അതുകൊണ്ടുതന്നെയാണ് ഈ മരണവും ത്യാഗവും അത്രമേൽ ഘനപ്പെട്ടതാവുന്നതും…

മൊഴിമാറ്റം : അവന്തി

എവിടെയെല്ലാംസമരമുണ്ടോ
അവിടെയെല്ലാംത്യാഗമുണ്ട്.
മരണമാകട്ടെ ഒരു സാധാരണ
സംഭവം മാത്രം.മരണം അതിന്റെ
പ്രാധാന്യത്തില്‍ വ്യത്യസ്തമാക്കാവുന്നതാണ്. സാമ്രാജ്യത്വത്തിനും ഫാസിസ്റ്റുകള്‍ക്കും
അവരുടെപിണിയാളുകള്‍ക്കും
വേണ്ടിയുള്ളമരണം ഒരു
പക്ഷിത്തൂവലിനെക്കാള്‍
ലാഘവമുള്ളതാണ്.
ജനങ്ങള്‍ക്കു വേണ്ടിയുള്ള
മരണമാകട്ടെ
തായ്പര്‍വ്വതത്തെക്കാള്‍
ഘനമുള്ളതും..

മാവോ സെതൂങ്ങ്

പുലർച്ചെ അഞ്ചരയായിക്കാണും. ഞങ്ങൾ സഖാവ് വേൽമുരുകന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. നൂറുകണക്കിന് വേൽമുരുകന്മാർ  പങ്കെടുക്കേണ്ടിയിരുന്നയിടത്ത്  പരമാവധി ആളുകൾ പങ്കെടുക്കുവാതിരിക്കാനായി തമിഴ്നാട് – കേരള സർക്കാരുകൾ, ചടങ്ങുകൾ അർദ്ധരാത്രിയിലേക്ക്  മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വർഷം സഖാവ് മണിവാസകത്തിന്റെ ചടങ്ങുകളും ഇത്തരത്തിൽ സർക്കാർ വൈകിച്ചിരുന്നു. അന്ന്  ഏകദേശം  രാത്രി പതിനൊന്നേ മുക്കാലോടുകൂടിയാണ് ശവസംസ്കാരത്തിനായി ശരീരം വിട്ടുകിട്ടിയത്. ഇതേ നാടകം തന്നെയാണ് സഖാവ് വേൽമുരുകന്റെ  ശവസംസ്ക്കാര ചടങ്ങുകൾക്കും സംഭവിച്ചത്.

സ്ട്രെക്ച്ചറിൽ സഖാവ് വേൽമുരുകന്റെ ശവശരീരം മണ്ണിൽ വച്ചിരുന്നു.സഖാക്കളുടെ രോഷാകുലമായ മുദ്രവാക്യങ്ങളും ,വേൽമുരുകന്റെ അമ്മയുടെ ഉറക്കെയുള്ള നിലവിളികളും അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരുന്നു.വൃദ്ധയായ അമ്മ തന്റെ മകന്റെ ചേതനയറ്റ ശരീരത്തെ വേദനയോടെ പുണരുമ്പോൾ ‘സഖാവ്’ പിണറായി തൻ്റെ ശീതീകരിച്ച മുറിയിൽ ഉറങ്ങുകയായിരിക്കണം .

