എൽഡിഎഫും ക്ഷേമവും മാർക്സിസവും

വിഷ്ണു പോളി(ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് അസോസിയേഷൻ)

മാനവികതയുടെ ഏറ്റവും ഉയർന്ന പ്രത്യയശാസ്ത്ര രൂപം തന്നെയാണ് മാർക്സിസം. ഒരു സംശയവുമില്ല. എന്നാൽ അത് പട്ടിണിയോടും ദാരിദ്ര്യത്തോടും മാനവസമൂഹം അനുഭവിക്കുന്ന മറ്റു ദുരിതങ്ങളോടുമുള്ള കേവലമായ വികാരവായ്പ്പോടുകൂടിയ ഔദാര്യ പ്രകടനം മാത്രമല്ല. തീർച്ചയായും മാർക്സിസത്തിൽ വൈകാരികതയും സഹജീവിസ്നേഹവും ഉണ്ട് തന്നെ. മാർക്സിനു മുൻപും ശേഷവും ഇത്തരത്തിൽ സഹജീവി സ്നേഹം കാണിച്ച് ഒരുപാട് സോഷ്യലിസ്റ്റ് ആശയക്കാർ ഭൂമുഖത്ത് ഉണ്ടായിരുന്നു… ഉട്ടോപ്യൻ സോഷ്യലിസം മുതൽ പലതരം സോഷ്യലിസങ്ങളും, മാനവസമൂഹം അന്നേവരെ അനുഭവിച്ചുകൊണ്ടിരുന്ന സകലമാന ദുരിതങ്ങൾക്കും ഒറ്റമൂലി പ്രതിവിധി സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇവയിൽനിന്നെല്ലാം മാർക്സിസത്തെ വ്യത്യസ്തമാക്കിയത് വർഗ്ഗ സമരം എന്ന ചരിത്രത്തിൻ്റെ ചാലക നിയമത്തെ കണ്ടെത്തിയതും, തൊഴിലാളിവർഗ്ഗത്തിൻ്റെ നേതൃത്വത്തിൽ മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകൂ എന്ന കണ്ടെത്തൽ നടത്തിയതുമാണ്.

ലോകത്ത് സോഷ്യലിസ്റ്റ് രാജ്യങ്ങളും, ആശയങ്ങളും, നയങ്ങളും ചെലുത്തിയ സ്വാധീനം ചെറുതല്ല.മുതലാളിത്ത രാജ്യങ്ങൾക്ക് പോലും സോഷ്യലിസ്റ്റ് ആശയങ്ങളെ പൂർണമായും തള്ളിക്കളയാൻ പറ്റാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇരുപതാം നൂറ്റാണ്ടിൽ ലോകത്ത് നിലനിന്നിരുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അപ്പോസ്തലൻമാരായ അമേരിക്കൻ ഐക്യനാടുകൾക്ക് പോലും തങ്ങളുടെ നാട്ടിൽ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കേണ്ടി വന്നത് സോഷ്യലിസ്റ്റ് ചേരിയുടെ സ്വാധീന ഫലമായി അമേരിക്കയിൽ ജനങ്ങളുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ജനകീയപോരാട്ടങ്ങളുടെ സമ്മർദ്ദ ഫലമായാണ്.

ലോകത്ത് പല രാജ്യങ്ങളും ക്ഷേമരാഷ്ട്രം എന്ന ഒരു രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥ തങ്ങളുടെ നയമായി സ്വീകരിച്ചത് അടിസ്ഥാനപരമായും അവരുടെ രാജ്യത്ത് നിലനിൽക്കുന്ന മുതലാളിത്തത്തിന് പോറലൊന്നുമേൽക്കാതെയും , അതേസമയം മുതലാളിത്ത വ്യവസ്ഥിതി സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾക്ക് സോഷ്യലിസത്തിൻ്റേതായ ചില ആശയങ്ങളെ കടമെടുത്ത് ; ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷ്യസുരക്ഷ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഭരണകൂടത്തിൻ്റെ മുൻകൈയിൽ ഇടപെടലുകൾ നടത്തുക എന്നതിൻ്റെ ഭാഗമായാണ്. ചുരുക്കിപ്പറഞ്ഞാൽ മുതലാളിത്ത രാഷ്ട്രീയ സമ്പദ് വ്യവസ്ഥക്ക് സോഷ്യലിസ്റ്റ് ആശയങ്ങളെ കടം കൊള്ളാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ക്ഷേമ രാഷ്ട്രം എന്നത് പൂർണമായും ഒരു സോഷ്യലിസ്റ്റ് മാതൃകയോ കമ്മ്യൂണിസ്റ്റ് മാതൃകയോ അല്ല. സോഷ്യലിസ്റ്റ് ആശയങ്ങളാൽ പൊതിയപ്പെട്ട, പരിഷ്കരിക്കപ്പെട്ട മുതലാളിത്ത രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയാണ് ക്ഷേമരാഷ്ട്രം. മാർക്സിസ്റ്റ് ഭാഷയിൽ പറയുകയാണെങ്കിൽ സോഷ്യലിസ്റ്റ് മുഖംമൂടിയണിഞ്ഞ മുതലാളിത്തം.

