കൊന്നിട്ടും തീരാത്ത പകയോ ?

ജ്യോതി

പിണറായി സർക്കാരിന് കീഴിൽ തണ്ടർബോൾട്ട് സേന നടത്തുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലയാണ് വയനാട്ടിൽ നടന്നത്. 8 മാവോയിസ്ററ് രാഷ്ട്രീയ പ്രവർത്തകരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇവയെല്ലാം തന്നെ സർക്കാരിൻ്റെ അനുവാദത്തോടെ നടന്ന വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആക്ഷേപമുയർന്നിരിക്കുകയാണ്.മുമ്പ്നടത്തിയ എല്ലാ ഏകപക്ഷീയമായ ഏറ്റുമുട്ടലുകളിലും പറഞ്ഞ പോലെ ഇതും സ്വയരക്ഷക്കു വേണ്ടി നടത്തിയ കൊലയെന്ന ന്യായീകരണമാണ്   പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുള്ളത്.

ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞിട്ട് പോലും മാധ്യമ പ്രവർത്തകരെ സംഭവസ്ഥലത്തേക്ക് കടത്തിവിടാനോ വേൽമുരുകന്റെ മൃതദേഹം കാണിക്കുന്നതിനോ പോലീസ് തയ്യാറായിരുന്നില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ, ലോക്കൽ പോലീസിനെയോ പോലും കടത്തിവിടാതെ സംഭവ സ്ഥലം പൂർണ്ണമായും തണ്ടർബോൾട്ടിന്‍റെയും തീവ്രവാദ വിരുദ്ധ സേനയുടെയും വയനാട് എസ്.പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും തീവ്ര വലയത്തിലായിരുന്നു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട യാതൊരു വിവരവും സംഭവ സ്ഥലത്തെ പഞ്ചായത്തിനോ വില്ലേജ് ഓഫീസിനോ ലഭിച്ചിരുന്നില്ല എന്നതും ഭരണകൂടം പൊതു സമൂഹത്തിൽ നിന്നും എന്തോ കാര്യമായി മറക്കാൻ ശ്രമിക്കുന്നു എന്നുള്ള സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ് .കൊന്നിട്ടും തീരാത്ത പകയാണ് സഖാവ് വേൽമുരുകനോട് ഭരണകൂടവും കേരള പോലീസും പിന്നീട് കാണിച്ചത്.

വേൽമുരുകന്റെ വീട്.

സംഭവ സ്ഥലത്തേക്ക് കടത്തിവിടണമെന്നും  കൊല്ലപ്പെട്ട ആളുടെ ശരീരം കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പോലീസുകാരുടെ വാഹനം തടഞ്ഞു നിർത്തി.കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു  പ്രതിഷേധം അരങ്ങേറിയത്.പ്രതിഷേധത്തെ തുടർന്ന്  പോലീസ് ഉന്നത അധികാരികൾ മാധ്യമപ്രവർത്തകരെ കടത്തി വിടാം എന്ന് ആദ്യം സമ്മതിച്ചു.പക്ഷെ,ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞതിന് ശേഷം വേൽമുരുകന്റെ ശരീരം മാധ്യമപ്രവർത്തകരെ കാണാൻ അനുവദിക്കാതെ സംഭവസ്ഥലത്ത് നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് ഒളിച്ചു കടത്തികൊണ്ടു പോവുകയായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ്.

കോഴിക്കോട്  മെഡിക്കൽ  കോളേജ്  മോർച്ചറിയിൽ വേൽമുരുകന്റെ  ബന്ധുക്കൾ വന്നു കണ്ടതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അതിനു ശേഷം വേൽമുരുകന് അന്ത്യാഭിവാദ്യം നൽകാൻ എത്തിയ ഇരുപതോളം പേർക്ക്  പോലും അതിനുള്ള  അനുവാദം സംസ്‌ഥാന പോലീസ്  നൽകിയില്ല.കോവിഡ്  പ്രോട്ടോക്കോളാണ് അതിനുള്ള കാരണമായി പോലീസ് പറയുന്നത് .”നീണ്ട  പോരാട്ടത്തിനൊടുവിലാണ്  വേൽമുരുകന്റെ  ശരീരത്തെ ഒന്ന്  കാണാൻ  പോലും അനുവദിച്ചത് അതും  മോർച്ചറിക്കുള്ളിൽ വെറും രണ്ടുപേർ വീതം.പോലീസ് അഭിവാദ്യമുദ്രാവാക്യം  വിളിക്കുന്നത്‌  തടയുകയും  മോർച്ചറിക്കകത്ത് കയറുന്നവരുടെ  ഫോൺ  ബലംപ്രയോഗിച്ചു പിടിച്ചെടുക്കുകയും ചെയ്തു.”എന്ന്  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറി  സി പി  റഷീദ്  പറയുന്നു. അതേ സമയം കോവിഡാനന്തര രോഗം മൂർച്ഛിച്ച് തിരുവനന്തപുരത്ത് അന്ന് മരിച്ച  സിപി എം  പ്രവർത്തകനായ  ബിജുവിന്റെ  മരണാനന്തര ചടങ്ങിൽ  നൂറോളം പേർ പങ്കെടുത്തത് കേരളം കണ്ടതാണ്. എന്ത്  കൊണ്ടാണ് ഇത്തരം  ഇരട്ട  നീതികൾ  കേരളത്തിൽ സർക്കാരും  പോലീസും  നടപ്പാക്കുന്നത്. ഒരു മനുഷ്യസ്നേഹിയെ വെടിവച്ചു കൊന്നതും പോരാതെ അയാളുടെ മൃതദേഹത്തോട്  ഭരണകൂടത്തിന് വെറുപ്പും വിദ്വേഷവും കെട്ടടങ്ങിയിട്ടില്ല എന്നതാണ് ഇതിൽ നിന്ന് മനസിലാകുന്നത് എന്നും റഷീദ് കൂട്ടിച്ചേർത്തു.

വേൽമുരുകന്റെ അമ്മ അന്നമ്മാൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ വന്നപ്പോൾ.

കോഴിക്കോട് മോർച്ചറിയിൽ  നിന്ന്  ആംബുലൻസിൽ  വേൽമുരുകന്റെ  ശരീരം തമിഴ്നാട്ടിലേക്കാണ്  കൊണ്ടുപോയത്. അതിനുള്ള  ഒരുക്കങ്ങൾ നടത്തിയിരുന്ന മനുഷ്യാവകാശപ്രവർത്തകരെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ്  പുറപ്പെടുന്നതിനു മുമ്പേ അടിച്ചോടിക്കാനുള്ള ശ്രമവും  പോലിസ്  നടത്തിയിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ ആരോപിക്കുന്നുണ്ട്.

“കേരള പോലീസ് ആരെയും  കടത്തിവിട്ടിരുന്നില്ല. മോർച്ചറിയിൽ  നിന്ന്  150 മീറ്ററിനു മുൻപേ   ബാരിക്കേഡ് നിർമ്മിച്ചിരുന്നു പോലീസ്. പ്രത്യേകിച്ചും  കേരളത്തിലെ  സാമൂഹിക പ്രവർത്തകർ മോർച്ചറിയിലേക്ക് പ്രവേശിക്കാൻ പാടില്ല എന്നതായിരുന്നു  കേരളാപോലീസിന്റെ  പ്രധാന ആവശ്യം. കോൺഗ്രസ്സ് പ്രവർത്തകരെ വരെ ബലം പ്രയോഗിച്ചു  മാറ്റുകയായിരുന്നു പോലിസ്  ചെയ്തത്. കേരളാപോലീസിന്റെ  ഇത്തരം  ഫാസിസ്റ്റ്  നടപടികൾക്കെതിരെ  ശബ്ദം  ഉയരുകതന്നെ  ചെയ്യണം”  എന്ന്  കോഴിക്കോട്  മോർച്ചറിയിൽ  വേൽമുരുകന്റെ കുടുംബാഗങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് എത്തിയ  അഡ്വ.രാജ പറയുന്നു.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്   ആദ്യം പുറത്തു വന്ന റിപ്പോർട്ടുകളിൽ നവംബർ 2 ന്  പുലർച്ചെ നാല് മുതൽ വെടിവെപ്പ് നടന്നതായാണ് പറയുന്നത്. എന്നാൽ പിന്നീട് അത് നവംബർ 3 രാവിലെ  9.15നു ഏകദേശം 30-40 മിനുട്ട് നീണ്ടു നിന്ന ഏറ്റുമുട്ടലായാണ് വയനാട് എസ്.പി പൂങ്കുഴലി മാധ്യമങ്ങളെ അറിയിച്ചത്. ഇതെല്ലാം വീണ്ടുമൊരു വ്യാജ ഏറ്റുമുട്ടൽ കൊലയാണ് വയനാട് നടന്നെതെന്ന സംശയത്തിലേക്കു വിരൽ ചൂണ്ടുകയാണ്.

വാസ്തവത്തിൽ സ്വരക്ഷക്കു വേണ്ടിയാണോ പോലീസ് കൊല നടത്തിയതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ ഇവിടെ പോലീസ് തന്നെ അത്തരം ഒരു വാദം ഉന്നയിക്കുകയും അത് പോലീസ് തന്നെ അന്വേഷിക്കുകയും പിന്നീട് പോലീസ് അതിനെ അംഗീകരിച്ചു  കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്ന അസാധാരണമായ സാഹചര്യമാണ് ഉള്ളത്.അവിടെയും തീരുന്നില്ല, കൊല്ലപ്പെട്ടവരുടെ മേലിൽ യു എ പി എ കേസും ചുമത്തി അത് അന്വേഷിക്കാൻ ചമഞ്ഞിറങ്ങുകയും ചെയ്യുന്ന പോലീസിനെ കേരളം കണ്ടതാണ്.

നാൻ പെട്ര മകനെ എന്ന് വേൽമുരുകന്റെ അമ്മ കരയുമ്പോൾ ആ കരച്ചിലിൽ അടിയുലയുകയാണ് കപട കമ്മ്യൂണിസ്റ്റ് മണിമാളികകളും.