ഭഗത് സിങ് രക്തസാക്ഷി ദിനം യുവജന ദിനമായി ആഘോഷിക്കുക എന്നത് ഒരു രാഷ്ട്രീയ കടന്നാക്രമണമാണ്

ശ്രീകാന്ത് (പ്രസിഡന്റ്, പുരോഗമന യുവജന പ്രസ്ഥാനം)

ഭഗത് സിംങ്ങിന്റെ വാക്കുകൾ സത്യമായിരിക്കുന്നു . ഇന്ത്യൻ ജനത അവരുടെ രക്തമൂറ്റിക്കുടിക്കുന്ന സാമ്രാജ്യത്വത്തിനും അതിന്റെ കൂട്ടിക്കൊടുപ്പുകാരായ ദല്ലാൾ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റു ഭരണത്തിനും എതിരായ പോരാട്ടം തുടരുക തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സന്ധി ചെയ്തു അധികാരത്തിലെത്തിയ കോൺഗ്രസ്സിലെ ഇന്ന് ഭരണത്തിലിരിക്കുന്ന ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റു ശക്തിയായ ആർഎസ്എസും മറ്റു പാർലമെന്റേറിയൻ കക്ഷികളും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണ വർഗ്ഗം അവരുടെ സാക്ഷാൽ രൂപം – ബ്രാഹ്മണ്യ ഹിന്ദു ഫാസിസം – പച്ചയായി പുറത്തു കാണിച്ചു തുടങ്ങിയിരിക്കുന്നു. എഴുപതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ്സ് കൂട്ടുകക്ഷികളുടെ ഭരണവും അതിന്റെ തുടർച്ചയായ ഹിന്ദു ഫാസിസ്റ്റു ഭരണവും സൃഷ്ടിച്ച ദരിദ്രൻ കൂടുതൽ കൂടുതൽ ദാരിദ്ര്യത്തിലേക്കും സമ്പന്നൻ കൂടുതൽ കൂടുതൽ സമ്പന്നതയിലേക്കും ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇരുപത്തഞ്ചിൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ച് കൊണ്ട് കേന്ദ്രസർക്കാർ ഫാസിസം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതെ ഫാസിസം എന്നാൽ ഹിന്ദു രാഷ്ടമെന്നാൽ ഇന്റർനാഷണൽ നിരീക്ഷിച്ചതുപോലെ കോപ്പറേറ്റു മൂലധനത്തിന്റെ സർവ്വാധിപത്യം തന്നെ . ദേശസ്‌നേഹത്തിന്റെ പേരിൽ ജനങ്ങൾ ആൾക്കൂട്ടക്കൊല ചെയ്യപ്പെടുന്ന , ദേശീയതയെ മതത്തിന്റെ അളവുകോൽവെച്ച് നിർണ്ണയിക്കുകയും പൗരന്മാരെ വേർതിരിക്കുകയും ചെയ്യുന്ന ബ്രാഹ്മണിക്കൽ ഹിന്ദു ഫാസിസത്തിന്റെ കാലഘട്ടത്തിലാണ് സഖാക്കൾ ഭഗത് സിങ്,രാജ് ഗുരു,സുഖ് ദേവ് എന്നിവരുടെ 90 ആം രക്തസാക്ഷിത്വ വാർഷിക ദിനം കടന്നു പോകുന്നത്. ഈ സന്ദർഭത്തിൽ ഒരു ചോദ്യം സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ” നിങ്ങൾ ഭഗത് സിംഗിന്റെ ദേശസ്നേഹത്തിനൊപ്പമാണോ ? അതോ ആർഎസ്എസിന്റെ ദേശസ്നേഹത്തിനൊപ്പമാണോ ? ”

ഗദ്ദർ പാർട്ടിയുടെ പതനം , ജാലിയൻ വാലാബാഗ് കൂട്ടക്കൊല , വിപ്ലവാനന്തര സോവിയറ്റ് റക്ഷ്യ , ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കപട അഹിംസാവാദം , സന്ധി സമരങ്ങൾ , നിസ്സഹകരണ പ്രസ്ഥാനം , സ്വദേശി പ്രസ്ഥാനം , അകാലി പ്രസ്ഥാനം തുടങ്ങിയവയുടെ പിൻവലിക്കലുകളും പതനവും തുടങ്ങിയ ഒട്ടനവധി സംഭവങ്ങൾ ഇന്ത്യൻ ജനതയെ നിരാശയിലാഴ്ത്തിയ ഘട്ടത്തിലാണ് കോളേജ് വിദ്യാർത്ഥികളായിരുന്ന ഭഗത് സിങ്ങിനും കൂട്ടർക്കും ഇന്ത്യയുടെ ശരിയായ വിമോചനത്തിന് ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുന്നത്.

