സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !! എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?

ഭാഗം : 3

മൊഴിമാറ്റം : അരവിന്ദ്‌

ബലാത്സംഗവും നിയമവ്യവസ്ഥയും

ബലാത്സംഗത്തിനെതിരെ നിലവിലുള്ള നിയമങ്ങളിലേക്ക് നീങ്ങുമ്പോൾ ആദ്യം നേരിടേണ്ടിവരുന്ന വൈരുദ്ധ്യമിതാണ്: കുറ്റവാളിയ്ക്കെതിരെ അതിജീവിതക്കു(survivor) വേണ്ടി ആരാണ് പോരാടേണ്ടത്? അത് മറ്റാരുമല്ല – സ്ത്രീകൾക്കെതിരെ ഏറ്റവും വലിയ അതിക്രമങ്ങൾ അഴിച്ചുവിടുന്ന, പുരുഷമേധാവിത്വ ത്തിന്റെ മാമൂലുകൾ തുടർന്നുപോകുന്നതിൽ ബദ്ധശ്രദ്ധരായ, ഭരണകൂടം തന്നെയാണതും നിർവഹി ക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന സ്ത്രീയ്ക്ക് അത് നേടിക്കൊടുക്കുന്ന ഒരു ക്ഷേമരാഷ്ട്രത്തിന്റെ പുറംമോടി ഭരണകൂടം  സൂക്ഷിക്കുമ്പോഴും  നീതിയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീയ്ക്ക്   ഇവിടെ യഥാർത്ഥ അഭിപ്രായസ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന് പറയാനാകില്ല. അവളുടെ തന്നെ കോടതി വ്യവഹാരങ്ങളിൽ പോലും അവൾ ഒരു സാക്ഷി മാത്രമായി ഒതുക്കപ്പെടുന്നു. ജാതിവെറിയുടെയും വർഗ്ഗേബാധത്തിന്റെയും പുരുഷാധിപത്യത്തിന്റെയും മുൻവിധികൾ പേറുന്ന, കള്ളപ്പണം കൈപ്പറ്റിയ ഒരുകൂട്ടം ആളുകളുടെ , കുറ്റപത്രം തയ്യാറാക്കുന്ന പോലീസുകാരന്റെ, സർക്കാർ അഭിഭാഷകന്റെ, സർക്കാർ ഉദ്യോഗസ്ഥന്റെ, ജഡ്ജിയുടെ, അല്ലെങ്കിൽ ഭരണകൂടത്തിന്റെ മറ്റേതെങ്കിലും പ്രതിനിധിയുടെ – ദയയിലാണവളുടെ വിധി നിർണയിക്കപ്പെടുന്നത്. 

ഇനി നമുക്ക് ബലാത്സംഗ കേസുകളിൽ ശിക്ഷാനിരക്ക് കുറയുവാൻ കാരണമാകുന്ന, നിയമത്തിലെ പഴുതുകൾ പരിശോധിക്കാം. കൃത്യമായി എന്താണ് ബലാത്സംഗം എന്ന കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നതാണ് ആദ്യത്തെ ചോദ്യം. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 375 ആം വകുപ്പ് പ്രകാരം ഒരു പുരുഷൻ സ്ത്രീയുടെ ഇച്ഛയ്ക്ക് വിരുദ്ധമായോ അനുവാദമില്ലാതെയോ അവളുമായി ലൈംഗിക ബന്ധത്തി ലേർപ്പെടുന്നതിനെയാണ് ബലാത്സംഗമായി കണക്കാക്കുന്നത്. പലപ്പോഴും പുരുഷാധിപത്യ പ്രവണതകളുള്ള കോടതികളും മറ്റ് ഭരണകൂടസംവിധാനങ്ങളും ഇരയുടെ ‘പ്രകോപനപരമായ വസ്ത്രധാരണത്തെയും’,  ‘അസാന്മാർഗ്ഗികതയെയും’ ഒക്കെ പഴിചാരുമ്പോൾ, ഈ നിയമം പലപ്പോഴും കുറ്റവാളിയ്ക്ക് രക്ഷപ്പെടുവാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. 

