ഇന്ത്യൻ ലൗ ജിഹാദും അമേരിക്കൻ വംശീയതയും

മൊഴിമാറ്റം : പ്രകാശ്

ഇന്ത്യയിലെയും യുഎസിലെയും രാഷ്ട്രീയ തർക്കങ്ങളിൽ സമാനതകളും കൗതുകങ്ങളുമുണ്ട്.മാത്രമല്ല, മോദിയുടെയും പഴയ യു എസ് പ്രസിഡന്റ് ട്രംപിന്റെയും ശൈലികൾ കുറെയേറെ ഒന്ന് തന്നെയായിരുന്നു. ഇവർ രണ്ടു പേരും മൈക്ക്, ക്യാമറ, പ്രസംഗ വേദിയിലെ അഭിനയങ്ങൾ എന്നിവയിൽ വളരെയേറെ ആനന്ദം കണ്ടെത്തുന്നതായി പലരും സൂചിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്യതകളെല്ലാം ഒരേകാലത്തല്ല. ഇന്ത്യയുടെ ഇപ്പോഴത്തെ ‘ലൗ ജിഹാദ്’ ആരോപണങ്ങൾക്ക് സമാനമായ പ്രശ്നങ്ങൾ യുഎസ് സാക്ഷ്യം വഹിച്ചത് വളരെക്കാലം മുമ്പാണ്. വിവിധ വംശങ്ങൾതമ്മിലുള്ള വിവാഹത്തിനെതിരായ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു, ചുരുങ്ങിയത് 16 അമേരിക്കൻ സംസ്ഥാനങ്ങളിൽ, വിവിധ വംശങ്ങളിലുള്ളവർക്ക് 1967 വരെ നിയമപരമായി വിവാഹം കഴിക്കാൻ കഴിയുമായിരുന്നില്ല.  ജീനുകളും വംശങ്ങളും കൂടിച്ചേരുന്നത് അപകടസാധ്യതയാണ് എന്ന് ആരോപിച്ചുകൊണ്ടാണ്  ആഭ്യന്തരയുദ്ധകാലത്ത് (1861-65) അടിമത്തം പിന്തുണക്കുന്നവർ വംശങ്ങൾ തമ്മിലുള്ള വിവാഹത്തിനെതിരെ നിലകൊണ്ടത്, അടിമകളെ മോചിപ്പിക്കുന്നത് അന്തർ-വംശീയ വിവാഹങ്ങൾക്ക് കാരണമാകുമെന്ന് അവർ ശാസന നൽകി.  കാലിഫോർണിയ ആ 16 സംസ്ഥാനങ്ങളിൽ ഒന്നായിരുന്നുവെങ്കിൽ, 1958 ൽ 19 വയസുള്ളപ്പോൾ അവിടെ കുടിയേറിയ തമിഴ്‌നാട്ടിലെ ശ്യാമള ഗോപാലന് 1963 ൽ ജമൈക്കയിൽ നിന്ന് കുടിയേറിയ ഡൊണാൾഡ് ഹാരിസിനെ വിവാഹം കഴിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ അങ്ങനെയായിരുന്നില്ല  ശ്യാമളയ്ക്കും ഡൊണാൾഡിനും വിവാഹം കഴിക്കാൻ കഴിഞ്ഞു, 1964 ൽ ദമ്പതികൾക്ക് ജനിച്ച കമല ഹാരിസ് ഇന്ന് അമേരിക്കയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിരിക്കുന്നു.

