‘പട’യ്ക്കു പിന്നിൽ..കേരളത്തെ നടുക്കിയ അയ്യങ്കാളിപ്പടയുടെ പ്രതിഷേധസമരം സിനിമയാകുന്നു

സജിത്ത് എം എസ്

“നിലം ഉങ്കളുക്ക് അധികാരം, എങ്കളുക്ക് വാഴ്‌ക്കെ”

പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ എന്ന സിനിമയിലെ ഒരു ഡയലോഗ് ആണിത്. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണ് ഈ വാക്കുകൾ. ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി-ദളിത് സമരങ്ങളുടെയും അവർ നേരിട്ട അനീതികളുടെയും വഞ്ചനയുടെയും ചരിത്രം വളരെ വലുതാണ്. ഭൂമി എന്ന വലിയ പ്രശ്നം ഇന്നും കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഒരു വ്യത്യസ്തമായ പ്രതിരോധമാണ് അയ്യങ്കാളിപ്പട എന്ന സംഘടന സംഘടിപ്പിച്ചത്. ആദിവാസി ഭൂമിപ്രശ്നം പൊതുസമൂഹത്തിന് മുൻപിൽ എത്തിക്കാൻ വേണ്ടി നടത്തിയ വളരെ വ്യത്യസ്തമായ, സർഗ്ഗാത്മകമായ അതേ സമയം നാടകീയമായ ഒരു സമരമുറ.

കൊല്ലം 1996 .1975 ൽ പാസാക്കിയ ‘ആദിവാസി ഭൂനിയമം’ അന്നത്തെ നായനാർ സർക്കാർ അട്ടിമറിച്ചു കൊണ്ട് ഒരു ഭേദഗതി കൊണ്ടുവന്നു. കയ്യേറ്റങ്ങൾ നടന്ന ആദിവാസി ഭൂമി പിടിച്ചെടുത്തു അവർക്ക് തിരിച്ചു നൽകണം എന്നതാണ് ‘ആദിവാസി ഭൂനിയമം’. 1971 എന്നതായിരുന്നു സുപ്രീം കോടതി നിർദേശിച്ച കട്ട്‌ ഓഫ് വർഷം.നായനാർ സർക്കാർ കട്ട് ഓഫ് ഇയർ 1986 ആക്കി ഭേദഗതി കൊണ്ട് വന്നു. അതോടെ 1986 വരെയുള്ള കയ്യേറ്റങ്ങൾ നിയമപരമായി അംഗീകരിക്കപ്പെട്ടു. ഈ ബില്ലിനെ അന്ന് എതിർത്തത് കെ ആർ ഗൗരിയമ്മ മാത്രമായിരുന്നു.കേരളരൂപീകരണത്തിന് ശേഷം ഉണ്ടായ ഏറ്റവും പിന്തിരിപ്പൻ ബിൽ എന്നാണ് അവർ അന്ന് അതിനെ വിമർശിച്ചത്.

ആദിവാസി ഭൂനിയമത്തിൽ വെള്ളം ചേർക്കാൻ നടന്ന ഈ ശ്രമത്തിനെതിരെ ആയിരുന്നു കേരളം അന്ന് വരെ കാണാത്ത ഒരു പ്രതിഷേധം നടന്നത്. അത് നടന്നതാകട്ടെ പാലക്കാട്‌ കളക്ടറേറ്റിലും. 1996 ഒക്ടോബർ 4 ന് രാവിലെ തന്നെ കളക്ടറേറ്റിന് മുൻപിൽ മുൻപെങ്ങുമില്ലത്ത വിധം പോലീസുകാർ വരുന്നു. ജോലി ചെയ്യുന്നവരെ പുറത്തേക്ക് എത്തിക്കുന്നു,ചുറ്റും വളയുന്നു. വൈകാതെ നാട്ടുകാരും ചുറ്റും കൂടുന്നു. വൈകാതെ വാർത്ത പുറത്ത് വന്നു. അന്നത്തെ പാലക്കാട്‌ കളക്ടർ W. R റെഡ്ഢിയെ നാല് ചെറുപ്പക്കാർ ചേർന്ന് ബന്ദിയാക്കിയിരിക്കുന്നു. അവരുടെ കയ്യിൽ തോക്കും ബോംബുകളും ഉണ്ട്. തോക്ക് കളക്ടറുടെ കഴുത്തിൽ വച്ചാണ് അക്രമികൾ നിൽക്കുന്നത്. ആന്ധ്രായിലെ പീപ്പിൾസ് വാർ ഗ്രൂപ്പാണ് പിന്നിൽ എന്നായിരുന്നു ആദ്യം പരന്ന വാർത്ത.