ലാഹോറിൽ കോളേജ് വിദ്യാർത്ഥികളായിരുന്ന ഭഗത് സിങ് , ഭഗവതി ചരൺ , യശ്പാൽ തുടങ്ങിയവർ ചേർന്ന് ” നവ ജവാൻ ഭാരത് സഭ ” രൂപീകരിക്കുകയും ജനങ്ങൾക്കിടയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1924 ഒക്ടോബറിൽ കാൺപൂരിൽ ചില വിപ്ലവകാരികൾ ചേർന്ന് സ്ഥാപിച്ച ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനുമായി ചേർന്നുകൊണ്ട് ഇന്ത്യയെ സായുധ വിപ്ലവത്തിലൂടെ വിമോചിപ്പിച്ചു ഒരു സോഷ്യലിസ്റ്റു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 1928 ൽ ഭഗത് സിങ് , സുഖ്‌ദേവ് , ചന്ദ്രശേഖർ ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘടന ” ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ ( എച്ച് എസ് ആർ ഏ )” എന്ന പേരിൽ പുനഃസംഘടിപ്പിക്കുകയുണ്ടായി.

സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന ലാലാ ലജ്പത് റായെ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് സാന്റേഴ്‌സന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയും അടുത്ത ദിവസം അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. യുവാക്കൾ ഏറ്റെടുത്ത സ്വദേശി പ്രസ്ഥാനത്തിന്റെ നേതാവിന്റെ കൊലപാതകം ഇന്ത്യൻ യുവതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന പ്രവർത്തിയായിരുന്നു. 1928 ഡിസംബർ 17 – 19 രാതികളിലായി ലാഹോറിൽ പല ചുമരുകളിലും ” ലാലാജിയുടെ കൊലപാതകികളോട് പ്രതികാരം ചെയ്തിരിക്കുന്നു ” എന്ന തലവാചകത്തോടെ എച്ച് എസ്സ് ആർ ഏ യുടേതായി വന്ന പോസ്റ്ററുകൾ ഇന്ത്യൻ യുവതയുടെ ഉയിർത്തെഴുന്നേൽപ്പിനെ വിളിച്ചറിയിക്കുന്നതായിരുന്നു. ഭഗത് സിംഗിന്റെ കൈപ്പടയിൽ എഴുതപ്പെട്ട ഒരു നോട്ടീസിൽ ” ഇന്ത്യയ്ക്ക് ജീവനുണ്ടെന്നു ലോകം തിരിച്ചറിയണം. ഇന്ത്യൻ യുവതയുടെ രക്തം തണുത്തുറഞ്ഞതല്ലെന്നും , രാജ്യത്തിന്റെ അഭിമാനം കാത്തുരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ സന്നദ്ധരായ യുവത്വം ഇവിടെയുണ്ടെന്നും മനസ്സിലാക്കണം . അത് ഈ പ്രവർത്തിയിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു. ” എന്നു പറയുന്നു. ‘ ഉദ്ദ്യോഗസ്ഥ വൃന്ദം കരുതിയിരിക്കുക ‘ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോട്ടീസുകൾ പിന്നീട് ലാഹോർ ഗൂഡാലോചന കേസിൽ തെളിവുകളായി ഹാജരാക്കപ്പെട്ടു. രാജ്ഗുരു , ചന്ദ്രശേഖർ ആസാദ്, സുഖ്‌ദേവ്, ഭഗത് സിങ് തുടങ്ങിയവരായിരുന്നു ഇതിനു നേതൃത്വം നൽകിയത്. ഒരു കമ്യുണിസ്റ്റ് പ്രസ്ഥാനം എന്ന നിലയിൽ എച്ച് എസ് ആർ എയെ വളർത്തിക്കൊണ്ടു വരികയും കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കണം എന്ന് തുടങ്ങിയ ലക്ഷ്യങ്ങൾ സംഘടനയ്ക്ക് ഉണ്ടായിരുന്നെങ്കിലും സാന്റേഴ്‌സന്റെ വധത്തെ തുടർന്നുണ്ടായ ഭരണകൂട അടിച്ചമർത്തലിനെ തുടർന്ന് എണ്ണത്തിൽ ചുരുക്കമായിരുന്ന പ്രവർത്തകർക്ക് ഒളിവിൽ കഴിയേണ്ടി വരികയും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. എങ്കിൽ കൂടിയും എച്ച്എസ്ആർഎയുടെ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായ അല സൃഷ്ടിക്കുകയും വിവിധ ഭാഗങ്ങളിൽ ബ്രീട്ടീഷ് ഭരണകൂടത്തിന് സായുധമായ തിരിച്ചടികൾ നേരിടേണ്ടി വരികയും ചെയ്തു. 1930 കളിൽ ചിറ്റഗോങ്ങിൽ സൂര്യസെന്നിന്റെ നേതൃത്വത്തിൽ നടന്ന കലാപങ്ങൾ അടക്കം അതിന്റെ ഭാഗമായിരുന്നു. ശരിയായ ആശയശാസ്ത്ര കാഴ്ച്ചപ്പാട് ഇല്ലാതിരുന്നതും സംഘടനാപരമായ അച്ചടക്കം ഇല്ലാതിരുന്നതും സംഘടനയുടെ പ്രവർത്തനം വിഷമത്തിലാക്കിയിരുന്നതായി എച്ച്എസ്ആർഎയിൽ അംഗമായിരിക്കുകയും പിന്നീട് അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തീരുകയും ചെയ്ത അജയ് ഘോഷ് വിലയിരുത്തുകയുണ്ടായി.