സുഹൃത്തുക്കളുടെയും സഖാക്കളുടെയും അഭിപ്രായത്തിൽ സഖാവ് വേൽമുരുകൻ  വളരെ സൗമ്യനും ഒരു പരിധി വരെ ലജ്ജാവഹകനുമായ ഒരാളായിരുന്നു.യാതൊരു സങ്കോചവുമില്ലാതെ എല്ലാവരെയും സഹായിക്കുന്ന ഒരു മനുഷ്യ സ്‌നേഹി! സഖാവിനോടൊപ്പം നിന്നിരുന്ന എല്ലാവരിലും ഞെട്ടലുളവാക്കുന്നതായിരുന്നു ആ വാർത്ത. സഖാവിൻറെ സുഹൃത്തുക്കളിലും കൊരാപുത് ജയിലിൽ വച്ച് കണ്ടുമുട്ടിയ ആദിവാസികളിലും ആ മരണം ദുഖവും ആധിയും നിറച്ചു. എന്നാൽ പിണറായി വിജയനെ സംബന്ധിച്ച് സഖാവ് വേൽമുരുകൻ, കേരളത്തിൻറെ സമാധാനാവസ്ഥ കെടുത്താൻ ശ്രമിച്ച മാവോയിസ്റ്റ് ഭീകരവാദിയാണ് .അതിനാൽ തന്നെ അവൻ കൊല്ലപ്പെടേണ്ടവനുമാണ്.മാവോയിസ്റ്റുകളെ പിടികൂടുക, പീഡിപ്പിക്കുക,പിന്നീട് വെടിയുതിർത്തു കൊലപെടുത്തുക എന്നിങ്ങനെ ‘തനതു’ രീതിയ്ക്കനുസരിച്ച് , തണ്ടർ ബോൾട്ട് പോലീസ് സേന ഒരു മനുഷ്യ ജീവനെ കൂടി കൊലപ്പെടുത്തിയിരിക്കുന്നു. സമൂഹത്തിന്റെ അംഗീകാരം ലഭിക്കുവാനായി എപ്പോഴത്തെയും പോലെ ഒരു ‘ഏറ്റുമുട്ടൽ’ കഥ നെയ്യുന്നു.ഒരു ഒലിവു പച്ച യൂണിഫോമും,തോക്കും അരികിൽ വെച്ചു കൊണ്ട് എല്ലാ കൊലകളെയും ന്യായീകരിക്കുന്നു.

സൗമ്യനും,മിതഭാഷിയുമായ ഈ മുപ്പത്തിമൂന്നുകാരനെ  എന്തുകൊണ്ടാണ് തീവ്രവാദിയെന്ന് മുദ്രകുത്തി കൊലപ്പെടുത്തിയത് ? വരേണ്യവർഗ്ഗത്തിൻ്റെ കണ്ണിൽ തീവ്രവാദിയാകാനുള്ള എല്ലാ യോഗ്യതയും വേൽമുരുകനുണ്ടെന്നത് തന്നെ. കർഷക തൊഴിലാളികളുടെ മകനായിരിക്കുക ,അടിച്ചമർത്തപ്പെട്ട ജാതിയിൽ പെടുക ,കുടുംബത്തിൽ നിന്നും പഠിക്കാൻ പോകുന്ന ആദ്യ തലമുറയിലൊരുവനായിരിക്കുക , ഇതെല്ലാം തന്നെ വരേണ്യ വർഗ്ഗത്തിൻറെ കണ്ണിൽ ഏതൊരുവനെയും നശിപ്പിക്കാൻ പോന്ന കാരണങ്ങൾ തന്നെ. 