ബലാത്സംഗത്തിനു നൽകുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ 7 മുതൽ 10 വർഷം വരെ തടവും പരമാവധി ശിക്ഷ ജീവപര്യന്തവും പിഴയുമാണ്. കുറഞ്ഞ ശിക്ഷ ഇളവുചെയ്തു നൽകുവാൻ കോടതികൾക്ക് അധികാരമുണ്ട്. കുറഞ്ഞ ശിക്ഷയിൽ ഇളവു വരുത്തുന്നതിനുള്ള പ്രത്യേക കാരണങ്ങൾ വിധിയിൽ പറഞ്ഞിരിക്കണം എന്നു മാത്രം. കോടതികൾ അവസരം കിട്ടുമ്പോഴെല്ലാം ഇങ്ങനെ ചെയ്യാറുമുണ്ട്. കുറ്റവാളിയുടെ പ്രായാധിക്യത്തിന്റെ പേരിൽ, പ്രായക്കുറവിന്റെ പേരിൽ, ഭാവി നശിച്ചുപോകുമെന്ന പേരിൽ, അതുമല്ലെങ്കിൽ കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്ന ഒരേയൊരാൾ എന്ന പേരിലൊക്കെ ശിക്ഷയിളവ് നല്കാറുണ്ട്. തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്യുന്നതിനും, ഗർഭിണികളെയും 12 വയസ്സിൽ കുറവുള്ള പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നതിനും കൂട്ടബലാത്സംഗത്തിനുമൊക്കെ പത്തുവർഷം കഠിനതടവും ജീവപര്യന്തവുമുൾപ്പടെ കൂടുതൽ കർക്കശമായ ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ അവസരങ്ങളിലും മതിയായ കാരണങ്ങൾ നിരത്തി ശിക്ഷയിൽ ഇളവ് നൽകുവാനുള്ള അധികാരം കോടതികൾക്കുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 354 ആം വകുപ്പ് അനുസരിച്ച് സ്ത്രീയുടെ ചാരിത്ര്യത്തിന് കളങ്കം വരുത്തുന്നത് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുവാൻ കഴിയുന്ന, ജാമ്യം ലഭിക്കുന്ന കുറ്റമാണ്. 

ലൈംഗിക ബന്ധം നടന്നത് അതിജീവിതയുടെ ഇഷ്ടത്തിന് വിരുദ്ധമായിട്ടല്ല എന്ന് തെളിയിക്കുവാനാണ് പ്രതി പലപ്പോഴും ശ്രമിക്കുന്നത്. തന്റെ സമ്മതം ഇല്ലായിരുന്നു എന്ന അതിജീവിതയുടെ വാദം പലപ്പോഴും വിലപ്പോവില്ല (തടവിൽ വച്ച് ബലാത്സംഗം ചെയ്യുന്നതും കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും ഒഴികെ). പലപ്പോഴും റേപ്പ് കേസുകളിൽ സാക്ഷികളില്ലാത്തതിനാൽ ബഹളം വച്ചും എതിർത്തും ചെറുത്തുനിന്നു എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം പീഢിപ്പിക്കപ്പെട്ടവരുടെതാണ്. കോടതിവിധികളിലൂടെ കണ്ണോടിക്കുമ്പോൾ ഇക്കാര്യത്തിൽ ജഡ്ജിമാരുടെ സമീപനം തികച്ചും അപഹാസ്യകരമാണ് എന്ന് മനസ്സിലാകും. ശരീരത്തിൽ മുറിവുകളില്ലാത്തത് സമ്മതത്തിന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. ചിലപ്പോൾ ബലാത്സംഗത്തെ ചെറുക്കുവാനുള്ള ശ്രമങ്ങളെ വളരെ കൃത്യമായി പീഢിപ്പിക്കപ്പെട്ട സ്ത്രീ വിവരിക്കുമ്പോൾ ആ കൃത്യത അവിശ്വസനീയമാണെന്നുവരെ ജഡ്ജിമാർ കരുതാറുണ്ട്.