എന്നാൽ വൈകാതെ നാല് പേരും അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ ആണെന്ന് പുറത്തറിഞ്ഞു. നാല് പേരെയും പലരും തിരിച്ചറിഞ്ഞു-കല്ലറ ബാബു, വിളയോടി ശിവൻകുട്ടി, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ എന്നിവർ ആയിരുന്നു അവർ. ഭൂനിയമത്തിൽ വെള്ളം ചേർക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറുക, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആദിവാസി ഫണ്ട്‌ എങ്ങനെ വിനിയോഗിക്കുന്നു എന്നറിയുക. ഇവയായിരുന്നു അവരുടെ ആവശ്യം. മറ്റൊരു ആവശ്യം കൂടി ഉണ്ടായിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സാന്നിധ്യത്തിൽ മാത്രമേ ചർച്ചകൾ നടത്താവൂ എന്ന്. അന്ന് അതായിരുന്നു കേരളത്തിലെ ഏക വാർത്താ ചാനൽ. വാസ്തവത്തിൽ അവരുടെ ആവശ്യം തന്നെ ആദിവാസികൾ നേരിടുന്ന വലിയ അനീതികൾ പൊതുസമൂഹം അറിയണമെന്നും ചർച്ച ചെയ്യണമെന്നുമുള്ളതായിരുന്നു.

source : ഏഷ്യാനെറ്റ്‌ ന്യൂസ്

സംഭവം വലിയ മീഡിയ അറ്റെൻഷൻ അന്ന് നേടി. ഡൽഹിയിൽ നിന്ന് N.S.G കമാൻഡോസിനെ കൊണ്ടുവരും എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ വന്നെങ്കിലും ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാൻ തയാറാണ് എന്ന അന്തിമതീരുമാനത്തിൽ അയ്യങ്കാളിപ്പട കളക്ടറിനെ മോചിപ്പിക്കാൻ തയാറായി. അങ്ങനെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറയെ സാക്ഷിയാക്കി കളക്ടറിനെ മോചിപ്പിച്ചു കൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കല്ലറ ബാബു ഇപ്രകാരം അവർക്ക് പറയാനുണ്ടായിരുന്ന പ്രസ്താവന വായിച്ചു :

”ഞങ്ങളുടെ ആവശ്യങ്ങൾ വളരെ ചെറുതാണ്. നിങ്ങൾ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലർത്തണം. മനുഷ്യാവകാശധാരണകൾക്കെതിരായ ആദിവാസി ഭൂസംരക്ഷണ നിയമഭേദഗതി റദ്ദാക്കണം. മർദിതരുടെ ഐക്യം തകർത്തു നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സർവ്വശക്തിയും ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും.” ശേഷം അവരുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കും ബോംബുകളും ഉയർത്തി കാണിച്ചു കൊണ്ട് കാഞ്ഞങ്ങാട് രമേശൻ നാടകീയമായി തുടർന്നു –

”കേവലം ഒരു നൂലുണ്ട കൊണ്ടും ഈ പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും ഈ ഭരണകൂടത്തെ കഴിഞ്ഞ ആറു മണിക്കൂറുകൾ ഞങ്ങൾ പിടിച്ചു നിർത്തുകയായിരുന്നു. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികൾ ആണെന്നാണ്. മാവോ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. ” ശേഷം കയ്യിലുള്ള കളിത്തോക്ക് കൊണ്ട് വെടി പൊട്ടിച്ചു കാണിച്ചു !

വ്യവസ്ഥ അനുസരിച്ചു അന്ന് നാല് പേരെയും വെറുതെ വിട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്തു. ഇന്നും കേസ് തീർപ്പാകാതെ തുടരുന്നു. അത് പോലെ തന്നെ തീർപ്പാകാതെ തുടരുന്ന ഒന്നാണ് ആദിവാസികളുടെ ഭൂമിപ്രശ്നവും.

ഈ സംഭവം ആണ് I.D എന്ന ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമയുടെ സംവിധായകനായ കമൽ കെ എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന സിനിമയ്‌ക്ക് ആധാരം. തങ്ങളുടെ ഭൂമിപ്രശ്നം പൊതുസമൂഹത്തിൽ എത്തിക്കാനായിരുന്നു അയ്യങ്കാളിപ്പട അന്ന് ആ സമരപരിപാടി ചെയ്തത്. സിനിമ ഇറങ്ങുമ്പോൾ അന്നത്തെ സമരവും അവർ ഉന്നയിച്ച ആവശ്യങ്ങളും കൂടുതൽ മനുഷ്യരിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ആ നാല് സമരനേതാക്കളായി അഭിനയിക്കുന്നവരിലും പ്രതീക്ഷ.

(സജിത്ത് എം എസ്, ഫേസ്ബുക്കിലെ ‘സിനിമ പാരഡിസോ ക്ലബി’ൽ എഴുതിയ ലേഖനം)