സഖാവ് പത്മക്ക് ജാമ്യവും ചികിത്സയും അനുവദിക്കുക:മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള സമിതി

കയൽവിഴി

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരിയായും ദീർഘകാലമായി രോഗബാധിതയുമായ സഖാവ് പത്മയ്ക്ക് ജാമ്യവും ചികിത്സയും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാവോയിസ്റ്റ് തടവുകാരുടെ മോചനത്തിനായുള്ള സമിതി പത്രപ്രസ്താവനയിറക്കി. 2002 ലാണ് പത്മ ‘പോട്ട’ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീട് മൂന്നര വർഷത്തിന് ശേഷമാണ് അവർക്ക് ജാമ്യം ലഭിക്കുന്നത്. സുബ്രവെൻട്രിക്കുലർ ടാക്കിക്കാർഡിയ (ഹൃദയ സ്പന്ദനം കൂടിയ അവസ്ഥ) പോലുള്ള പല ഗുരുതരമായ അസുഖങ്ങൾക്കും ചികിത്സ നേടിക്കൊണ്ടിരുന്നതിനാൽ അവർക്ക് കോടതിയിൽ കേസിന് ഹാജരാകാൻ സാധിക്കാതെ വരികയും തുടർന്ന് പോട്ട കോടതി അവരുടെ മേൽ അറസ്റ്റ് വാറണ്ട് പുറപ്പെടിവിക്കുകയുമുണ്ടായി. തൻ്റെ മേൽ ചുമത്തപ്പെട്ടിരുക്കുന്ന അറസ്റ്റ് വാറണ്ട് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 ൽ പത്മ പോട്ട കോടതിയിൽ കിഴടങ്ങുകയുണ്ടായി .പക്ഷെ കോടതി അറസ്റ്റ് വാറണ്ട് റദ്ദാക്കിയില്ല എന്ന് മാത്രമല്ല അസുഖ ബാധിതയായ അവരെ ചെന്നൈ പുഴൽ ജയിലിൽ അടക്കുകയും ചെയ്തു.

പുഴൽ ജയിലിൽ വന്ന നാൾമുതൽ അവരുടെ ശാരീരികാസ്വസ്ഥത വർധിക്കുകയാണുണ്ടായത്. കാഴ്ച നഷ്ടപ്പെടൽ,ഉറക്കമില്ലായ്മ,നടക്കാൻ കഴിയാതെയാവുക അങ്ങനെ ഗുരുതരമായ അസുഖങ്ങളിലൂടെയാണ് അവർ കടന്നുപോയിരുന്നത്.ജയിൽ വകുപ്പ് ചികിത്സ നൽകാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് പ്രാഥമിക ചികിത്സക്കുള്ള അനുമതി പോലും ലഭിച്ചത്.കൊറോണ വന്നതോടെ ജയിലിൽ മാസങ്ങളോളം ചികിത്സ ലഭിക്കാത്ത അവസ്ഥയിലായിരുന്നു പത്മ എന്ന് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള സമിതി പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

ഈ കഴിഞ്ഞ 09-12-2020 ന് പത്മയുടെ ഹൃദയത്തിലെ രക്തക്കുഴലുകളടഞ്ഞതിനാൽ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്തതിട്ടുണ്ടെന്നും അവർക്ക് ഉടനടി ആന്ജിയോപ്ലാസ്ടി ചെയ്യണമെന്നും അതിന് പത്മയുടെ ഭർത്താവായ വിവേക്‌ ഉടനടി ആശുപത്രിയിൽ എത്തിച്ചേരണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെന്നൈ പുഴൽ ജയിൽ വകുപ്പ് വിവേകിന് ഫോണിലൂടെ വിവരം നൽകിയിരുന്നു. ആന്ജിയോപ്ലാസ്ടി ചെയ്യാൻ കൈയ്യൊപ്പ് സാക്ഷ്യത്തിനായാണ് വിവേകിനോട് എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ജയിൽ വകുപ്പ് ആവശ്യപ്പെട്ടത്.തുടർന്ന് വിവേക് ചെന്നൈ സ്റ്റാന്റലി ആശുപത്രിയിൽ എത്തുകയും പത്മയെ കാണുകയും ചെയ്തിരുന്നു. ആ സമയത്ത് അവരുടെ ആരോഗ്യനില വളരെ ഗുരതരാവസ്ഥയിലായിരുന്നു.അതിനു ശേഷം ആശുപതിയിൽ പത്മയെ കാണാൻ പലപ്രാവശ്യം വിവേക് ശ്രമിച്ചെങ്കിലും പോലീസ് അതിനുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്‌തത്‌ എന്ന് സമിതി പത്രപ്രസ്താവനയിൽ പറയുന്നു.

വിവേക്‌ ഉടനടി ആശുപത്രിയിൽ എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട ജയിൽ വകുപ്പ് ആന്ജിയോപ്ലാസ്ടിയെ കുറിച്ച് പിന്നീട് ഒന്നും മിണ്ടുന്നില്ല എന്ന് മാത്രമല്ല അവരെ കാണാനുള്ള അനുമതിയും നിഷേധിക്കുകയാണ്.അതിനാൽ ജനാധിപത്യ വിശ്വാസികളും മനുഷ്യാവകാശപ്രവർത്തകരും മാധ്യമ പ്രവർത്തകരും കഴിഞ്ഞ പത്ത് വർഷമായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ നേടികൊണ്ടിരുന്ന സഖാവ് പത്മക്ക് ഉടനടി ചികിത്സയും അവർക്ക് ജാമ്യം അനുവദിക്കുന്നതിന് വേണ്ടി ശബ്ദവുമുയർത്തണമെന്ന് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള സമിതി അവരുടെ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. യുഎപിഎ നിയമം പിൻവലിക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാകാനും സമിതി ആവശ്യപ്പെടുന്നു.