ലോകത്ത് സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടുകൂടി മുതലാളിത്ത ചേരിയും സാമ്രാജ്യത്വവും വീണ്ടും ശക്തിപ്പെടുകയും, സാമ്രാജ്യത്വ ശക്തികൾ മുതലാളിത്ത ചൂഷണം എന്ന പഴയ ഭൂതത്തെ നിയോലിബറലിസം എന്ന പുതിയ കുപ്പിയിലാക്കി ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ നടപ്പിലാക്കി കൊണ്ടിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും സാമ്രാജ്യത്വത്തിൻ്റെ സമ്മർദ്ദത്തിനു കീഴിൽ നിയോലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. മുതലാളിത്തം അതിൻറെ എല്ലാ മുഖംമൂടികളും മാറ്റിവെച്ച് ചൂഷണത്തിൻ്റെ സർവ്വ സംഹാരതാണ്ഡവം പുറത്തെടുത്തു.ഒരു വശത്ത് രാഷ്ട്രീയ-സമ്പദ് മേഖലയിൽ ഘടനാപരമായ അഴിച്ചുപണികൾ നടന്നപ്പോൾ, അതായത് ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും നടപ്പിലാക്കിയപ്പോൾ മറുവശത്ത് ഭരണകൂടത്തിൻ്റെ കടമ ക്ഷേമം നടത്തിപ്പ് എന്നതിൽനിന്ന് സുരക്ഷാ ഭരണകൂടം എന്നതിലേക്ക് മാറി. കുത്തകകൾക്ക് അവരുടെ കൊള്ള നിർബാധം തുടരുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുക എന്നതാണ് നിയോലിബറൽ കാഴ്ചപ്പാടിൽ ഒരു ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം. സുശക്തമായ പോലീസ് സംവിധാനവും നിരീക്ഷണ സംവിധാനവും ജനവിരുദ്ധ നിയമങ്ങളുമുള്ള അടിമുടി സൈനികവൽക്കരിക്കപ്പെട്ട ഒരു അടിച്ചമർത്തൽ ഭരണകൂടം ആണത്. യുഎപിഎ, എൻഐഎ പോലുള്ള നിയമങ്ങൾ ഇതിന് ഉദാഹരണമാണ്.

മറ്റൊന്ന് ഭരണകൂടത്തിന് ഉൽപ്പാദന പ്രക്രിയയിലോ ഉൽപാദന ഉപാധികളിൻമേലോ യാതൊരുവിധ നിയന്ത്രണവും അധികാരവും ഉണ്ടായിരിക്കുകയില്ല; ഉണ്ടെങ്കിൽ തന്നെ അത് ഏറ്റവും മിനിമം അവസ്ഥയിലായിരിക്കും എന്നതാണ്. അതേസമയം തന്നെ രാജ്യത്തെ വിഭവങ്ങളെ കുത്തകകൾക്ക് കൊള്ളയടിക്കാവുന്ന തരത്തിലുള്ള പുതിയ പരിഷ്കാരങ്ങളും നിയമങ്ങളും രൂപപ്പെടുത്തിയെടുക്കാൻ ഭരണകൂടം മുൻകൈ എടുക്കുന്നു. ഇന്ത്യയിലെ കാർഷിക നിയമങ്ങളും, തൊഴിൽ ഭേദഗതി നിയമങ്ങളും, പുത്തൻ വിദ്യാഭ്യാസ നയവുമെല്ലാം ഇതിന് ഉദാഹരണമാണ്. അതോടൊപ്പം തന്നെ ഇത്രയും കാലം സർക്കാർ മുൻകൈയിൽ നടന്നുകൊണ്ടിരുന്ന ക്ഷേമ പദ്ധതികളിൽനിന്ന് ഭരണകൂടം പതുക്കെ തലയൂരുകയോ, അതല്ലെങ്കിൽ ആ ഉത്തരവാദിത്വങ്ങളൊക്കെ തന്നെ സ്വകാര്യ വ്യക്തികളിലേക്കോ ഏജൻസികളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തു. ഇനി അഥവാ സർക്കാർ മുൻകൈയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നതെങ്കിൽപോലും അതിലേക്ക് ആവശ്യമായ മൂലധനം നിക്ഷേപം ചെയ്യുക സ്വകാര്യ ഏജൻസികളോ വ്യക്തികളോ സ്ഥാപനങ്ങളോ ആയിരിക്കും.