നമ്മുടെ സ്വയം പ്രഖ്യാപിത ‘ജനാധിപത്യത്തിൽ’ സാധാരണക്കാരായ  ജനങ്ങൾ വെറും വോട്ടിംഗ് യന്ത്രങ്ങളായും,യാതൊരു പരാതിയുമില്ലാതെ സകല അനീതികളെയും ചൂഷണങ്ങളെയും സഹിച്ച്  ജീവിക്കേണ്ടിയും വരുന്നത് എത്ര ഹിംസാതമകമാണ് ! എന്നാൽ വേൽ മുരുകൻ അത്തരത്തിലുള്ള ഒരു ‘വിശ്വാസിയായ’ പൗരനാകുവാൻ   തയ്യാറായിരുന്നില്ല.നിലനിൽക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുവാനും അവയ്‌ക്കെതിരെ വിപ്ലവം നയിക്കുവാനും മാർക്സിസം – ലെനിനിസം – മാവോയിസത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട്,പൈശാചികമായ ഈ വ്യവസ്ഥയെ തകർത്തെറിയുവാനുള്ള പോരാട്ടത്തിൽ പങ്കുചേരുവാനും,സഖാവ് വേൽമുരുകൻ ധൈര്യവാനായിരുന്നു.തൊഴിലാളികളുടെയും കർഷകരുടെയും അധികാരത്തിനു വേണ്ടി പോരാടിയ ഈ മനുഷ്യനെ വരേണ്യ വർഗ്ഗം വേട്ടയാടാതിരിക്കുന്നതെങ്ങനെ?സ്പാർട്ടക്കസും ചെ ഗുവേരയും ഭഗത് സിംഗും അവരുടെ കാലത്തെ വരേണ്യ വർഗ്ഗത്തിന്റെ തീവ്രവാദികളായപ്പോൾ ,വേൽ മുരുകനെയും അത്തരത്തിൽ ചാപ്പ കുത്താതിരിക്കുന്നതെങ്ങനെ ?

തോക്കേന്തിയതിനാലാണ് തീവ്രവാദിയെന്ന് മുദ്ര കുത്തപ്പെട്ടതെന്ന് സമൂഹം കരുതുന്നുണ്ടെകിൽ അത് വെറും മിഥ്യാധാരണയാണ്.തോക്കുകൾ പ്രദർശിപ്പിക്കയും,ആളുകൾക്ക് നേരെ നിറയൊഴിക്കുകയും ചെയ്യുന്ന സംഘ പരിവാർ ഗുണ്ടകൾ നമ്മുടെ കണ്മുന്നിലാണുള്ളത്.എന്നാൽ ഇന്ത്യൻ വരേണ്യ വർഗത്തിന് അവർ തീവ്രവാദികളല്ല,മറിച്ച് ‘ദേശഭക്തരാണ്’. ഭരണഘടനയെ നിരസിക്കുന്നതിനാലാണ് മാവോയിസ്റ്റുകളെ  തീവ്രവാദികളായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തതെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിൽ, ഭരണഘടനെ അംഗീകരിക്കാത്ത ആർ എസ് എസ് പോലുള്ള സംഘടന ഈ രാജ്യത്ത് നിഴൽ ഭരണം നടത്തുന്നതെങ്ങനെ ?കോർപറേറ്റുകൾ മുതൽ ജന്മിമാർ വരെ,ഉദ്യോഗസ്ഥർ മുതൽ ബൂർഷ്വാ രാഷ്ട്രീയക്കാർ വരെയും നിയമത്തെ ടിഷ്യു പേപ്പറിന് സമമായാണ് കണക്കാക്കുന്നതെന്നു ഇവിടുത്തെ സാധാരണകാർക്കെല്ലാം അറിയാവുന്നതാണ്.അതിനാൽ ഭരണഘടനയുടെയും ഹിംസയുടെയും മറവിലുള്ള ഈ ബഹളങ്ങൾ വെറും മുഖപടം മാത്രം .വേൽമുരുകനും കൂട്ടാളികളും മുരടിച്ച സമൂഹത്തിൻറെ ഉയർച്ചയ്ക്കായും,കർഷകരുടെയും തൊഴിലാളികളുടെയും അധികാരത്തിനായി പ്രയത്‌നിക്കുകയും ചെയ്തു എന്നത് തന്നെയാണ് ഈ പാതകത്തിനു പിന്നിലെ ചോദന.ഇതു തന്നെയാണ് മറച്ചുവയ്ക്കപ്പെട്ട സത്യവും.

വേൽ മുരുകന്മാരുടെ അകാല മരണത്തിനു (കൊലപാതകങ്ങൾക്ക് )പിന്നിൽ ഇതു മാത്രമാണ്  .

തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് സഖാവ് വേൽ മുരുകൻ ജനിച്ചത്.സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിലെ ഒന്നാണ് തേനി ജില്ലയും.പിന്നോക്ക ജാതിയിൽ പെട്ട സഖാവ് വേൽ മുരുകൻ ,കർഷക തൊഴിലാളികളായ തൻറെ മാതാപിതാക്കളുടെ രണ്ടാമത്തെ മകനാണ്.സഖാവിൻറെ ചെറുപ്പ കാലത്തു അച്ഛൻ മുന്തിരി തോട്ടങ്ങളിൽ കാവൽക്കാരനായി ഉപജീവനം നയിക്കുകയായിരിക്കുന്നു .അതിനാൽ തന്നെ വേൽമുരുകനും വയലിൽ തന്നെയാണ് വളർന്നത്. അദേഹത്തിൻ്റെ സഹോദരനായ  മുരുകൻ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമാണ്. മാവോയിസ്റ് തടവുകാർക്ക് വേണ്ടി കേസ് വാദിക്കുന്നതിനാൽ തന്നെ മുരുകനെ ജനവിരുദ്ധ നിയമമായ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ( അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവെൻഷൻ ആക്ട് -UAPA )ചുമത്തി രണ്ടു വർഷം ജയിലിലടച്ചിരുന്നു .

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സഖാവ് വേൽമുരുകൻ ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

വളരെ ചെറുപ്രായത്തിൽ തന്നെ (പതിനാറു വയസിനടുത്ത്) വേൽമുരുകൻ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ഇടതടവില്ലാതെ മരണം വരെയും വിപ്ലവപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.തൻ്റെ മുപ്പത്തിമൂന്നാം വയസ്സിൽ പതിനേഴു വർഷത്തോളം അനുഭവസമ്പത്തുള്ള  മുതിർന്ന  വിപ്ലവകാരിയായി മാറുകയായിരുന്നു വേൽമുരുകൻ .

നിയമ പഠനത്തോടൊപ്പം തന്നെ രഹസ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന വേൽമുരുകന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ രാഷ്ട്രീയ ചായ്‌വുകളെകുറിച്ചോ സുഹൃത്തുക്കൾക്കൊന്നും തന്നെ അറിവില്ലായിരുന്നു.അതിനാൽ തന്നെ മാവോയിസ്റ്റ് ബന്ധമാരോപിച്ചു കൊണ്ട് വേൽമുരുകനെ അറസ്റ്റ് ചെയ്തത് എല്ലാവരിലും ഞെട്ടലുളവാക്കി.സായുധ പരിശീലനം നല്കിയെന്നാരോപിച്ച്,കള്ളക്കേസിൽ വേൽമുരുകനെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കുമ്പോൾ സഖാവിനു വെറും പത്തൊൻപതു വയസ്സ് മാത്രമായിരുന്നു പ്രായം.അത്രെയേറെ മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്കു നടുവിലും തൻറെ സഖാകളെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തുവാൻ വേൽ മുരുകൻ തയ്യാറായില്ല.സൗമ്യനായ സഖാവിൻറെ ഹൃദയവും അത്രയേറെ ഉറപ്പുള്ളതായിരുന്നു .

രക്ത സാക്ഷിയായ സഖാവ് കണ്ണനോടും,യുവാക്കളായ മറ്റു രണ്ടു സഖാക്കളോടുമൊപ്പം ഏകദേശം നാലു കൊല്ലത്തോളം  വേൽമുരുകൻ ജയിലിൽ ചിലവഴിച്ചു.ജയിൽ ജീവനത്തിന്റെ എല്ലാ  ദുരിതങ്ങളേയും, കത്തുന്ന പോരാട്ടവീര്യത്തോടെ നേരിട്ടു.

