ആ ഡോക്ടറെ നിങ്ങൾക്ക് അറിയാമോ?

നെടുവാസൽ ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ പ്രചാരണം നടത്തിയതിന്റെ പേരിൽ ഡോ.ദിനേശിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞ എസ് യു എം എസ് (സ്റ്റുഡന്റ്സ് അപ്രൈസിംഗ് മൂവ്മെന്റ് ഫോർ സോഷ്യൽ വെൽഫെയർ) എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തക വളർമതി എഴുതിയ തമിഴ് ലേഖനത്തിൻ്റെ പരിഭാഷ.

മൊഴിമാറ്റം : രാഹുൽ

പത്താം ക്ലാസിലും പ്ലസ്‌ടുവിലും സ്‌കൂളിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി.കോയമ്പത്തൂരിലെ രാമകൃഷ്ണ മെഡിക്കൽ കോളേജിൽ ദന്തഡോക്ടറിന് പഠിക്കുമ്പോൾ തുടങ്ങിയ രാഷ്ട്രീയ അന്വേഷണങ്ങളെ തുടർന്ന്, ഭാവിയിൽ ഒരു ജനകീയ ഡോക്ടറായി മാറാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു അദ്ദേഹം. സാധാരണയായി ഒരു ജനകീയ ഡോക്ടർ ‘ജനങ്ങൾക്ക് വൈദ്യസേവനം’ ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്നാൽ ദിനേശ് ജനങ്ങളുടെ എല്ലാത്തരം കഷ്ടപ്പാടുകൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കു വേണ്ടിയും സമരമുഖത്തിറങ്ങി ശബ്ദമുയർത്തുകയാണ് ചെയ്തത്.

ഉദാഹരണത്തിന്, നെടുവാസൽ കതിരമംഗലത്തെ ജനങ്ങൾ ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ പോരാടിയപ്പോൾ, കോയമ്പത്തൂരിന്റെ എല്ലാ പ്രദേശങ്ങളിലും ആ പദ്ധതിക്കെതിരെ അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നുകൊണ്ടേയിരുന്നു. ബസ്, ട്രെയിൻ, കോയമ്പത്തൂരിൽ എവിടെയെല്ലാം ജനങ്ങൾ കൂട്ടമായി നിൽക്കുന്നോ അവിടെയെല്ലാം കതിരമംഗലത്തെ ജനങ്ങളുടെ സമരത്തെ കുറിച്ച് പ്രചരിപ്പിക്കുമായിരുന്നു അദ്ദേഹം.ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ പ്രകൃതി സംരക്ഷണ സമിതിയുടെ ട്രെയിൻ പ്രചാരണ ക്യാമ്പയിൻ നടന്നിരുന്നു.പക്ഷെ, പോലീസെത്തി ഞങ്ങളെ പാതിവഴിയിൽ ട്രെയിനിൽ നിന്ന് ഇറക്കിവിടുകയും ഡോക്ടറും ഞാനുമടക്കം ഏഴ് പേരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അന്ന് പോലീസ് ഞങ്ങൾക്കെതിരെ ഫയൽ ചെയ്തതും പറഞ്ഞതും എന്താണെന്ന് അറിയാമോ?
“പ്രചാരണത്തിനായി ഇവർ പറയ് (ദ്രാവിഡ കലാചാരത്തിലെ പ്രധാന വാദ്യങ്ങളിൽ ഒന്ന്) ഉപയോഗിക്കുന്നു. സാധാരണയായി മാവോയിസ്റ്റുകളാണ് അവരുടെ പ്രചാരണത്തിനായി പറയ് ഉപയോഗിക്കുന്നത്.അതിനാൽ ഇവരും മാവോയിസ്റ്റുകളും തമ്മിൽ ബന്ധമുണ്ട്. ഇവർ ഈ ട്രെയിൻ ബോംബ് വച്ച് തകർക്കാൻ ഗുഢാലോചന നടത്തിരിക്കുകയാണ്.”

പറയും അതിലെ വടിയും എത്ര വലിയ ആയുധമാണെന്ന് എനിക്ക് അന്ന് മനസിലായി. ഞങ്ങൾ ഏകദേശം 40 ദിവസത്തോളം ഈ കേസിൽ ജയിലിൽ കിടന്നു. ആ ഡോക്ടറും കൂടെ ഉണ്ടായിരുന്നു. ജയിൽവാസത്തിനുശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം കടുകുമണിയളവിൽ പോലും കുറഞ്ഞിരുന്നില്ല. ജനകീയ പോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുമായിരുന്നു അദ്ദേഹം.കോയമ്പത്തൂരിലെ ഉക്കടം പ്രദേശത്തെ ജനങ്ങളോട് അന്വേഷിക്കുമ്പോൾ മനസിലാകും സഖാവ് ഡോ. ദിനേശ് ‘നമ്മ ഡാക്ടർ’ എന്ന പേരിൽ ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഒരു മനുഷ്യനാണെന്ന്. “സഖാവെ നമ്മുടെ ഡോക്ടറെ കണ്ടോ? പല്ല് വേദനയുണ്ട്. എന്നെ വീട്ടിൽ വന്ന് ഒന്ന് കാണാൻ പറയു”എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞിട്ട് പോകുന്ന ജനങ്ങളെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തിൽ പെട്ടവരാണ്. അതിൽ ഭൂരിഭാഗവും ശുചീകരണ തൊഴിലാളികളും. ഉക്കടത്തെ കുട്ടികൾക്ക് എന്നും ഡോക്ടറോട് വളരെ സ്നേഹമാണ്.കുറച്ച് ദിവസം കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ട്യൂഷൻ നടത്തുമായിരുന്നു. ക്ലാസുകളിൽ സ്കൂൾ സിലബസ് മാത്രമല്ലതെ നമുക്ക് ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു ദിനേശ്.

ഈ കഴിഞ്ഞ ഫെബ്രുവരി 4 ന് ഒറ്റ നോട്ടത്തിൽ ഗുണ്ടകളെന്നു തോന്നിക്കുന്ന നാല് പേർ സഖാവ് ദിനേശിന്റെ ക്ലിനിക്കിൽ ചെന്ന് അദ്ദേഹത്തെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട് ‘എന്ന് പറയപ്പെടുന്ന കേരളത്തിലെ പോലീസുകാരായിരുന്നു അവർ. ദിനേശിന്റെ സുഹൃത്ത് രാജേഷിന്റെ വീട്ടിലും ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി അംഗം പാർത്ഥിപൻ്റെ വീട്ടിലും മണിക്കൂറുകളോളം കേരള എടിഎസ്(ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ) റെയ്ഡ് നടത്തി.കേസ് എന്താണെന്നതിന് ഒരു വിവരവും നൽകാതെയാണ് യുഎപിഎ നിയമപ്രകാരം സഖാവ് ദിനേശിനെ കേരളത്തിലെ പിണറായി സർക്കാർ അറസ്റ്റ് ചെയ്തത്. ഒരു വശത്ത്, കേരള ‘കമ്മ്യൂണിസ്റ്റ്’ സർക്കാർ, തമിഴ്‌നാട്ടിൽ വന്ന് യുഎപിഎ ചുമത്തി ജനകീയപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും മറുവശത്ത് യുഎപിഎ എന്ന ജനവിരുദ്ധ നിയമം നിരോധിക്കണമെന്നും പറയുന്ന ഇരട്ടത്താപ്പിലാണ്. പല കാലങ്ങളിലായി ചുവപ്പ് വെളുത്ത് കാവിയായി മാറി എന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് തമിഴ്‌നാട്ടിൽ നടന്ന റെയ്ഡും ഡോക്ടറുടെ അറസ്റ്റും.

സത്യത്തിൽ കഫീൽഖാനെ പോലെയുള്ളവരും ദിനേശിനെപ്പോലെയുള്ളവരുമാണ് യഥാർത്ഥ ജനകീയ ഡോക്ടർമാർ. ജനങ്ങളുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങി പോരാട്ടം നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നത്. ജനകീയ ഡോക്ടർമാർക്കുനേരെ നടക്കുന്ന അടിച്ചമർത്തലിനെതിരെയും അവരുടെ ജയിൽ മോചനത്തിന് വേണ്ടിയും ശബ്ദമുയർത്തുക എന്നത് ജനാധിപത്യ ശക്തികളായ നമ്മുടെ എല്ലാവരുടെയും ചരിത്രപരമായ കടമയാണ്

കേരള സർക്കാരിനെതിരെയും അവരുടെ പോലീസ് സംവിധാനത്തിനെതിരെയും ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു..

ഡോ.ദിനേശിനെ ഉടൻ മോചിപ്പിക്കുക.