പിണറായിയും സിപിഎമ്മും പ്രതിരോധത്തിലാകുമ്പോൾ മാവോയിസ്റ്റ് ഏറ്റുമുട്ടലോ?

കേരളത്തിൽ വീണ്ടും ഒരു മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനെ കൂടി വെടിവെച്ചു കൊന്നിരിക്കുന്നു.പിണറായി വിജയൻ സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നതിനു ശേഷം മാത്രം, 8 മാവോയിസ്ററ് രാഷ്ട്രീയ പ്രവർത്തകരാണ് ഇതിനകം കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് മഞ്ചക്കണ്ടിയിൽ അജിത,കണ്ണൻ,അരവിന്ദൻ,മണിവാസകം എന്നീ 4 മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇത് സർക്കാരിൻ്റെ അനുവാദത്തോടെ നടന്ന വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.അതിനു മുൻപ് വയനാട് വൈത്തിരിയിൽ നടന്ന സി പി ജലീലിൻ്റെ കൊലപാതകം, വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നുള്ളതിന് വ്യക്തമായ തെളിവുകൾ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗത്തു നിന്നും പുറത്തു വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് വീണ്ടുമൊരു രാഷ്ട്രീയ പ്രവർത്തകനെക്കൂടി കൊലപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാവിലെ 9.15 നാണ് വയനാട് പടിഞ്ഞാറതറയിൽ കൊലപാതകം നടന്നിരിക്കുന്നത്. ഇതിനു ശേഷം ഇതുവരെയും ഒരു മാധ്യമ പ്രവർത്തകരെപ്പോലും പോലീസും തണ്ടർബോൾട്ടും സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതും വ്യാജ ഏറ്റുമുട്ടലിൻ്റെ തെളിവുകൾ നശിപ്പിക്കാനാണെന്ന സംശയം ജനിപ്പിക്കുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ്റെ ജഡം നശിപ്പിച്ച്, കുടുംബാംഗങ്ങൾക്ക് നിയമപരമായി ശവശരിരം ഏറ്റുവാങ്ങാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമവും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവാം എന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

കുപ്പുദേവരാജ്‌,അജിത,ജലീൽ,മണിവാസകം,കണ്ണൻ,അരവിന്ദൻ,അജിത.

കേരളത്തിലെ സിപിഎമ്മും പിണറായിവിജയനും രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വീണ്ടും വയനാട്ടിൽ മാവോയിസ്ററ് രാഷ്ട്രീയപ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്. പിണറായി വിജയൻറെ വിശ്വസ്തനായ സെക്രട്ടറി ശിവശങ്കരനെതിരായ സ്വർണക്കടത്ത് കേസും സിപിഎമ്മിൻറെ കേരള സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെയുള്ള ലഹരിമരുന്ന് കേസും കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടയാക്കിയിരുന്നു. സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാവുന്ന ഇത്തരം സന്ദർഭങ്ങളിലാണ് മാവോയിസ്റ്റ് വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിൽ അരങ്ങേറുന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയനിരീക്ഷകർ നടത്തുന്നത്.

മേൽപ്പറഞ്ഞതെല്ലാം സർക്കാരിൻ്റെ അനുവാദത്തോടെ നടന്ന വ്യജഏറ്റുമുട്ടൽ കൊലപാതകങ്ങൾ തന്നെയാണെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും, സിപിഐയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. എന്നാൽ, മഞ്ചക്കണ്ടിയിലേതുൾപ്പടെയുള്ള കൊലപാതകങ്ങളെല്ലാം മാവോയിസ്റ്റുകളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ നടന്നതാണെന്നാണ് പിണറായി വിജയനും കേരളപോലീസും സിപിഎമ്മും ഒരേ സ്വരത്തിൽ വാദിക്കുന്നത്.പക്ഷെ 2019 ഒക്ടോബറിൽ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിനെ തുടർന്ന് , പ്രതികളെ സംരക്ഷിച്ച സർക്കാരിനെതിരെ വ്യാപകമായ ജനരോഷം ഉയർന്നിരുന്നു. ആ സമയത്തതാണ് മഞ്ചക്കണ്ടിയിലെ നാല് മാവോയിസ്റ് രാഷ്ട്രീയപ്രവർത്തകരുടെ കൊലപാതകങ്ങളെന്നുള്ളതും പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പോന്ന വസ്തുതയായിരുന്നു.

കേരളത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മോദിയുടെ ഭരണകൂടം പ്രതിസന്ധിയിലാക്കുന്ന കാലത്തെല്ലാം ‘പാകിസ്ഥൻ തീവ്രവാദികൾ’ ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നത് സ്ഥിരം വാർത്തയാണ്. കേരളത്തിലും, ഭരണകൂടം പ്രതിസന്ധി നേരിടുന്ന സമയത്ത് തന്നെയാണ് മാവോയിസ്ററ് രാഷ്ട്രീയ പ്രവർത്തകരെ ഏകപക്ഷിയമായ രീതിയിൽ വെടിവെച്ചുകൊലപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നതെന്ന ആക്ഷേപം തന്നെയാണ് ഉയർന്നു വരുന്നത്.