പിന്നീട് മറ്റൊരു കള്ളക്കേസിൽ കുടുക്കിക്കൊണ്ട് ഒറീസ്സയിലെ കൊരാപുത്  ജയിലിലേക്ക് സഖാവിനെ പറഞ്ഞയക്കുകയും അവിടെ മൂന്ന് വർഷം തടവിൽ ചിലവഴിക്കയും ചെയ്തു. കള്ളക്കേസിൽ കുടുക്കി തടവറയിലാക്കപ്പെട്ട ആദിവാസികളുടെ മനസ്സ് പിടിച്ചടക്കിയ സഖാക്കൾ,അവർക്കു വേണ്ടി തടവറയിലും പോരാട്ടം തുടർന്നു.ഒരു ആദിവാസി നേതാവിന്റെ മരണത്തിൽ കലാശിക്കുവാനിടയുണ്ടയാക്കിയ ജയിൽ അധികാരികളുടെ അവഗണനമനോഭാവത്തെ അവർ ചോദ്യം ചെയ്തു. മൂന്നു വർഷത്തിനിടയിൽ ഏകദേശം അമ്പതു ദിവസം സഖാക്കൾ നിരാഹാര  സമരം നടത്തി.സഖാവ് വേൽമുരുകൻ കൂട്ടത്തിൽ ഇളയവനായിരുന്നു.എന്നിട്ടും ശത്രുവിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം അചഞ്ചലമായിരുന്നു. ജയിലിലെ ആദിവാസി തടവുകാരുടെ സ്നേഹവും ബഹുമാനവും പിടിച്ചുവാങ്ങിയ  വേൽമുരുകൻ ഒറിയ ഭാഷ സ്വായത്തമാക്കുകയും  അവരോടൊപ്പം  ഇടപഴകി,ചുരുങ്ങിയ കാലയളവിൽ അവരളിലൊരാളായി മാറുകയും ചെയ്തു.

ജയിലിൽ നിന്നും തിരികെ വന്ന വേൽ മുരുകൻ  തൻറെ നിയമ പഠനം പുനരാരംഭിക്കയും പിന്നീട്   പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ട്  പൂർണമായും വിപ്ലവപാത സ്വീകരിക്കുകയും ചെയ്തു.രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സഖാവ്, രണ്ടായിരത്തി പതിനഞ്ചിനോടടുത്ത് തമിഴ്നാട്- കേരള-കർണാടക ട്രൈ ജംഗ്ഷനിൽ എത്തി ചേരുകയും,അവിടെയുള്ള മറ്റു സഖാക്കളോടോപ്പം ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തു. രക്തദാഹിയായ പിണറായി വിജയൻറെ സർക്കാർ മാവോയിസ്റ്റുകളെ നിഷ്കരുണം വേട്ടയാടുമ്പോഴും ഉറച്ച മനസ്സോടെ തങ്ങളുടെ പോരാട്ടം തുടരുകയായിരുന്നു വേൽ മുരുകനും മറ്റു സഖാക്കളും.

തൻറെ ഭാവിയും യൗവനവും തന്റേതായ് നേടാമായിരുന്ന മറ്റെല്ലാം, തൊഴിലാളി വർഗ്ഗത്തിന്റെയും മർദ്ദിത ജനതയുടെയും മോചനത്തിനായർപ്പിച്ച് ധീര രക്തസാക്ഷിത്വം കൈവരിച്ചിരിക്കുകയാണ് വേൽമുരുകനും. അതുകൊണ്ടുതന്നെയാണ് ഈ മരണവും ത്യാഗവും അത്രമേൽ ഘനപ്പെട്ടതാവുന്നതും…

Comrade Velmurugan, whom you need to know ! എന്ന തലകെട്ടിൽ നവംബർ 11(2020) ന് ഗണേശൻ അറോറയിൽ എഴുതിയ ഇംഗ്ലീഷ് ലേഖനത്തിൻറെ സ്വതന്ത്ര പരിഭാഷയാണ്.