ക്ഷേമപദ്ധതികൾ സർക്കാർ ഏജൻസികൾ നടപ്പിലാക്കിയാലോ സ്വകാര്യ ഏജൻസികൾ നടപ്പിലാക്കിയാലോ സാധാരണക്കാർക്ക് നഷ്ടമൊന്നുമില്ലല്ലോ ഗുണം മാത്രമല്ലേയുള്ളൂ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ആദ്യമേ തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം, നിയോലിബറൽ മുതലാളിത്തത്തിൻ്റെ ഒരു ഗൂഢാലോചനയാണ് ക്ഷേമ നടത്തിപ്പിൽ നിന്നും സർക്കാരുകളുടെ പങ്കാളിത്തം വെട്ടിച്ചുരുക്കി ക്രമേണ പൂർണമായും സർക്കാരിനെ അതിൽ നിന്നും ഒഴിവാക്കുക എന്നുള്ളത്. ഒരു തരിമ്പ് ഇടതുപക്ഷ ബോധമുള്ള ഒരാൾപോലും ഇതിനോട് വിയോജിക്കാൻ സാധ്യതയില്ല. നിയമപരമായ ബാധ്യത അല്ലാത്തതുകൊണ്ടോ, ജനങ്ങളോട് തന്നെ യാതൊരു ബാധ്യതയും ഇല്ലാത്ത എൻജിഒ കളും സ്വകാര്യ ഏജൻസികളും എത്രകാലം വീടുവെച്ചു കൊടുക്കലും ഭക്ഷണ വിതരണവും പോലുള്ള , ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം ആയേക്കാവുന്ന പ്രവർത്തികൾ തുടരും എന്നതിന് യാതൊരു ഉറപ്പും ആർക്കും നൽകാനാവില്ല.

ഇനി മറുവശത്ത് സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിച്ചുകൊണ്ട് സർക്കാർ തന്നെ ഒരു ഏജൻസിയായി പ്രവർത്തിച്ച് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുകയാണെങ്കിൽ ആത്യന്തികമായി സർക്കാരിന് സംരക്ഷിക്കേണ്ടി വരിക മൂലധന നിക്ഷേപകരുടെ താൽപര്യങ്ങളായിരിക്കും. തൊഴിലാളികളും കർഷകരും യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ വിശാല ബഹുജനങ്ങൾ അനുഭവിക്കുന്ന മുഴുവൻ ദുരിതങ്ങളുടെയും അടിസ്ഥാനകാരണം സാമ്രാജ്യത്വ ആശയമായ നിയോലിബറൽ മുതലാളിത്ത വ്യവസ്ഥിതിയാണെന്ന് ഏറ്റവും കുറഞ്ഞത് ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെങ്കിലും സമ്മതിക്കുമല്ലോ. അതുകൊണ്ടുതന്നെ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിച്ചു കൊണ്ട് ക്ഷേമപദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്ന ഒരു ഭരണകൂടത്തിനും ആത്യന്തികമായി ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കില്ല.

