കൊറോണക്കാലത്തെ പെൺ തടവറകൾ

ഷൈന പി എ

ഈ കൊറോണ കാലത്ത് രാജ്യം വലിയൊരു തടവറയായി രൂപപ്പെട്ടിരിക്കുന്നതിനെപ്പറ്റി ബന്ധുവായ ഒരു ചെറുപ്പക്കാരൻ സംസാരിച്ചപ്പോൾ മൂന്നര വർഷത്തോളം നീണ്ട എന്റെ ജയിൽ കാലമാണ് എനിക്കോർമ്മ വന്നത്. രാവിലെയും വൈകുന്നേരവും ദിവസംതോറുമുള്ള ഒപ്പിടൽ, എല്ലായിടത്തും പിന്തുടരുന്ന Q-ബ്രാഞ്ച് ഉദ്യോഗസ്ഥർ, കടുത്ത സർവൈലൻസ് … എന്നിങ്ങനെ നീളുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടും ജയിൽ എന്നെ പലരീതിയിൽ പിന്തുടർന്നു കൊണ്ടേയിരുന്നു.

21 ദിവസത്തെ പൊടുന്നനെയുള്ള രാജ്യവ്യാപകമായ ഈ ലോക്ക് ഡൗണിനെ സംബന്ധിച്ച് എനിക്ക് തീർച്ചയായും വ്യത്യസ്ത അഭിപ്രായമുണ്ട്, പ്രത്യേകിച്ചും അത് നടപ്പാക്കുന്ന രീതിയിൽ. എന്നിരുന്നാലും ഈ കൊറോണ കാലത്ത് യഥാർത്ഥ തടവറയിൽ അല്ല എന്നതിൽ എനിക്ക് എനിക്ക് ആശ്വാസം തോന്നുന്നു.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഒഴികെ ലോകത്ത് മിക്കയിടങ്ങളിലും തടവറകളുടെ എണ്ണവും അവയിൽ അടയ്ക്കപ്പെടുന്ന ആളുകളുടെ എണ്ണവും വർധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചില ചെറിയ ജയിലുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ് എങ്കിലും അവ യഥാർത്ഥത്തിൽ കൂടുതൽ വലിയ, കനത്ത സുരക്ഷയുള്ള ജയിലുകൾ കെട്ടിപ്പടുക്കാൻ വേണ്ടിയാണ്. ഇന്ത്യയിലെ പല ജയിലുകളിലും അവയുടെ പരിധിയേക്കാൾ അധികവും ചിലയിടങ്ങളിൽ ഇരട്ടിയും ആണ് തടവുകാർ. കൊറോണയെ പോലെ ഒരു പകർച്ചവ്യാധി ഇവിടെ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്റെ ഫലം ഭീകരമായിരിക്കും. ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലെയും ജയിലുകളിലെ അംഗസംഖ്യ വെട്ടികുറയ്ക്കുവാനായി ഉപാധികൾക്ക് വിധേയമായി തടവുകാർക്ക് ജാമ്യമോ പരോളോ അനുവദിക്കുവാൻ സുപ്രീം കോടതി ഉത്തരവായത്. എന്നാൽ കർക്കശമായ ഉപാധികൾക്കനുസൃതമായി എത്രമാത്രം തടവുകാരെ വിട്ടയക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

