“ഗവൺമെൻ്റിനു വേണ്ടിയുള്ള പിആർ നിർത്തൂ, കോവിഡിൻ്റെ യഥാർത്ഥ്യം പുറത്തുവിടൂ”ടൈംസ് നൗവിലെ നിരാശരായ ജീവനക്കാരിൽ നിന്നുമൊരു കത്ത്!

മൊഴിമാറ്റം : ആശിഷ്


സ്വീകർത്താവ്,
രാഹുൽ ശിവശങ്കർ, നവിക കുമാർ, പദ്മജ ജോഷി

പ്രേക്ഷിതൻ,
ടൈംസ് നൗവിലെ അസ്വസ്ഥരും നിരാശരുമായ ജീവനക്കാർ

ബഹുമാനപ്പെട്ട സർ / മാഡം,

ടൈംസ് നൗവിൽ മുൻപുണ്ടായിരുന്നതും നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഞങ്ങൾ, പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന നൈതികതയെയും മൂല്യങ്ങളെയും കുറിച്ച് ചാനലിന്റെ എഡിറ്റർമാരെ ഓർമ്മപ്പെടുത്തുന്നതിനായി ഒരു തുറന്ന കത്ത് എഴുതേണ്ട ഒരു സാഹചര്യത്തിലേക്ക് വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. നമുക്ക് ചുറ്റും സംഭവിക്കുന്നത് കണ്ട് ഞങ്ങൾ നിരാശരാണ്, കുപിതരാണ്. ഞങ്ങൾക്ക് ഒരിക്കലും ഇത്രയും നിസ്സഹായത തോന്നിയിട്ടില്ല. പത്രപ്രവർത്തകരെന്ന നിലയിൽ ഞങ്ങളെ ഒരു കാര്യം പഠിപ്പിച്ചിരുന്നു: എപ്പോഴും ജനങ്ങളുടെ പക്ഷത്തായിരിക്കുക, എപ്പോഴും മാനവികതയുടെ പക്ഷത്തായിരിക്കുക എന്ന്. സ്വാധീനമുള്ളവർ ചെയ്യുന്ന പ്രവൃത്തികൾക്ക് എല്ലായ്പ്പോഴും അവരെ ഉത്തരവാദിത്വമുള്ളവരാക്കുക. ‘ജേണലിസത്തിന്റെ’ പേരിൽ ടൈംസ് നൗ ഇപ്പോൾ ചെയ്യുന്നത്, എല്ലാ കാര്യങ്ങളിലും പരാജയപ്പെടുകയും ഈ രാജ്യത്തെ ജനങ്ങളെ കൈവിടുകയും ചെയ്യുന്ന ഒരു സർക്കാരിനു വേണ്ടിയുള്ള നിർലജ്ജമായ പിആർ മാത്രമാണ്.

ഞങ്ങൾ നിങ്ങൾക്ക് ഈ കത്ത് എഴുതുമ്പോഴും, ഞങ്ങളുടെ പല സഹപ്രവർത്തകരും അവരുടെ കുടുംബങ്ങളും കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മ ഒന്നുകൊണ്ട് മാത്രം വലിയ വില നൽകേണ്ടി വരുന്നു.

പത്രപ്രവർത്തകർ എന്ന നിലയിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആശുപത്രിയിൽ കിടക്ക ലഭിക്കാൻ ആളുകൾ ആംബുലൻസുകളിലും തെരുവുകളിലും കാത്തിരിക്കുന്നു. അതിലും മോശമായ കാര്യം, ഗുരുതരമായ രോഗികൾ ഓക്സിജൻ ലഭിക്കുന്നതിന് മുമ്പ് മണിക്കൂറുകളോളം വീർപ്പുമുട്ടുന്നു. അവരിൽ ചിലർ ഓക്സിജന് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ മരിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ലഭ്യമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരോപകാരികൾ ഈ സൗകര്യങ്ങൾ കണ്ടെത്താൻ രോഗികളെ സഹായിക്കുന്നതിൽ സർക്കാരിനേക്കാൾ കൂടുതൽ പ്രവർത്തിക്കുന്നതായി തോന്നുന്നു. ദേശീയ തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിക്ക് രോഗികളെ ജീവനോടെ നിലനിർത്താൻ സർക്കാരിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ആശുപത്രികൾ ഓക്സിജൻ ക്ഷാമം എടുത്തുകാണിക്കാൻ ട്വീറ്റുകളിൽ അധികാരികളെ ടാഗുചെയ്യേണ്ടി വന്നു. ഓക്സിജൻ ‘തങ്ങളുടേതാണെന്ന്’ അവകാശപ്പെട്ട് സംസ്ഥാനങ്ങൾ പരസ്പരം പോരടിക്കുന്നു. ഇതാണ് നാം ഇന്ന് ജീവിക്കുന്ന യാഥാർത്ഥ്യം.

