എന്തിനാണ് ജിതേന്ദ്ര ഒറാനെ തടവിലിട്ടത് ?

ജാർഘണ്ടിലെ ലത്തേഹാർ ജില്ലയിലെ മുർപ്പ എന്ന ഗ്രാമത്തിൽ ആദിവാസി കൂടിയായ ജിതേന്ദ്ര തന്റെ നാട്ടിൽ ആദിവാസികളുടേയും കർഷകരുടേയും ജീവത്തായ ആവശ്യങ്ങൾക്കായി ജനങ്ങൾക്കൊപ്പം നിലകൊണ്ടിരുന്നു.


കേസിന്റെ വഴികൾ

ജിതേന്ദ്ര ഒറാനെ 09-10-2015 നാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു മാവോയിസ്റ്റ് രഷ്ട്രീയപ്രവർത്തകൻ അങ്കമാലിയിൽ ഒളിവിൽ കഴിയുന്നുണ്ട് എന്ന് അങ്കമാലി പോലീസിന് ഇന്റലിജൻ സിൽ നിന്ന് വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഒറാൻ പണിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നു.ചോദ്യം ചെയ്യുന്ന സമയത്ത് ഒറാൻ ജാർഖണ്ഡിൽ ഒരു കൊലക്കേസ് ഉൾപ്പടെ രണ്ട് കേസിൽ പ്രതിയാണ് എന്നും മാവോയിസ്റ്റ് പ്രവർത്തകനാണെന്നും പോലീസിനോട് പറഞ്ഞെന്നും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുഎപിഎ നിയമപ്രകാരം എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് മൊബൈൽ ഫോണും സിമ്മും പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.

ജിതേന്ദ്ര ഒറാനെ റിമാണ്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപ്പോയപ്പോൾ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് 5 സിംകാർഡുകൾ പോലീസ് കണ്ടെത്തി. മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കാൻ വേണ്ടി വ്യാജ രേഖ മൂലം കൈപ്പറ്റിയ സിംകാർഡുകളാണ് ഇത് എന്ന് പോലീസ് ആരോപിച്ചു.90 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതു കൊണ്ട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പിന്നീട് 2017 ലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

വ്യാജരേഖ ഉപയോഗിച്ച് സിംകാർഡെടുക്കാൻ ജിതേന്ദ്ര ഒറാനെ സഹായിച്ചു എന്ന പേരിൽ മൊബൈൽ റീടൈൽ ഷോപ് ഉടമയെയും പ്രതിയാക്കിയ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിക്കുന്നത്. 2018 ൽ ആണ് കേസ് ഈ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് വരുന്നത്. യൂ എ പി എ നിയമപ്രകാരം ആവശ്യമായ നിയമപ്രകാരമുള്ള മുൻകൂർ വിചാരണാനുമതി ഇല്ലാ എന്നതിനാലും കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ മുഴുവൻ രേഖകളും തെളിവുകളും മുഖവിലക്ക് എടുത്താൽ പോലും ജിതേന്ദ്രനു മേൽ ആരോപിക്കപ്പെട്ട ഒരു കുറ്റവും നിലനിൽക്കില്ലെന്നും കാണിച്ച് ജിതേന്ദ്ര ഒറാൻ വിചാരണകോടതിയിൽ അഡ്വ.തുഷാർ നിർമ്മൽ മുഖാന്തിരം വിടുതൽ ഹർജി സമർപ്പിച്ചു.

യുഎപിഎ നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കിയാലുടൻ കേസിന്റെ രേഖകൾ റെക്കമെന്റിങ് അതോറിറ്റിയ്ക്ക് കൈമാറണം. റെക്കമെന്റിങ് അതോറിറ്റി ഈ രേഖകൾ കിട്ടി ഏഴ് പ്രവർത്തിദിനങ്ങൾക്കകം ഈ കേസ് യൂ എ പി എ നിയമപ്രകാരം വിചാരണ നടത്താൻ കഴിയുമോ ഇല്ലയോ എന്ന് ശുപാർശ ചെയ്യണം. റെക്കമെന്റിങ് അതോറിറ്റി റെക്കമെന്റ് ചെയ്യുന്നത് സാങ്‌ഷെനിങ് അതോറിറ്റിയ്ക്കാണ്. സാങ്‌ഷെനിങ് അതോറിറ്റി അവർക്ക് ലഭിച്ച ശുപാർശ പരിശോധിച്ച് ഏഴ് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യൂ എ പി എ നിയമപ്രകാരം വിചാരണ നടത്തനുള്ള അനുമതി നൽകണം.അങ്ങനെ മൊത്തം 14 ദിവസങ്ങൾക്കുള്ളിലാണ് ഈ അനുമതി നൽക്കേണ്ടത്ത്. പക്ഷെ, ജിതേന്ദ്ര ഒറാന്റെ കേസിൽ 8 മാസത്തിന് ശേഷമാണ് യൂ എ പി എ നിയമപ്രകാരം വിചാരണ നടത്തനുള്ള അനുമതി ലഭിക്കുന്നത്. അതിനാൽ ഈ കേസിൽ യൂ എ പി എ നില നിൽക്കില്ല. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരൻ രൂപേഷിന്റെ കേസിലെ വിധി ഈ കേസിനും ബാധകമാകും എന്നതായിരുന്നു ജിതെന്ദ്ര ഒറാന്റെ പ്രധാന വാദം.

ജിതേന്ദ്ര ഒറാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് എന്ന രീതിയിലാണ്. അതിനു കാരണമായി പറയുന്ന കേസിലെ വാറണ്ടിൽ കാണിച്ച ജിതേന്ദ്രയുടെ അച്ഛന്റെ പേര്, വാസസ്ഥലം,കേരളത്തിന്റെ പുറത്ത് കേസ് നിലവിലുള്ള പോലീസ് സ്റ്റേഷന്റെ പേര്, കേസ് നമ്പർ എല്ലാം അദ്ദേഹത്തിന്റെ യഥാർത്ഥ വിവരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. ഭീകര സംഘടനയിൽ അംഗമാണെന്നു കാണിയ്ക്കുന്നതിന് ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിച്ചില്ല.അതുപോലെ തന്നെ ജിതേന്ദ്ര ഒറാന്റെ ബാഗിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന സിംകാർഡുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിച്ചതിനും തെളുവുകളില്ല എന്നതിനാൽ ഈ കുറ്റകൃത്യങ്ങളും നിലനിൽക്കില്ല എന്നതായിരുന്നു ഒറാന്റെ വാദം.

വിചാരണ കോടതി ജിതേന്ദ്ര ഉന്നയിച്ച വാദങ്ങൾ ശരി വെക്കുകയും ജിതേന്ദ്ര ഒറാനെതിരെ ചുമത്തിയ യൂഎപിഎ കുറ്റങ്ങളും ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കാണുകയും ചെയ്തു. യൂഎപിഎ ചുമത്താനുള്ള അനുമതി ഇല്ല എന്ന ഒറ്റക്കാരണത്താൽ തന്നെ യൂഎപിഎ നിലനിൽക്കില്ല എന്ന് കോടതി കണ്ടത്തി. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള വകുപ്പുകൾ മേൽപറഞ്ഞ തെളിവുകളുടെ അഭാവത്തിലും യാതൊരു തരത്തിലും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തു എന്ന് ഗൗരവതലത്തിൽ സംശയം ഉയർത്താൻ പോലും തെളിവുകൾ ഇല്ല എന്നതിനാലും ഈ കേസിൽ നിന്നും പ്രതിയെ വിടുതൽ ചെയ്തു എറണാകുളം അഡിഷണൽ സെഷൻസ് കോർട്ട് ഉത്തരവിട്ടു.