ശരിയായ ആശയ നേതൃത്വം ഇല്ലാത്തതിനൊപ്പം കഠിനമായ പ്രവർത്തികളിൽ താൻ കൂടി പങ്കാളിയായെ തീരു എന്നുള്ള ഭഗത്തിന്റെ കടുംപിടുത്തം കൂട്ടായ പ്രവർത്തനശേഷിയെയും നേതൃത്വത്തെ വളർത്തിക്കൊണ്ടു വരുന്നതിനെയും കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ശക്തമായ സംഘടനയായി വളരുന്നതിൽ ഭരണകൂട അടിച്ചമർത്തലിനൊപ്പം തന്നെ തടസ്സങ്ങളായതായി വേണം വിലയിരുത്താൻ . 1929 ഏപ്രിൽ 8 നു തൊഴിൽ തർക്കബില്ലു പാസ്സാക്കുന്നതിനെതിരെ അസംബ്ലിയിൽ ബോംബെറിഞ്ഞു പ്രതിഷേധിക്കുന്നതിൽ നിന്നും ഭഗത് സിംഗിനെ മാറ്റി നിർത്താൻ മറ്റു സഖാക്കൾ തീരുമാനിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ നിര്ബന്ധവും സ്വാധീനവും കാരണം പിന്നീട് അദ്ദേഹത്തെ ഉൾപ്പെടുത്തുകയാണുണ്ടായത്. ” ഇന്ത്യയുടെ ശബ്ദം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കേൾപ്പിക്കുക, സർക്കാരിന്റെ കണ്ണും കാതും തുറപ്പിക്കുക ,ഇന്ത്യയുടെ ആവശ്യം ഭരണാധികാരികളെ അറീക്കുക തുടങ്ങിയവയായിരുന്നു പ്രതീകാത്മക സമരത്തിലൂടെ വിപ്ലവകാരികൾ ലക്ഷ്യമിട്ടത്. ഒരു മനുഷ്യന് പോലും അപകടമേൽക്കരുതെന്നു കർശനമായ തീരുമാനം അവർ എടുത്തിരുന്നു . ഒപ്പം , രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും വിചാരണയെ രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിക്കണമെന്നും അവർ തീരുമാനിച്ചിരുന്നു. അസംബ്ലിയിൽ കാഴ്ച്ചക്കാരുടെ വേദിയിൽ നിന്നും ബില്ലവതരണം കഴിഞ്ഞയുടൻ ആളൊഴിഞ്ഞ ഇടം നോക്കി കൃത്യത്തിനായി നിയോഗിച്ചിരുന്ന ബി കെ ദത്തും , ഭഗത് സിങ്ങും ബോംബുകൾ എറിഞ്ഞു. ഇൻക്വിലാബ് സിന്ദാബാദ് , സാമ്രാജ്യത്വം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികളോടെ അവിടെ കൂടിയിരുന്നവർക്ക് പിൽക്കാലത്ത് ‘ചുവപ്പൻ ലഘുലേഖ’ എന്നറിയപ്പെട്ട നോട്ടീസുകൾ അവർ വിതരണം ചെയ്തു. തുടർന്ന് സഖാക്കൾ അറസ്റ്റു വരിച്ചു. സംഭവം രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയും സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തേക്ക് ഭഗത് സിങ് വരണമെന്ന ആവശ്യം ശക്തമായി. 1929 ജൂൺ 6 നു വിചാരണ കോടതിയിൽ ഭഗത് സിങ്ങും ബാട്കേശ്വർ ദത്തും കൂടി എഴുതി തയ്യാറാക്കി അവതരിപ്പിച്ച സംയുക്ത പ്രസ്താവനയിൽ അവർ ഇങ്ങനെ പറയുന്നു – ” ചൂഷകരുടെ താവളമായ അസംബ്ലി തകർക്കുക എന്നതിലൂടെ നമ്മൾ ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കുകയും ഒരു താക്കീത് നൽകുകയുമാണ് ചെയ്തത്. സാങ്കൽപ്പിക അഹിംസാവാദ സമരത്തിന്റെ കപടതയ്ക്കു അന്ത്യം കുറിക്കുകയും വരുന്ന തലമുറയ്ക്ക് സംശയത്തിന്റെ നിഴലിൽ പെട്ടുപോകാതെ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കാനുമായാണ് ഞങ്ങൾ ഈ ചരിത്രപരമായ കൃത്യം ചെയ്തിരിക്കുന്നത്. ” ഞങ്ങൾ ആരെയും കൊല്ലണമെന്ന് ആഗ്രഹിച്ചിട്ടില്ല, ഞങ്ങൾ ബോംബെറിഞ്ഞത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയാണ്. ബ്രിട്ടീഷുകാർ നിർബന്ധമായും ഇന്ത്യവിടണം ഇന്ത്യയെ സ്വതന്ത്രമാക്കണം.”