ഇത്രയും ആമുഖമായി പറഞ്ഞു വച്ചത് കേരളത്തിലെ സ്വയംപ്രഖ്യാപിത ഇടതുപക്ഷം ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ഠിതമായി നടപ്പിലാക്കുന്ന പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന ലൈഫ് മിഷൻ, റോഡ്, പാലം, സ്കൂൾ, ആശുപത്രി കെട്ടിടങ്ങളുടെ വികസനം, കിറ്റ് വിതരണം വാർദ്ധക്യ പെൻഷൻ മുതലായവയെ വിലയിരുത്തുന്നതിന് വേണ്ടിയാണ്. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പൗരൻമാർക്ക് സൗജന്യമായി ഉറപ്പു നൽകുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. ഭരണകൂടങ്ങൾ ഇത്തരമൊരു ഉത്തരവാദിത്വം ഒരിക്കലും സ്വമേധയാ വെളിപാടുണ്ടായി ഏറ്റെടുത്ത ചരിത്രമില്ല; ഭരണകൂടത്തിൻറെ വർഗ്ഗതാല്പര്യങ്ങളും വർഗ്ഗപക്ഷപാതിത്വവും അല്ലാതെ മറ്റൊന്നുമല്ല ഇതിന് കാരണം. ലോക തൊഴിലാളി വർഗ്ഗത്തിന്റെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളുടെയും പോരാട്ടത്തിൻ്റെ സമ്മർദ്ദ ഫലമായാണ് ഭരണകൂടങ്ങൾ പരിമിതമെങ്കിലും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്.

മേൽസൂചിപ്പിച്ച ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുള്ള വിഭവങ്ങൾ, മൂലധനം ഭരണകൂടം എങ്ങനെയാണ് സമാഹരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സമ്പന്നർക്കു മേൽ അധിക നികുതി ചുമത്തിയോ, ഉൽപ്പാദന ഉപാധികൾക്കു മേൽ അധികാരം സ്ഥാപിച്ചു കൊണ്ടോ ഭരണകൂടത്തിന് ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ ഉള്ള വിഭവ സമാഹരണം നടത്താം. പൂർണ്ണമായും സോഷ്യലിസമൊന്നും ആയില്ലെങ്കിലും, ഏറ്റവും കുറഞ്ഞത്, ക്ഷേമരാഷ്ട്രം എന്നതുകൊണ്ട് കൊണ്ട് രാഷ്ട്രീയ-സമ്പദ്‌വ്യവസ്ഥയിൽ ഉദ്ദേശിക്കുന്നത് ഇത്തരമൊരു നയം നടപ്പിനെയാണ്. സമൂഹത്തിലെ അസമത്വത്തെ ഇല്ലാതാക്കുക, സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ അധികാരങ്ങളുടെയും വിഭവങ്ങളുടെയും പുനർവിതരണം നീതിയുക്തമായ രീതിയിൽ നടപ്പിലാക്കുക എന്നതൊക്കെയാണ് ക്ഷേമ രാഷ്ട്ര സങ്കല്പം എന്നതുകൊണ്ട് ഏറ്റവും കുറഞ്ഞത് ഉദ്ദേശിക്കുന്നത്( അടിസ്ഥാന പരമായി അത് മുതലാളിത്ത സമ്പദ് വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിലും).

കേരള സർക്കാരിന് ജനങ്ങളുടെ ക്ഷേമം എന്ന ആത്മാർത്ഥമായ ലക്ഷ്യം ഉണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. ( മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം അത് എത്രത്തോളം സാധ്യമാണ് എന്നത് പരിശോധിക്കേണ്ട വിഷയവുമാണ്). എന്നാൽ ലൈഫ് മിഷൻ പദ്ധതിയും, ആരോഗ്യ-വിദ്യാഭ്യാസ-ഗതാഗത മേഖലയിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളും നടപ്പിലാക്കാൻ ആവശ്യമായ മൂലധനം ഈ സർക്കാർ സമാഹരിക്കുന്നത് സ്വകാര്യ നിക്ഷേപങ്ങളിലൂടെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കിഫ്ബി എന്ന ധനസമാഹരണ സാമ്പത്തിക സ്ഥാപനം തന്നെ നിയോലിബറൽ നയങ്ങൾക്ക് അനുസൃതമായ ഒരു ഫിനാൻസ് മൂലധന സ്ഥാപനമാണ്. ക്ഷേമപെൻഷൻ നൽകുന്നതും കിറ്റ് വിതരണം നൽകുന്നതുമെല്ലാം കടം വാങ്ങിച്ച പൈസ കൊണ്ടാണ്. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു കാര്യം മാത്രം ഇവിടെ പറഞ്ഞു വെക്കാം, വികസന പരിപ്രേക്ഷ്യത്തിൻ്റെ കാര്യത്തിലെങ്കിലും ഏറ്റവും കുറഞ്ഞ തോതിൽ ഇടതു പക്ഷ മൂല്യങ്ങളും ആശയങ്ങളും വച്ചുപുലർത്തുന്ന കേരള ജനതയെ ക്ഷേമരാഷ്ട്രം എന്ന മുഖംമൂടിയണിഞ്ഞ, എന്നാൽ അടിസ്ഥാനപരമായി നിയോലിബറൽ ആശയങ്ങളാൽ പ്രേരിതമായ നയങ്ങൾ നടപ്പിലാക്കി വളരെ ഭംഗിയായി പറ്റിക്കാം എന്നതിൻറെ ഉദാഹരണം അല്ലാതെ മറ്റൊന്നുമല്ല ഇതൊക്കെയും.