അജിതൻ

ജിതേന്ദ്ര ഒറാൺ 2015 നവംബർ മാസമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അങ്കമാലിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷത്തോളം വിയ്യൂർ സെൻട്രൽ ജയിലിൽ. 2016 ൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു എന്നതിന്റെ പേരിൽ ഞാനടക്കമുള്ളവർ അറസ്റ്റ് ചെയ്തു ജയിലിൽ ആയപ്പോൾ ഞാനും ജിതേന്ദ്ര ഒറാനും ഒരേ സെല്ലിൽ ആയിരുന്നു. ഞാൻ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനു ശേഷം അഡ്വ. തുഷാറുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര ഒറാനുവേണ്ടി ജാമ്യ അപേക്ഷ നൽകുന്നത്. തുടർന്നാണ് അദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്. പ്രായമായ അച്ഛനും, അമ്മയും ഭാര്യയും, രണ്ടു പിഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പെരുമ്പാവൂരിലെ ഏതോ ഒരു പ്ലൈവുഡ് കമ്പനിയിൽ ആയിരുന്നു തൊഴിലെടുത്തിരുന്നത്.

അഡ്വ. തുഷാർ ദീർഘകാലം നടത്തിയ കോടതി വ്യവഹാരങ്ങളിലൂടെയാണ് കേസ് റദ്ദാക്കി കൊണ്ടുള്ള വിധി നേടിയെടുക്കാൻ കഴിഞ്ഞത്. 2015-2016 കാലയളവിൽ ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും,2016 മുതൽ ശ്രീ. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരും, ചുമത്തിയിട്ടുള്ള പോസ്റ്റർ പതിച്ചതു മുതൽ പുസ്തകം കയ്യിൽ വച്ചതടക്കമുള്ള നാൽപ്പത്തി അഞ്ചോളം UAPA കേസുകൾ റദ്ദുചെയ്യാനുള്ള നടപടി കൈക്കൊള്ളുമെന്ന് ഇടതു പക്ഷ സർക്കാരിന്റെ പ്രഖ്യാപനം അന്തരീക്ഷത്തിൽ മാത്രമായി നിൽക്കുകയാണ്. എന്നാൽ ഇക്കൂട്ടർ നാഴികയ്ക്ക് നാൽപ്പത് വട്ടം ഫാസിസത്തിനെതിരെ ജനങ്ങളെ ഓർമ്മപെടുത്തിക്കൊണ്ടിരിക്കും. രണ്ടുവർഷത്തോളമാണ് ജിതേന്ദ്ര ഒറാൻ ജയിലിൽ കഴിയേണ്ടി വന്നത്. രൂപേഷ് അടക്കം പതിനൊന്നു പേർ വിയ്യൂർ സെൻട്രൽ ജയിലിലും അതിസുരക്ഷാ ജയിലിലുമായി ഇപ്പോഴും തടവിലാണ്. രാഷ്ട്രീയ തടവുകാരായി മറ്റനേകം മുസ്ലിം സഹോദരങ്ങളും UAPA ചുമത്തപ്പെട്ട് വിചാരണ പോലുമില്ലാതെ കേരളത്തിലെ ജയിലുകളിലുണ്ട്. റദ്ദുചെയ്യാൻ സാധ്യതയുള്ള, ഇപ്പോൾ റദ്ദുചെയ്ത കേസിന്റെ പേരിലാണ് ജിതേന്ദ്ര രണ്ടു വർഷത്തോളം ജയിലിൽ കിടന്നത്.

ജാർഘണ്ടിലെ ലത്തേഹാർ ജില്ലയിലെ മുർപ്പ എന്ന ഗ്രാമത്തിൽ ആദിവാസി കൂടിയായ ജിതേന്ദ്ര തന്റെ നാട്ടിൽ ആദിവാസികളുടേയും കർഷകരുടേയും ജീവത്തായ ആവശ്യങ്ങൾക്കായി ജനങ്ങൾക്കൊപ്പം നിലകൊണ്ടിരുന്നു. തടവുകാലത്തെ ആദ്യ ദിവസങ്ങളിൽ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു ഞാൻ.ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ചില്ലറ അയവു വന്നു. അങ്ങനെ രണ്ടു മാസം ഞാനും ജിതേന്ദ്രയും ഒരു സെല്ലിന്റെ ഒൻപത് പത്ത് ചതുരശ്ര അടിയിലൊരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദിയും എന്റെ ‘ബുര’ ഹിന്ദിയും തമ്മിലായിരുന്നു സംവാദം.

