സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !! എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?

ഭാഗം : 2

മൊഴിമാറ്റം : പ്രകാശ്

ബലാല്‍സംഗം സ്ത്രീകളെ കീഴ്പ്പെടുത്താൻ

ഇരയുടെ മാനസിക നിലയെ വളരെ മോശമായി ബാധിക്കുകയും അവളെ ഒരുപക്ഷേ ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്തേക്കാവുന്ന ആക്രമണ രൂപമാണ് ബലാത്സംഗം. അങ്ങേയറ്റം ക്രൂരമായ ശാരീരിക പീഡനങ്ങൾക്കൊടുവിൽ സ്ത്രീ മാനസികമായ പീഡനം കൂടി നേരിടേണ്ടി വരുന്നു. അത് തുറന്നു പറയുകയും അതിനെതിരെ പോരാടുകയും ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയും കുറ്റവാളികൾക്കു പകരം എല്ലാ കുറ്റവും അവളുടെ തലയിൽ ചുമത്തുകയും ചെയ്യുന്നതിലൂടെ ഈ ആഘാതം പതിന്മടങ്ങാകുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ വേശ്യാവൃത്തിയോ അത്മഹത്യയോ അല്ലാതെ ജീവിതത്തിൽ മറ്റൊരു പ്രതീക്ഷയും ഇല്ലാത്തവളായി പരമ്പരാഗത സംസ്കാരം ചിത്രീകരിക്കുന്നു. ഇന്ത്യൻ വീട്ടമ്മമാരുടെ ഫെഡറേഷൻ (1970-ൽ) നടത്തിയ സർവേ പ്രകാരം ആദ്യമായി വ്യഭിചാരത്തിലേക്ക്‌ എത്തിയവരിൽ 80 ശതമാനം സ്ത്രീകളും, ബലാത്സംഗം ചെയ്യപ്പെട്ടവരായിട്ടാണ് കടന്നു വന്നത്. അവിവാഹിതയായ ഒരു ഇര ഒരിക്കലും വിവാഹിതയാകില്ല. സ്ത്രീകൾ ഇതിൽ പരാതിപ്പെട്ട്, കോടതിയിൽ നീതിക്കായി പോരാടാൻ മുന്നോട്ടു വരാൻ മടിക്കുക മാത്രമല്ല തങ്ങൾ പിഴച്ചവളാണെന്ന് സ്വയം കരുതുകയും ചെയ്യത്തക്ക വിധം അത്ര മാത്രം കളങ്കിതമായ ഒന്നാണിത്. ഭാഗ്യവശാൽ ഈ മനോഭാവം മാറിവരികയും കൂടുതൽ സ്ത്രീകൾ തുറന്നു പറയാൻ തയ്യാറാകുന്നതുമായി കാണാം. വസ്തുതാന്വേഷണ സംഘം ഗുജറാത്ത് സന്ദർശിച്ച സമയത്ത് മുസ്ലിം പശ്ചാത്തലമുള്ള അസംഖ്യം സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് നീതിക്കായി പോരാടാൻ മുന്നോട്ടു വരുന്നതായി കാണുകയുണ്ടായി.