ഗാന്ധിയാണോ ഭഗത് സിംങ്ങാണോ ഇന്ത്യയുടെ നേതൃത്വം എന്ന ചോദ്യം ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് തന്നെ ഉയരുന്ന വിധം സഖാക്കളുടെ മോചനത്തിനായി രാജ്യവ്യാപക പ്രക്ഷോഭം ഉയരുകയുണ്ടായി. അവരെ ഭീകരവാദികളെന്നും അരാജകവാദികളെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം കഠിനമായി ശ്രമിച്ചിരുന്നു. സാന്റേഴ്‌സൺ വധക്കേസിൽ ഭഗത്സിങ് , രാജ്ഗുരു, സുഖ്‌ദേവ് എന്നിവർക്ക് ജൂൺ 12 നു കോടതി വധശിക്ഷ വിധിച്ചു. വിചാരണ കാലത്തുടനീളം സഖാക്കൾ കോടതിയെ വിപ്ലവാശയങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. ജയിലിനകത്തു തങ്ങൾക്കു വധശിക്ഷ ലഭിക്കുമെന്നുറപ്പായിട്ടും തടവുകാരുടെ അവകാശങ്ങൾക്കായി രണ്ടുമാസത്തോളം നിരാഹാര സമരം നടത്തുകയും സമരം വിജയിക്കുകയും ചെയ്തു. സമരത്തിൽ സഹപ്രവർത്തകൻ സഖാവ് ജിതേന്ദ്രനാഥ് രക്തസാക്ഷിത്വം വരിച്ചു. ജയിൽ ജീവിതകാലഘട്ടം കൂടുതൽ ആഴത്തിൽ മാർക്സിസം പഠിക്കുന്നതിനു സഖാക്കൾ ഉപയോഗിച്ചു . കൂടുതൽ ആശയ ദൃഢതയോടും വ്യക്തതയോടും കൂടി 1931 ഫെബ്രവരി 2 നു ‘ ഇന്ത്യയിലെ യുവരാഷ്ട്രീയ പ്രവർത്തകരോട് ‘ എന്ന ലേഖനത്തിൽ വരുന്ന തലമുറകളോട് കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു വിപ്ലവം നടത്തേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഭഗത് സിങ് എഴുതി :” നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം ഏതൊരു സന്ധിയുടെ പേരിലായാലും അവസാനിപ്പിക്കപ്പെടുകയാണെങ്കിൽ അതൊരു പൂർണ്ണ പരാജയമായിരിക്കും. . യഥാർത്ത വിപ്ലവ സൈന്യം നിലനിൽക്കുന്നത് ഗ്രാമങ്ങളിലും ഫാക്ടറികളിലുമാണ്. തൊഴിലാളികളും കര്ഷകരുമാണ് ആ വിപ്ലവ സൈന്യം . പക്ഷെ നമ്മളുടെ ബൂർഷ്വാ നേതാക്കൾ അവരെ സംഘടിപ്പിക്കാൻ ധൈര്യപ്പെടുകയില്ല. ഇപ്പോൾ നടക്കുന്ന സമരം മധ്യവർഗ്ഗ കടയുടമകളെയും മുതലാളിമാരെയും ആശ്രയിച്ചുള്ളതാണ്. ഇവർ ഒന്നും ത്യജിക്കാനോ നശിപ്പിക്കാനോ ഒരിക്കലും തയ്യാറാവുകയില്ല. ഉറങ്ങിക്കിടക്കുന്ന സിംഹം ഒരിക്കൽ ഉണർന്നു കഴിഞ്ഞാൽ നമ്മുടെ നേതാക്കൾ ഇപ്പോൾ ലക്‌ഷ്യം വെക്കുന്നതെന്തോ അതുകൊണ്ടൊന്നും അതിനെ തടഞ്ഞു നിർത്താൻ സാധിക്കുകയില്ല. 1920 ലെ അഹമ്മദാബാദിലെ തൊഴിലാളികളുടെ അനുഭവത്തിനു ശേഷം ഗാന്ധി പ്രഖ്യാപിച്ചു ‘ ഫാക്ടറി തൊഴിലാളികളെ രാഷ്ട്രീയ വൽക്കരിക്കുക എന്നത് തികച്ചും അപകടം പിടിച്ച ഒന്നാണ്. നാം തൊഴിലാളികളെ പ്രകോപിപ്പിക്കരുത്. ‘ ( the times may 1921 ) . അതിനു ശേഷം അവർ അവരെ സമീപിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. കർഷകർ അപ്പോഴും ബാക്കി നിൽക്കുന്നു. വിദേശശക്തികളെ മാത്രമല്ല ഇവിടെയുള്ള ഭൂപ്രഭുക്കളെ തൂത്തെറിയാൻ ശക്തമായ കർഷക ശക്തി ഈ നേതാക്കളിൽ ഉണ്ടാക്കിയ ഭീതിമായ പ്രത്യാഘാതം 1922 ലെ ബാർദോളി റവലൂഷനിൽ പ്രതിഫലിക്കുന്നുണ്ട്. .. ഇതൊക്കെക്കൊണ്ടാണ് നമ്മുടെ നേതാക്കൾ കർഷകർക്കുമുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങുന്നതാണെന്നു തിരഞ്ഞെടുക്കുന്നത്. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കാൻ എന്തുചെയ്യണമെന്ന് പറയാൻ ഗാന്ധിക്കോ നെഹ്രുവിനോ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത് അവർ പൂർണ്ണമായ വിപ്ലവമല്ല അർത്ഥമാക്കുന്നത്. സാമ്പത്തികവും ഭരണപരവുമായ സമ്മർദ്ദങ്ങളിലൂടെ ഇന്ത്യൻ മുതലാളി വർഗ്ഗത്തിന് ചില ഇളവുകൾ പരിഷ്‌ക്കാരങ്ങൾ നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ”

