മോദിയുടെ പാർലമെൻ്റ് ‘ഭൂമിപൂജ’ ഭരണഘടനാ ചട്ടങ്ങളെയും ലംഘിക്കുമ്പോൾ!!

മൊഴിമാറ്റം : ത്യാഗു

പാർലമെന്ററി പ്രോട്ടോക്കോളുകളും പ്രൊപ്രൈറ്റികളും(നടപടികളുടെയും പെരുമാറ്റങ്ങളുടെയും അംഗീകൃത മാനദണ്ഡങ്ങൾ) പാർലമെന്ററി ജനാധിപത്യത്തിന്റെ നൈതികതയുടെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായാണ് പറയപ്പെടുന്നത്.അവ പാർലമെന്ററി ജനാധിപത്യത്തിന് രൂപം മാത്രമല്ല, ആത്മാവും സത്തയും നിർമിക്കുന്നു.

ഉദാഹരണത്തിന്, ഏതെങ്കിലും പാർലമെന്ററി നടപടികളിൽ, പ്രിസൈഡിംഗ് ഓഫീസർ(ലോക്സഭയുടെ കാര്യത്തിൽ സ്പീക്കറും രാജ്യസഭയിൽ ചെയർമാനും ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തീരുന്നു.) തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റാൽ പോലും പ്രധാനമന്ത്രി ഇരിക്കേണ്ടതാണ്.അതുപോലെ, പാർലമെന്റിലോ പുറത്തോ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഉള്ള ഏത് പരിപാടിയിലും അവർക്ക് പ്രധാനമന്ത്രിയേക്കാൾ ഉയർന്ന പ്രോട്ടോക്കോൾ പദവി ഉണ്ടായിരിക്കുന്നതാണ്.റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഓർഡർ ഓഫ് പ്രിസെഡൻസിൽ പ്രധാനപ്പെട്ട ഓഫീസുകളുടെ അധികാരക്രമം വ്യക്തമാക്കുന്നു.

ഈ അധികാരക്രമത്തിന് ഔപചാരികമായ പ്രാധാന്യം മാത്രമേയുള്ളൂ എന്ന് കരുതുന്നത് തെറ്റാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ നിന്നും,അതിന്റെ നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തതുപോലെ,മിക്കവാറും എല്ലാ നേതാക്കളും അല്ലെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളികളായവർ നിർമ്മിച്ചതാണ്.ഈ അടിസ്ഥാന ഘടന അനുസരിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി സർക്കാർ തലവനാണ്, രാഷ്ട്രത്തലവനല്ല.പൊതുജനങ്ങളുടെ കാഴ്ചയിൽ ആരുവേണമെങ്കിലും രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവാകാം, പക്ഷേ ഭരണഘടനയുടെ കാഴ്ചപ്പാടിൽ,രാഷ്ട്രപതിയാണ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലവൻ.

സർക്കാരോ ഭരണനിര്‍വ്വഹണസമിതിയോ ഭരണകൂടത്തിൻ്റെ ഒരു തൂണ് മാത്രമാണ്.നിയമസഭയും ജുഡീഷ്യറിയും – അതിന്റെ മറ്റ് രണ്ട് തൂണുകളാണ്.അവ സർക്കാരിനോ പ്രധാനമന്ത്രിക്കോ വിധേയപ്പെടാതെ സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ അധികാരമുള്ളതാണ്. നിയമസഭയുടെ പ്രവർത്തനത്തിനുള്ളിൽ, ഇന്ത്യൻ പ്രസിഡന്റിന്റെ മേധാവിത്വം ഭരണഘടനയിൽ തന്നെ പറയപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 79 ൽ പറയുന്നത് “യൂണിയനുവേണ്ടി ഒരു പാർലമെന്റ് ഉണ്ടാകും. അതിൽ രാഷ്ട്രപതിയും രണ്ട് ഭവനങ്ങളും യഥാക്രമം കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ), ജനപ്രതിനിധിസഭ (ലോകസഭ) എന്നറിയപ്പെടും.”എന്നാണ്.

മാത്രമല്ല, ഭരണഘടനയുടെ ആർട്ടിക്കിൾ 86 “സഭകൾക്ക് അഭിസംബോധന ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കാനുമുള്ള രാഷ്ട്രപതിയുടെ അവകാശം” വ്യക്തമാക്കുന്നു.അതുപോലെ തന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 87 ൽ പാർലമെന്റിന്റെ പ്രവർത്തനത്തിൽ പ്രസിഡന്റിന്റെ ഉന്നത സ്ഥാനത്തെ കുറിച്ചും പറയുന്നുണ്ട്.

ചുരുക്കത്തിൽ, ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട്, പ്രധാന മന്ത്രിക്ക് രാഷ്ട്രപതിയെക്കാളും ഉപരാഷ്ട്രപതിയെക്കാളും പ്രാധാന്യം കുറവാണ് എന്നാണ്. എന്നാൽ 2020 ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ ലംഘിച്ച്,ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ധാർമ്മികതയെ വെല്ലുവിളിച്ച് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ മാറ്റം വരുത്താൻ ശ്രമിക്കുന്നു.

മോദി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിച്ചാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ‘ഭൂമി പൂജ’ചടങ്ങ് നടത്തിയത്. ഹിന്ദു ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി ‘ഭൂമി പൂജ’ ചടങ്ങ് നടത്തിയതും, മറ്റ് മതങ്ങളുടെ പ്രതിനിധികൾ കാഴ്ചക്കാരായി ചുരുങ്ങിപോയതും അതുകൊണ്ടാണ്.ഭരണഘടനയുടെ ആമുഖ തത്വത്തിൽ പറയുന്ന മതേതരത്വം അതിന്റെ അടിസ്ഥാന ഘടനയുടെ അവിഭാജ്യ ഘടകമാണ് എന്നിരിക്കെയാണ് ഇത്തരം ലംഘനങ്ങൾ നടന്നത്.

ഉറവിടം : ദി വയർ

ഭരണഘടനയിലെ അധികാരക്രമത്തെ അടിസ്ഥാനപ്പെടുത്തി, ആലങ്കാരികമായി പറഞ്ഞാൽ പ്രധാനമന്ത്രി, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നിയോഗിച്ചത് എങ്ങനെയെന്ന് നോക്കാം.ശിലാസ്ഥാപന ചടങ്ങിന്റെ ഫലകം മോദി അനാച്ഛാദനം ചെയ്തതിന്റെ ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് അത് വ്യക്തമാകും.നമ്മുടെ ആദ്യത്തെ നിരീക്ഷണം തീർച്ചയായും മോദിയുടെ പേര് മുകളിലുള്ള തലക്കെട്ടായ ‘പുതിയ പാർലമെന്റ് കെട്ടിടം’എന്നതിനേക്കാൾ വലുതും പ്രാധാന്യമർഹിക്കുന്നതും ആയിരിക്കും.ഇത് ആകസ്മികമായതല്ല.ഫലകത്തിന്റെ ഈ രൂപകൽപ്പന പുതിയ കെട്ടിടത്തിൽ പ്രധാനമായും പ്രദർശിപ്പിക്കപ്പെടുകയും പുതിയ കെട്ടിടം ഉള്ളിടത്തോളം നിലനിൽക്കുകയും ചെയ്യും എന്നും പാർലമെന്റ് തനിക്ക് വിധേയമാണെന്ന മോദിയുടെ വിശ്വസവുമാണ് ഇതിനുള്ള പ്രധാനകാരണം.