പീഢകരുടെ നിയന്ത്രണാതീതമായ കാമം മൂലം സംഭവിച്ചതായി കരുതുന്ന നിരവധി ബലാത്സംഗ സംഭവങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്നത് സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുകയും അവരുടെ നിലനിൽപ്പിന്റെ ഉദ്ദേശം തന്നെ പുരുഷന്റെ ലൈംഗിക വികാരങ്ങളെ തൃപ്തിപ്പെടുത്താനും കുട്ടികൾക്ക് ജന്മം നൽകാനുമാണെന്ന മനോഭാവമാണ്. സ്ത്രീകളെ അവരുടെ ലൈംഗിക – പ്രത്യുൽപാദന കടമകളിൽ മാത്രം നോക്കിക്കാണുന്ന സാമൂഹിക കാഴ്ച്ചപ്പാടിന് കീഴിലാണ് സ്ത്രീകളും പുരുഷന്മാരും വളരുന്നത്. ഇത് ഭരണവർഗ്ഗങ്ങൾക്ക്‌ ഉപകാരപ്രദമാണ്. എന്തെന്നാൽ പ്രത്യുൽപാദനത്തിലൂടെയുള്ള സ്ത്രീകളുടെ സംഭാവന തരം താഴ്ന്നു നിൽക്കുന്നു. അവരെ ലൈംഗിക ഉപകരണമായി കണക്കാക്കുന്നതിലൂടെ പാതി ജനസംഖ്യയെ കീഴ്പ്പെടുത്തി നിർത്താൻ കഴിയുന്നു. വലിയൊരു ശതമാനം ബലാത്സംഗങ്ങൾ നടക്കുന്നത് കുടുംബത്തിനുള്ളിലോ അകന്ന ബന്ധുക്കളിൽ നിന്നോ അയൽവാസികളിൽ നിന്നോ ആണ്. ചൂഷിതമായ തൊഴിൽ ബന്ധങ്ങളിലെ സുരക്ഷിതരല്ലാത്തതും ആശൃതരുമായ കുട്ടികളുടെയും വനിതകളുടെയും വിധവകളുടെയും നേർക്കാണ് ഇത് സംഭവിക്കുന്നത്.  ലൈംഗികമായി പുരുഷന്റെ അധികാരം സ്ഥാപിക്കുന്നതിന്റെയും ഊട്ടിയുറപ്പിക്കുന്നതിന്റെയും ഭാഗമായും ഇത് സംഭവിക്കുന്നു. ജീർണ്ണിച്ച സാമൂഹികവും സാംസ്കാരികവുമായ ധാരകൾ, ജന്മി-നാടുവാഴിത്ത സംസ്കാരത്തിന്റെ സ്വാധീനത്താലും  സാമ്രാജ്യത്വത്തിന്റെ വളർച്ചയുടെയും കടന്നുകയറ്റത്തിന്റെയും കാരണത്താലും, സ്ത്രീകളുടെ മേലുള്ള ലൈംഗിക അതിക്രമങ്ങളെ വർധിപ്പിക്കുന്നു. മാധ്യമങ്ങളിലും സൗന്ദര്യ രംഗങ്ങളിലും ഫാഷനിലും വിനോദങ്ങളിലും ടൂറിസം മേഖലകളിലും സ്ത്രീകളുടെ ചരക്കുവൽക്കരണം കാരണം അവർ ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതൽ വശംവദരാകുന്നു.

വർഗ്ഗപരവും, ജാതിയവും, വംശീയവുമായ വിഭജനവും അധികാരശ്രേണിയും നിലനിർത്താനുള്ള ഉപകരണമായി ബലാത്സംഗത്തെ ഉപയോഗിക്കുന്നു. ഇത് അടിമ സമൂഹം മുതൽക്കേ തുടങ്ങിയതാണെങ്കിലും ഇന്നത്തെ ആധുനിക അടിമ സമ്പ്രദായത്തിലും നമുക്കിത് കാണാം. വംശീയ ആധിപത്യ ബോധത്തിന്റെയും ഒരു സമൂഹത്തെ ഒന്നടങ്കം കീഴ്പ്പെടുത്തി നിർത്തുന്നതിന്റെയും ഭാഗമായി അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ബീഹാറിലെയും തെലങ്കാനയിലെയും ചില ഭാഗങ്ങളിൽ താഴ്ന്ന ജാതിക്കാരായ ഭൂരഹിത കർഷകരുടെ നവവധുവുമായി ആദ്യമായി കിടക്ക പങ്കിടാനുള്ള ഭൂപ്രഭുക്കളുടെ അധികാരം അവർ നിലനിർത്തുന്നു. മഹാരാഷ്ട്രയിലെയും മറ്റ് പല സ്ഥലങ്ങളിലെയും ദേവദാസി സമ്പ്രദായം അന്ധവിശ്വാസവും ദാരിദ്ര്യവും മൂലം പെൺകുട്ടികളെ വേശ്യാകളായി ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് സമർപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ മറ്റ് താഴ്ന്ന ജാതികളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത ഗായികമാരോ നർത്തകിമാരോ ആയി വേശ്യാവൃത്തിയിലേക്ക് കടക്കേണ്ടി വരുന്നു. അതുകൊണ്ട് ഗ്രാമങ്ങളിലെ ദരിദ്ര ദളിത് സ്ത്രീകൾ പൊതുമുതലായി കണക്കാക്കപ്പെടുന്നു. അവരെ ബലാത്സംഗം ചെയ്യുമ്പോൾ സമൂഹം അതിനെ അവഗണിക്കുകയോ ഭരണകൂടം അതിനു നേരെ കണ്ണടക്കുകയോ ചെയ്യുന്നു. വികസന പദ്ധതികൾ നടക്കുന്ന സ്ഥലങ്ങളിലെ ആദിവാസി പെൺകുട്ടികളെ അവിടെ ജോലിക്കായി വരുന്ന കോൺട്രാക്ടറുമാർ ബലാത്സംഗം ചെയ്തിട്ടുണ്ട്. തൊഴിലിടങ്ങളിൽ ദരിദ്ര സ്ത്രീ തൊഴിലാളികളും അവിവാഹിതയായ സ്ത്രീകളും നിരാലംബരായ സ്ത്രീകളും വീട്ടുവേലക്കാരികളും പലപ്പോഴൊക്കെ ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരും ബലാത്സംഗം ചെയ്യപ്പെടുന്നത് പീഢകന്റെ വർഗ്ഗ പശ്ചാത്തലം അയാളെ ശിക്ഷയിൽ നിന്നും രക്ഷിക്കുകയും ഇരയുടെ വർഗ്ഗ പശ്ചാത്തലം അവൾക്ക് നീതി നിഷേധിക്കുകയും ചെയ്യുമെന്ന ബോധ്യത്തിലാണ്.