അങ്ങനെയാണ് 1983 ന് ശേഷം 10 വർഷങ്ങൾ പിന്നിടുമ്പോൾ റേപ്പ് നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾക്കുവേണ്ടി വീണ്ടും മുറവിളി ഉയരുന്നത്.  കഴിഞ്ഞ 5 വർഷങ്ങളിൽ വനിതാ സംഘടനകളും, നിയമസഹായ കേന്ദ്രങ്ങളും വനിതാ അഡ്വക്കേറ്റുമാരും നടത്തിയ ശില്പശാലകളിലൂടെ മാറ്റങ്ങൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ ശുപാർശകൾ ലോ കമ്മിഷൻ വഴി അധികാരികളിൽ എത്തിയിട്ടുമുണ്ട്. ഇവയൊക്കെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാക്ഷി എന്ന എൻ.ജി.ഒ. ഒരു എട്ട് വയസ്സുകാരിയ്ക്ക് വേണ്ടി, സർക്കാർ ഉദ്യോഗസ്ഥനായ സ്വന്തം പിതാവിൽ നിന്നു നേരിടേണ്ടി വന്ന പീഡനവുമായി ബന്ധപ്പെട്ട് നടത്തേണ്ടി വന്ന നിയമയുദ്ധങ്ങളുടെ പരിണതഫലമാണ്. ഈ കേസ് പരിഗണിക്കുന്നതിന്റെ ഇടയിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ റേപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ സുപ്രീം കോടതി ലോ കമ്മിഷൻ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചത്. സാക്ഷി എന്ന സംഘടനയോടൊപ്പം ഐ.എഫ്.എസ്.എച്ച്.എ., ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസ്സോസ്സിയേഷൻ, ദേശീയ വനിതാ കമ്മിഷൻ എന്നിവയെ സമീപിക്കുകയും നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. 

ഇന്ത്യൻ ശിക്ഷാ നിയമം 1860, 375 ആം വകുപ്പിൽ ലോ കമ്മിഷൻ നിർദ്ദേശിച്ച മാറ്റങ്ങൾ ഇവയാണ്:

