വീണ്ടും ‘കുടിവെള്ളം’ വാഗ്ദാനവുമായി രാഷ്ട്രിയ പാർട്ടികൾ; ഇനിയും വഞ്ചിതരാകാനില്ലെന്ന് തോപ്പിൽ കോളനി നിവാസികൾ

ജ്യോതി

തിരുവനന്തപുരം കിളിമാനൂരിലെ തോപ്പിൽ കോളനി നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ഇനിയും അറുതിയായില്ല. വർഷങ്ങളായി അന്തേവാസികളുടെ കുടിവെള്ളം എന്ന ആവശ്യം നിറവേറ്റാനാവാത്ത ,സിപിഎം ഉൾപ്പെടെയുള്ള ഭരണവർഗ പാർട്ടികൾ വീണ്ടും വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിൽ സജീവമാവുകയാണ്. എന്നാൽ ഇനിയും വഞ്ചിതരാകിനില്ലെന്ന നിലപാടിലാണ് തോപ്പിൽ കോളനിലെ നിവാസികൾ .ദളിതരായ കോളനിവാസികളുടെ കുടിവെള്ളം എന്ന അവകാശത്തെ ഇല്ലാതാക്കിയും തടഞ്ഞുവെച്ചു കൊണ്ടും സിപിഎമ്മാണ് വർഷങ്ങളായി പഞ്ചായത്ത് ഭരണം നടത്തിയിരുന്നത് . പട്ടികജാതി വകുപ്പും  കാലങ്ങളായി കോളനി നിവാസികളുടെ താത്പര്യങ്ങൾക്കു വിരുദ്ധമായാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

‘സ്വയം പര്യപ്തഗ്രാമങ്ങൾ'(2013-2014) എന്ന പദ്ധതിയിൽ കുടിവെള്ള പദ്ധതി ഉൾപെടുത്തിയിട്ടുണ്ടെന്നു കിളിമാനൂർ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പ് ബ്ലോക്ക് ഓഫീസും പറയുമ്പോഴും കുടിവെള്ളത്തിന് വേണ്ടി കോളനി നിവാസികൾ ഇപ്പോഴും മലയും പാറകളും കയറി ഇറങ്ങുകയാണ്.118 ദരിദ്ര-ദളിത് കുടുംബങ്ങളാണ് തോപ്പിൽ കോളനിയിൽ താമസിക്കുന്നത്.

“സ്വയംപര്യാപ്ത ഗ്രമങ്ങൾ പദ്ധതി പ്രകാരം നിർമ്മിച്ച മുന്ന് കുഴൽ കിണറുകളിൽ ഇപ്പോൾ ഒരു കുഴൽ കിണറിൽ മാത്രമേ വെള്ളമുള്ളു.അതും വേനൽ കാലമായാൽ വറുതിയുടെ കാലമാണ്”  കോളനി നിവാസികൾ പറയുന്നു. കുടിവെള്ളത്തിനായി നിർമ്മിച്ച ഈ കുഴൽ കിണറുകളിൽ, വെള്ളമുള്ള കിണറിൽ നിന്ന് വെറും 24 കുടുംബങ്ങൾക്ക് മാത്രമാണ് കുടിവെള്ള പൈപ്പ് കണക്ഷൻ നല്കിയിരിക്കുന്നത്.ബാക്കിവരുന്ന 94 കുടുംബങ്ങളും ഇപ്പോഴും കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്.ചില വിരലെണ്ണാവുന്ന വീടുകളിൽ കിണറുകൾ ഉണ്ട്,അതും മഴക്കാലത്ത് മാത്രം വെള്ളം നിറയുന്ന കിണറുകളാണ്. ഈ കിണറുകളിൽ നിന്നാണ് ഓരോ കുടുംബങ്ങളും വെള്ളം ശേഖരിച്ചു കൊണ്ട് പോകുന്നതെന്നാണ് കോളനിയിൽ പ്രവർത്തിക്കുന്ന ജനകീയ മുന്നേറ്റ സമിതിയുടെ കൺവീനർ സേതു പറയുന്നത്.

“കിളിമാനൂരിൽ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്.ഈ പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ രവി സിപിഎമ്മിന്റെ നേതാവുമാണ്.കുടിവെള്ള പൈപ്പ് ലൈൻ നിലവിലുള്ള 24 കുടുംബങ്ങളിലെ, 2 കുടുംബങ്ങളുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിച്ചതും ജനദ്രോഹിയായ രവിയാണ്.അതിനെരെ  കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോളനി നിവാസികളെ, പരാതി വാങ്ങിക്കാൻ പോലും കൂട്ടാക്കാതെ മടക്കി അയക്കുകയായിരുന്നു പോലിസ് ഉദ്യോഗസ്ഥർ. പിന്നീട് പട്ടികജാതി വികസന വകുപ്പിന് നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്ന്  മാത്രമല്ല , രവിയുടെ നേതൃത്വത്തിൽ കോളനിക്കകത്ത് ഒരു കമ്മിറ്റി ഉണ്ടാക്കി കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുകയാണ് കിളിമാനൂർ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസ്‌ ചെയ്തത്.”  പഞ്ചായത്തു മെമ്പർ രവിക്കെതിരെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പരാതിനൽകിയ സീന പറയുന്നു.

“ദരിദ്ര കുടുംബങ്ങളുടെ കുടിവെള്ള പൈപ്പ് പൊട്ടിക്കാൻ തോപ്പിൽ കോളനി അഞ്ചാം വാർഡ് മെമ്പർ രവിയുടെ നേതൃത്വത്തിൽ അത്തരമൊരു കൃത്യം ചെയ്തത് ബി ജെ പി പ്രവർത്തകനും കോളനി നിവാസിയുമായ ജോയ് ആണ്. ഇത്  സി പി എം-ബി ജെ പി കൂട്ടുക്കെട്ടിനുത്തമ  ഉദാഹരണമാണ്.”എന്നാണ് സേതു പറയുന്നത്. കുടിവെള്ളം നഷ്ടപ്പെട്ടവർ രവിക്കും ജോയ്‌ക്കും എതിരെ പൊതുമുതൽ നശിപ്പിച്ചത്തിനും കുടിവെള്ളം നിഷേധിച്ചത്തിനെതിരെയും  കിളിമാനൂർ പോലീസിൽ പരാതി കൊടുത്തിട്ടുപോലും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. പരാതി എടുക്കാതിരിക്കാൻ പോലീസ് പറയുന്ന കാര്യം പഞ്ചായത്തിന്റെ മുതലാണ് നശിപ്പിക്കപ്പെട്ടത് ,അപ്പോൾ പഞ്ചായത്ത് തന്നെയാണ് പരാതി നൽകേണ്ടത് എന്നാണ്.അല്ലെങ്കിൽ പഞ്ചായത്തിനോട് കുടിവെള്ളം ലഭിക്കാത്തവർ പരാതി നൽകണം എന്നതാണ് കിളിമാനൂർ പോലീസിന്റെ ഭാഷ്യം.

“പക്ഷെ പട്ടികജാതി വികസന വകുപ്പ്  ദരിദ്രരായ ദലിതരോടൊപ്പമാണെന്ന വ്യാജേന എടുക്കുന്ന നടപടികൾ  യഥാർത്ഥത്തിൽ ദളിതരെ തമ്മിലടിപ്പിക്കാനും സിപിഎമ്മിന്റെ അടിമകളാക്കാനുമാണ് ഉത്തരവിടുന്നത്.”  27-03-2020 ൽ കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസിൽ നിന്ന് കിളിമാനൂർ പഞ്ചായത്തിന് നൽകിയ കത്തിനെയാണ് അതിനു ഉദാഹരണമായി സേതു പറയുന്നത്.

കിളിമാനൂർ പട്ടികജാതിവികസന വകുപ്പ് ബ്ലോക്ക് ഓഫീസ്, കിളിമാനൂർ പഞ്ചായത്തിന് നൽകിയ കത്ത്,പേജ് 1

‘സ്വായം പര്യാപ്ത ഗ്രാമങ്ങൾ'(2013-2014) എന്ന  കുടിവെള്ള പദ്ധതി പ്രകാരം നിർമ്മിച്ച മുന്ന് കുഴൽ കിണറുകളിൽ രണ്ടെണ്ണത്തിൽ  ജലവിതരണം ലഭ്യമാവുകയും ഒരു കുഴൽ കിണറിൽ ജലദൗർലഭ്യം കാരണം ജലവിതരണം ആരംഭിക്കാൻ കഴിയാതെ വരികയും ചെയ്തു എന്നാണ് കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസിന്റെ കത്തിൽ പറയുന്നത്. “ഇത് ശുദ്ധ അസംബന്ധമാണ് കാരണം ഒരു കുഴൽ കിണറിൽ മാത്രമേ വെള്ളമുള്ളൂ. ബാക്കി രണ്ടു കുഴൽക്കിണറുകളിലും വെള്ളമില്ല.പട്ടികജാതി വകുപ്പും സി പി എം പഞ്ചായത്ത് ഭരണകൂടവും ചേർന്ന് ദളിതരുടെ കുടിവെള്ളം മുട്ടിക്കുകയാണ്.” സേതു പറയുന്നു.

പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ജലസ്രോതസ്സ് കണ്ടെത്തി കുടിവെള്ളം നൽകുന്നതിന് വേണ്ടി 2019-2020ൽ കോർപ്പസ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക്കായി കിളിമാനൂർ പഞ്ചായത്ത് വഴി പ്രൊപ്പോസൽ നൽകിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.സമിതിയിലെ പ്രവർത്തകയായ ഓമനയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ  പറയുന്നത് ,ഇതുപ്പോലെ കുറെ പദ്ധതികൾ കുടിവെള്ളത്തിനായി ഇവർ നടപ്പാക്കിയിട്ടുണ്ടെന്നാണ് .

”ഈ കഴിഞ്ഞമാസം (ഒക്ടോബർ) അവസാന വാരം പഞ്ചായത്തും പിന്നെ കുറെ സർക്കാർ ഉദ്യാഗസ്ഥരും ഇവിടെ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തതിട്ടുപോയി.പക്ഷെ ഞങ്ങൾക്ക് കുടിവെള്ളമില്ല എന്നതാണ് വാസ്തവം.ഇപ്പൊ പഞ്ചായത്ത് ഇലക്ഷൻ വരൻ പോകുകയാണ്,അതുമായി ബന്ധപ്പെട്ട്  അവർ വീടുകൾ തോറും കയറി ഇറങ്ങി പറയുന്നത് അടുത്തയാഴ്ച മുതൽ കുടിവെള്ളം ലഭിക്കും എന്നാണ്.എല്ലാം വോട്ടിനു വേണ്ടി മാത്രമാണ് എന്ന് ഞങ്ങളിലെ ചുരുക്കം ചിലരെങ്കിലും  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.”

തോപ്പിൽ-കൊച്ചു തോപ്പിൽ കോളനിയിൽ പലപ്പോഴായി ഉദ്‌ഘാടനം ചെയ്ത കുടിവെള്ള പദ്ധതികൾ.

പൈപ്പ് ലൈൻ മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് പട്ടികജാതി വകുപ്പിൻെറ കത്തിൽ സൂചിപ്പിക്കുന്നുണ്ട് എന്നാണ് സീന പറയുന്നത്. ‘പൈപ്പ്ലൈൻ മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ സംബന്ധിച്ച് സ്‌ഥല പരിശോധന നടത്തുകയും ഏകദേശം 24 കുടുംബങ്ങൾക്ക് ജലവിതരണം ലഭ്യമാക്കുന്ന ഒരു കുഴൽ കിണറിൽ നിന്ന് താഴെ ഭാഗത്തേക്ക്‌ ജലവിതരണം നടത്തുന്ന ഒരു പൈപ്പ് ലൈൻ, പരാതിയിൽ പരാമർശിക്കുന്ന വിധം മുറിച്ചു മാറ്റിയ അവസ്‌ഥയിലാണ്‌.ഏകദേശം അഞ്ച് വീടുകളിലേക്ക് ജലം ലഭ്യമാക്കേണ്ട ഈ പൈപ്പ് ലൈൻ മുറിച്ച് മാറ്റിയതിനാൽ അതിൽ ഉൾപ്പെടുന്ന 3 വീട്ടുകാർ, വർഡ് മെമ്പറുടെ അനുവാദത്തോടെ മറ്റൊരു ഭാഗത്തുക്കുടി പ്രത്യക പൈപ്പ് ലൈൻ ഇട്ട് ജലവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തതിട്ടുണ്ട്.എന്നാൽ പരാതിയിൽ പരാമർശിക്കുന്ന ശ്രീ ആനന്ദൻ,ശ്രീ സീന എന്നിവർക്ക് ജലവിതരണം ലഭ്യമാകാത്ത താരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത് എന്ന് അന്വേഷണത്തിൽ മനസ്സിലാവുകയും ചെയ്തതിട്ടുണ്ട് ‘ എന്നാണ് കത്തിൽ പറയുന്നത്.

“അന്വേഷണത്തിൽ  കോളനിയിലെ  ജനങ്ങൾക്ക്  കുടിവെള്ളം ലഭിക്കുന്നില്ല എന്ന് പറയുമ്പോൾ തന്നെ അതിനു പരിഹാരമായി പട്ടികജാതി വകുപ്പ്  പട്ടികജാതിക്കാർക്കെതിരെ പ്രവർത്തിക്കുന്നു എന്ന് നമുക്ക് ഇതേ കത്തിൽ വ്യക്തമാകും”.

ഈ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട മോട്ടോർ പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുത ബിൽ സംബന്ധിച്ച പ്രശ്നങ്ങളും കോളനി നിവാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നതായി സേതു കൂട്ടിച്ചേർത്തു.

‘പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കി വരുന്ന സ്വയം പര്യാപ്ത ഗ്രാമങ്ങൾ പദ്ധതികളുടെ തുടർ പ്രവർത്തനങ്ങളും പ്രശ്ന പരിഹാരങ്ങളും പഞ്ചായത്ത് തലത്തിൽ ഇടപെട്ട് പരിഹരിക്കേണ്ട കാരണത്താൽ ഇത്തരം പദ്ധതികളുടെ തുടർ പ്രവർത്തനം പഞ്ചായത്ത് ഏറ്റെടുക്കണം. തോപ്പിൽ കോളനിയിലെ വാർഡ് മെമ്പർ രവിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപികരിച്ചു പ്രശ്നപരിഹാരങ്ങൾ കാണണ’മെന്നാണ് കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസ്, കിളിമാനൂർ പഞ്ചായത്തിന് നൽകിയ കത്തിൽ പറയുന്നത്.

കിളിമാനൂർ പട്ടികജാതിവികസന വകുപ്പ് ബ്ലോക്ക് ഓഫീസ്, കിളിമാനൂർ പഞ്ചായത്തിന് നൽകിയ കത്ത്,പേജ് 2

“കുടിവെള്ള പൈപ്പ് പൊട്ടിക്കാൻ നേതൃത്വം നൽകിയ മെമ്പർ രവിക്ക് ചുമതലയുള്ള കമ്മിറ്റി, രവിക്കെതിരെയുള്ള പരാതി പരിഹരിക്കണമെന്നാണ് പട്ടികജാതി വികസന വകുപ്പ് പറയുന്നത്. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി.ഞങ്ങളെ എന്നും അടിമകളാക്കി കുടിവെള്ളമില്ലാതാക്കി ഞങ്ങളുടെ ഭൂമി കൈക്കലാക്കുക എന്ന ഗൂഢ ഉദ്ദേശത്തോടെയാണ് ഇവിടെയുള്ള അധികാരികൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ പോരാടുക എന്ന ഒരു വഴിയേ ഞങ്ങൾക്കു മുന്നിലുള്ളൂ. ഞങ്ങൾ പോരാടുക തന്നെ ചെയ്യും. “സേതു നിലപാട് വ്യക്തമാക്കുന്നു.

കിളിമാനൂരിലെ തോപ്പിൽ കോളനിയിൽ, ജനങ്ങൾ കുടിവെള്ളത്തിനും ജോലിക്കും അടച്ചുറപ്പുള്ള വീടിനും വേണ്ടിയുള്ള സമരത്തിലാണ്. ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിലെ സാമൂഹിക പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും കണ്ണിൽ പെടാതെ പോകുന്നത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്. കോളനിക്കകത്തെ ജനങ്ങളുടെ കുടിവെള്ളത്തിനും മറ്റെല്ലാ പ്രശ്നങ്ങൾക്കും കാരണം കോളനിക്കകത്ത് പ്രവർത്തിക്കുന്ന എ കെ ആർ ക്വാറി ആണെന്നും, അവരാണ് ഇവിടത്തെ എല്ലാ വോട്ട് രാഷ്ട്രീയപാർട്ടികളെയും കിളിമാനൂർ പഞ്ചായത്തിനെയും മറ്റു സർക്കാർ സംവിധാനങ്ങളെയും നിയന്ത്രിക്കുന്നതെന്നും  തോപ്പിൽ കോളനിയിലെ ജനങ്ങൾ പറയുന്നു..