മറ്റൊരു സമീപനം, ഇത്രയും കാലം ഒന്നുമില്ലാതിരുന്നവർക്ക് ഇത്രയെങ്കിലും ഞങ്ങൾ ചെയ്തില്ലേ എന്നതാണ്. ഇതൊരു ഇടതുപക്ഷ സമീപനമാണോ? ഉദാഹരണത്തിന് ലൈഫ് മിഷൻ പദ്ധതി. കേരളത്തിൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിൽ ഭൂരിഭാഗം പേരും ദലിത്-ആദിവാസി ജനവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ഭൂരഹിതരും ദരിദ്രരുമൊക്കെ ഇതിൽ ഉൾപ്പെടും എന്നത് വസ്തുത തന്നെയാണ്. എന്നാലും അടിസ്ഥാനപരമായ പ്രശ്നം ഭൂപരിഷ്കരണം നടപ്പിലാക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ, അതും സാമൂഹ്യമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ദലിത് ആദിവാസി വിഭാഗങ്ങൾ , ഭൂരഹിതരും പാർപ്പിടരഹിതരുമായി കഴിയുന്നു എന്നതാണ്. അതായത് ഭൂമിയിൻമേലുള്ള അധികാരം ഇല്ലാത്തതാണ് ഈ വിഭാഗങ്ങളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം. ഇത്തരത്തിൽ വിതരണം ചെയ്യാൻ കേരളത്തിൽ ഭൂമി ഇല്ലാത്തതുകൊണ്ടല്ല അത് ചെയ്യാതിരിക്കുന്നത്. ടാറ്റയും ഹാരിസണും പോലുള്ള കുത്തകകൾ കേരളത്തിൽ ഏഴ് ലക്ഷത്തോളം ഏക്കർ ഭൂമിയാണ് കയ്യടക്കി വച്ചിരിക്കുന്നത്. അത് പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാരിന് പരിപാടിയുണ്ടോ എന്നതുമാത്രമാണ് ഇവിടത്തെ വിഷയം. അത് ചെയ്യുന്നതിന് പകരം , ലക്ഷംവീട് കോളനിയുടെ പുതിയ പതിപ്പായ ഫ്ലാറ്റ് സമുച്ചയങ്ങളിലും , 3 സെൻറ് വീടുകളിലും ഭൂരഹിതരായ ജനതയെ തളച്ചിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലെവിടെയാണ് ഇടതുപക്ഷ സമീപനം? ക്ഷേമരാഷ്ട്ര സങ്കല്പം? ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റുകളിലെ താമസക്കാർക്ക് ആ ഫ്ലാറ്റിൽ താമസിക്കാം എന്നല്ലാതെ അതിന്മേൽ മറ്റ് അധികാരങ്ങളൊന്നും ഇല്ല. സര്ക്കാര് എന്ന ‘സംഘടിത ജന്മിയുടെ’ കുടിയാന്മർ ആയാണ് താമസക്കാരെ ഭരണകൂടം നോക്കിക്കാണുന്നത് എന്ന് വിമർശനം ഉന്നയിച്ചാൽ അതിൽ തെറ്റുണ്ടെന്ന് പറയാൻ പറ്റില്ല. ഈ വിഷയത്തിൽ സർക്കാരും സർക്കാർ അനുകൂലികളും വെച്ചു പുലർത്തുന്ന സമീപനം ‘ഒന്നുമില്ലാത്തവർക്ക് ഇത്രയെങ്കിലും നൽകിയില്ലേ’ എന്നതാണ്. എന്തുകൊണ്ട് വലിയൊരു വിഭാഗം ജനത എന്നും ഒന്നുമില്ലാത്തവരായി തുടരുന്നു എന്ന ചോദ്യത്തെ രാഷ്ട്രീയമായി അഡ്രസ്സ് ചെയ്യാൻ ഇക്കൂട്ടർ തയ്യാറല്ലതാനും. ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുക എന്നതല്ല, മറിച്ച് ഉപരിപ്ലവമായ ചില പരിഷ്കാരങ്ങൾ, അതും ഇടതു ആശയങ്ങൾക്ക് കടകവിരുദ്ധമായ സമീപനങ്ങൾ വച്ചുപുലർത്തുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി , ജനങ്ങളെ കബളിപ്പിച്ച് വീണ്ടും ഭരണകൂട അധികാരത്തിൻ്റെ ഭാഗവാക്കായി തീരുക എന്നതല്ലാതെ മറ്റൊന്നും നമുക്ക് നിലവിലെ എൽഡിഎഫ് ചെയ്തികളിലും സമീപനങ്ങളിലും കാണാൻ സാധിക്കില്ല.