  1. ലോ കമ്മിഷൻ നിർദ്ദേശിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റം റേപ്പ് എന്ന വാക്കിന് പകരം ‘ലൈംഗിക അതിക്രമം’ എന്ന പദം ഉപയോഗിക്കുക എന്നാണ്. ‘ചാരിത്ര്യഭംഗം വരുത്തുക’  എന്നത് ഇതിനോടെപ്പം ചേർത്ത് രണ്ടും ഒറ്റ വിഭാഗമായി കണക്കാക്കുവാൻ നിർദ്ദേശം ഉയർന്നു. മുൻപ് ഈ നിയമത്തിന്റെ അവ്യക്തമായ നിർവചനവും വ്യാഖ്യാനവും ഉപയോഗിച്ച് ശിക്ഷയിളവ് നേടിയെടുക്കുവാനുള്ള പഴുതുകളുണ്ടായിരുന്നു. ഉദാഹരണത്തിന് എട്ട് മാസം പ്രായമായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു കേസിൽ ജഡ്ജിമാരുടെ സമിതിയിൽ ഓരോ അംഗത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. എട്ടു മാസം പ്രായമുള്ള കുട്ടിയ്ക്ക് നഷ്ടപ്പെടുവാൻ എന്ത് ചാരിത്ര്യമാണ് ഉള്ളത് എന്നാണ് ‘വിദ്യാസമ്പന്നനായ’ ഒരു ജഡ്ജി ചോദിച്ചത്. മറ്റൊരു ജഡ്ജിയുടെ അഭിപ്രായത്തിൽ ചാരിത്ര്യം എന്ന വസ്തുത ഉടലെടുക്കുന്നത് കാഴ്ചക്കാരന്റെ കണ്ണുകളിലും അത് ഹനിക്കുവാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തിലുമാണ് എന്നായിരുന്നു.
  2. രണ്ടാമതായി ബലാത്സംഗത്തിന്റെ നിർവചനത്തിൽ ലൈംഗിക വേഴ്ച കൂടാതെ (പോലീസുകാരുടെ കസ്റ്റഡി മർദ്ദനങ്ങളിലും വർഗ്ഗീയ കലാപങ്ങളിലും നടക്കുന്നതു പോലെ) വടി പോലെയുള്ള വസ്തുക്കൾ ഉള്ളിൽ കടത്തുന്നതും മറ്റും കൂടെ ഉൾപ്പെടുത്തി. പ്രത്യേകിച്ച് ബാലപീഡനകേസുകളിലെപ്പോലെ ലിംഗ-യോനീ സംഭോഗം നടക്കാനിടയില്ലാത്ത സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു അത്. നിയമവിരുദ്ധമായ ലൈംഗിക സമ്പർക്കം എന്ന വകുപ്പ് (376E) പുതുതായി ഉൾപ്പെടുത്തിയപ്പോൾ 377 ആം വകുപ്പ് (സ്വവർഗ രതി) എടുത്തുകളയാൻ നിർദ്ദേശിക്കപ്പെട്ടു. കൂടാതെ, എഫ്.ഐ.ആർ. ഒരു വനിതാ പോലീസ് ഓഫിസറോ സർക്കാർ ഉദ്യോഗസ്ഥയോ തയ്യാറാക്കണമെന്നും അല്ലെങ്കിൽ ഒരു വനിതാ സാമൂഹികപ്രവർത്തകയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്നും നിഷ്‌കർഷിക്കുകയും  മൊഴിയും കുറ്റസമ്മതവും രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളിലും വൈദ്യപരിശോധനയിലും ഉൾപ്പടെ ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

മുകളിൽ പറഞ്ഞിരിക്കുന്ന മാറ്റങ്ങൾ നടപ്പിലാകുമ്പോൾ പ്രതികൾക്ക് രക്ഷപ്പെടുവാനുള്ള ധാരാളം പഴുതുകൾ ഇനിയും അവശേഷിക്കുമെന്ന് വ്യക്തമാണ്. കാരണം സ്ത്രീയുടെ സമ്മതം ഇല്ലായിരുന്നു എന്ന് തെളിയിക്കുകയും അതിന്റെ തെളിവ് കണ്ടെത്തുകയും ചെയ്യേണ്ടത് അവളുടെ ഉത്തരവാദിത്തമായി മാറുകയാണ്. നിയമത്തിലെ വ്യവസ്ഥകളിൽ അതിജീവിതയുടെ ‘സമ്മതം’ എന്നതിന് പകരം ‘അസന്ദിഗ്ദ്ധമായും സ്വമേധയാ നൽകുന്ന സമ്മതം’ എന്ന മാറ്റം ലോ കമ്മിഷൻ ഇനിയും അംഗീരിച്ചിട്ടില്ല. ഭർതൃബലാത്സംഗം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടുമില്ല. മാത്രമല്ല, ഇന്ത്യൻ ലോ കമ്മിഷന്റെ മറ്റൊരു നിർദ്ദേശത്തിനെതിരെ മറ്റൊരു പ്രതിഷേധസ്വരം ഉയർന്നു തുടങ്ങിയിട്ടുണ്ട്. നിയമം ഇപ്പോൾ ലിംഗനിഷ്പക്ഷമാക്ക പ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലലൈംഗികപീഡനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആൺകുട്ടികൾ നേരിടുന്ന പ്രശ്‌നം കൂടി കണക്കിലെടുത്ത് നിയമത്തെ ഇപ്പോൾ ലിംഗനിഷ്പക്ഷമാക്കുവാൻ ശ്രമങ്ങൾ നടക്കുന്നു. പല വിധത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളായ സ്ത്രീകൾ, കുട്ടികൾ, സ്വവർഗ്ഗാനുരാഗികൾ എന്നിവരെ ഒരേ ഗണത്തിൽ പെടുത്തുവാനാണ് നിയമം ഇപ്പോൾ നിർദ്ദേശിക്കുന്നത്. ലൈംഗികാതിക്രമങ്ങളുടെ നിർവചന പരിധി കുറച്ചുകൂടി വിശാലമാക്കുവാൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഈ മാറ്റം കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. സ്ത്രീകൾക്കെതിരെ പുരുഷൻമാർക്ക് ലൈംഗികാതിക്രമണം ആരോപിക്കുവാനുള്ള സാധ്യത ഇത് തുറന്നുനൽകുകയും ചെയ്യും. 