സഖാക്കളുടെ മോചനത്തിനായി രാജ്യം ഒന്നടങ്കം ശബ്ദമുയർത്തി. ഗാന്ധി ഉറ്റ സുഹൃത്തായ ഇർവിൻ പ്രഭുവുമായി നടത്തുന്ന വട്ടമേശ സമ്മേളനത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ . സുഭാഷ് ചന്ദ്ര ബോസിനെ പോലുള്ളവർ ചർച്ചയിൽ മുഖ്യ ഉപാധിയായി സഖാക്കളുടെ മോചനം ആവശ്യപ്പെടണമെന്ന നിലപാട് കൈക്കൊണ്ടു. എന്നാൽ ഗാന്ധി അവരെ വിട്ടയക്കണമെന്നൊരു അഭ്യർത്ഥന മാത്രമാണ് ചർച്ചയിൽ നടത്തിയത്. സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ശേഷം ഗാന്ധി അഭിപ്രായപ്പെട്ടു ” രാജ്ഗുരുവും സുഖ്ദേവും ഭഗത് സിങ്ങും ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ല, അവർ മാപ്പു പറയാൻ തയ്യാറായില്ല. ഒരു അപ്പീൽ പോലും നൽകാൻ അവർ തയ്യാറായില്ല. !!

ഗാന്ധി ഇർവിൻ ഉടമ്പടിയെ കുറിച്ച് ഭഗത് സിങ് ഇങ്ങനെ എഴുതി ” ഭരണത്തിൽ സഹായിക്കാൻ കോൺഗ്രസ്സ് നേതാകകളെ ക്ഷണിച്ചിരുന്നു. അവർ പ്രക്ഷോഭം നിർത്താനാണ് സാധ്യത. അവർ എന്തും തീരുമാനിച്ചോട്ടെ , ഞങ്ങൾക്കതു പ്രശ്നമല്ല. സന്ധി രാഷ്ട്രീയ സമരത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ശക്തി സന്ധികളെ ചവുട്ടി തെറിപ്പിച്ചു സമരത്തെ വിജയിപ്പിക്കുക തന്നെ ചെയ്യും , യുദ്ധം തുടരുക തന്നെ ചെയ്യും. ” ജയിലിൽ ഭഗത് സിംഗിനെ കാണാൻ ചെന്ന സ്വാതന്ത്ര്യ സമരസേനാനി രൺധീർ സിങ് അവസാന നാളുകളിലെങ്കിലും ദൈവത്തോട് പ്രാർത്ഥിക്കണമെന്നു ഉപദേശിക്കുകയുണ്ടായി . വൈകിപ്പോയ ഉപദേശമെന്നു ഭഗത് അതിനെ കളിയാക്കി. രൺധീർ സിംങ് കോപത്തോടെ ഭഗത്തിനെ പൊങ്ങച്ചക്കാരൻ എന്നാക്ഷേപിച്ചു . തികഞ്ഞ ഭൗതികവാദിയായിരുന്ന ഭഗത്സിങ് അതിനു മറുപടിയായി എഴുതിയതാണ് ” ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി ” എന്ന പുസ്തകം .