ഒരിക്കൽ വർത്തമാനത്തിനിടെ ജിതേന്ദ്ര ഒറാനോടുള്ള ചോദ്യം സാമൂഹ്യ വൈരുദ്ധ്യങ്ങളെകുറിച്ചും ഐക്യമുന്നണിയെകുറിച്ചുമായിരുന്നു. അദ്ദേഹം അതിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞങ്ങളെഴുതുന്ന ഒരു ബോൾപെൻ എടുത്തുയർത്തികൊണ്ട് അതിന്റെ താഴെയുള്ള ഭാഗം ചൂണ്ടിക്കാട്ടി
“ഇത് ആദിവാസികളും ദലിതുകളും തൊട്ടുമുകളിൽ കർഷകരും തൊഴിലാളികളും മറ്റു വിശാലമായ ജനതകളും. മുകളിൽ ഒരു ചെറു ന്യൂനപക്ഷം വരുന്ന മുതലാളി ഉദ്യോഗസ്ഥ ഭരണവർഗ്ഗങ്ങളും. സമ്പത്തും അധികാരവും സൈനീകശേഷിയും അവരുടെ കൈകളിലാണ്. ഈ പേനയുടെ ടോപ്പ് പോലെ അവർ എല്ലാറ്റിനും മുകളിൽ. അതിനെയാണ് നമുക്ക് ഇതു പോലെ(പേനയുടെ ടോപ്പ് തള്ള വിരൽത്തുമ്പുകൊണ്ട് ഏറ്റിതെറിപ്പിച്ചുകൊണ്ട്) തെറിപ്പിച്ചു കളയേണ്ടത്. അതിന് താഴെ തലം മുതൽ നമുക്ക് ഐക്യപ്പെടാൻ കഴിയണം”.ഇതായിരുന്നു ജിതേന്ദ്ര ഒറാന്റെ വിശദീകരണം.

മധ്യവർഗ്ഗവും സാമ്പ്രദായിക വാദികളും പരിഷ്കരണവാദികളും വലിയ വലിയ വർത്തമാനങ്ങളിൽ അഭിരമിക്കും. പരിവർത്തനത്തെകുറിച്ച് അവർ നിശബ്ദത പാലിക്കും. അദ്ദേഹം പറഞ്ഞ മറ്റൊരു കഥയും ഇവിടെ ഓർക്കാവുന്നതാണ്. “ജമീന്ദാരികളുടെ കൃഷിയിടത്തിൽ മാത്രമേ തങ്ങൾക്ക് തൊഴിലെടുക്കാനാകുമായിരുന്നുള്ളു. എന്നാൽ 80കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തോൾ സഞ്ചിയിൽ ഒത്തിരി പുസ്തകങ്ങളുമായി ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയ അപരിചിതരായ മനുഷ്യർ ഞങ്ങളുടെ ഗ്രാമത്തിലെ ഓരോ വീടുകളിലും ഞങ്ങളോടൊപ്പം കഴിയുകയും ‘എന്തുകൊണ്ടാണ് സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്യാതിരിക്കുന്നത്’ എന്ന ചോദ്യം കേട്ട് ഞങ്ങൾ അമ്പരന്നു പോയി. കാരണം ജമീന്ദാരികളുടെ കൃഷിയിടത്തിൽ മാത്രമേ ഞങ്ങൾക്ക് കൃഷി ചെയ്യാൻ സമയം കിട്ടുമായിരുന്നുള്ളു. അഥവാ, സമയം കിട്ടിയാൽ തന്നെ തങ്ങളുടെ കൃഷിയിടത്തിൽ കൃഷിയിറക്കാൻ ഞങ്ങളുടെ കയ്യിൽ അതിനാവശ്യമായ പണവുമില്ല. പതുക്കെ പതുക്കെ നിശബ്ദമായി ആദ്യം ഞങ്ങളുടെ ഗ്രാമത്തിൽ ഗ്രാമീണരെ അണിനിരത്തി കൊണ്ട് യോഗം ചേർന്നു. ആ മീറ്റിംഗ് ആവേശകരമായിരുന്നു. ആ മീറ്റിംഗിൽ ആദ്യത്തെ തീരുമാനം സ്വന്തം കൃഷിയിടത്തിൽ കൃഷി ഇറക്കുന്നതിനുവേണ്ടിയായിരുന്നു. അതുവരെ ജമീന്ദാരികളുടെ മുന്നിൽ തലകുനിച്ചു നിന്നിരുന്ന ഞങ്ങൾ ആദ്യമായി നിവർന്നു നിൽക്കാൻ തുടങ്ങി. ആ വന്നിരുന്ന സഹോദരങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷേ, അവരാണ് ഞങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങളെല്ലാവരും കൂട്ടു സംരംഭത്തിൽ കൃഷിയിറക്കാൻ തുടങ്ങി.”