ഇന്ത്യൻ സമൂഹത്തെപ്പോലെ പുരുഷമേധാവിത്വ പ്രവണതകൾ ശ്കതമായി വേരോടിയ,  രാഷ്ട്രീയം ഇത്രകണ്ട് ജീർണമായ ഒരിടത്ത് ഈ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടും എന്നുറപ്പാണ്. ബാലലൈംഗിക പീഡനം ഇന്ത്യയിൽ ഒരു ഗൗരവപൂർണമായ പ്രശ്‌നം തന്നെയാണ്. അതിനെതിരെ ഒരു പ്രത്യേക നിയമം തന്നെ ആവശ്യമാണ്. അതുപോലെ സ്വവർഗ്ഗ ലൈംഗിക പീഡനത്തെ സംബന്ധിച്ച് പുതിയ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചത് ബന്ധപ്പെട്ടവരോട് അഭിപ്രായം ആരായാതെയും ചർച്ചകൾ നടത്താതെയുമാണ്. സ്ത്രീകളുടെ നേർക്ക് ലൈംഗിക-ശാരീരിക അതിക്രമങ്ങൾ ധാരാളം നടക്കുന്ന, മിക്കവാറും അതിക്രമങ്ങൾക്ക് സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളുടെ പിന്തുണകൂടി ലഭിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് റേപ്പ് നിയമങ്ങളിൽ മാറ്റം വരുത്തി അത് ലിംഗ നിഷ്പക്ഷമാക്കുവാൻ ശ്രമിക്കുന്നതിന്റെ അർത്ഥമെന്താണ്? ഇത് ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് ചേർന്ന ഒരു നടപടിയല്ല. പല സ്ത്രീസംഘടനകളും ഈ നിർദ്ദേശത്തെ വിമർശിച്ചു മുന്നോട്ട് വന്നു കഴിഞ്ഞു.

