ലിനിക്കിൽ രോഗികളെ നോക്കിയും വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചും സഖാവ് ദിനേശ് ഇവർക്കു മുന്നിൽ പരസ്യമായി ഉണ്ടായിരുന്നില്ലെ? എന്നിട്ട് എന്ത് കൊണ്ടീവിധം പൊടുന്നനെ ക്ലിനിക്കിലേക്ക് ഇരച്ചുകയറി ഒരു ഒളിത്താവളത്തിൽ നിന്നും ഒരു കൊടിയ ക്രിമിനൽ കുറ്റവാളിയെ എന്ന പോലെ ബലം പ്രയോഗിച്ച് തട്ടി കൊണ്ട് പോവണം? അതുകൊണ്ട് തന്നെ ഇതൊന്നും വെറും അറസ്റ്റുകളല്ല, ഇത് പോലീസിന്റെ വെറുമൊരു നിയമ നടപടി മാത്രവുമായി കാണാനുമാവില്ല. ഇവ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതി നിറഞ്ഞ ആക്രമണവുമാണ്. ഇത്തരം അനീതികളെ നിശബ്ദമായി നോക്കി നിൽക്കുക വഴി അങ്ങേയറ്റം സമഗ്രാധിപത്യപരവും ഭീകരവുമായ ഒരു സാമൂഹ്യ അന്തരീഷം ഒരുക്കാൻ നമ്മളും കൂട്ടുനിൽക്കുകയാണ് എന്ന് മറക്കരുത്.

സി പി റഷീദിന്റെ ഫേസ്ബുക് പോസ്റ്റിൽ നിന്ന്