താഹയുടെ ജയില്‍ കവിതകള്‍

അവർക്കറിയില്ലല്ലോ…... നാവറുത്തവന്റെ ശബ്ദം…. പുതിയ ലോകമാണെന്ന്….

താഹ ഫസൽ

വൃക്ഷത്തെ ചങ്ങലക്കിടാൻ ഒക്കുമോ?

ചങ്ങലക്കിട്ടാൽ അതിന്റെ വളർച്ച നിൽക്കുമോ?

ഫലത്തിൻ രുചി മാറുമോ?

അതിൻ വിത്തിൻ ഗുണം ഇല്ലാതാകുമോ?

മുളച്ച വിത്തിൻ നിറം മാറുമോ

വളർന്ന് പന്തലിക്കുന്നത് നിൽക്കുമോ?


എന്റെ പേന തല്ലിയൊടിച്ചവർ

ചൂണ്ടു വിരൽ ഛേദിച്ചവർ

നാവറുത്തവർ

അതെ വാനിലേക്കുയർന്ന കൈകളെ

കയ്യാമം വെച്ചവർ

കറുത്ത തടവറയിൽ തള്ളിയവർ

അവർക്കറിയില്ലല്ലോ

നാവറുത്തവന്റെ ശബ്ദം

പുതിയ ലോകമാണെന്ന്.


നിഴലിൽ ചവിട്ടി നിൽക്കുന്നു ഞാൻ

തോക്കുധാരികൾ കാവലിൽ

ഇരുമ്പഴികളിൽ തളച്ചിട്ട നാളുകൾ

ഇരുമ്പഴികൾ തുരുമ്പിക്കുന്നതും കാത്ത്

കോട്ട കോത്തളങ്ങൾ തകരുന്നതും കാത്ത്

മഴയും പ്രളയവും മാറി വസന്തം വരുന്നതും കാത്ത്

തണുത്തുറഞ്ഞ രാത്രിയിലും

ചൂടുള്ള സൂര്യനെ കാത്ത്

കത്തുന്ന വെയിലിൽ തിളങ്ങുന്ന ഗുൽമോഹർ പൂക്കളെയും കാത്ത്.


താഹയുടെ ജയിൽ ജീവിതം ഇന്നലെ 16 മാസം തികഞ്ഞ അവസരത്തിൽ സഹതടവുകാരനായിരുന്ന അലൻ ശുഹൈബ് അയച്ചു തന്നത്.താഹ ഫസൽ ജയിലിൽവെച്ചെഴുതിയ കവിതകളാണ് ഇവ. 16 മാസക്കാലമായി താഹയെ യു എ പി യെ കുറ്റം ചുമത്തി അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്.

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal