കർഷക പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇന്ത്യ

അജിതൻ

ഇന്ത്യയിലെ കർഷകർ അവരുടെ താൽക്കാലിക ആവശ്യങ്ങൾ നേടിയെടുക്കാൻ ദില്ലിയിലേയ്ക്കുള്ള സമാധാനപരമായ യാത്രയിലാണ്.തങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്താനുള്ള യാത്ര. കാർഷികമേഖലയെ ‘സമ്പന്നവും സ്വതന്ത്രവുമാക്കുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്ന കാർഷിക ബില്ലിനെതിരെയാണ് കർഷകർ ദില്ലിയിലേയ്ക്ക് യാത്ര തിരിച്ചിട്ടുള്ളത്.

ബ്രിട്ടീഷ് കൊളോണിയൽ കാലത്തും അതിനുമുമ്പും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിയമ നിർമ്മാണങ്ങളും അതിനെതിരെയുള്ള സമരങ്ങളുടെ ചരിത്രവും നമ്മൾക്കറിയാം.

1947 ലെ അധികാര കൈമാറ്റത്തിന് ശേഷവും കാർഷിക മേഖലയിൽ നിയമ നിർമ്മാണങ്ങളുണ്ടായിട്ടുണ്ട്.യഥാർത്ഥത്തിൽ നിലവിലുള്ള ഭരണ സംവിധാനത്തിൽ ഒരു നിയമം രൂപപ്പെടണ്ടത് എങ്ങനെയാണെന്ന ചോദ്യം പ്രസക്തമായ കാര്യമാകണം.രാജ്യത്ത് ഒരു നിയമം രൂപ്പെടേണ്ടത് അതാത് മേഖലകളിലെ മഹാഭൂരിപക്ഷം വരുന്ന ജനതകളുടെ ആവശ്യപ്രകാരവും താല്പര്യവും കണക്കിലെടുത്തുകൊണ്ടായിരിക്കണം.എന്നാൽ ഭരണകൂടങ്ങൾ സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പനായ ഒരു വർഗ്ഗത്തിന്റെ താല്പര്യങ്ങളെ മുൻ നിർത്തികൊണ്ടായിരിക്കും നിയമങ്ങൾ ചുട്ടെടുക്കുക.അത് മഹാഭൂരിപക്ഷം ജനതകൾക്കും എതിരായിരിക്കും.അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമ്പോൾ ചില സന്ധി സംഭാഷണങ്ങളിലൂടെ പകുതി പകുതി എന്ന നിലയിൽ പരസ്പരം അംഗീകാരം നേടുകയും ഇരു കൂട്ടരും വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യും.

അധികാരത്തിന്റെ അലകും പിടിയുമില്ലാത്ത സാധാരണ ജനതകളുടെ രോദനങ്ങൾ പലപ്പോഴും കണ്ണീർ സാഗരങ്ങളായി മാറാറുണ്ട്.

അതുകൊണ്ട് നമുക്ക് രാഷ്ട്രീയ അധികാരത്തിന്റെ വർത്തമാനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയണം.ഈ നാട് ഭരിക്കേണ്ടത് കർഷകരും തൊഴിലാളികളുമാണ്.അല്ലാതെ ജാതി ജന്മി നാടുവാഴിത്ത സാമ്രാജ്യത്വ ദല്ലാൾ കോർപ്പറേറ്റ് ഉദ്യോഗസ്ഥരല്ല.

നിലവിൽ കാർഷിക മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാർഷിക ബില്ല്  ഒരു തരത്തിലും കർഷകരുടെ താല്പര്യത്തിന് അനുകൂലമല്ല.കർഷകർ സ്വതന്ത്രമാകണമെങ്കിൽ കാർഷിക മേഖലയിൽ സമൃദ്ധമായ ജീവിതം തളിർത്തു പൂവിടണമെങ്കിൽ ആത്യന്തികമായി ഇന്ത്യയിൽ ‘കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്’എന്ന മുദ്രാവാക്യം നടപ്പിലാക്കാൻ കഴിയണം.അത് സാധ്യമാകണമെങ്കിൽ ഇന്ന് കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ഇന്ത്യൻ തൊഴിലാളിവർഗ്ഗം നേതൃത്വപരമായ പങ്കുവഹിക്കാൻ തയ്യാറാകണം.ചുരുക്കി പറഞ്ഞാൽ പുത്തൻ ജനാധിപത്യവിപ്ലവത്തിന്റെ കൊടി ഉയരത്തിൽ പാറണം.

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിൽ ഭൂരഹിതായ കർഷകരുടെ സ്ഥാനമെന്താണെന്നും എങ്ങനെയാണ് കർഷകരും/കർഷകതൊഴിലാളികളും എന്ന ധ്രുവീകരണം ഉണ്ടായതെന്നും അതിന്റെ രാഷ്ട്രീയ പശ്ചാത്തലം എന്ത് താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടതെന്നുമുള്ള ആത്മപരിശോന നടത്തേണ്ടത് അടിയന്തിരാവശ്യമാണ്.

