സച്ചിദാന്ദൻ ഓർമിപ്പിക്കുന്നത്

ശരത്ത് എസ്

സർ, എനിക്ക് നിങ്ങളെ കാണുമ്പോൾ ഒരു പഴയ ഏകാധിപതിയെ ആണ് ഓർമ വരുന്നത്. നീണ്ട വെളുത്ത താടിയില്ലാത്ത, ഉരുണ്ട ശരീരമില്ലാത്ത പൈജാമ ധരിക്കാത്ത ഒരു മെലിഞ്ഞ മുറിമീശ വെച്ചൊരു ഏകാധിപതിയെ. ജർമനിയുടെ അന്തരീക്ഷത്തിൽ എണ്ണമില്ലാത്ത ജൂതന്മാരെയും ജിപ്സികളെയും കൊന്നൊടുക്കിയ ഒരു നേതാവിനെ. ഒടുവിൽ യുദ്ധം നഷ്ടപ്പെട്ട് ലോകത്തിന്റെ സർവം ദൃഷ്ടിയിൽ പരാജിതനായ ഒരു നാസി നേതാവാകാതെ, ബങ്കറിനുള്ളിൽ ജീവൻ കെടുത്തിയ ഒരു നേതാവിനെ.”Against community standards”!ഫേസ്‌ബുക് ബോധിപ്പിച്ച പരാതി കണ്ടപ്പോൾ ഓർമവന്നത് 1933ൽ നാസികളുടെ ജൂത വിരുദ്ധ പ്രവർത്തനത്തിന് ചൂട്ടു തെളിച്ചു കൊടുത്ത ന്യൂയോർക്ക് കമ്പനിയായ ഐബി എം നേയുമാണ്.അവരുടെ എക്‌സ്‌ക്ലൂസീവ് പഞ്ച് കാർഡ് സാങ്കേതികവിദ്യയ്‌യും വിവരസാങ്കേതിക വിദ്യയ്ക്കും പുറമെ പ്രൊഡക്ടുകൾ ആയ പഞ്ച് കാർഡുകൾ, പ്രത്യേക യന്ത്രങ്ങൾ, അനുബന്ധ പരിശീലനങ്ങൾ, സേവനങ്ങൾ, ജൂത ജനസംഖ്യാ സെൻസസ്, ഐഡന്റിഫിക്കേഷൻ എന്നിവ പോലുള്ള പ്രത്യേക പ്രോജക്റ്റ് ജോലികൾ ന്യൂയോർക്കിലെ ഐബി‌എം ആസ്ഥാനം നേരിട്ട് കൈകാര്യം ചെയ്ത് ശവപ്പറമ്പുകൾക് ഓശാന പാടി ജർമനിക്ക് പ്രിയപ്പെട്ട കമ്പനിയായി മാറിയ ഐബിഎം! അതേ ഈ ചരിത്രങ്ങളിൽ നിന്നും നിങ്ങളും പഠിക്കുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ അതിലുമധികം പാഠങ്ങളാണ് ഈ ഭരണകൂടം വരും കാലത്തിലേക് സ്വരൂപിക്കുന്നത്. കുത്തുക മുതലാളിമാർക്ക് വാക്‌സിൻ വരെ മാർക്കറ്റ് ചെയ്തു കൊടുക്കുന്ന, ബിനാമി സർക്കാർ!പൂനെ വാലയ്ക്കും, തങ്ങളുടെ നയങ്ങൾ അംഗീകരിക്കുന്ന ഏത് കോർപ്പറേറ്റ് സത്വത്തിനും തഴച്ചു വളരാൻ ഇടവും, ഓഹരിയും നിർബോധം നൽകുന്ന കുത്തക രാഷ്ട്രം.മറ്റൊന്നിവരെ വ്യത്യസ്തമാക്കുന്നത് ശക്തമായ പൈതൃക ബോധമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ജയ് ശ്രീ റാമും സ്വാമി ശരണവും വിളിച്ചു വാളെടുക്കുന്ന ഹിന്ദുത്വ ഭീകരതയുടെ കറുത്ത മുഖം. ‘സൗത്ത് റിപ്പബ്ലിക്ക്’ ആയ കേരളത്തിലും തമിഴ് നാട്ടിലും എരിഞ്ഞടങ്ങിയെങ്കിലും ഉയർന്നു വരുന്ന വോട്ട് കണക്കുകൾ തീർത്തും ആശങ്കാജനകമാണ്. കോവിഡ് വൈറസും ക്യാപിറ്റലിസം മഹാവ്യാധിയുമാക്കുന്ന ഒരു ഭരണകൂടത്തെ വിമർശനാതീതമാക്കേണ്ടത് ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിന്റെ എന്ത് അജണ്ടയാണ്, ഏത് അജണ്ടയാണ്? ഇവിടെയാണ് നിങ്ങൾ കരുത്തരും ഫാസിസിസ്റ്റുമായ് തീരുന്നത്, കോർപ്പറേറ്റുകൾ സ്വയം നിർമിത ഹോളോകോസ്റ്റും ഗ്യാസ് ചേംബറുമായി തീരുന്നത്. അതേ നിങ്ങൾക്ക്‌ എതിരാണ്:നിങ്ങൾ എല്ലാ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾക്കും എതിരാണ്, സുക്കർ.

<span class="has-inline-color has-vivid-red-color">ശരത്ത് എസ്</span>
ശരത്ത് എസ്

മലയാള സർവകലാശാലയിൽ സാഹിത്യരചനയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.