ലൈംഗികാതിക്രമങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷാകാലയളവ് 7 വർഷമായി ഉയർത്തുവാനാണ്  ഇന്ത്യൻ ലോ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്.  പോലീസ് ഓഫീസർമാരോ സർക്കാർ ജീവനക്കാരോ പ്രതികളാവുന്ന കേസുകൾ, തടവിൽ പാർപ്പിച്ചുള്ള പീഡനം, ഗർഭിണികളുടെയോ പ്രായപൂർത്തിയാകാത്തവരുടെയോ പീഡനം, കൂട്ടബലാത്സംഗം എന്നിവയിൽ കുറഞ്ഞ ശിക്ഷ 10 വർഷമാക്കുവാനും നിർദ്ദേശമുണ്ട്. വിവാഹമോചനത്തിനു ശേഷം ഭർത്താവ് ഭാര്യയെ പീഡിപ്പിക്കുന്നതിനുള്ള കുറഞ്ഞ ശിക്ഷയായി സെക്ഷൻ 376A നിർദ്ദേശിക്കുന്നത് 2 വർഷമാണ്. സർക്കാർ ജീവനക്കാർ, ജയിൽ സൂപ്രണ്ടുമാർ, ആശുപത്രി ജീവനക്കാർ/മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ അവരുടെ സ്ഥാപനങ്ങളിലെയോ, അവരുടെ ചുമതലയിലുള്ളവരോ ആയ സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള കുറഞ്ഞ ശിക്ഷ 5 വർഷമായി 376B – D സെക്ഷനുകൾ നിഷ്‌കർഷിക്കുന്നു. പെൺകുട്ടികളെ ശല്യം ചെയ്യുക, ലൈംഗികമായി ഉപദ്രവിക്കുക എന്നീ കുറ്റങ്ങൾക്ക് തടവ്ശിക്ഷ വ്യവസ്ഥ ചെയ്യുന്ന 376 E എന്ന പുതിയ സെക്ഷൻ കൂടി ഉൾപ്പെടുത്തുവാൻ നിർദ്ദേശമുയർന്നിട്ടുമുണ്ട്.

ഇന്ത്യൻ എവിഡൻസ് ആക്ട് 1872,114 A യിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ:

പ്രതി ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞ് അതിജീവിതയുടെ സമ്മതത്തെക്കുറിച്ച് ചോദ്യമുയർന്നാൽ, അതിജീവിത താൻ സമ്മതം നൽകിയിട്ടില്ല എന്നാണ് മൊഴിനൽകുന്നതെങ്കിൽ സമ്മതം ഇല്ലായിരുന്നുവെന്നുതന്നെ കോടതി കണക്കാക്കേണ്ടതാണ്. ഇരയുടെ സ്വഭാവശുദ്ധിയുടെ ചരിത്രത്തെക്കു റിച്ച് പരാമർശിക്കുന്ന 53, 146 വകുപ്പുകളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