“അത് ജമീന്ദാർമാരുടെ നേതൃത്വത്തിൽ വലിയ തരത്തിലുള്ള എതിർപ്പിനിടയാക്കി. ഞങ്ങളും പ്രതിരോധിക്കാൻ തയ്യാറായി. ഞങ്ങൾക്ക് എഴുത്തും വായനയും പ്രതിരോധത്തിനുള്ള വിദ്യാഭ്യാസവും അവരാണ് നൽകിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഞങ്ങളുടെ പെണ്ണുങ്ങളും വൃദ്ധ ജനങ്ങളും എന്തിന് ഞങ്ങളുടെ ഗ്രാമം ഒന്നടങ്കം സമരമുഖങ്ങളിൽ അണിനിരന്നു. മാത്രമല്ല പിന്നീട് കൃഷി ഭൂമി ഇല്ലാത്തവർക്കായുള്ള ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളായി ഉയർന്നു വന്നു. ഈ സാഹചര്യങ്ങളിൽ പോലീസിനു പകരം അർദ്ധ സൈനീക സാന്നിദ്ധ്യം ഞങ്ങളുടെ ഗ്രാമത്തിൽ താവളമടിച്ചു. തൊട്ടടുത്ത ഗ്രാമങ്ങളിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിക്കുകയും ഭരണകൂടത്തിന്റേയും ജമീന്ദാരികളുടേയും വളഞ്ഞിട്ടുള്ള ആക്രമണങ്ങളെ ശക്തമായ പ്രതിരോധിക്കാൻ ഞങ്ങളാലാവും വിധം പ്രതിരോധങ്ങൾ പടുത്തുയർത്തി. ഗ്രാമീണർക്കുനേരെ നിരവധിയായ അടിച്ചമർത്തലും കേസുകളും ചുമത്തിയാണ് ഭരണകൂടം നേരിട്ടത്. ഞങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത് മാവോയിസ്റ്റുകളായിരുന്നവത്രേ. അവർക്ക് ഭരണകൂടം നൽകിയ പേര് ഭീകരവാദികളെന്നാണ്. നിരവധിയായ അടിച്ചമർത്തലും കേസുകളും നിത്യ ജീവിതം ദുരിതപൂർണ്ണമായ സാഹചര്യത്തിലാണ് കേരളത്തിലേയ്ക്ക് തൊഴിൽ തേടിയെത്തിയത്. പൊതുവെ ശാന്തമായിരുന്നു കേരളം. എന്നാൽ എല്ലാ സ്വപ്നങ്ങളേയും തകിടം മറിച്ച് 2015 നവംബറിൽ അങ്കമാലിയിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ‘ജാർഘണ്ഡിലെ മാവോയിസ്റ്റ് ഏരിയാ കമാണ്ടർ’ എന്ന ഓമനപ്പേര് നൽകിയാണ് എന്നെ ജയിലിലടച്ചത്.”