വെളുത്ത സ്ത്രീകളെ ആഗ്രഹിക്കുന്ന ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാർ എന്ന പ്രചരണം ആദ്യ ദശകങ്ങളിൽ അമേരിക്കയിൽ വ്യാപകമായിരുന്നു. എന്നാൽ ഇത് യഥാർത്ഥ ചരിത്രത്തെ തകിടം മറിച്ചു, അവിടെ അടിമകളുടെ ഉടമസ്ഥന്മാരായ പുരുഷന്മാർ കറുത്ത പെൺ അടിമകളെ ഭോഗിച്ചുണ്ടാക്കിയ മക്കളെ പ്രസവിക്കാൻ നിർബന്ധിതരാക്കി, അതുവഴി അമേരിക്കയുടെ ഇളം നിറത്തിലുള്ള കറുത്തവർഗ്ഗക്കാരെ സൃഷ്ടിച്ചു.  വ്യാപകമായ ‘ലൗ ജിഹാദ്’ ഗൂഡാലോചനയിൽ ഹിന്ദു സ്ത്രീകളെ വശീകരിക്കുന്നതായി പറയപ്പെടുന്ന മുസ്ലീം പുരുഷന്മാരുടെ ഇന്നത്തെ ഇന്ത്യൻ കഥ, 1960 കൾക്ക് മുമ്പ് വൈറ്റ് അമേരിക്ക സ്വീകരിച്ച പ്രചാരണങ്ങളോട് സാമ്യമുണ്ട്.  എന്നിരുന്നാലും, മുസ്ലിം ജനസംഖ്യ വർധിപ്പിക്കുന്നതിന് അല്ലെങ്കിൽ തീവ്രവാദികളെ ജനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് കെണിയിൽ പെടുത്തുന്നത് എന്ന തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തത്തിന് സമാനമായ ഒന്ന് ഞാൻ ഒരിക്കലും അമേരിക്കയിൽ കേട്ടിട്ടില്ല.

കമല ഹാരിസ് മാതാപിതാക്കൾക്കൊപ്പം

മനുഷ്യർ പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, ഒരാളുടെ പരമ്പരാഗത ചുറ്റുപാടുകൾക്ക് പുറത്ത് നിന്നും വിവാഹം കഴിക്കുക എന്നത് എല്ലാവർക്കും മനസ്സിലാകുന്ന ഒന്നാണ്.  ഏതൊരു ചുറ്റുപാടിലും  സ്ത്രീകളെ ലൈംഗികതയ്‌ക്കോ സ്വത്തിനോ പണത്തിനോ വേണ്ടി പുരുഷന്മാർ കബളിപ്പിക്കുന്നത് നിർഭാഗ്യവശാൽ, എല്ലാ കാലത്തും എല്ലാ സമൂഹത്തിനും അറിയാവുന്നതാണ്. എന്നാൽ ജോലി ആവശ്യമുള്ള ഇന്ത്യയിലെ യുവാക്കൾ (മാതാപിതാക്കൾ, കുടുംബത്തിലെ മുതിർന്നവർ,സഹോദരങ്ങൾ, മറ്റ് ബന്ധുക്കൾ ഒരുപക്ഷേ തങ്ങളെത്തന്നെ പോറ്റാൻ)അവരുടെ സമുദായത്തിലെ ജനസംഖ്യ വർധിപ്പിക്കുന്നതിനും വീട്ടിൽ തീവ്രവാദികളെ ക്ഷമയോടെയും ശ്രദ്ധാപൂർവ്വം വളർത്തുന്നതിനും വേണ്ടി ഒരു ‘സമുദായത്തിന് പുറത്തുള്ള’ പെണ്ണിനെ വശീകരിക്കാൻ സമയവും ഊർജ്ജവും ചെലവഴിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? 

ചിലർ അത്തരമൊരു കഥ വിശ്വസിക്കും.  മറ്റൊരു ജാതിയോ സമുദായമോ ഭീഷണിയല്ലാത്തപ്പോൾ തന്നെ അവരെക്കുറിച്ച് അനാവശ്യരായ ആളുകൾ എന്നതരത്തിൽ ചിന്തിക്കാൻ മസ്തിഷ്കപ്രക്ഷാളനം നടത്തിയവർ, അവർ  അപകടകാരികളാണ്