ബലാത്സംഗത്തെ സംബന്ധിച്ച് ഇന്ത്യയിലെ നിയമങ്ങൾ മറ്റു രാജ്യങ്ങളുടേതുമായി എങ്ങനെ താരതമ്യം ചെയ്യാൻ കഴിയുമെന്ന് ഇനി പരിശോധിക്കാം. ശക്തമായ സ്ത്രീപക്ഷ മുന്നേറ്റങ്ങൾ നടന്ന ഫിലിപ്പൈൻസിൽ ബലാത്സംഗ നിയമങ്ങളിൽ സ്വാഗതാർഹമായ ചില മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ നിയമങ്ങൾ നിഷ്‌കർഷിക്കുന്നത് ബലാത്സംഗം കേവലം ചാരിത്ര്യത്തിനു നേർക്കുള്ള ആക്രമണമായി മാത്രമല്ല, വ്യക്തികൾക്കുനേരെയുള്ള ആക്രമണമായും മനുഷ്യാവകാശ ലംഘനമായും കണക്കാക്കുവാനാണ്. ബലാത്സംഗത്തിന്റെ നിർവചനത്തിൽ ലൈംഗികാതിക്രമങ്ങളെ ഉൾപ്പെടുത്തുകയും ഇവയെ രണ്ടായിക്കണ്ടുകൊണ്ട് ഒന്ന് മറ്റൊന്നിനേക്കാൾ ഗൗരവപൂർവമായ കുറ്റമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. വൈവാഹിക ലൈംഗികപീഡനത്തെ ഒരു കുറ്റമായി പരോക്ഷമായെങ്കിലും കണക്കാക്കുന്നുമുണ്ട്. 60കളിലും 70കളിലും  സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായ സമരങ്ങൾ നടന്ന അമേരിക്കയിലും ബലാത്സംഗ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 1984ൽ ന്യൂയോർക്കിലെ ഒരു കോടതി വൈവാഹിക ബലാത്സംഗത്തെ, ബലാത്സംഗമായി കണക്കാക്കാതെയിരിക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് വിധി പുറപ്പെടുവിപ്പിച്ചു. റഷ്യ, സ്വീഡൻ, ഡെൻമാർക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ലൈംഗികാതിക്രമങ്ങളുടെ പേരിൽ ഭർത്താക്കന്മാരെ ശിക്ഷിക്കുവാനുള്ള നിയമവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഇതൊക്കെയുണ്ടായിട്ടും അമേരിക്കയിലും ഫിലിപ്പൈൻസിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ ഇപ്പോഴും തുടരുന്നു എന്നത് വർഗ്ഗസമവാക്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി പുരുഷാധിപത്യ പ്രവണതകളെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യൻ സാഹചര്യത്തിലും പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നത് തെളിവുകളുടെ അഭാവംകൊണ്ടല്ല, മറിച്ച് ഇച്ഛാശക്തിയില്ലായ്മ മൂലമാണ് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന് 70 ശതമാനം ബലാത്സംഗ കേസുകളിലും പീഢിപ്പിക്കപ്പെട്ടവർ പ്രായപൂർത്തി യാകാത്തവരാണ്. ഇത്തരം കേസുകളിൽ ഇരയുടെ സമ്മതം നിയമപരമായി കണക്കിലെടുക്കേണ്ട കാര്യമില്ലാത്തതിനാൽ ശിക്ഷ നൽകുവാൻ താരതമ്യേന എളുപ്പമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്? ഗുജറാത്ത് വംശഹത്യയ്ക്കിടയിൽ നടന്ന ബലാത്സംഗങ്ങൾക്ക് ധാരാളം ദൃക്‌സാക്ഷികൾ ഉണ്ട് എന്നതാണ് വാസ്തവം. സാധാരണ ബലാത്സംഗ കേസുകളിൽ ഇത്തരത്തിൽ ദൃക്‌സാക്ഷികളെ ലഭിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ ഈ കുറ്റവാളികൾ ഒടുവിൽ ശിക്ഷിക്കപ്പെടുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

അനുരാധഗാണ്ടി

ഉപസംഹാരം

ഈ നിർദ്ദേശങ്ങളിൽ എത്ര എണ്ണം ഏത് വിധത്തിൽ  ഒടുവിൽ  സ്വീകരിക്കപ്പെടുമെന്ന് കണ്ടറിയാം. ഇപ്പോഴത്തെ സർക്കാരിൽ നിന്ന് കൂടുതൽ നീതി പ്രതീക്ഷിക്കുന്നത് നിരർത്ഥകരമാണ്. അധികാരം കൈയ്യാളുന്ന എല്ലാ രാഷ്ട്രീയപാർട്ടികളിലും പുരുഷമേധാവിത്വ മൂല്യങ്ങൾ ആഴത്തിൽ വേരോടിയി രിക്കുന്നു. ജാതീയ/വർഗ്ഗാധിപത്യ ബോധത്തിലൂന്നി നിലനിൽക്കുന്ന ഈ പാർട്ടികൾ സമൂഹത്തിനുമേൽ നടത്തുന്ന പൊതുവായ അടിച്ചമർത്തലിന്റെ ഭാഗമായി ബലാത്സംഗത്തെയും ന്യായീകരിക്കുന്നു. ജനശ്രദ്ധ നേടുവാൻ ബലാത്സംഗത്തിന് വധശിക്ഷ ആവശ്യപ്പെട്ട് മുറവിളി കൂട്ടുമ്പോഴും, ഈ പാർട്ടികളിൽ പലതിലും യഥാർത്ഥത്തിൽ ബലാത്സംഗത്തെ പരോക്ഷമായി അംഗീകരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഗുജറാത്തിലും ഡൽഹിയിലെ സിഖ് വിരുദ്ധ കലാപത്തിലും കാശ്മീരിലും വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലുമൊക്കെ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ ഈ പാർട്ടികൾ എടുത്ത നിലപാടും വ്യത്യസ്ഥമല്ല. നിയമങ്ങളിലെ ഉപരിപ്ലവമായ മാറ്റങ്ങൾകൊണ്ടു മാത്രം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാകില്ല. നിയമവ്യവസ്ഥയ്ക്കുള്ളിലും സമൂഹത്തിന്റെ അധികാരകേന്ദ്രങ്ങളിലും നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകൾ നീതിയ്ക്കായുള്ള ശ്രമങ്ങളെ കൂടുതൽ തളർത്തുകയാണ്.