1931 മാർച്ച് 24 നു സഖാക്കളുടെ വധശിക്ഷ നടപ്പാക്കുമെന്ന് അറീപ്പുണ്ടായി . രാജ്യമാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. അഹമ്മദാബാദിൽ തൊഴിലാളികൾ ഗാന്ധിയുടെ കോലം കത്തിച്ചു . ജയിലിൽ നിന്നും ഒരു സായുധ വിപ്ലവകാരിയായ ഒരു കമ്യുണിസ്റ്റ്കാരനെ മോചിപ്പിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ട് വരിക എന്നുള്ളത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോ അതിലുപരി അതിന്റെ ഇന്ത്യൻ ദല്ലാൾമാരായ ഗാന്ധിക്കോ കോൺഗ്രസ്സിനോ മറ്റു കമ്യുണിസ്റ്റ് പാർട്ടികൾക്കോ ആലോചിക്കാൻ പോലും സാധിക്കുന്ന കാര്യമായിരുന്നില്ല. തൂക്കുശിക്ഷ നടപ്പാക്കിയതായി പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ജനരോക്ഷം ഭയന്ന സർക്കാർ 23 നു വൈകീട്ട് 7 മണിക്ക് വധശിക്ഷ നടപ്പാക്കി. മൃതശരീരം കഷ്ണങ്ങളാക്കി രവി നദീ തീരത്ത് കൊണ്ടുപോയി കത്തിച്ച് . ചാരം നദിയിൽ ഒഴുക്കി.

ഭഗത് സിങ്ങും വിവേകാനന്ദനും

അധികാരം കൈമാറിക്കിട്ടിയ ദല്ലാൾ ഭരണ വർഗ്ഗം വിവേകാനന്ദനെ യുവജനങ്ങളുടെ പ്രതിനിധിയായി അവരോധിച്ചതിനും അദ്ദേഹത്തിന്റെ ജന്മദിനം യുവജന ദിനമായി ആഘോഷിക്കുന്നതിനും കൃത്യമായ രാഷ്ട്രീയമുണ്ട്. സ്വാമി വിവേകാനന്ദൻ ഒരു തികഞ്ഞ ബ്രാഹ്മണ മതവാദിയായിരുന്നു എന്നുള്ളതാണ്. മതജാതി വിരുദ്ധതയുടെ മേമ്പൊടിയിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്നതും ഭരണകൂട കുതന്ത്രമാണ്. ഇന്ത്യയിലെ ബ്രാഹ്മണ്യ മതത്തിന്റെ സർവ്വതിനേയും സാംശീകരിക്കാനുള്ള ശക്തിയെയാണ് ചിക്കാഗോ പ്രസംഗത്തിൽ യാഥാർത്‌ഥത്തിൽ വിവേകാനന്ദൻ മഹത്വരമായി അവതരിപ്പിച്ചത്. വിവേകാനന്ദൻ കടുത്ത ജാതിവാദിയും സ്ത്രീ വിരുദ്ധനും കൂടിയായിരുന്നു.

ജാതിയെ കുറിച്ച് വിവേകാനന്ദൻ എഴുതി ” ഞാൻ എല്ലാ രാജ്യങ്ങളിലും ജാതിയെ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഉള്ളതുപോലെ മഹത്വരമായ പദ്ധതിയും ഉദ്ദേശവും മറ്റെവിടെയും അതിനു കാണാൻ സാധിച്ചിട്ടില്ല. ജാതി ഒഴിവാക്കുക പറ്റാത്തതാണ് എങ്കിൽ എനിക്കുള്ളത് പണത്തിന്റെ ജാതിയല്ല. ശുദ്ധിയുടെയും സംസ്കാരത്തിന്റെയും ആത്മത്യാഗത്തിന്റെയും ജാതിയാണ്. ” ” ജാതി നല്ലതാണ് കാരണം ജീവിതം പരിഹരിക്കുന്നതിനുള്ള പ്രകൃത്യായുള്ള വഴിയാണ് ജാതി. ” സംസ്കാരവും ശുദ്ധിയും ബ്രാഹ്മണർക്കും ത്യാഗം താഴ്ന്ന ജാതികൾക്കുമാണെന്നുള്ള സത്യം വിവേകാനന്ദൻ കാണാതിരിക്കുകയും ജാതിയെ മഹത്വവൽക്കരിക്കുകയുമാണ് ചെയ്യുന്നത്. ജാതി അടിമത്വത്തെ പ്രകൃത്യായുള്ള പോംവഴിയായും അദ്ദേഹം കാണുന്നു.