എന്നാൽ ഫലകത്തിൽ ഇതിലും കൂടുതൽ പ്രശ്നങ്ങൾ കാണാം.ഇന്ത്യയുടെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പേരുകൾ കാണുന്നില്ല.ഇതും ആകസ്മികമല്ല.ഇന്ത്യയുടെ പ്രസിഡന്റിനേക്കാളും ഉപരാഷ്ട്രപതിയെക്കാളും ശ്രേഷ്ഠനാണ് താനെന്ന് മോദിക്ക് വിശ്വാസമുണ്ട്.ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തില്ല എന്നതിനാൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെയും വൈസ് പ്രസിഡന്റ് എം.വെങ്കയ്യ നായിഡുവിന്റെയും പേരുകൾ ഫലകത്തിൽ കാണുന്നില്ല എന്നാണോ?എന്തുകൊണ്ടാണ് അവർ ഹാജരാകാതിരുന്നത്?അവരുടെ സാന്നിധ്യം ആവശ്യമായിരുന്ന അവസരത്തിൽ അവർ എന്തിനാണ് സന്ദേശങ്ങൾ മാത്രം അയച്ചത്?

മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നിസ്സാരമല്ലാത്ത ചോദ്യത്തെക്കുറിച്ച് രാഷ്ട്രപതിഭവനോ ഉപരാഷ്ട്രപതിയുടെ ഓഫീസോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഉത്തരം ശരിക്കും വ്യക്തമാണ്.അവർ ഉണ്ടായിരുന്നെങ്കിൽ, പ്രോട്ടോക്കോൾ പ്രകാരം പ്രസിഡന്റിന് ശിലാസ്ഥാപനം ചെയേണ്ടിവരുമെന്നും ചരിത്രപരമായ ഫലകത്തിൽ മോദിയുടെ പേരിന് മുകളിൽ കോവിന്ദിന്റെയും നായിഡുവിന്റെയും പേരുകൾ പ്രത്യക്ഷപ്പെടുമെന്ന ലളിതമായ കാരണത്താൽ മോദിക്ക് അവരുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നില്ല.മാത്രമല്ല, ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് കോവിന്ദുമായും നായിഡുമായും വിഷ്വൽ സ്പേസ് പങ്കിടേണ്ടിവരുമായിരുന്നു. ഇത് ഇന്ത്യൻ ചക്രവർത്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വരൂപത്തിന് വിരുദ്ധമാണ്.800 വർഷത്തെ മുസ്‌ലിം ഭരണത്തിനും 200 വർഷത്തെ ക്രിസ്ത്യൻ ഭരണത്തിനും ശേഷം മോദി ‘ഹിന്ദു രാജ്’ പുനഃ സ്ഥാപിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭക്തർ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെടുന്നത് ഫലകത്തിൽ വീണ്ടും കാണാം.മോദിയുടെ പേരിന് താഴെ ചെറിയ അക്ഷരങ്ങളിൽ, ലോകസഭയുടെ നിലവിലെ സ്‌പീക്കറായ ഓം ബിർളയുടെ പേര് കാണാൻ കഴിയും.എന്തുകൊണ്ടാണ് രാജ്യസഭയെക്കുറിച്ച് പരാമർശിക്കാത്തത്?ഉത്തരം വീണ്ടും വ്യക്തമാണ്.ചടങ്ങിൽ രാജ്യസഭാ ചെയർമാൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരിക്കെ മോദിയുടെ പേരിന് മുകളിൽ അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെടുമായിരുന്നു. അതിനാൽ, സ്വയം ശ്രദ്ധകേന്ദ്രമാവുന്നതിനായി, മോദി രാജ്യസഭയെക്കുറിച്ച് പരാമർശിക്കാതെ ഫലകത്തിൽ നിന്നും ഒഴിവാക്കുന്ന പരിധി വരെ പോയി.ഭാവിയിലെ ചരിത്രകാരന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ടൈം ക്യാപ്സ്യൂളിൽ(ഭാവിയിൽ ജനങ്ങളുമായി മനഃപൂർവ്വം ആശയവിനിമയം നടത്താനും ഭാവിയിലെ പുരാവസ്തു ഗവേഷകർ, നരവംശ ശാസ്ത്രജ്ഞർ, അല്ലെങ്കിൽ ചരിത്രകാരന്മാർ എന്നിവരെ സഹായിക്കാനും കരുതിക്കൂട്ടി ചെയ്യുന്നത്) സംരക്ഷിക്കപ്പെടുമെന്ന് മോദി കരുതുന്നു.

