ഭീമാ കൊറെഗാവ് കേസിൽ ഡൽഹി സർവകലാശാല പ്രൊഫസർ പി കെ വിജയന് എൻഐഎ സമൻസ്.

ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് മലയാളിയും ഡൽഹി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ പ്രേം കുമാർ വിജയന് എൻഐഎ സമൻസ് അയച്ചു. ആഗസ്റ്റ് 14 ന് ഡൽഹിയിലെ എൻഐഎയുടെ ഓഫീസിൽ ഹാജരാകണമെന്നാണ്‌ സമൻസിൽ പറയുന്നത്.

പി കെ വിജയൻ ഡൽഹി സർവകലാശാലയുടെ കീഴിലെ ഹിന്ദു കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അധ്യാപകനും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമാണ്.മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ ആദിവാസികളെ വംശീയ ഉന്മൂലനം നാടത്താനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ഗ്രീൻ ഹണ്ടിനെതിരായും ജാതി വ്യവസ്ഥക്കെതിരായും ക്യാമ്പസിനകത്തും പുറത്തും ശബ്ദമുയർത്തുന്ന വ്യക്തിയാണ് അദ്ദേഹം.ഭീമാ കൊറെഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരം സമൻസുകൾ തുടരെ തുടരെ വരുന്നത് ആക്ടിവിസ്റ്റുകളും അദ്ധ്യാപകരും നേരിടുന്ന ഭരണകൂട അടിച്ചമർത്തലാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഐ എ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബുവിനെ ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സമൻസ് അയച്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. അദ്ദേഹത്തിന്റെ അറസ്റ്റിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക് എതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.