ജാതിയിൽ നിന്നുള്ള മോചനത്തിനായി വിവേകാനന്ദൻ മറ്റുള്ള താഴ്ന്ന ജാതികളെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് ” ബ്രാഹ്മണരല്ലാത്തവരോട് എന്റെ ഉപദേശം ഇതാണ് – അക്ഷമരാകരുത് കാത്തിരിക്കുക . എല്ലാ സമയവും ബ്രാഹ്മണരെ ആക്രമിക്കാൻ തുനിയരുത്. . സംസ്‌കൃതം പഠിക്കുന്നതിൽ നിന്നും സംസ്കാരം ആർജിക്കുന്നതിൽ നിന്നും നിങ്ങളെ ആരെങ്കിലും തടഞ്ഞോ ? ” !!!

ബുദ്ധമതം ഹിന്ദു മതത്തിന്റെ ഭാഗമാണെന്നു സ്ഥാപിക്കാനും ചിക്കാഗോ പ്രസംഗത്തിൽ വിവേകാനന്ദൻ ശ്രമിക്കുന്നുണ്ട്. വേദമാണ് ബുദ്ധമതമടക്കമുള്ള മതങ്ങളുടെ അടിസ്ഥാനമെന്നും ഹിന്ദുയിസത്തിന്റെ വകഭേദം മാത്രമാണ് ബുദ്ധമതമെന്നും സഹിഷ്ണതയുടെ വക്താവായ വിവേകാനന്ദൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

സ്ത്രീകളെ കുറിച്ച് തീർത്തും പിന്തിരിപ്പനായ ബ്രാഹ്മണ്യ വീക്ഷണമാണ് വിവേകാനന്ദൻ വെച്ച് പുലർത്തിയിരുന്നത്. സ്ത്രീ അമ്മയായിരിക്കുന്നതാണ് ഏറ്റവും ശരിയായ പ്രവർത്തിയെന്നും മനു മഹാനായ നിയമ നിർമ്മാതാവാണെന്നും മറ്റൊരു പ്രസംഗത്തിൽ വിവേകാനന്ദൻ പ്രകീർത്തിക്കുന്നു. ഇത്തരത്തിൽ ബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങളെ കുറച്ചുകൂടി ശക്തമാക്കി പരിഷ്‌ക്കരിക്കുകയാണ് വിവേകാനന്ദൻ ചെയ്തത്. ” A Restatement of Religion: Swami Vivekananda and the Making of Hindu Nationalism (2013).” എന്ന ജ്യോതിർമയ ശർമ്മയുടെ പുസ്തകം വിവേകാനന്ദനെ ഈ അർത്ഥത്തിൽ തുറന്നു കാട്ടുന്നതാണ്. ഈ വിവേകാനന്ദനെ യുവാക്കളുടെ ബിബമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ ബ്രാഹ്മണ്യ ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാണ്. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ഭഗത് സിങ് അതെ ഭരണകൂടത്തിന്‌ ഭീകരവാദിയായും മാറുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ ഭഗത് സിംങ് രക്തസാക്ഷി ദിനം യുവജന ദിനമായി ആചരിക്കുക എന്നാൽ ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടം കൂടിയാണ് അത്.

തികഞ്ഞ ഭൗതികവാദിയായ ഭഗത്സിങ് എല്ലാ മതങ്ങൾക്കും ഉപരിയായി മനുഷ്യൻ എന്ന മതത്തെയാണ് ഉയർത്തിപ്പിടിച്ചത്. ഇന്ത്യയിലെ ജാതിയെ കുറിച്ചും സ്ത്രീകളെ കുറിച്ചും അദ്ദേഹം ജയിൽ വാസത്തിനിടയിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അത്തരത്തിൽ ആ കാലത്ത് ജാതിയെ കുറിച്ച് ഗൗരവത്തിൽ പഠിച്ച വിമർശിച്ച ഒരാളാണ് ഭഗത് സിങ് .(http://www.shahidbhagatsingh.org)