ഒരു സമുദായത്തിന്റെയോ ജാതിയുടെയോ, പൊതുവെ മർദ്ദിതരുടെയോ മേൽ രാഷ്ട്രീയ ആധിപത്യം നേടാനുള്ള മാർഗ്ഗമായി ബലാത്സംഗത്തെ ഉപയോഗിക്കുന്നു. പോലീസും ഭരണാധികാരികളും ഭൂപ്രഭുക്കളും പിന്നോക്ക മേഖലയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അടിച്ചമർത്തലിനെതിരെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് വരുന്ന ദളിത് വിഭാഗങ്ങളെ അപമാനിക്കാനും സ്ത്രീകളുടെ മുന്നേറ്റങ്ങളെ അടിച്ചമർത്താനും സവർണ്ണ ജാതികൾ ബലാത്സംഗത്തെ ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെ പോലിസ് ബലാത്സംഗം ചെയ്യുന്ന കസ്റ്റഡി പീഢനങ്ങൾ വ്യാപകമാണ്. വർഗ്ഗ സമരം നടക്കുന്ന പ്രദേശങ്ങളിൽ സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും പോലിസ് സേനയും നീതിക്കായി പോരാടുന്ന സ്ത്രീകളെ നിരന്തരം ബലാത്സംഗം ചെയ്തിട്ടുണ്ട്. വിയറ്റ്നാം യുദ്ധ കാലത്തും, ബോസ്നിയയിലും ആഫ്രിക്കയിലും ഒക്കെ ഇത് കണ്ടിട്ടുണ്ട്. ഇന്ത്യയിൽ കാശ്മീരിലും വടക്ക് കിഴക്കൻ മേഖലകളിലും തെലങ്കാനയിലും നക്സലൈറ്റ് പ്രസ്ഥാനങ്ങളുള്ളിടത്തും ഇത് കണ്ടിട്ടുണ്ട്. നർമദ അണക്കെട്ടിനെതിരെ നടന്നത് പോലെയുള്ള സമാധാനപരമായ മുന്നേറ്റങ്ങളിൽ പോലും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നൂറു കണക്കിന് സ്ത്രീകൾ, ഗുജറാത്തിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. ഇതിന് മുൻപ് പോലും വർഗ്ഗീയ കലാപങ്ങളിൽ, ഒരു പ്രത്യേക സമുദായത്തിന് താക്കീത് നൽകാനായി സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ക്രിസ്ത്യൻ മിഷണറിമാർക്ക് താക്കീത് നൽകാനായി മധ്യ പ്രദേശിലെ ഝാബുവയിൽ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ദളിത് സമുദായത്തിന് താക്കീത് നൽകാനായി ദളിത് സ്ത്രീകളെയും ബലാത്സംഗത്തിനിരകളാക്കിയിട്ടുണ്ട്.

അനുരാധഗാണ്ടിയുടെ‘സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്’ എന്ന പുസ്തകത്തിലെ “സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !! എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?” എന്ന തലകെട്ടിലെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയുടെ രണ്ടാം ഭാഗമാണിത്.