മറ്റു വിഷയങ്ങളിൽ, ബിജെപിയും യുഡിഎഫും വച്ചുപുലർത്തുന്ന അതേ വികസന സമീപനങ്ങൾ തന്നെയാണ് എൽഡിഎഫും വച്ചുപുലർത്തുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും, തീരദേശ മലയോര ഹൈവേ പദ്ധതികളുമെല്ലാം ഇത്തരത്തിൽ മുതലാളിത്ത വികസന കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തങ്ങൾക്ക് വ്യത്യസ്തമായ ഒരു വികസന പരിപ്രേക്ഷ്യം ഉണ്ട് എന്ന് എൽഡിഎഫ് സ്വയം അവകാശപ്പെടുമ്പോഴും വസ്തുതകളുടെ അടിസ്ഥാനത്തിൽ അത്തരമൊരു പരിപ്രേക്ഷ്യം അവർക്കുണ്ടോ എന്നുള്ളത് പരിശോധിക്കുമ്പോൾ ഇല്ല എന്ന ഉത്തരത്തിലാണ് നാം എത്തിച്ചേരുക. യുഡിഎഫിനെ അപേക്ഷിച്ച് കാര്യക്ഷമമായി അവർ ഈ പദ്ധതികൾ, അതായത് മുതലാളിത്ത വികസന പദ്ധതികൾ നടപ്പിലാക്കുന്നു എന്ന അവകാശവാദവും എൽഡിഎഫ് തന്നെയാണ് ഉയർത്തുന്നത്. എന്തൊരു വിരോധാഭാസം ആണിത്! ഒരുവശത്ത് ഞങ്ങൾക്ക് അ ഒരു ബദൽ വികസന പരിപ്രേക്ഷ്യം ഉണ്ടെന്ന് അവകാശപ്പെടുകയും , മറുവശത്ത് നിയോലിബറൽ സാമ്പത്തികനയങ്ങൾ മറ്റു ഭരണവർഗ്ഗ പാർട്ടികളെ അപേക്ഷിച്ച് ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കുന്നത് തങ്ങളാണെന്ന് അവകാശം വാദം ഉന്നയിക്കുകയും ചെയ്യുക! പാരിസ്ഥിതിക വിഷയങ്ങളിലും ഇത്തരം വലത് വികസന സമീപനത്തിൽ നിന്നുകൊണ്ടാണ് ഇവർ കാര്യങ്ങളെ സമീപിക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അന്ത്യത്തോടുകൂടി മാത്രമേ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രശ്നങ്ങൾക്കും അന്തിമമായ പരിഹാരം കാണാൻ പറ്റു എന്ന ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിലല്ല ഇവർ പ്രവർത്തിക്കുന്നത്. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും ജനങ്ങളുടെ ജീവിതത്തിൻ്റെ തന്നെയും നിലനിൽപ്പിനായുള്ള ജനകീയ സമരങ്ങളെയും പോരാട്ടങ്ങളെയും വികസന വിരോധം എന്ന ലേബലൊട്ടിച്ച് പോലീസിനെയും മറ്റു ഭരണകൂട സംവിധാനങ്ങളെയും ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ മറ്റു വലതുപക്ഷ ഭരണവർഗ പാർട്ടികളിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എൽഡിഎഫ് ചെയ്തതും.