ഗാന്ധി വിപ്ലവകാരികളെ ഹിംസാവാദികളെന്നും ” ഭീകരർ” എന്നും മറ്റും ആക്ഷേപിച്ചതിനു മറുപടിയായി ‘ ബോംബിന്റെ തത്വശാസ്ത്രം ‘ എന്ന ലേഖനത്തിൽ ഭഗത് സിങ് ഇങ്ങനെ പ്രതികരിക്കുന്നു : ” ഞങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങളെ മറ്റെന്തുപേര് പറഞ്ഞു വിളിച്ചാലും കുഴപ്പമില്ല , ” ഹിംസ ” എന്ന് മാത്രം ദയവു ചെയ്തു വിളിക്കരുത്. അന്യായമായി നടത്തുന്ന ബലപ്രയോഗം എന്നാണു ഹിംസ എന്ന വാക്കിനർത്ഥം. മറ്റു രാജ്യങ്ങളിൽ നടന്നതുപോലെ ഇന്ത്യയിലും ഒടുവിൽ ബലപ്രയോഗം വിപ്ലവത്തിന്റെ രൂപം പ്രാപിക്കും . ഒടുവിൽ വിപ്ലവത്തിലൂടെ മാത്രം ജനതയ്ക്കു രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടാൻ സാധിക്കുകയും ചെയ്യും. കേവലം ബോംബുകൾ കൊണ്ട് മാത്രം ഒന്നും നേടാൻ ആവുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. എച്ച്എസ്ആർഎയുടെ ചരിത്രം ഈ സത്യം ബോധ്യപ്പെടുത്തുന്നു. ചില സവിശേഷ സാഹചര്യങ്ങളിൽ അത് അത്യാവശ്യമായി വരാം . തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ നമ്മൾ ഊന്നൽ നൽകണം. ഇർവിൻ പ്രഭു മാറി പകരം തേജ് ബഹദൂറോ പുരുഷോത്തമ ദാസ് താണ്ധണോ അധികാരത്തിൽ വരുന്നതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ” അമ്മയ്ക്ക് എഴുതിയ മറ്റൊരു കത്തിൽ ഭഗത് ഇങ്ങനെ പറയുന്നു ” അമ്മെ , എന്റെ രാജ്യം ഒരു ദിവസം സ്വതന്ത്രയാകും എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ വെള്ള യജമാനന്മാർ ഒഴിവാക്കുന്ന കസേരയിൽ ‘ കറുത്ത യജമാനന്മാർ ‘ കയറിയിരിക്കാൻ പോവുകയാണെന്ന് ഞാൻ ഭയപ്പെടുന്നു… സാമ്പത്തിക സ്വാതന്ത്ര്യം കൂടാതെയുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ വല്ല അർത്ഥവുമുണ്ടോ ? ”

അതെ സാമ്പത്തിക സ്വാതന്ത്ര്യം കൂടാതെ ഉള്ള രാഷ്ട്രീയ സ്വാതന്ത്ര്യം കാപട്യം ആണെന്നും , ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട ഒരു ജനതയായി നമ്മൾ മാറിയതായും നാൾക്കുനാൾ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഫാസിസ്റ്റു കാലത്ത് ഭഗത് സിങ്ങിനെയും സഖാക്കളുടെയും വിപ്ലവ വീര്യം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഒരു പുതിയ ഇന്ത്യയെ നിർമ്മിക്കാൻ സാധിക്കുകയുള്ളു. ആദിവാസികൾ , ദളിതർ , വിവിധ ദേശീയതകൾ മത ന്യുനപക്ഷങ്ങൾ , തൊഴിലാളികൾ , വിദ്യാർത്ഥികൾ , സ്ത്രീകൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളെയും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ മേഖലകളിലും സാമ്രാജ്യത്വവും ബ്രാഹ്മണിക്കൽ ഹിന്ദു ഫാസിസവും ചേർന്ന് കൊത്തി വലിക്കുകയാണ്. മദ്ധ്യേന്ത്യയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മോചനത്തിനായി പോരാടുന്ന ദേശാഭിമാനികളോട് പുത്തൻ ജനാധിപത്യ വിപ്ലവ ശക്തികളോട് ഐക്യപ്പെടുക എന്നതാണ് ശരിയായ വിമോചന പാത . ഭഗത് സിംങ് രക്തസാക്ഷി ദിനം യുവജന ദിനമായി ആഘോഷിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രയോഗമാണ്. ബ്രാഹ്മണ്യവാദിയായ വിവേകാനന്ദനല്ല , ധീര രക്തസാക്ഷി ഭഗത്‌സിംഗാണ്‌ ഇന്ത്യൻ യുവതയുടെ ഉശിരൻ പ്രതീകം.