ഈ സുപ്രധാന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ അഭാവം ചർച്ച ചെയ്യേണ്ടതും പ്രധാനമാണ്.എല്ലാത്തിനുമുപരി, ഭരണകക്ഷിയെയോ സഖ്യത്തെയോ പോലെ പ്രതിപക്ഷം ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന് പ്രധാനമാണ്.ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചില്ല എന്നല്ല, അവർ അത് ബഹിഷ്കരിക്കുകയായിരുന്നു.പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള കാരണങ്ങളിൽ പറയുന്ന ആരോപണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ ഇടിവും COVID-19 വൈറസും നിലനിൽക്കുന്ന ഒരു സമയത്ത് പുതിയ പാർലമെന്റ് മന്ദിരവും അനുബന്ധമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ ചിലവും (ഏകദേശം 20,000 കോടി രൂപ) വേണ്ടിവരുന്നു എന്നതാണ്.

പ്രതിപക്ഷത്തോടുള്ള വിശ്വാസത്തിന്റെ പൂർണമായ തകർച്ചയും പ്രധാനമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള കൂടിയാലോചനയുടെ ചേർച്ചക്കുറവുമാണ് പ്രാധാന്യം കുറഞ്ഞ മറ്റൊരു കാരണം.ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രപരമായ സ്ഥലത്ത് വിനാശകരമായ ഇടപെടൽ നടത്താൻ ശ്രമിക്കുന്ന ഒരു പദ്ധതിയിൽ പോലും ബിജെപി സർക്കാർ, ഇതര കക്ഷികളുമായി അർത്ഥവത്തായ ഗൂഢാലോചന നടത്തിയിട്ടില്ല എന്നതും നമ്മൾ ആലോചിക്കേണ്ട വിഷയമാണ്. പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചും അതോടൊപ്പം നടക്കുന്ന പദ്ധതിയെക്കുറിച്ചും പ്രതിപക്ഷ നേതാക്കൾ സർക്കാർ വക്താക്കളിൽ നിന്നും അറിയുന്നതിനുപകരം, ഈ പദ്ധതികൾ അവരുമായി ചർച്ച ചെയ്യുകയും രൂപകൽപ്പനയും മറ്റ് പ്രവർത്തന സവിശേഷതകളും അന്തിമമാക്കുന്നതിന് മുമ്പ് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടേണ്ടതും പ്രധാനമന്ത്രിയുടെ ബാധ്യതയായിരുന്നില്ലേ?

കാര്യങ്ങൾ എല്ലായ്‌പ്പോഴും ഇതുപോലെയായിരുന്നില്ലെന്നും അതിന്റെ എല്ലാ പോരായ്മകളും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ പാർലമെന്റും ഇന്ത്യൻ സർക്കാരുകളും കൂടുതൽ ഗൂഢാലോചനപരമായ രീതിയിൽ പ്രവർത്തിച്ചതെങ്ങനെയെന്നും അറിയാൻ, സമീപകാലത്തെ രണ്ട് സുപ്രധാന സംഭവങ്ങളെക്കുറിച്ച് നോക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിനായി 1997 ൽ പാർലമെന്റിന്റെ രണ്ട് സഭകളും ഒരു പ്രത്യേക സെഷൻ കൂടി.അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഒരു മാരത്തൺ സെഷനായിരുന്നു അത്. പാർലമെന്റിന്റെ പ്രത്യേക സെഷനുകളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും അതിലെ മിക്കവാറും എല്ലാ അംഗങ്ങളും സംസാരിക്കുകയും ചെയ്ത യോഗത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയി ഉൾപ്പെടെ നിരവധി പ്രഭാഷകർ സഹകരണം വർദ്ധിപ്പിക്കുന്നതിനും സമവായമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് പാർട്ടികൾക്കിടയിൽ സംഭാഷണത്തിന് ചുക്കാൻ പിടിച്ചിരുന്നു.ഈ അവസരത്തിൽ അംഗീകരിച്ച “അജണ്ട ഫോർ ഇന്ത്യ” എന്ന ഐകകണ്ഠ്യേനയുള്ള പ്രമേയം പാസായത്, പാർലമെന്റിന്റെ ‘അന്തസത്തയും’ ‘പങ്കാളിത്ത ജനാധിപത്യം’ എന്നിവക്ക് ഊന്നല്‍ കൊടുത്തുകൊണ്ടായിരുന്നു.