എൽഡിഎഫിൻ്റെ പുതിയ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനവും ഇത്തരം നിയോലിബറൽ സാമ്പത്തിക നയങ്ങളാൽ പ്രചോദിതമാണ്. ഒരു ഉദാഹരണം എടുത്ത് പരിശോധിക്കാം. കേരളത്തിലെ വിദ്യാർഥികളും യുവജനതയും അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം തൊഴിലില്ലായ്മ എന്നതാണ്. തൊഴിലില്ലായ്മയുടെ അടിസ്ഥാനപരമായ കാരണം നിയോലിബറൽ സാമ്പത്തികനയങ്ങൾ ആണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ നോക്കിക്കാണുന്ന ഏതൊരാൾക്കും അറിയാവുന്നതാണ്. കേരളത്തിൽ 50 ലക്ഷം തൊഴിൽസാധ്യതകൾ സൃഷ്ടിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ഒരു പക്ഷേ അവർ സൃഷ്ടിച്ചേക്കാം. അതിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയമായ പ്രശ്നത്തെ ആണ് ഇവിടെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്. മേൽപ്പറഞ്ഞ 50 ലക്ഷം തൊഴിലിൽ ഭൂരിഭാഗം തൊഴിലും ഐ റ്റി മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. അതിന് അനുസൃതമായ രീതിയിൽ ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായവും, നൈപുണ്യ വികസന പദ്ധതികളും നടപ്പിലാക്കുമെന്നും പരിഷ്കരിക്കും എന്നും. ഏത് കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാർത്ഥി ആണെങ്കിലും ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഐടി സംബന്ധമായ ജോലിചെയ്യാൻ ഉള്ള പ്രാവീണ്യം കേരളത്തിലെ യുവാക്കൾക്ക് ഉണ്ടാക്കി എടുക്കും എന്നാണ് അവർ അവകാശപ്പെടുന്നത്. കേരളത്തെ ഒരു നോളജ് എക്കണോമി ആക്കി മാറ്റും എന്ന പ്രഖ്യാപനത്തെ ഇതോടൊപ്പം ചേർത്തുവായിക്കുകയാണെങ്കിൽ, നിയോലിബറൽ മുതലാളിത്തത്തിൻ്റെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ കേരളത്തിലെ തൊഴിൽ സേനയെ പരുവപ്പെടുത്തി എടുക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല എൽഡിഎഫ് നയരേഖ മുന്നോട്ടുവയ്ക്കുന്നത്. പുത്തൻ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ഇത്തരമൊരു തൊഴിൽ സേനയെ നിർമ്മിച്ചെടുക്കാൻ ആണ്. അതായത് കേരളത്തിലെ വിദ്യാർത്ഥികളെയും യുവാക്കളെയും കുത്തക കമ്പനികളുടെ അടിമ പണിക്കായി തീറെഴുതി കൊടുക്കാൻ ഇവിടത്തെ കേരള-കേന്ദ്ര സർക്കാറുകൾ ഒരുമ്പെട്ടിറങ്ങിയിരിക്കുയാണ്. പുത്തൻ വിദ്യാഭ്യാസ നയത്തോടുള്ള എസ്എഫ്ഐ യുടെയും സിപിഎമ്മിൻ്റെയും വിമർശനങ്ങൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ അവരുടെ തന്നെ തൊഴിൽ നയത്തിലെ ഈ നിയോലിബറൽ സമീപനം നമുക്ക് ബോധ്യപ്പെടാവുന്നതേയുള്ളൂ. സാമ്പത്തികമായി കേരളത്തെ സ്വന്തം കാലിൽ നിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതല്ല എൽഡിഎഫ് സാമ്പത്തിക നയം. മറിച്ച് അത് യുഡിഎഫിനെയും ബിജെപിയെയും പോലെ സാമ്രാജ്യത്വ ആശ്രിതത്വമെന്ന നയത്തിൽ അധിഷ്ഠിതമാണ്.