സ്ത്രീകളെ കുടുക്കാൻ ആളുകൾ ഒരു റാക്കറ്റ് സംഘടിപ്പിക്കുക എന്നത് ചിന്തിക്കാവുന്ന വിഷയം തന്നെയാണ്.  എന്നാൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന കുടുംബങ്ങളെയും രാജ്യത്തെ മികവുറ്റ പോലീസ് സംവിധാനത്തെയുള്ളപ്പെടെ കബളിപ്പിച്ചുകൊണ്ട് വർഷങ്ങളായി ഇന്ത്യയിൽ വലിയ അളവിൽ ‘ലൗ ജിഹാദ്’ റാക്കറ്റ് നടക്കുന്നുണ്ടെന്ന് കരുതാനാവില്ല. സെൻസസ് കണക്കുകളിൽ ജനസംഖ്യ കൂട്ടുന്നതിനും തീവ്രവാദികളെ സൃഷ്ടിക്കുന്നതിനും വേണ്ടി ഹിന്ദു സ്ത്രീകളെ പരിവർത്തനം ചെയ്യിക്കുന്നതിന് ഇത്തരം ഒരു റാക്കറ്റ് പാവപ്പെട്ട മുസ്ലീം പുരുഷന്മാരെ പ്രേരിപ്പിച്ചുവെന്നതും അംഗീകരിക്കാൻ പ്രയാസമാണ്.

സ്നേഹം സംഭവിക്കുന്നതാണ്.  ഇതിന് ആസൂത്രണമോ സംഘട്ടനമോ ആവശ്യമില്ല.  എന്നാൽ ഒരു റാക്കറ്റ് ഉണ്ടാക്കുക എന്നത് മോശപ്പെട്ട  ക്രമീകരണമാണ് അത്  വെറുതെ സംഭവിക്കുന്നില്ല. എന്നാൽ  നമ്മുടെ സാധാരണക്കാരായ പൗരന്മാരെ നിരന്തരം ചൂഷണം ചെയ്യുന്ന നിരവധി റാക്കറ്റുകളെ തകർക്കുന്നതിന് പകരം യു.പിയുടെ നേതൃത്വത്തിലുള്ള ചില സംസ്ഥാന സർക്കാരുകൾ, പരസ്പര വിശ്വാസത്തിന്റെ  അടിസ്ഥാനത്തിലുള്ള പ്രണയത്തെയും മിശ്ര വിവാഹത്തെയും തടസ്സപ്പെടുത്തുന്നതിന് ഓർഡിനൻസുകളും നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നിരവധി വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗവർണർ ആനന്ദിബെൻ പട്ടേൽ നവംബർ അവസാനം  ഒപ്പുവച്ച 2020 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസിന്റെ ഭരണഘടന വിരുദ്ധ സ്വഭാവത്തിലേക്കോ അതിന്റെ സംഘർഷങ്ങളിലേക്കോ ഞാൻ കടക്കുന്നില്ല. നിർബന്ധിത മതപരിവർത്തനം, വഞ്ചനാപരമായ വിവാഹങ്ങൾ എന്നിവയെ കൈകാര്യം ചെയ്യും എന്ന് അവകാശപ്പെടുന്ന നിയമം മറ്റൊരു വിധത്തിൽ പറഞ്ഞാൽ ‘ലൗ ജിഹാദ്’ കൈകാര്യം ചെയ്യുന്നു.

അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ഓർഡിനൻസിന്റെ പരിഭ്രമിപ്പിക്കുന്ന രണ്ട് കാര്യങ്ങൾ അടിവരയിട്ടു പറയുന്നു,  ഒന്ന്, “നിയമം അത് ലക്ഷ്യം വയ്ക്കുന്ന ജനങ്ങൾക്ക് വ്യക്തമായ ഒരു സൂചന നൽകുന്നതായി തോന്നുന്നു: മറ്റ് മതങ്ങളിലേക്ക് നിയമവിരുദ്ധമായി പരിവർത്തനം ചെയ്യുന്നത് നിരോധിക്കുക, എന്നാൽ ഒരു മതപരിവർത്തനം വഴി മടങ്ങിവരാൻ സാധ്യതയുണ്ടെങ്കിൽ മറ്റൊരു വഴി നോക്കുക.”  രണ്ട്, “ഓർഡിനൻസിന്റെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ തെളിവുകൾ കൈകാര്യം ചെയ്യുന്ന രീതിയാണ്. സാധാരണഗതിയിൽ, ക്രിമിനൽ കേസുകളിൽ തെളിവുകളുടെ ചുമതല പ്രോസിക്യൂഷനിൽ ഉണ്ട്, ഒരു കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരാൾ കുറ്റം തെളിയിക്കപ്പെടുന്നത് വരെയും നിരപരാധിയാണെന്നതാണ് അനുമാനം. ഉത്തർപ്രദേശ് ഓർഡിനൻസ് ഇതിന് നേരെ വിരുദ്ധമാണ്. അങ്ങനെ എല്ലാ മതപരിവർത്തനവും നിയമവിരുദ്ധമാണെന്ന് കരുതപ്പെടുന്നു. ഇത് നിയമവിരുദ്ധമല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം മതപരിവർത്തനം നടത്തുന്ന വ്യക്തിയുടെ മേൽ ചുമത്തപ്പെടുന്നു.  “ഇതെല്ലാം മനസ്സിന്റെ സ്വാതന്ത്ര്യബോധത്തെ അവിശ്വസനീയമാംവിധം നിരാകരിക്കുന്നുവെന്ന് ചന്ദ്രചൂഡ് പറയുന്നു.