മുഴുവൻ സിസ്റ്റവും തകർന്നു. അതിൽ ഇനി യാതൊരു സംശയവുമില്ല. ഇതൊരു മെഡിക്കൽ എമർജൻസി എന്നതിലുപരിയായി, ഇത് നമ്മുടെ കണ്ണുകൾക്ക് മുന്നിൽ തുറക്കുന്ന ഒരു മാനുഷിക പ്രതിസന്ധിയാണ്. അപ്പോഴും ടൈംസ് നൗ പോലുള്ള ശക്തമായ ബ്രാൻഡിന്റെ പത്രപ്രവർത്തകരായ നമ്മൾ ഈ രാജ്യത്തെ ജനങ്ങൾക്കായി എന്താണ് ചെയ്യുന്നത്?

നമ്മൾ ഇപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നു. നമ്മൾ പരസ്യമായി സാമുദായിക ഹിന്ദു-മുസ്‌ലിം കഥകൾ‌ ചർച്ചചെയ്യുന്നു. സർക്കാരിന് അനുകൂലമല്ലാത്ത എല്ലാ കഥകളും തിരിച്ചു വിടുന്നു. കഴിവില്ലാത്ത കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യേണ്ടിവരുമ്പോൾ ഞങ്ങൾക്ക് തികഞ്ഞ നിശബ്ദത പാലിക്കേണ്ടി വരുന്നു. നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കാനോ നിലവിലെ കുഴപ്പങ്ങളെ വിമർശിക്കാനോ പോലും ഞങ്ങൾക്ക് അനുവാദമില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വലിയ റാലികൾ സംഘടിപ്പിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന മറ്റ് പ്രതിപക്ഷ പാർട്ടികളുടെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ അമിത് ഷായുടെ ചിത്രം കാണിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല. അങ്ങനെയാണ് ഞങ്ങൾ നട്ടെല്ലില്ലാത്തവരായി മാറിയത്.

യുപി‌എ ഭരണകാലത്ത് നിങ്ങൾ എല്ലാവരും ‘ഭരണ സ്‌തംഭനം’ എന്ന് കരഞ്ഞത് എങ്ങനെയെന്ന് ഓർക്കുന്നുണ്ടോ? മുഴുവൻ സിസ്റ്റവും തകർച്ചയിലായപ്പോഴും, ഒരു തവണ എങ്കിലും കേന്ദ്രസർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് നമ്മൾ വിളിച്ചു പറഞ്ഞിട്ടുണ്ടോ?

കോവിഡ് പാൻഡെമിക് ദുരുപയോഗം ചെയ്തതിന് ബിജെപി സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്താൻ ടൈംസ് നൗവിൻ്റെ എഡിറ്റർമാർ തയ്യാറല്ല എന്നത് വളരെ വ്യക്തമാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് ഇന്ത്യക്കാർ മരിക്കുമ്പോൾ, സർക്കാരിനോട് കടുത്ത ചോദ്യങ്ങൾ ചോദിക്കുകയും യാഥാർത്ഥ്യം തുറന്നുകാണിക്കുകയും ചെയ്യുക എന്നതാണ് നമ്മിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പകരം സോഫ്റ്റ് ടാർഗെറ്റുകൾ കണ്ടെത്താനും ബിജെപി ഇതര സർക്കാരുകളെയും നേതാക്കളെയും ടാർഗറ്റ് ചെയ്യാനും ബിജെപി ഐടി സെൽ അജണ്ട നടപ്പാക്കാനും നമ്മൾ തീരുമാനിക്കുന്നു.

ജനങ്ങളുടെ കഷ്ടപ്പാടുകൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുന്ന വിലയേറിയ സമയം ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്നു, ഇത് തീർച്ചയായും ബിജെപി അജണ്ടയ്ക്ക് അനുയോജ്യമാണ്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാധ്യമങ്ങൾ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്.