നിയമവ്യവസ്ഥയെ മാത്രം ആശ്രയിക്കാതെ പ്രാദേശികതലത്തിൽ തന്നെ പീഡകരെയും സ്ത്രീകൾക്കുനേരെ മറ്റ് അതിക്രമങ്ങൾ കാണിക്കുന്നവരെയും നേരിടുവാൻ പൊതുജനത്തെ തന്നെ സജ്ജരാക്കുകയാണ് ജനാധിപത്യവാദികൾ ചെയ്യേണ്ടത്. ഇക്കൂട്ടരെ പൊതുജനമധ്യത്തിൽ പരസ്യമായി അപലപിച്ച്, അവഹേളിച്ച്, മാപ്പ് പറയിച്ച്, നഷ്ടപരിഹാരം നല്കിക്കുകയാണ് ചെയ്യേണ്ടത്. പീഢിപ്പിക്കപ്പെട്ട വ്യക്തിയെ താനനുഭവിച്ച വ്യഥകളിൽ നിന്നു മുക്തിനേടി  ആത്മവിശ്വാസം വീണ്ടെടുപ്പിക്കുവാൻ സാമൂഹത്തിന്റെ ഭാഗത്ത് നിന്ന് അനുതാപപൂർവ്വകമായ ഒരു ശ്രമമുണ്ടാവുകയും വേണം.  ബലാത്സംഗ നിയമങ്ങളിൽ മാറ്റം വരുത്തുവാൻ സമരം ചെയ്യുമ്പോഴും ബലാത്സംഗ കുറ്റവാളികളെ സാമൂഹികമായി ഒറ്റപ്പെടുത്തുക, മുഖത്ത് കരിപൂശുക, പരസ്യമായ ദണ്ഡനം നല്കുക തുടങ്ങിയ സാമൂഹികനടപികളെ ഫലപ്രദവും പ്രബലവുമായ പ്രതിപ്രവർത്തനങ്ങളായി കാണേണ്ടതുണ്ട്.  

എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ബലാത്സംഗത്തെ അടിച്ചമർത്തലിനുള്ള ആയുധമായി തിരിച്ചറി യുകയും പുരുഷമേധാവിത്വവും വർഗ്ഗചൂഷണവുമായി ബലാത്സംഗം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും വേണം. ആത്യന്തികമായി വിലയിരുത്തപ്പെടുമ്പോൾ, സമൂഹത്തിന്റെ അടിസ്ഥാന ഘടനയിൽത്തന്നെ മാറ്റം വരുത്തി പുരുഷാധിപത്യത്തെയും അതിലൂടെ ബലാത്സംഗത്തെയും ഉന്മൂലനം ചെയ്യുവാനുള്ള പോരാട്ടത്തിന് സ്ത്രീകളെ സജ്ജരാക്കുവാൻ ഈ മുന്നേറ്റങ്ങൾക്ക് കഴിയണം..

അനുരാധഗാണ്ടിയുടെ‘സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്’ എന്ന പുസ്തകത്തിലെ “സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !! എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?” എന്ന തലകെട്ടിലെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയുടെ അവസാനത്തെ (മൂന്നാം) ഭാഗമാണിത്.