മൂന്നാമതായി, ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങൾ കൊണ്ടുവന്ന ഓർഡിനൻസിൽ, പലതരം വിശ്വാസങ്ങളിൽ ഉള്ളവർ വിവാഹത്തിന് മുമ്പായി അല്ലെങ്കിൽ മതവിശ്വാസത്തിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുന്നതിന് മുമ്പ് ഒരു മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതി ആവശ്യമുള്ളതായി കാണപ്പെടുന്നു.  ഒരാളുടെ വ്യക്തിപരവും ഒരുപക്ഷെ സ്വകാര്യവുമായ വിശ്വാസം, രണ്ട് മുതിർന്നവർ തമ്മിലുള്ള ബന്ധം ഇതിനെല്ലാം ഭരണകൂടത്തിന്റെ മുൻകൂർ അനുമതി നേടേണ്ട ആവശ്യമുണ്ട് എന്നുള്ളത് ഒരു ജനാധിപത്യ രാഷ്ട്രത്തിനെ സംബന്ധിച്ച് അതിന്റെ പൗരന്മാരുടെ മേലുള്ള അങ്ങേയറ്റം കടന്നുകയറ്റമാണ്.

ഇന്ത്യയിൽ നിന്നുള്ള ഹിന്ദു സ്ത്രീയായ ശ്യാമള ഗോപാലൻ 1963 ൽ കാലിഫോർണിയയിൽ ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസിനെ വിവാഹം കഴിച്ചപ്പോൾ (അദ്ദേഹത്തിന്റെ മതത്തെ അദ്ദേഹം എങ്ങനെ വിവരിച്ചുവെന്ന് എനിക്കറിയില്ല), തങ്ങളെ വഞ്ചനയിലൂടെയോ നിർബന്ധപൂർവമോ അവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ല എന്ന് ഇരുകൂട്ടർക്കും ഒരു മജിസ്‌ട്രേറ്റിന് മുന്നിലും  തെളിയിക്കേണ്ട ആവശ്യമുണ്ടായിട്ടില്ലായിരുന്നു.

കമലയുടെ വംശം അമേരിക്കയിലെ അവരുടെ നില നിർണ്ണയിക്കുമെന്ന വാദവും എല്ലാ അമേരിക്കക്കാരും തുല്യരാണ് എന്ന വാദവും തമ്മിലുള്ള സംഘർഷമാണ് നിലവിൽ നടക്കുന്നത്. പകുതി ഇന്ത്യക്കാരിയും പകുതി കറുത്ത നിറക്കാരിയും പൂർണ്ണമായും അമേരിക്കക്കാരിയുമായ അവർക്ക് അത്രത്തോളം പ്രാധാന്യമുണ്ട്.

അവരുടെ അമ്മ ജനിച്ച രാജ്യവും വംശത്തിന് പകരം മതത്തിന്റെ പേരിൽ സമാനമായതും അതുപോലെ നിർണായകവുമായ ഒരു മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു.

ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാലയിലെ അദ്ധ്യാപകനായ രാജ്‌മോഹൻ ഗാന്ധി മൈൻസ്ട്രീം വീക്കിലിയിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.