മൂന്നര വർഷത്തെ വനിതാ ജയിലുകളിലെ എന്റെ തടവുകാലം കൊണ്ടു തന്നെ ഇത്തരം ഒരു മഹാമാരിയെ നേരിടാൻ ജയിലുകളിലെ സൗകര്യങ്ങൾ എത്ര അപര്യാപ്തമാണെന്ന് എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ഓരോ ചെറിയ സെല്ലുകളിലും മൂന്നോ നാലോ തടവുകാരെ കുത്തി നിറച്ചിരിക്കും. ബാരക്കുകളിൽ പത്തോ പന്ത്രണ്ടോ പേർ ഉണ്ടാകും. ഒഴിഞ്ഞ ബ്ലോക്കുകൾ ഉണ്ടായാലും വാർഡർമാരുടെ എണ്ണം കുറവായതിനാൽ പരമാവധി പേരെ ഒരേ ബ്ലോക്കിൽ തന്നെ അടയ്ക്കുകയാണ് പതിവ്. ഇത് അസുഖങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുന്നു.
മിക്കവാറും വനിത ജയിലുകളിൽ ആശുപത്രിയോ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സയോ ഇല്ല. പലയിടത്തും ഡോക്ടർക്കു പകരം ഏതെങ്കിലും പാരാമെഡിക്കൽ സ്റ്റാഫ് ആയിരിക്കും മരുന്നുകൾ കൊടുക്കുന്നത്. ഇത് നിയമവിരുദ്ധമാണെങ്കിലും മറ്റു നിർവാഹം ഇല്ലാത്തതിനാൽ തടവുകാർക്ക് ഇവർ കൊടുക്കുന്ന മരുന്നിനെ ആശ്രയിക്കുകയേ വഴിയുള്ളൂ. വയറു വേദനക്ക് പൊക്കിളിൽ നല്ലെണ്ണ ഒഴിക്കുക തുടങ്ങിയ നാടൻ പ്രയോഗങ്ങളാണ് പലപ്പോഴും ഇവരുടെ ചികിത്സ. കൃത്യമായി രക്തം കുത്തിയെടുക്കാൻ പോലും അറിയാത്ത ഒരു നഴ്സ് അവിടെ ഉണ്ടായിരുന്നു! ( എല്ലാവരും അങ്ങനെയാണെന്നല്ല).
സമീപത്തെ പുരുഷ ജയിലുകളിൽനിന്നുള്ള ഡോക്ടർമാർ ദിവസവും ഏതെങ്കിലും ഒരു സമയത്തോ അല്ലെങ്കിൽ ആഴ്ചയിൽ ഏതാനും ദിവസങ്ങളോ വന്നു പരിശോധിക്കുന്നതും സമീപത്തെ സർക്കാർ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ ആഴ്ചയിലൊരു ദിവസം വന്നു പരിശോധിക്കുന്നതോ ആണ് മറ്റൊരു രീതി. അടിയന്തിരഘട്ടങ്ങളിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ കൊണ്ടു പോകാറുമുണ്ട്. കോയമ്പത്തൂർ പ്രത്യേക വനിതാ ജയിലിൽ എല്ലാ ശനിയാഴ്ചയും തടവുകാരെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോകാറുണ്ട്. ശിക്ഷയിൽ കഴിയുന്ന സ്ത്രീകളായ പ്രതികളെ നിയമത്തിനു വിരുദ്ധമായി യൂണിഫോമിൽ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാറുള്ളത്. പൊലീസിനൊപ്പം ഈ വേഷത്തിൽ ആശുപത്രിയിൽ ചെന്നാൽ തടവുകാരാണ് എന്നുള്ളത് ആളുകൾ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാൽ പലരും ആശുപത്രിയിൽ പോകാൻ തയ്യാറാകാറില്ല.

ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും വളരെയധികം മുൻവിധികളോടെ ആണ് തടവുകാരോട് ഇടപെടാറുള്ളത്. തടവുകാർ രോഗം അഭിനയിക്കുകയാണ് എന്നാണ് പൊതുവെ വാർഡർമാരുടെയും മെഡിക്കൽ സ്റ്റാഫിന്റേയും കാഴ്ചപ്പാട്. പലപ്പോഴും ഡോക്ടർമാരും ഇതേ സമീപനം പുലർത്തുന്നതായാണ് അനുഭവം. എ ക്ലാസ്സ് രാഷ്ട്രീയ തടവുകാരി എന്ന പ്രിവിലേജ് ഉണ്ടായിട്ടു പോലും ഇത്തരം ദുരനുഭവങ്ങൾ പല തവണ എനിക്കുണ്ടായിട്ടുണ്ട്. അപ്പോൾ സാധാരണ തടവുകാരുടെ കാര്യം ആലോചിച്ചു നോക്കൂ.
കൈത്തണ്ടയിൽ (wrist) കഠിനമായ വേദന മൂലം എന്നെ ജയിലിലെ ഡോക്ടർ (പുരുഷന്മാരുടെ സെൻട്രൽ ജയിലിലെ) കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ വാതരോഗ വിഭാഗത്തിലേക്ക് (Rheumatology) റഫർ ചെയ്തു. എന്നാൽ അസ്ഥിരോഗ വിദഗ്ദനാണ് വാതരോഗ വിഭാഗത്തിലേക്ക് റഫർ ചെയ്യേണ്ടത് എന്നു പറഞ്ഞ് ഒ.പി യിലുള്ളവർ എന്നേയും പൊലീസുകാരേയും അങ്ങോട്ടയച്ചു. അവിടെ ഞാൻ പതിവായി കാണാറുള്ള ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന ഡോക്ടർ എന്താണ് അസുഖമെന്ന് ചോദിച്ചപ്പോൾ ഞാൻ പറയാൻ തുടങ്ങിയത് തടയുകയും അയാൾ ഞാൻ പറയേണ്ട എന്നു പറഞ്ഞ് പൊലീസുകാരോട് ചോദിക്കാൻ തുടങ്ങി. എന്റെ രോഗത്തെ സംബന്ധിച്ച വിവരങ്ങൾ എന്നേക്കാൾ പൊലീസുകാർക്കാണ് അറിവ്! അവർ കയ്യിനെന്തോ വേദനയാണെന്നു പറഞ്ഞു (നീരും ഉണ്ടായിരുന്നു). അയാൾ എന്റെ വേദനയൊന്നും വകവെയ്ക്കാതെ വിരലുകൾ ചലിപ്പിക്കാൻ പറഞ്ഞു. എന്നിട്ട് പോലീസുകാരോട് എനിക്ക് ഒരു രോഗവുമില്ല, പണി ചെയ്യാതെ ഇരിക്കുന്നതിന്റെ കേടാണ്; നല്ലോണം പണിയെടുപ്പിക്ക് എന്നു ഉപദേശിക്കുകയും ചെയ്തു. എന്നെ വാത രോഗ വിഭാഗത്തിൽ കൊണ്ടുപോകാനാണ് ജയിൽ ഡോക്ടർ എഴുതി തന്നതെന്ന് ഞാൻ നിർബന്ധിച്ചപ്പോൾ ജയിൽ ഡോക്ടർ വെറും വിഡ്ഢിയാണ് എന്നൊരു കമന്റോടെ എന്നെ വാത രോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തു. വാത രോഗ വിദഗ്ദൻ എന്റെ പ്രശ്നം കേട്ട ഉടനെ തന്നെ ഇത് സന്ധിവാതമായിരിക്കും എന്നു പറയുകയും എനിക്ക് ചില ടെസ്റ്റുകൾ എഴുതി തരികയും ചെയ്തു. അതിൽ ഒരു ടെസ്റ്റൊഴികെ മറ്റെല്ലാ ടെസ്റ്റുകളും പോസിറ്റീവ് ആയിരുന്നു. വാതത്തിനുള്ള ചികിത്സ ഞാൻ ഇന്നും തുടരുന്നു. പിന്നീട് നടത്തിയ ടെസ്റ്റുകൾ, എക്സ്റേകൾ എല്ലാം അതു ശരിവെച്ചു. ജയിലിനു പുറത്തിറങ്ങിയ ശേഷം ഞാൻ പല വിദഗ്ദ ഡോക്ടർമാരേയും കണ്ടിട്ടുണ്ട്. അവർക്കാർക്കും ഇത് അഭിനയമായി തോന്നിയിട്ടില്ല. എന്നാൽ ജയിലിലുള്ള കാലത്ത് പലപ്പോഴും എന്നെ മെഡിക്കൽ കോളേജിലെ വാത രോഗ വിഭാഗത്തിലേക്ക് പൊലീസുകാർ കൊണ്ടുപോകുമ്പോൾ പരമ പുച്ഛത്തോടെ ഈ അസ്ഥിരോഗ വിദഗ്ദൻ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ജയിലിലെ വനിതാ തടവുകാരോട് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും അവരെ അപമാനിക്കുകയും ചെയ്യുന്ന ഒരു ഗൈനക്കോളജിസ്റ്റ് മെഡിക്കൽ കോളേജിൽ നിന്നും വരാറുണ്ടായിരുന്നു. ഓരോരുത്തരോടും ആരെ കൊന്നിട്ടാ എന്തു മോഷ്ടിച്ചിട്ടാ എന്നൊക്കെ ചോദിച്ച് പരിഹസിക്കുന്നത് അവരുടെ സ്ഥിരം രീതിയായിരുന്നു. സഹികെട്ട് ഞാൻ അവർക്കെതിരേ സൂപ്രണ്ടിനോട് പരാതിപ്പെടുകയുണ്ടായി. വളരെ ചെറുപ്പക്കാരനും പൊതുവേ ദയാലുവുമായ ജയിൽ ഡോക്ടർ പോലും തടവുകാർ കുളിക്കാത്ത, വൃത്തിയില്ലാത്ത ആളുകളാണ് എന്ന കാഴ്ചപ്പാടുള്ള ആളായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള ഒന്നോ രണ്ടോ പേരൊഴികെ മിക്ക തടവുകാരും ദിവസവും കുളിക്കുന്ന, വസ്ത്രം മാറുന്നവരാണെന്നാണ് എന്റെ അനുഭവം.