2002 ൽ പാർലമെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തിനായി ഒരു പ്രത്യേക ചടങ്ങ് നടന്നിരുന്നു(1952 ൽ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്).പാർലമെന്റിന്റെ പരിധിക്കുള്ളിൽ പുതുതായി നിർമ്മിച്ച ലൈബ്രറിസമുച്ചയത്തിലെ ഓഡിറ്റോറിയമായിരുന്നു വേദി.അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പ്രസിഡന്റ് ഡോ.കെ. നാരായണൻ, വൈസ് പ്രസിഡന്റ് കൃഷൻ കാന്ത്, സ്പീക്കർ മനോഹർ ജോഷി,

പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി തുടങ്ങി മറ്റ് പാർട്ടികളുടെ നേതാക്കളും പങ്കെടുത്തിരുന്നു.സോണിയ ഗാന്ധി ഒരു വിമർശനാത്മക കുറിപ്പ് നൽകിയിട്ടു പോലും ചടങ്ങിൽ എല്ലാവരും പങ്കെടുത്തിരുന്നു.ആ കുറിപ്പ് ഇങ്ങനെയായിരുന്നു “വർഗീയത ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നു.” വാജ്പേയി തന്റെ പ്രസംഗത്തിൽ മറുപടി നൽകിയത് “ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റമുണ്ടാകില്ലെന്നത് ദേശീയ തീരുമാനമാണ്”എന്നായിരുന്നു.പ്രമുഖ കോൺഗ്രസ് നേതാവായ മുൻ സ്പീക്കർ ശിവരാജ് പാട്ടീലിന്റെ ‘ലൈബ്രറി പ്രോജക്റ്റിന് തുടക്കം കുറിക്കുന്നതിലെ കാഴ്ചപ്പാടിനെയും ദീർഘവീക്ഷണ’ത്തെയും വാജ്‌പേയി പ്രശംസിച്ചു.

മോദി ഭരണഘടന നിർമാതാക്കളുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയുടെ സ്ഥാപകന്റെ സമഗ്ര രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ചു!കഴിഞ്ഞ വർഷം മെയ് മാസത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയെ നമസ്‌കരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോദി.സെൻട്രൽ ഹാളിന്റെ ചുവരുകൾ അലങ്കരിച്ച ഇന്ത്യയിലെ എല്ലാ മഹാന്മാരായ നേതാക്കളുടെയും ആത്മാക്കൾ, ഭരണഘടനയോടുള്ള അദ്ദേഹത്തിന്റെ നാടകീയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.2024 വരെ ഇന്ത്യയുടെ പാർലമെൻറ് പ്രവർത്തനത്തിലും ഭരണഘടനാ ക്രമത്തിലും കൂടുതൽ അപകടകരമായ മാറ്റങ്ങൾ മുൻ‌കൂട്ടി കാണിക്കുന്ന രീതിയിൽ, പുതിയ പാർലമെൻറ് മന്ദിരത്തിനായി അദ്ദേഹം ‘ഭൂമി പൂജ’ ചെയ്തപ്പോൾ ഭരണഘടനയോടുള്ള മോദിയുടെ കടുത്ത അനാദരവിന് അവർ വീണ്ടും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

(മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സഹായിയായി സേവനമനുഷ്ഠിച്ച സുധീന്ദ്ര കുൽക്കർണിയുടെ ‘ദി വയറി’ൽ വന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)