വിയ്യൂർ സെൻട്രൽ ജയിലിൽ ഏകദേശം ഒന്നര വർഷത്തോളം അതിൽ ഭൂരിഭാഗവും ഏകാന്ത തടവ്. പത്രവാർത്തകളുടെ വിവരങ്ങൾ വച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ അദ്ദേഹത്തെ ഞാൻ (ലേഖകൻ) കാണുകയുണ്ടായി.അദ്ദേഹത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് ജാമ്യത്തിനുവേണ്ടി അഡ്വ. തുഷാറുമായി സംസാരിച്ചിരുന്നു. ആ കാര്യങ്ങൾ മുന്നോട്ട് പോയ്കൊണ്ടിരുന്ന സമയത്താണ് ഞാനടക്കമുള്ളവർ യൂഎപിഎ പ്രകാരം ജയിലിലാകുന്നത്. ജയിലിൽ ജിതേന്ദ്ര ഒറോനിന്റെ ബ്ലോക്കിൽ ആണ് ഞാനും എത്തി ചേർന്നത്.”വെൽകം കോമ്രേഡ്” എന്ന് പറഞ്ഞു കൊണ്ടാണ് എന്നെ വരവേറ്റത്.

പിന്നീട് ഒരു ബ്ലോക്കിലും, സെല്ലിലുമായി തൊണ്ണൂറ്റി ഒൻപതു ദിവസം ഞങ്ങളൊരുമിച്ച്. ഞങ്ങൾ ജയിലിൽ എത്തുന്നതിനുമുമ്പ് പാനായിക്കുളം കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട് തടവിൽകഴിഞ്ഞിരുന്ന പ്രിയപ്പെട്ട ചങ്ങാതിമാർ റാസിഖ് അടക്കള്ളവർ ജിതേന്ദ്ര ഒറോണിന്റെ ഉറ്റ ദോസ്തുക്കളായി മാറിയിരുന്നു. ജിതേന്ദ്രയ്ക്കുവേണ്ടി വസ്ത്രങ്ങളും കാന്റീൻ സൗകര്യങ്ങളും അവരാണ് നിർവഹിച്ചു പോന്നിരുന്നത്. കാരണം ജിതേന്ദ്രയ്ക്കായി പണമയക്കാനൊ മറ്റു വിശേഷങ്ങൾ അറിയാനൊ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിയുമായിരുന്നില്ല. അത്രമേൽ ദരിദ്രമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ജയിലിൽ എല്ലാവർക്കും പ്രിയപ്പട്ടവനായിരുന്നു ജിതേന്ദ്ര. ഒരു തവണപോലും അദ്ദേഹത്തെ കാണാൻ ആരും എത്തിയിരുന്നില്ല. യൂഎപിഎ കേസിൽ ജാമ്യം ലഭിച്ചു ഞങ്ങൾ പുറത്തിറങ്ങുമ്പോൾ ഞങ്ങൾ അദ്ദേഹത്തിനു വാക്ക് കൊടുത്തിരുന്നു. എന്തു കഷ്ടം സഹിക്കേണ്ടി വന്നാലും അദ്ദേഹത്തിന്റെ ജാമ്യാവശ്യങ്ങൾക്കായി ഇടപെടുമെന്ന്. അത് സാധിച്ചെടുക്കാനും ഇപ്പോൾ ആ കേസ് റദ്ദാക്കി കൊണ്ടുള്ള വിധിനേടിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

എന്തിനാണ് അദ്ദേഹത്തെ തടവിലിട്ടത്. അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ച ദുരിതങ്ങൾക്ക് എന്ത് സമാധാനമാണ് ഭരണകൂടത്തിന് പറയാനുള്ളത്. രണ്ടുവർഷത്തോളം ജയിലിൽ കഴിയുമ്പോഴും ഒരു തവണ പോലും തന്റെ പ്രിയതമനെ കാണാൻ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി കേരളത്തിലെത്താൻ ‘മീനാദേവി’ക്കു കഴിഞ്ഞില്ല.കാരണം ദാരിദ്ര്യം തന്നെയായിരുന്നു.