പ്രധാനമന്ത്രി മോദിയുടെ നിർദ്ദയമായ മനോഭാവത്തെയും ദുർഭരണത്തെയും കുറിച്ച് ചോദ്യം ചോദിക്കുന്നതിനുപകരം, അദ്ദേഹത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനും മോശം പേര് ലഭിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും എഡിറ്റർമാർ നരകിക്കുകയാണ്.

ബിജെപി ഐടി സെല്ലിലെ അംഗങ്ങൾ അയച്ച സന്ദേശങ്ങൾ ചാനൽ എങ്ങനെ പകർത്തുന്നു,അത് എങ്ങനെയാണ് പ്രധാന സമയ സംവാദങ്ങളായി മാറുന്നത്, അതുവഴി രാജ്യത്തിന്റെ വാർത്താ അജണ്ട സജ്ജമാക്കുന്നത്, ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്നത് നിരാശാജനകമാണ്. ഒരു അവസരവാദിയുടെ സന്ദേശം,ഒരു ട്രോൾ, സർക്കാർ ലോബിയിസ്റ്റ് ഷെഹ്‌സാദ് പൂനവാല എന്നിവർ പോസ്റ്റുചെയ്‌ത സന്ദേശങ്ങൾ‌ പ്രധാന വാർത്തയായിത്തീരുന്നു.

എന്തിനാണ് ഞങ്ങൾ സ്വയം ചുരുങ്ങിയത്? ശബ്‌ദമില്ലാത്ത ജനതയ്‌ക്കായി നിരന്തരം സംസാരിച്ച ഒരു ചാനൽ ഇപ്പോൾ സർക്കാരിന്റെ ഒരു മുഴുവൻ പ്രചാരണ യന്ത്രമായി മാറിയിരിക്കുന്നു. രാജ്യത്തിന് ഒന്നാം സ്ഥാനം നൽകുമെന്ന് അവകാശപ്പെടുന്ന ചാനൽ സ്വന്തം പൗരന്മാരുടെ കഷ്ടപ്പാടുകൾ അവഗണിക്കുന്നു.

ഇനി എപ്പോഴാണ് നിങ്ങൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക? നിങ്ങളുടെ മുഴുവൻ എഡിറ്റോറിയൽ ടീമിനെയും ബിജെപിയുടെ അജണ്ടയ്ക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്നത് എപ്പോഴാണ് അവസാനിപ്പിക്കുക? തിരികെ സർക്കാരിനെ ഭരണകാര്യങ്ങളിൽ ഉത്തരവാദിത്തപ്പെടുത്തുന്നതിന് മുമ്പ് ഇനിയും എത്ര മൃതദേഹങ്ങൾ കാണണം? ഭൂമിയിൽ ആളുകൾ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് കാണുന്നതിൽ നിന്ന് നിങ്ങളുടെ പദവി നിങ്ങളെ അന്ധരാക്കുന്നുണ്ടോ? നിങ്ങളുടെ കൈകളിൽ ഇനിയും എത്രത്തോളം രക്തം പുരളണം?

ബഹുമാനപ്പെട്ട എഡിറ്റർമാർ, നിങ്ങളുടെ തിരഞ്ഞെടുപ്പ് ലളിതമാണ്: ഒന്നുകിൽ മാനവികതയുടെ പക്ഷത്താകുക അല്ലെങ്കിൽ ബിജെപിയുടെ പക്ഷത്താകുക. രണ്ടാമത്തേത് നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ ഈ തൊഴിലിനെ മാത്രമല്ല, ഈ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും വഞ്ചിക്കുന്ന തീരുമാനമാകും..

മറ്റ് ദേശീയ ചാനലുകളിലെ സഹപ്രവർത്തകരോട്, ശബ്ദമുയർത്തി പ്രതികരിക്കൂ…. നമ്മൾ ഇപ്പോൾ ഇത് ചെയ്യുന്നില്ലെങ്കിൽ, ചരിത്രം ഒരിക്കലും നമ്മളോട് ക്ഷമിക്കില്ല.

നന്ദിയോടെ,
ടൈംസ് നൗവിലെ മുൻപുണ്ടായിരുന്നവരും, ഇപ്പോൾ നിലവിലുള്ളവരുമായ ജീവനക്കാർ

(മെൻസ്ട്രീം വീക്കിലിയിൽ പ്രസിദ്ധികരിച്ച കത്തിന്റെ സ്വാതന്ത്ര പരിഭാഷ)