സുരക്ഷാ ഭരണകൂടം എന്ന നിയോലിബറൽ ആശയത്താൽ പ്രേരിതമായാണ് കേരളത്തിലെ പോലീസ് സംവിധാനം ഉൾപ്പെടെയുള്ള ഭരണകൂട സംവിധാനം പ്രവർത്തിക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും യുഎപിഎ അറസ്റ്റുകളും കസ്റ്റഡി കൊലപാതകങ്ങളും പോലീസ് മർദ്ദനങ്ങളും എല്ലാം ഇതിന് തെളിവാണ്.

ശബരിമല വിഷയത്തിലും സവർണ്ണ സംവരണ വിഷയത്തിലും കേരളത്തിലെ എൽഡിഎഫ് സർക്കാർ ഹിന്ദുത്വ സവർണ്ണ പ്രീണനം നടത്തുകയോ, ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്സ്റ്റ് ശക്തികളുമായി സമവായത്തിൽ എത്തുകയോ ആണ് ചെയ്തിട്ടുള്ളത്.

ചുരുക്കത്തിൽ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ അടിമുടി നിയോലിബറൽ നയങ്ങൾ നടപ്പിലാക്കുന്ന, ഇന്ത്യയിലെ അതിൻ്റെ ഭരണകൂട രൂപമായ ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തോട് സന്ധി ചെയ്യുന്ന ഒരു സർക്കാർ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് തങ്ങൾ ഇടതുപക്ഷമാണെന്നും തങ്ങൾ നടപ്പിലാക്കുന്ന നയങ്ങൾ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ഠിതമാണെന്നും ഇങ്ങനെ തള്ളി മറിക്കുന്നതും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് വീണ്ടും അവരുടെ അധികാരം ഉറപ്പിച്ചെടുക്കുന്നതിനു വേണ്ടിയല്ലാതെ മറ്റൊന്നിനും അല്ല. ഇതുകൂടാതെ സൈബർ ഇടങ്ങളിൽ, ഇടതുപക്ഷ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് മാർക്സിസ്റ്റ് തത്വങ്ങളിൽ അധിഷ്ഠിതമായ എന്തോ വലിയ കാര്യങ്ങളാണ് എന്നൊക്കെ തള്ളി മറിക്കുന്ന ഇടതു ലിബറൽ മധ്യവർഗ്ഗ വയറ്റിപിഴപ്പു (white collar) ബുദ്ധിജീവികളും സൈബർ പോരാളികളും മറുവശത്ത്. കേരളത്തിലെ ജനത വൈകാതെ തന്നെ അവരുടെ കപട നാട്യവും ഇരട്ടത്താപ്പുമൊക്കെ തിരിച്ചറിയും. കോൺഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികൾക്ക് എൽഡിഎഫിനെ രാഷ്ട്രീയമായി തുറന്നു കാണിക്കാനുള്ള പ്രത്യയശാസ്ത്ര ശേഷി ഇല്ല എന്നുള്ളതും, മൂന്നു മുന്നണികളുടെയും നയസമീപനങ്ങൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് എന്നുള്ളതുമാണ് എൽഡിഎഫ്ൻ്റെ ഏറ്റവും വലിയ അനുകൂല ഘടകം. എൽഡിഎഫ് നടപ്പിലാക്കുന്ന ഭരണവർഗ്ഗ നയങ്ങൾക്കും ഭരണവർഗ സേവക്കും മാർക്സിസവുമായിട്ട്, എന്തിന് ക്ഷേമരാഷ്ട്ര സങ്കൽപ്പവുമായിട്ട് പോലും ഒരു ബന്ധവുമില്ല എന്ന് ഇടതുപക്ഷ സ്നേഹികൾ തിരിച്ചറിയുക. മാർക്സിസം മർദ്ദിത ജനതയുടെ വിമോചന പ്രത്യയശാസ്ത്രമാണ്, അല്ലാതെ പാർലമെൻ്ററി അധികാര രാഷ്ട്രീയത്തിലെ കൺകെട്ടുവിദ്യയല്ല…

വിഷ്ണു പോളി,ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് അസോസിയേഷൻ,8943283803
E-mail : [email protected]