ജയിലിൽ നിന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത് എല്ലാ വിഭാഗം തടവുകാരേയും സംബന്ധിച്ച് ഒരു പേടിസ്വപ്നമാണ്. സ്ത്രീ തടവുകാർക്ക് പ്രത്യേകം വാർഡില്ലാത്തതിനാൽ അവരെ ജനറൽ വാർഡിൽ മറ്റു രോഗികളോടൊപ്പമാണ് പാർപ്പിക്കുക. എന്നിട്ട് അവരെ കട്ടിലിനോട് ചേർത്ത് വിലങ്ങണിയിക്കും. ഇത് തടവുകാരിൽ ഉണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. മാത്രവുമല്ല കൂട്ടിരിക്കുന്ന പോലീസുകാരുടെ ഭാഗത്തു നിന്ന് പലപ്പോഴും അങ്ങേയറ്റം മോശമായ പെരുമാറ്റമാണുണ്ടാകുക. ചില നല്ല പോലീസുകാർ രോഗികൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുമെങ്കിലും ഇതിനായി പ്രത്യേക ഫണ്ടൊന്നും ഇല്ലാത്തതിനാൽ അത് താത്കാലികം മാത്രമായിരിക്കും. എഴുന്നേറ്റിരിക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിൽ സ്വന്തം മലവും മൂത്രവുമായി ടോയ്ലെറ്റിലേക്കു പോകാൻ നിർബന്ധിക്കപ്പെട്ടതിനെ പറ്റി ഒരു തടവുകാരി കണ്ണീരോടെ എന്നോട് പറഞ്ഞിട്ടുണ്ട്. കൂട്ടിരിപ്പുകാരായ പോലീസുകാരെ അതിന് നിർബന്ധിക്കാനാവില്ലല്ലോ. ഈയവസ്ഥയിൽ തടവുകാരുടെ ബന്ധുക്കൾ ആരെങ്കിലും വന്നാൽ രക്ഷയുണ്ട്. എന്നാൽ അപമാനം ഭയന്ന് പലരും വരാറില്ല. ഇതുകൊണ്ടെല്ലാം അഡ്മിറ്റ് ചെയ്യാതിരിക്കാൻ രോഗം മറച്ചുവെക്കുന്ന ധാരാളം തടവുകാരുണ്ട്.

എന്നെ ശിക്ഷാ പ്രതികളോടൊപ്പമാണ് പാർപ്പിച്ചിരുന്നത്. ഞാൻ കിടന്നിരുന്ന സെൽ പ്രത്യേക ബ്ലോക്കായി കണക്കാക്കിയാണ് ഇതിലെ നിയമപ്രശ്നം അവർ മറികടന്നിരുന്നത്. എന്നോടൊപ്പമുണ്ടായിരുന്ന തടവുകാരിൽ ബഹുഭൂരിപക്ഷവും കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചവരായിരുന്നു. ചില ഘട്ടങ്ങളിൽ ഇവരുടെ എണ്ണം റിമാന്റ് തടവുകാരുടെ എണ്ണത്തിനടുത്തു വരെ എത്തിയിട്ടുണ്ട്. ഇപ്പോൾ സുപ്രീം കോടതി പ്രഖ്യാപിച്ച പരോൾ ഇവരിൽ ഭൂരിഭാഗത്തിനും ലഭിക്കാൻ ഇടയില്ല. സാധാരണ പരോൾ ,ശിക്ഷാ കാലയളവിലെ ഇളവുകൾ കുറയ്ക്കുമെന്നതിനാൽ പത്തു വർഷം തികയും വരെ പരോളിൽ ഇറങ്ങാത്തവരുണ്ട്. ഈ കൊറോണ കാലത്തെ ഇവർ എങ്ങനെയാകും നേരിടുക?

സാധാരണ പുരുഷ ജയിലുകളേക്കാൾ കർശനമാണ് പെൺ ജയിലുകളിലെ ചിട്ടകൾ. ഉറക്കെ ചിരിച്ചാൽ, മുടി ഒരൽപം ഫാഷനിൽ കെട്ടിയാൽ, ഒരു പുസ്തകമോ പേനയോ കൈവശം വെച്ചാൽ … ഒക്കെ കടുത്ത കുറ്റമാണ്. ഞാൻ ചെല്ലുന്നതു വരെ കോയമ്പത്തൂർ ജയിലിൽ ചുരിദാർ നിരോധിത വസ്ത്രമായിരുന്നു എന്നതു ചിലപ്പോൾ സാധാരണക്കാർ വിശ്വസിച്ചേക്കില്ല. കേരളത്തിലെ പല വനിതാ ജയിലുകളിലും റിമാന്റ് തടവുകാർ നൈറ്റിയേ ധരിക്കാൻ പാടുള്ളൂ. കാക്കനാട് വനിതാ ജയിലിൽ ഇത് ലംഘിച്ചത് ഞാനാണ്. ജയിൽ നിയമങ്ങളേക്കാൾ കർക്കശമാണ് വാർഡർമാരുടെ സ്വന്തം ചട്ടങ്ങൾ. ഈ കടുത്ത വിവേചനങ്ങളിലും പീഡനങ്ങളിലും വീർപ്പുമുട്ടി നിൽക്കുന്ന പെൺ തടവറകളിൽ കൊറോണയെപ്പോലെ ഒരു മഹാമാരി എങ്ങനെയായിരിക്കും താണ്ഡവമാടുക എന്ന് ഉൾക്കിടിലത്തോടെയാണു ഞാൻ സങ്കൽപ്പിക്കുന്നത്.

PUBLISHED ON 28-03-2020