അപ്പോൾ മാത്രമാണ് താല്ക്കാലിക ആവശ്യങ്ങൾക്കും പരിഷ്കരണങ്ങൾക്കപ്പുറവുമുള്ള രാഷ്ട്രീയാധികാരത്തിന്റെ കാതലായ കാര്യം മുൻപന്തിയിലേക്കെത്തുകയുള്ളൂ.

ഇന്ത്യൻ തൊഴിലാളിവർഗ്ഗം വർഷാവർഷം ഇമ്മാതിരിയുള്ള ആവശ്യങ്ങളെ മുൻ നിർത്തി പലപ്പോഴും പണിമുടക്കടക്കമുള്ള ഉജ്ജ്വലമായ സമരങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ദേശീയവിമോചന സമരകാലത്തുണ്ടായിരുന്നതുപോലുള്ള രാഷ്ട്രീയ സമരത്തിന്റെ തിളക്കത്തിൽ മങ്ങലേറ്റിട്ടുണ്ടെന്ന് പറയാനും നമുക്ക് കഴിയണം.

അങ്ങനെ ഉയർന്നു വരേണ്ട വർഗ്ഗസമരത്തിന്റെ വിടവിലാണ് ഇന്ത്യയിൽ സംഘപരിവാർ കാവി ഫാഷിസത്തിന്റെ വേരുകൾക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞിട്ടുള്ളത്.അവർ മുന്നോട്ടുവയ്ക്കുന്ന ഓരോ മുദ്രാവാക്യങ്ങളും നിയമനിർമ്മാണങ്ങളും ഫാഷിസ്റ്റ് ഏകീകരണത്തിനും തെരഞ്ഞെടുപ്പ് പോലുള്ള ജന സമ്മതിയിലൂടെ തങ്ങളുടെ ‘മനുവാദ’രാഷ്ട്രീയ പ്രയോഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.മനുവാദ സിദ്ധാന്തത്തിൽ പറയുന്നതുപോലെ തൊഴിലിന്റെ മഹത്തായ സംസ്കാരത്തെക്കുറിച്ച് പറയാതെ നടത്തിപ്പുകാരന്റെ അഥവാ ജന്മിയുടെ/മുതലാളിയുടെ/അതുമല്ലെങ്കിൽ സവവണ്ണന്റെ കാരുണ്യത്തെകുറിച്ച് വാചാലരാകുന്നവരുടെ എണ്ണം കൂടിവരികയാണ്.പണിയെടുക്കുന്നവർ തന്നെ മടിയന്മാരും ഉത്തരവാദിത്വമില്ലാത്തവരുമാണെന്ന് പരസ്പരം പറയുന്ന ഒരു സവർണ്ണ ആധിപത്യ മനോഭാവം നിർമ്മിച്ചെടുക്കുന്നതിലും അവർ വിജയിച്ചിട്ടുണ്ട്.അതുകൊണ്ട് ‘എട്ട്മണിക്കൂർ പോരാ പന്ത്രണ്ട് മണിക്കൂർ തന്നെയാകണം തൊഴിൽ സമയം’ എന്ന് നിയമം പാസാക്കാനും ഭരണകൂടത്തിന് മടിയില്ല.

ഇന്ത്യൻ ഭരണ സംവിധാനം കുടുംബ മഹിമയിലൂടെ ഏകദേശം അറുപത് കൊല്ലം ഭരിക്കപ്പെടുകയുണ്ടായി.അവർ തുന്നിചേർത്ത അഖണ്ഡതയും മൃദുവായ ഹിന്ദുത്വവും കപടമായ സങ്കുചിത ദേശീയവാദവും  ഉപയോഗപ്പെടുത്തി,

അതിന്റെ വിളവെടുപ്പാണ് ഇന്ന് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ‘ഒറ്റരാജ്യം ഒറ്റ നിയമം ഒറ്റ തെരഞ്ഞെടുപ്പ്’  അങ്ങനെ എല്ലാ പരിമിതമായ ജനാധിപത്യ സംവിധാനങ്ങളേയും ഇല്ലായ്മ ചെയ്തുകളയാമെന്ന വലിയൊരു വ്യാമോഹത്തിലാണ് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയം.അതിനെതിരെ ഉയർന്നുവരുന്ന ഏതൊരു സമരരൂപങ്ങളും ന്യായമാണ്.

കർഷകരുടെ ദില്ലിയിലേയ്ക്കുള്ള യാത്ര ഒരു കൊടുംങ്കാറ്റായി മാറണം.ഇന്ത്യൻ തൊഴിലാളിവർഗ്ഗം അതിന്റെ മുന്നണിപ്പടയാകണം.